scorecardresearch

സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, 2024 July 28- August 3

Weekly Horoscope: ജൂലൈ 28 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂലൈ 28 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കർക്കടകം രാശിയിൽ പൂയം- ആയില്യം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ആഗസ്റ്റ് 3 ന് ശനിയാഴ്ച കറുത്തവാവ് (കർക്കടക വാവ്) ഭവിക്കുന്നു. അശ്വതി മുതൽ പുണർതം വരെയുള്ള നക്ഷത്രങ്ങളിലായാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. ചൊവ്വയും വ്യാഴവും ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലുണ്ട്. ശുക്രൻ ജൂലായ് 31 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. 

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ  വക്രഗതിയിലാണ്. രാഹു മീനത്തിൽ ഉത്രട്ടാതി നാളിലും കേതു കന്നിയിൽ അത്തം നാളിലും തുടരുന്നു. ഈ ആഴ്ചയിലെ അഷ്ടമരാശി നോക്കാം. ഞായറും തിങ്കൾ വൈകുന്നേരം വരെയും കന്നിക്കൂറുകാർക്കാണ് അഷ്ടമരാശിക്കൂറ് വരുന്നത്. തുടർന്ന് ബുധനാഴ് രാത്രി വരെ തുലാക്കൂറുകാർക്കും അതിനുമേൽ വെള്ളി അർദ്ധരാത്രി വരെ വൃശ്ചികക്കൂറുകാർക്കുമാണ് അഷ്ടമരാശിക്കൂറ്. ശനിയാഴ്ച തുടങ്ങി അടുത്ത ആഴ്ചയുടെ തുടക്കത്തിലും ധനുക്കൂറുകാരുടെ അഷ്ടമരാശി തുടരുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതിവരെയുള്ള 27 നാളുകാരുടെ വാരഫലം പരിശോധിക്കാം.

അശ്വതി

ഉൽസാഹം, സുഹൃൽസമാഗമം, വിരുന്നുകൾ ഇവയുണ്ടാവുന്ന വാരമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള സാഹചര്യം സംജാതമാകും. ചിലപ്പോൾ ആകാശകുസുമങ്ങൾ തേടിപ്പോകുന്ന സ്വപ്നലോലുപന്മാരായി മാറിയേക്കും. തൊഴിലിടത്തിൽ സമാധാനം സാമാന്യമായിരിക്കും. അനർഹർക്ക് പദവികൾ ലഭിക്കുന്നതിൽ ദുഃഖവും സങ്കടവും ഉണ്ടാവാം.  ഒട്ടൊക്കെ ആശ്വസിക്കാനാവുന്ന വിധത്തിലായിരിക്കും ധനകാര്യം ഭവിക്കുക. ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്ന സഹകരണത്തിൽ അത്ഭുതപ്പെടും.

Advertisment

ഭരണി

നക്ഷത്രനാഥനായ ശുക്രന് ഈയാഴ്ച ബുധയോഗം വരികയാൽ, ബന്ധുസമാഗമം ഉണ്ടാവുന്നതാണ്. ബുദ്ധി ഉപയോഗിച്ച് പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുവാനാവും. മൗനം വെടിഞ്ഞ് കൂടുതൽ വാചാലരാവുന്നതാണ്. സാധാരണ ചെയ്യുന്ന കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കും. പുതിയ മാസത്തിൻ്റെ ആരംഭം കൂടിയാകയാൽ ഉദ്യോഗസ്ഥർക്ക് ധനമേന്മയ്ക്ക് അവകാരമുണ്ട്. കുടുംബസമേതമുള്ള തീർത്ഥയാത്രകൾക്ക് സാഹചര്യം ഉണ്ടാവും. വാഹനം മോടിപിടിപ്പിക്കും. വിദ്യാർത്ഥികൾക്ക് ഇടക്കാല പരീക്ഷകൾക്ക് നന്നായി തയ്യാറെടുപ്പുകൾ നടത്താനാവും.

കാർത്തിക

ഉത്തരവാദിത്വങ്ങൾ സുഗമമായി നിർവഹിക്കും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു കൊണ്ടുള്ള സമീപനം കൈക്കൊള്ളുന്നതാണ്. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും.  വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.  തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾക്ക് മുൻകൈയെടുക്കും. ആരാധനാലയത്തിൻ്റെ നവീകരണത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട കാര്യങ്ങൾ തടസ്സം കൂടാതെ നേടിയെടുക്കും. വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് പ്രാമുഖ്യം നൽകപ്പെടേണ്ടതാണ്. കക്ഷിരാഷ്ട്രീയത്തിൽ വിമുഖത തോന്നും.

രോഹിണി

വ്യാഴം, ചൊവ്വ എന്നിവ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ അകാരണമായ സമ്മർദങ്ങൾ ഉണ്ടാവും. വികാരവിക്ഷോഭം സമചിത്തതയെ ബാധിച്ചേക്കാം. കരുതിയ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് പലതരം തടസ്സങ്ങൾ വരാനിടയുണ്ട്. അന്യരുടെ പണം കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും കരുതൽ വേണം. കുടുംബത്തിൽ ഭിന്നപക്ഷങ്ങൾ തലപൊക്കുന്നതാണ്. മേലധികാരികളുടെ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്ന് നിർഭയം ചൂണ്ടിക്കാട്ടും. അപവാദങ്ങളെ തൃണവൽഗണിച്ചേക്കും. അധികച്ചെലവുകളെ നിയന്ത്രിക്കേണ്ടതാണ്.

മകയിരം

സുപ്രധാന കാര്യങ്ങളിലെ ആശയക്കുഴപ്പം നീങ്ങുന്നതാണ്. കരണീയം തെളിഞ്ഞുകിട്ടും. യാഥാർത്ഥ്യബോധം എപ്പോഴും കൂട്ടിനുണ്ടാവും. സാമ്പത്തികമായ സമാശ്വസം വരും. തൊഴിൽ തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. സ്വാശ്രയ ബിസിനസ്സുകാർക്ക് നിരുന്മേഷത തോന്നും. കരുതൽ ധനം പിൻവലിച്ച് വ്യാപാരത്തിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ ആശാസ്യമല്ല. ബന്ധുക്കളുടെ/ സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കും. ദാമ്പത്യത്തിൽ സമ്മിശ്രമായ അനുഭവം ഉണ്ടാവുന്നതാണ്. ജീവിതപങ്കാളിയുടെ അഭിപ്രായത്തിന് ചെവികൊടുക്കും. പതിവ് തീർത്ഥയാത്രകൾക്ക് നേരം കണ്ടെത്തും.

തിരുവാതിര

വാക്കുകൾ പരുഷങ്ങളായിത്തീരാം. കോപാധിക്യം ശത്രുക്കളെയുണ്ടാക്കും. യാത്രകൾ കൂടുതലുണ്ടാവും. വാരാദ്യം മനപ്രസാദം, നല്ല ഭക്ഷണം, പാരിതോഷിക ലബ്ധി ഇവ പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെലവുണ്ടാകും. പണമെടപാടിൽ കൃത്യതയുണ്ടാവണം. ചിലരോട് വിരോധിക്കേണ്ടതായി വരുന്നതാണ്. മറ്റു ദിവസങ്ങളിൽ ബന്ധുഗുണം, സ്ത്രീകളിൽ നിന്നും സഹായലബ്ധി ഇവയുണ്ടാകാം. ജനമദ്ധ്യത്തിൽ അംഗീകാരം കൈവരും. മേലധികാരികൾ പ്രശംസിച്ച് സംസാരിക്കുന്നതാണ്. ആതുരസേവനം അഭിനന്ദിക്കപ്പെടും.

പുണർതം

സ്വതസ്സിദ്ധികൾ പ്രയോജനപ്പെടുത്തുന്നതിൽ വിജയിക്കും. തൊഴിലിടത്തിൽ ഊർജ്ജദായകമായ അന്തരീക്ഷമുണ്ടാവും. തീരുമാനങ്ങൾ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുന്നതാണ്. എന്നും ചെയ്യുന്ന കാര്യങ്ങൾക്ക് മുടക്കമുണ്ടാവില്ല. ശാരീരിക സൗഖ്യത്തിന് പ്രകൃതി ചികിൽസ അവലംബിച്ചേക്കും. സാമ്പത്തിക കാര്യങ്ങൾ വിദഗ്ദ്ധോപദേശം അനുസരിച്ചാവും നടത്തുക. ഏജൻസി, കമ്മീഷൻ ജോലികളിൽ ഏർപ്പെട്ടവർക്കും നല്ലലാഭം പ്രതീക്ഷിക്കാം. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും വേണ്ടി കഠിനാദ്ധ്വാനം നടത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെലവേറാം.

പൂയം

വിവിധ പ്രവൃത്തികൾ നിശ്ചിത സമയത്തിനുളളിൽ ചെയ്തുതീർക്കും. സ്വതസ്സിദ്ധമായ കർമ്മശൈലി അഭിനന്ദിക്കപ്പെടാം. സമ്മാന പദ്ധതികളിലും നറുക്കെടുപ്പുകളിലും വിജയിക്കുന്നതാണ്.  ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ബിസിനസ്സിൽ പുതുമാറ്റം കൊണ്ടുവരും. മിത്രഭാവം നടിക്കുന്ന ശത്രുക്കളെ തിരിച്ചറിയുന്നതാണ്. ദീർഘകാല നിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങുവാൻ തീരുമാനിക്കും. ഒപ്പമുള്ളവരുടെ സ്നേഹബഹുമാനങ്ങൾ ആർജ്ജിക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് സാഹചര്യമുണ്ടാകും. അറിവ് പകരുന്നതിൽ ആനന്ദം കണ്ടെത്തും.

ആയില്യം

ചന്ദ്രൻ 10,11,12 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ നല്ല അനുഭവങ്ങൾക്കാവും ഈ വാരം മുൻതൂക്കം ഉണ്ടാവുക. ചെയ്യുന്ന തൊഴിലിൽ തൃപ്തിയും അഭിമാനവും തോന്നും. പുതിയ സാധ്യതകൾ, ആരായാൻ മാനസിക സന്നദ്ധത വന്നുചേരും. വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ നേരിടുന്നതിനാവും. ബന്ധുത്വത്തിലെയും ബന്ധങ്ങളിലെയും വിള്ളലുകൾ പരിഹരിക്കാൻ മുൻകൈയെടുക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾക്ക് കാലതാമസമുണ്ടാവാം. ഊഹക്കച്ചവടത്തിൽ നിന്നും ചിട്ടി മുതലായവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. അലച്ചിലും ദേഹക്ലേശവും വാരാന്ത്യ ദിവസങ്ങളിൽ വർദ്ധിക്കാനിടയുണ്ട്.

മകം

അഷ്ടമരാശി കഴിഞ്ഞുള്ള അനുകൂല വാരമാണ്. ഭാഗ്യപുഷ്ടിയുണ്ടാവും. സമ്മാനങ്ങളോ പാരിതോഷികങ്ങളോ ലഭിച്ചേക്കാം. ആത്മവിശ്വാസത്തോടെ പ്രവൃത്തികളിൽ മുഴുകാൻ സാധിക്കുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട രേഖകൾ അനുവദിച്ചു കിട്ടും. സേവനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് കൈവശമെത്തും. സംഘടനകളിൽ പ്രധാന ചുമതലകൾ നേടുന്നതാണ്. വരാൻ പോകുന്ന ആഘോഷപരിപാടികൾ നോക്കിനടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കും. കുടുംബകാര്യങ്ങൾ ജീവിതപങ്കാളിയുടെ തീരുമാനത്തിന് വിട്ടുകൊടുത്തേക്കും. പഠനയാത്രകൾ പ്രയോജനം ചെയ്യും.

പൂരം

കഴിവുകൾക്ക് അംഗീകാരം കിട്ടുന്ന ആഴ്ചയാണ്. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാകും. വായ്പകൾ മടക്കുവാനാവും. ശ്രമകരങ്ങളായ ദൗത്യങ്ങൾ വിശ്വസിച്ചേല്പിക്കപ്പെടും. കാര്യാലോചനകളിൽ അഭിപ്രായം വിലമതിക്കപ്പെടും. ബിസിനസ്സിൽ കൂടുതൽ ഓർഡറുകൾ ലഭിക്കും. ആഡംബര ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. വരാൻ പോകുന്ന ആഘോഷങ്ങൾക്കുള്ള കലാപരിപാടികളുടെ റിഹേഴ്സൽ തുടങ്ങും.  നവദമ്പതികൾക്ക് വിരുന്നൊരുക്കും.  കുടുംബ ബന്ധങ്ങൾ ദൃഢമാവാൻ ആത്മാർത്ഥത പുലർത്തുന്നതാണ്.

ഉത്രം

പ്രവർത്തനക്ഷമത ആദരിക്കപ്പെടും. വിഷമ സന്ദർഭങ്ങളിൽ സഹപ്രവർത്തകർക്ക് വഴികാട്ടിയാവും. ഔദ്യോഗിക യാത്രകൾ വേണ്ടിവരുന്നതാണ്. ആർഭാടച്ചെലവുകളെച്ചൊല്ലി ജീവിതപങ്കാളിയുമായി തർക്കിച്ചേക്കാം. കിംവദന്തികൾ പറയുന്നവരുമായി പിണങ്ങുന്നതാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശാരീരിക ക്ലേശങ്ങൾ ഉണ്ടായേക്കാം. ചെറുകിട സംരംഭങ്ങൾ ലാഭകരമാവുന്നതാണ്. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം നിരത്തിലിറക്കാനാവും. കുടിശ്ശിക തുക കിട്ടിയേക്കും. ഒഴിവുവേളകളിൽ കാർഷിക വൃത്തിക്ക് ഒരുങ്ങും. പിതൃബന്ധുക്കളുടെ സന്ദർശനം സന്തോഷമേകും.

അത്തം

വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് വരുന്നതിനാൽ കരുതൽ വേണ്ടതുണ്ട്. വാഹന യാത്രയിൽ ജാഗ്രത ഉണ്ടാവണം.  മറ്റു ദിവസങ്ങളിൽ ഒട്ടൊക്കെ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. ഇൻസ്റ്റാൾമെൻ്റ് വ്യവസ്ഥയിൽ ആഗ്രഹിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങും. ഇഷ്ടവ്യക്തികളുമായി ഉല്ലാസയാത്രയുണ്ടാവും. പിതാവിൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾ ഭംഗിയായി നടന്നുകൂടും. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ സന്ദർശിക്കുന്നതാണ്. ശുഭവാർത്തകൾ ശ്രവിക്കാനാവും.

ചിത്തിര

സ്വാഭാവികമായ പ്രവർത്തനങ്ങൾ വിജയം കാണുന്നതാണ്. നല്ല തയ്യാറെടുപ്പുകൾക്ക് ഫലമുണ്ടാവും. സഹപ്രവർത്തകർ സഹായിക്കുന്നതാണ്.  എതിർപ്പുകളെ തിരിച്ചറിയാൻ സാധിക്കാത്തത് ആശയക്കുഴപ്പത്തിന് ഇടവരുത്തിയേക്കും. അകത്ത് വിഷാദം തോന്നിയാലും ചിലരോട് ചിരിക്കേണ്ടി വരുന്നതാണ്. ഗൃഹത്തിൻ്റെ ലോൺ അടഞ്ഞു തീരുന്നത് ആശ്വാസമാകും. സഹോദരർക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടി വരും. ദാമ്പത്യസുഖം ഭവിക്കും. പുതുതലമുറയുമായി പ്രത്യക്ഷഭിന്നതകൾക്ക് മുതിരാതിരിക്കുകയാവും ഉചിതം.  ആത്മീയചര്യകൾക്ക് നേരം കണ്ടെത്തും.

ചോതി

പുതിയ കർമ്മപദ്ധതികൾ ഏറ്റെടുക്കേണ്ടി വരും. സഹപാഠികളെ കാണാനും പൂർവ്വകാല സ്മരണകൾ പങ്കിടാനുമാവും. ദാമ്പത്യത്തിൽ സുഖവും ഭോഗവുമുണ്ടാവും. ഓൺലൈൻ ബിസിനസ്സ് പുഷ്ടിപ്പെടും. സംയുക്ത സംരംഭങ്ങൾ വിപുലീകരിക്കും. പുതിയ കാലഘട്ടത്തിൻ്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ബിസിനസ്സിൽ നടപ്പിലാക്കും. സന്താനങ്ങളുടെ പഠന മികവ് ആശ്വാസമേകും. വാരമധ്യത്തിൽ ഗുണം കുറയാം. കഫജന്യ രോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്. സ്ത്രീകളുടെയും ബന്ധുക്കളുടെയും പിന്തുണ ലഭിക്കുന്നതാണ്.

വിശാഖം

ദീർഘകാല പദ്ധതികൾക്ക് വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതാണ്. പല കാര്യങ്ങളിൽ മനസ്സ് വ്യാപരിക്കും. ചിന്തയും വാക്കും കർമ്മവും ഏകോപിപ്പിക്കുന്നതിൽ ഒരു പരിധിവരെ വിജയിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച ആദായം ലഭിച്ചേക്കില്ല. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ നേരം ചെലവഴിക്കും. മകളുടെ വീട്ടിൽ പോയി താമസിക്കേണ്ട സാഹചര്യം ഉരുത്തിരിയാം. തീർത്ഥാടനാദികളിൽ താത്പര്യമുണ്ടാകും. വ്യക്തിത്വത്തിന് ഇണങ്ങാത്ത സുഹൃത്തുക്കളെ നിർദ്ദയം ഒഴിവാക്കും.

അനിഴം

ആത്മശക്തി പ്രകടിപ്പിക്കാനും. സ്വന്തം കഴിവുകൾ സ്വയം തിരിച്ചറിയാനും സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇടക്കാല പരീക്ഷകളിൽ നേട്ടമുണ്ടാക്കാനും തുടർ പഠനങ്ങൾ നടത്താനുമാവും.  ആരോഗ്യപരമായ മെച്ചമുണ്ടാവും. വായ്പകൾക്ക് ബാങ്കിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കുന്നതാണ്. സമയബന്ധിതമായി ചില ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വിവാഹിതർക്ക് പരസ്പര സ്നേഹവും ഐക്യവും വർദ്ധിക്കുന്നതാണ്. ബന്ധുസന്ദർശനം സന്തോഷമുണ്ടാക്കും. വിരുന്നുകളിൽ പങ്കെടുക്കുവാനാവും. വാരാന്ത്യദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുന്നത് ഉത്തമം.

തൃക്കേട്ട

ചന്ദ്രസഞ്ചാരം 6,7,8 രാശികളിലാണ്. സഹപ്രവർത്തകരുടെ അബദ്ധങ്ങൾ തിരുത്തും. ദേഹസൗഖ്യം അനുഭവപ്പെടുന്നതാണ്. ഗൃഹാന്തരീക്ഷം സ്വച്ഛന്ദമാവും. ധനനിക്ഷേപത്തിൽ കുടുംബത്തിൻ്റെ തീരുമാനം കൈക്കൊള്ളും. അയൽ / ഭൂമി തർക്കങ്ങളിൽ രമ്യമായ  പരിഹാരം വന്നു ചേരും. ദിനചര്യകൾ ക്രമീകരിക്കുന്നതാണ്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ നീങ്ങും. ഏജൻസി വ്യാപാരത്തിൻ്റെ വിപുലീകരണം സാധ്യമാകുന്നതാണ്. അനൗദ്യോഗിക യാത്രകൾ വേണ്ടി വരും. അഷ്ടമരാശിക്കൂറ് വരികയാൽ വെള്ളി, ശനി ദിവസങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്. നവാരംഭങ്ങൾ ഒഴിവാക്കുക ഉചിതം.

മൂലം

പുതിയ ആവിഷ്കരണശൈലിക്ക് തുടക്കം കുറിക്കും. ഭാവനാവിലാസം സഹൃദയപ്രശംസ നേടും. വിപണിയിലെ മത്സരങ്ങളിൽ വിജയം വരിക്കുന്നതാണ്. ഔദ്യോഗിക കൃത്യങ്ങളിൽ വിദഗ്ദ്ധ പരിശീലനം സിദ്ധിക്കും. ചില അനുബന്ധ വ്യവസായങ്ങളിൽ ലാഭ ശതമാനവ്യവസ്ഥകൾ അനുസരിച്ചുള്ള മുതൽമുടക്കിന് മുതിരും. മോഹവിലയ്ക്ക് ഭൂമി വിൽക്കാൻ ഉടമ്പടിയാകും. കുടുംബാംന്തരീക്ഷം സ്വസ്ഥതയുള്ളതാവും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രണയികൾക്ക് തടസ്സങ്ങളെ അതിജീവിക്കാനാവും. യാത്രകൾ കൊണ്ട് പ്രയോജനം സിദ്ധിക്കുന്നതാണ്.

പൂരാടം

ആഴ്ചയുടെ തുടക്കത്തിൽ തൊഴിൽ സമ്മർദ്ദങ്ങളുണ്ടാവാം. ആശയക്കുഴപ്പം തുടരപ്പെടും. സഹായാഭ്യർത്ഥനകൾ ചെവിക്കൊള്ളപ്പെടാൻ സാധ്യത കുറവാണ്. മുതൽമുടക്കുകൾക്ക് ഗ്രഹാനുകൂല്യം ഇല്ല. തൊഴിൽ തേടുന്നവർക്ക്  ദിവസ വേതനം, കരാർ പണികൾ ഇവ ലഭിച്ചേക്കാം. സർക്കാർ ആനുകൂല്യങ്ങൾ / ലഭിക്കേണ്ട രേഖകൾ വൈകാനിടയുണ്ട്. ദാമ്പത്യത്തിൽ സമാധാനമുണ്ടാകും. ജീവിത പങ്കാളിക്ക് രോഗമുക്തി ഭവിക്കാം. അതിഥികൾ പാചകനൈപുണിയെ പ്രശംസിക്കും. സകുടുംബ യാത്രകൾ സന്തോഷമുണ്ടാക്കും.  സഹോദരർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്.

ഉത്രാടം

കർമ്മമേഖലയിൽ ഉത്സാഹം കുറയാം. ഉറ്റവരായി കരുതിയവരുടെ കുറ്റപ്പെടുത്തലുകൾ വിഷമിപ്പിക്കാനിടയുണ്ട്.  ആത്മശക്തിയെ ആർക്കും തളർത്താനാവില്ലെന്ന് അറിയുക. പ്രയത്നത്തിന് ഫലം കിട്ടുന്ന വാരമാണ് എന്നറിഞ്ഞ് ഉത്സാഹിക്കേണ്ടതുണ്ട്. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടുന്നതാണ്. വരവു- ചെലവുകൾ എഴുതി സൂക്ഷിക്കുക.  സുതാര്യത നല്ലതാണെങ്കിലും എല്ലാം എല്ലാവരോടും പറയണമെന്നില്ല. സ്വർണ്ണപ്പണയത്തിൻ്റെ വായ്പാ തിരിച്ചടവ് സാധ്യമാകുന്നതാണ്. സജ്ജനങ്ങളുടെ ഉപദേശം വഴികാട്ടും. അറിയാത്ത ബിസിനസ്സുകളിൽ പങ്കാളിത്തം വേണ്ടെന്ന് വെക്കുകയാവും ഉചിതം.

തിരുവോണം

മേലധികാരികളുടെ അനിഷ്ടങ്ങൾ മാറുന്നവിധം പ്രവർത്തിക്കും. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളും. അർഹമായ, കുടുംബസ്വത്ത് ലഭിക്കാൻ നിയമജ്ഞരുടെ സഹായം തേടുന്നതാണ്. തറവാട്ടിലെ മുതിർന്നവർക്ക് വിദഗ്ദ്ധചികിൽസ ലഭ്യമാക്കും. സുഹൃത്തുക്കളുടെ തർക്കത്തിൽ പക്ഷം പിടിക്കാതിരിക്കുക ഉചിതമാവും. ദമ്പതികൾക്ക് വിട്ടുവീഴ്ചാമനോഭാവം വേണ്ടിവരും. സംയുക്ത സംരംഭങ്ങളോട് താത്പര്യം കുറയുന്നതാണ്. വാരാന്ത്യം കൂടുതൽ മികച്ചതായി അനുഭവപ്പെടും.

അവിട്ടം

നക്ഷത്രനാഥനായ വ്യാഴത്തിന് കുജയോഗം ഭവിക്കുകയാൽ മാനസികമായ ഉണർവുണ്ടാകും. ലക്ഷ്യബോധത്തോടെ പ്രവൃത്തിയിൽ മുഴുകാൻ കഴിയുന്നതാണ്. അന്യദേശത്തുള്ളവർക്ക് നാട്ടിലേക്കുള്ള അവധി അപേക്ഷ അനുമതിക്കപ്പെടും. ആശയക്കുഴപ്പങ്ങൾ സുഹൃത്തുക്കളുടെ വാക്കുകളാൽ ഇല്ലാതാകുന്നതാണ്. ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. മകൻ്റെ പഠനം / ജോലി സംബന്ധിച്ച് ആശങ്കയുണ്ടാവും. ദുഷ്പ്രചരണങ്ങളെ നിരാകരിക്കും. ശരീര സൗഖത്തിന് ആയുർവേദ ചികിത്സ സ്വീകരിച്ചേക്കും. സാമ്പത്തിക ഭദ്രതയുണ്ടാവും.

ചതയം

അപ്രതീക്ഷിത പിന്തുണകൾ ആത്മവിശ്വാസം വളർത്തുന്നതാണ്. പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടുന്നതാണ്. നീതിബോധം പ്രശംസിക്കപ്പെടാം. ബന്ധുഭവനം സന്ദർശിക്കാനും ആതിഥ്യം അനുഭവിക്കാനും അവസരമുണ്ടാകും. സാമ്പത്തിക നിക്ഷേപങ്ങൾക്ക് ഉചിതമായ കാലമാണ്. കരാർ ജോലികളും കമ്മീഷൻ ഏർപ്പാടുകളും ലാഭകരമായേക്കും. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പകളെ ആശ്രയിക്കുന്നതാണ്. പ്രമേഹരോഗികൾക്കും കഫരോഗികൾക്കും കൂടുതൽ കരുതൽ വേണ്ടതായുണ്ട്.

പൂരൂരുട്ടാതി

ശാസ്ത്രീയവും പ്രായോഗികവുമായ വീക്ഷണവും പ്രവർത്തനരീതിയും ഫലം കാണും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകാം. എന്നാൽ സ്വതന്ത്രമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ അവസരം ലഭിക്കും. നഷ്ടസാധ്യത വിലയിരുത്തി ചില കരാറുകളിൽ നിന്നും പിൻവാങ്ങും. സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്ന ആശയഗതികൾക്ക് പിന്തുണക്കാരേറും. ഭാര്യാഭർത്തൃബന്ധം സുഗമമാകുന്നതാണ്. മകളുടെ ഉപരിപഠനത്തിലെ ആശങ്ക അകലും. വാഹനത്തിൻ്റെ വായ്പ അടഞ്ഞുതീരുന്നത് ആശ്വാസമേകും. ആരോഗ്യം തൃപ്തികരമാവും.

ഉത്രട്ടാതി

മനസ്സ് ചിലപ്പോൾ ഉണർവ്വ് കാട്ടണമെന്നില്ല. അന്യദിക്കിൽ കഴിയുന്ന മകളിൽ നിന്നുള്ള ശുഭവാർത്ത ആശ്വാസമേകും. തീരുമാനങ്ങൾക്ക് പ്രതീക്ഷിച്ച വേഗം ഉണ്ടാവാത്തതിനാൽ സമ്മർദ്ദം ഭവിച്ചേക്കാം. മറ്റുള്ളവർ എന്തുകരുതും എന്നത് പിറകോട്ടു വലിക്കുന്ന ആലോചനയായേക്കാം. പഴയ കാര്യങ്ങൾ ഓർമ്മയിൽ കൂടുതലായി ഉണ്ടാവുന്നതാണ്. കാര്യാലോചനകളിൽ ആദർശം പറയുന്നത് പരിഹസിക്കപ്പെടും. സഹോദരരുടെ സഹായം പ്രതീക്ഷിക്കാനാവും. ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കുന്നതാണ്. വസ്തുവിൽക്കുന്നതിന് സാഹചര്യം ഇണങ്ങി വന്നേക്കും.

രേവതി

വിൽക്കാതെ കിടന്നിരുന്ന ഭൂമി വിൽക്കപ്പെടുന്നതാണ്. തന്മൂലം മാനസിക സ്വസ്ഥതയുണ്ടാവും. ബിസിനസ്സുകാർക്ക് കച്ചവടം വ്യാപിപ്പിക്കാൻ അവസരം വന്നെത്തും. പുതിയ ശാഖ തുറക്കുന്ന കാര്യം ആലോചിച്ചേക്കും. കലാകാരന്മാർക്ക് പ്രതീക്ഷിച്ച അവസരം വന്നു ചേർന്നേക്കില്ല. കാത്തിരിപ്പ് തുടരേണ്ടതായി വരുന്നതാണ്. ധർമ്മപ്രവൃത്തികൾക്ക് മുൻകൈയെടുക്കും. വീട്ടിലെ സൗകര്യം പ്രയോജനപ്പെടുത്തി ചെറുസംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നതാണ്. കുടുംബബന്ധം ദൃഢമാകാൻ ആവോളം പരിശ്രമിക്കും.  പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: