/indian-express-malayalam/media/media_files/mmZB2DBK5gTEya4jE6iR.jpg)
Shani Vakrsanjaram 2024
Shani Vakrsanjaram 2024: 2024 ജൂലൈ 4 1199 മിഥുനം 20) മുതൽ നവംബർ 17 (1200 വൃശ്ചികം 2) വരെ വക്രഗതിയിലാണ്, ശനി. ഒരു സവിശേഷത ഓർക്കാനുള്ളത്, ശനി ഇപ്പോൾ തുടരുന്ന കുംഭം രാശിയിൽ തന്നെ വക്രസഞ്ചാരവും നടത്തുന്നു എന്നതാണ്. രാശിമാറ്റം ഇല്ല.
വക്രം തുടങ്ങുമ്പോൾ പൂരൂരുട്ടാതി മൂന്നാം പാദത്തിലാണ് ശനി. പിന്നോട്ട് പിന്നോട്ട് ഓരോ നക്ഷത്രപാദമായി സഞ്ചരിച്ച് ചതയം നാലാം പാദം വരെ ശനി വരുന്നു. പിന്നെ വീണ്ടും മുന്നോട്ടേക്ക് നീങ്ങും. അതായത് രണ്ട് നക്ഷത്രങ്ങളിലായി വരുന്ന നാല് പാദങ്ങളിലേക്ക് മാത്രമാണ് 4 മാസത്തിലധികം നീളുന്ന ഈ വക്രഗതിയിൽ ശനി സഞ്ചരിക്കുന്നത്.
ഗ്രഹങ്ങൾക്ക് പ്രായേണ രണ്ടുതരം സഞ്ചാരങ്ങളുണ്ട്. ഒന്ന് മുന്നോട്ടുള്ള ഗതി (Direct Motion), മറ്റൊന്ന് പിന്നോട്ടുള്ള ഗതി (Retrograde Motion). ഇതിൽ രണ്ടാമത്തെ സഞ്ചാരത്തെ 'വക്രഗതി' എന്നും പറയുന്നു. സൂര്യനും ചന്ദ്രനും രാഹുകേതുക്കളും ഒഴികെ നവഗ്രഹങ്ങളിലെ പഞ്ചതാരാഗ്രഹങ്ങൾക്ക് -ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി- എന്നിവയ്ക്ക് നേർഗതിക്കൊപ്പം വർഷത്തിലൊരിക്കൽ വക്രഗതിയും ഉണ്ടാവും. (ബുധന് ഒന്നിലധികം തവണ).
'വക്രഗതി' എന്നൊന്ന് യഥാർത്ഥത്തിൽ സംഭവിക്കുന്നില്ല എന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. സൂര്യനുമായി ഗ്രഹങ്ങൾ നിശ്ചിത അകലത്തിലെത്തുമ്പോൾ ഗ്രഹങ്ങളുടെ സ്വാഭാവിക ഗതിവേഗം കുറയും. ഇതിനെയാണ് വക്രം എന്ന് വിശേഷിപ്പിക്കുന്നത്. ശനി നിൽക്കുന്ന ഡിഗ്രിയിൽ നിന്നും ശരാശരി 100 നു മേൽ 120 ഡിഗ്രി അകലത്തിനുള്ളിൽ സൂര്യനെത്തുമ്പോൾ ശനിയ്ക്ക് വക്രം തുടങ്ങും. അതുപോലെ ഏകദേശം ശനിയുടെ 110 ഡിഗ്രി അടുക്കലായി സൂര്യനെത്തുമ്പോൾ വീണ്ടും ശനി നേർസഞ്ചാരം തുടങ്ങും.
പാപഗ്രഹങ്ങൾക്ക് വക്രസഞ്ചാരത്തിൽ ഉയർന്ന ബലവും ഗുണകരമായ ഫലദാനക്ഷമതയും ഉണ്ടെന്നാണ് നിഗമനം. ഉച്ചത്തിൽ എങ്ങനെയാണോ ഒരു ഗ്രഹം ബലം തരുന്നത് അത്രയുമോ അതിലധികമോ ഫലം വക്രസഞ്ചാരത്തിലും (Retrograde Motion) ഗ്രഹം സമ്മാനിക്കും. 'ശക്തൻ' എന്ന വാക്കുകൊണ്ടാണ് പണ്ഡിതന്മാർ വക്രഗതിയിൽ ഉള്ള ഗ്രഹത്തെ സംബോധന ചെയ്യുന്നത്.
ശനിയുടെ വക്രഗതി, അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ വരുന്ന മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകാരെ എങ്ങനെ സ്വാധീനിക്കുന്നു, എന്തെല്ലാം അനുഭവങ്ങൾ വന്നുചേരുന്നു എന്നുള്ള പരിശോധനയാണ് ഇവിടെ നടത്തുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ശനി പതിനൊന്നാമെടമായ കുംഭം രാശിയിലാണ്. അനുകൂല ഭാവത്തിലാണ് ശനി. നക്ഷത്രവക്രഗതി വരികയാൽ ശനിയുടെ കരുത്തേറുന്നതാണ്. ഗുണഫലങ്ങൾ കൂടുതൽ ശക്തമായി അനുഭവത്തിലെത്തും. ശനിക്ക് പത്ത്, പതിനൊന്ന് ഭാവങ്ങളുടെ ആധിപത്യമുള്ളതിനാൽ ഈ കാലയളവിൽ മുഖ്യമായും തൊഴിൽ നേട്ടങ്ങൾ വന്നു ചേരും. ചെയ്യുന്ന ജോലിയുടെ എല്ലാ സാധ്യതകളും തിരിച്ചറിയാനാവും. അതിൻ്റെ ചെറിയ അംശങ്ങൾ പോലും മനസ്സിലാക്കും. കർമ്മരംഗത്ത് പരാശ്രയത്വം കുറയും. ചുമതലകളും ഉയർച്ചയും വരുമാനവർദ്ധനവും ഉണ്ടാവും. കിടമത്സരങ്ങളിൽ ഏകപക്ഷീയ വിജയം ഭവിക്കുന്നതാണ്. ഭൗതിക നേട്ടങ്ങൾ കുറയില്ല. കാത്തിരുന്ന കാര്യങ്ങൾ സഫലമാവും. ഒപ്പം ആത്മീയമായ ഉണർവ്വും ഉണ്ടാവും. കുടുംബത്തിലെ വൃദ്ധജനങ്ങൾക്കും ക്ഷേമകാലമാവും.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
പത്താം ഭാവത്തിലാണ് ശനി. 'കണ്ടകശനി' യുടെ കാലമാണ്. എന്നാൽ ശനി വക്രഗതിയിൽ സഞ്ചരിക്കുന്നതിനാൽ കണ്ടകശനിയുടെ ദോഷവശങ്ങൾ മിക്കവാറും ഇല്ലാതാവും. കർമ്മരംഗം തെളിയും. തടസ്സങ്ങളകലും. പുതിയ അവസരങ്ങൾ വന്നു ചേരാനിടയുണ്ട്. സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. നവസംരംഭങ്ങളിലെ ബാലാരിഷ്ടകൾ മാറും. നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായം കണ്ടുതുടങ്ങും. സാങ്കേതിക നവീകരണം സാധ്യമാകും. തടസ്സപ്പെട്ടിരുന്ന സ്ഥാനക്കയറ്റം, വേതന വർദ്ധനവ് ഇവ നടപ്പിലാവും. തൊഴിൽ തേടുന്നവർക്കും നല്ല അവസരങ്ങൾ വന്നുചേരാം. പഠന പുരോഗതി, മാതാപിതാക്കൾക്ക് ആരോഗ്യ സൗഖ്യം, ഗൃഹനിർമ്മാണ പൂർത്തീകരണം തുടങ്ങിയവയും ശനിയുടെ വക്രഗതിയിലെ സാധ്യതകളാണ്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ഒമ്പതാമെടത്തിലാണ് ശനിയുടെ സഞ്ചാരം. തടസ്സപ്പെട്ടുകിടന്നിരുന്ന ഭാഗ്യാനുഭവങ്ങൾ കൈവരിക്കാനാവും. പൈതൃകസ്വത്തുക്കളുടെ വ്യവഹാരത്തിൽ അനുകൂലവിധിയുണ്ടാവുന്നതാണ്. രോഗചികിത്സയിൽ ഗുണകരമായ മാറ്റമുണ്ടാവും. പുതിയ കാര്യങ്ങൾ പഠിക്കാനും അത് ജീവിതത്തിലും തൊഴിലിലും പകർത്താനുമാവും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാനാവും. പഴയ കെട്ടിടങ്ങൾ ജീർണ്ണോദ്ധാരണം നടത്താൻ കഴിയും. ജന്മനാട്ടിൽ പോയി താമസിക്കാനുള്ള ആഗ്രഹം സഫലമാവുന്നതാണ്. പാരമ്പര്യതൊഴിലുകൾ വിജയിക്കും. അച്ഛൻ വഴി ഉള്ള ബന്ധുക്കൾ പിണക്കം അവസാനിപ്പിക്കും. പാരമ്പര്യ വിദ്യകൾ അഭ്യസിക്കുന്നതിനും കാലമനുകൂലമാണ്. ഭാഗ്യതടസ്സം നീങ്ങി ഭാഗ്യപുഷ്ടി ഭവിക്കും. കുടുംബ ക്ഷേത്രത്തിൻ്റെ നവീകരണം, മുടങ്ങിയ വഴിപാടുകൾ നടത്തുക മുതലായവയും ശനിയുടെ വക്രഗതിയിലെ ഫലങ്ങളിൽ ഉൾപ്പെടും.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
അഷ്ടമം എന്ന അനിഷ്ടഭാവത്തിലാണ് കർക്കടകക്കൂറുകാർക്ക് ശനി. വക്രഗതി വരുന്നതോടെ അഷ്ടമശനിയുടെ കാഠിന്യം കുറയുന്നതാണ്. പലപാട് ശ്രമിച്ചിട്ടും പൂർത്തിയാകാത്ത കാര്യങ്ങൾ ലഘുപ്രയത്നത്താൽ നേടിയെടുക്കാം. കാര്യവിഘ്നം നീങ്ങി കാര്യപ്രാപ്തി ഉണ്ടാകും. വിജയവഴികൾ തെളിഞ്ഞുകിട്ടാം. ആരോഗ്യകാരണത്താൽ നീണ്ട അവധിയിൽ കഴിഞ്ഞവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാനാവും. സാമ്പത്തിക സ്രോതസ്സുകൾ വ്യക്തമാവുന്നതാണ്. പൈതൃകധനം കരഗതമായേക്കും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം തെളിയും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയുന്നതാണ്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ സർവ്വാത്മനാ ഉള്ള പിന്തുണ കരഗതമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂലമായ അന്തരീക്ഷം സംജാതമാകും. മനസ്സിലെ വിഷാദഭാവങ്ങൾക്ക് വിരാമമാവും.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഏഴാം ഭാവത്തിലാണ് ശനി. അതിനാൽ കണ്ടകശനിക്കാലമാണ്. ശനിക്ക് വക്രം വരുന്നതിനാൽ ദോഷഫലം കുറയാനിടയുണ്ട്. അന്യദിക്കുകളിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരു ദിക്കിലേക്ക് മാറ്റം കിട്ടാം. വിവാഹമോചനത്തിന് തയ്യാറെടുക്കുന്നവർ പുനരാലോചനയിലൂടെ വീണ്ടും ഒന്നാകാൻ തീരുമാനിച്ചേക്കാം. നിരവധി വർഷങ്ങളായി അന്യനാട്ടിൽ കഴിയുന്നവർക്ക് അവിടുത്തെ പൗരത്വം പോലുള്ള അവകാശങ്ങൾ ലഭിച്ചേക്കാം. കൂട്ടുകച്ചവടത്തിലെ പ്രശ്നങ്ങൾ രാജിയാവുന്നതാണ്. പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലുകൾ നവീകരിക്കാൻ സാധിക്കും. പ്രണയികൾ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവും. കടബാധ്യതകൾ ഭാഗികമായെങ്കിലും തീർക്കാനായേക്കും.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
അനുകൂലമായിട്ടുള്ള ആറാം ഭാവത്തിലാണ്, ശനി. വക്രഗതിയിൽ ഗുണാനുഭവങ്ങൾ വർദ്ധിക്കും. രോഗാവസ്ഥയ്ക്ക് നല്ല കുറവനുഭവപ്പെടും. ചികിൽസ ഫലം കാണും. ശത്രുക്കളുടെ പ്രവർത്തനം വിലപ്പോവുകയില്ല. ആത്മബലം വർദ്ധിക്കുന്നതായിരിക്കും. ഭാവിയിൽ ഗുണം ചെയ്യുന്ന നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനും നടപ്പിലാക്കാനും സാധിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകും., ജോലിയിൽ ഉയർച്ച, വേതന വർദ്ധനവ്, അധികാരമുള്ള ചുമതലകൾ എന്നിവയും പ്രതീക്ഷിക്കാം. വളരെയധികം ക്ലേശങ്ങൾ സൃഷ്ടിച്ച കടക്കെണിയിൽ നിന്നും ഭാഗികമായെങ്കിലും മോചനം ലഭിക്കാം. മത്സരങ്ങളിലും അഭിമുഖങ്ങളിലും മുന്നേറാനാവും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സമൂഹത്തിൻ്റെ ആദരം സിദ്ധിക്കും.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3)
പഞ്ചമ ഭാവത്തിലാണ് ശനി. അധികം ഗുണപ്രദനല്ല, ആ ഭാവത്തിൽ ശനി. എന്നാൽ വക്രഗതിയിൽ സഞ്ചരിക്കുമ്പോൾ ശനി ഗുണദാതാവായി മാറുന്നു. പല കാര്യങ്ങളിലുമുള്ള ആശയക്കുഴപ്പം നീങ്ങി ആലോചനാശക്തിക്ക് തെളിച്ചമുണ്ടാകുന്നു. കരണീയം വ്യക്തമാവുന്നു. പുതിയവ പഠിക്കാൻ ഉത്സുകത വരുകയായി. അഞ്ചാം ഭാവം മക്കളെ കുറിക്കുന്നതു കൂടിയാണ്. അവരുടെ പഠനം, ജോലി, കല്യാണക്കാര്യം എന്നിവയിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന വിഘ്നങ്ങൾ ഭാഗികമായെങ്കിലും നീങ്ങും. കാര്യാലോചനാ സമിതികളിൽ ആദരവും അംഗീകാരവും ലഭിക്കും. എഴുത്തുകാർക്കും കലാകാരന്മാർക്കും ഭാവനയുണരുന്നതാണ്. പുതിയ അവസരങ്ങൾ സിദ്ധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആത്മസൗഖ്യവും കീർത്തിയും നേടുന്നതാണ്.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
നാലാമെടത്തിലാണ് ശനി ഉള്ളത്. അതിനാൽ കണ്ടകശ്ശനിക്കാലമാണ്. കാര്യതടസ്സം, ദേഹസൗഖ്യക്കുറവ്, മനക്ലേശം, മാതാവിന് സ്വസ്ഥതയില്ലായ്മ, വാഹന ദുരിതം എന്നിവ അനുഭവിക്കുന്നുണ്ടാവും. എന്നാൽ ശനിയുടെ വക്രസഞ്ചാരം മൂലം ഇപ്പറഞ്ഞ ദുരിതങ്ങൾ ലഘൂകരിക്കപ്പെടും. ആത്മശക്തി വർദ്ധിക്കുന്നതാണ്. പ്രശ്നങ്ങളെ സധൈര്യം നേരിടാനാവും. സംരഭങ്ങളിൽ വിജയിക്കും. മാതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ കുറയുന്നതാണ്. മാതൃബന്ധുക്കളുടെ പിണക്കം അവസാനിക്കും. വീടിൻ്റെ അറ്റകുറ്റം പൂർത്തിയായി കയറിത്താമസിക്കാൻ സാധിക്കും. മനസ്സിലെ വിഷാദ ഭാവങ്ങൾക്ക് മായുന്നതാണ്. സന്തോഷിക്കാൻ സാഹചര്യങ്ങൾ വന്നുചേരും. സുഹൃത്തുക്കളുടെ പൂർണ്ണപിന്തുണ സിദ്ധിക്കും. പുതിയ വിഷയങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ആർജ്ജവമുണ്ടാവും.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
അനുകൂല ഭാവമായ മൂന്നാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. വക്രഗതിയിൽ ശനി കൂടുതൽ ഗുണഫലദാതാവായി മാറും. സഹോദരരെ കൊണ്ട് തനിക്കും തന്നെക്കൊണ്ട് സഹോദരർക്കും നേട്ടങ്ങൾ ഉണ്ടാവും. കർമ്മരംഗത്ത് ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. അവ നന്നായി ഉപയോഗിക്കും. പ്രായോഗിക ബുദ്ധി തുണക്കെത്തുന്നതാണ്. തൊഴിൽ സ്ഥാപനം വിപുലീകരിക്കുവാൻ സാഹചര്യമുണ്ടാവും. വായ്പാ സൗകര്യം കൈവരുന്നതാണ്. ആധികൾ ഒഴിയുന്ന കാലമാവും. മക്കളുടെ പഠനം, ജോലി സംബന്ധിച്ച ഉത്കണ്ഠകൾക്ക് സ്ഥാനമില്ലെന്നറിയും. ശത്രുതന്ത്രങ്ങൾക്ക് മറുതന്ത്രം മെനയുവാൻ കഴിയുന്നതാണ്. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ഉപഭോക്താവിൻ്റ താലപര്യം പരിഗണിക്കും. പുതുതലമുറയ്ക്ക് ശരിയായ മാർഗ്ഗനിർദേശം നൽകുവാനാവും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
മകരക്കൂറിന് ഏഴരശനിയിലെ അവസാന രണ്ടര വർഷം നടപ്പാണ്. വക്രഗതിയിലെ ശനി കാഠിന്യങ്ങൾ കുറയാനും നേട്ടങ്ങൾ അനുഭവിപ്പിക്കാനും അവസരമൊരുക്കും. കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾക്ക് പരിഹാരമുണ്ടാവും. വിഭിന്നസ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ഭാര്യയ്ക്കും ഭർത്താവിനും ഒരിടത്തേക്ക് മാറ്റമാവും. ധനപരമായ ക്ലേശങ്ങൾക്ക് പാഴ്ച്ചിലവുകൾക്കും പരിഹാരം കണ്ടെത്തും. സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടംപിടിക്കും. ബിസിനസ്സുകാർക്ക് സാമ്പത്തികാസൂത്രണം നന്നായി നടത്താനാവും. പ്രവർത്തനങ്ങളിൽ സുതാര്യത വന്നെത്തും. തടസ്സപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾക്ക് തെളിച്ചമുണ്ടാവും. പുതുസംരംഭങ്ങൾ ബാലാരിഷ്ടകൾ പിന്നിടുന്നതാണ്. വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും നല്ല ശിക്ഷണം ലഭിക്കാനും അവസരം ഭവിക്കും.
കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ജന്മരാശിയിൽ ശനി സഞ്ചരിക്കുന്നു. ഏഴരശനിയുടെ മധ്യഭാഗമാണ്. എന്നാൽ ശനിയുടെ വക്രഗതിയാൽ ക്ലേശങ്ങൾക്ക് ലഘുത്വമുണ്ടാവും. ചെയ്യുന്ന പ്രവൃത്തികൾക്ക് നല്ലഫലം ഉണ്ടാവുന്നതിൽ സന്തോഷം തോന്നും. മനസ്സിൻ്റെ ആലസ്യവും അകർമ്മണ്യതയും ഒഴിയുന്നതാണ്. എന്തെങ്കിലും പ്രവർത്തിക്കണമെന്ന തോന്നൽ ശക്തമാകും. വയോജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യും. സെമിനാറുകൾ, ചർച്ചകൾ ഇവയിൽ പങ്കെടുക്കാനവസരം സംജാതമാകുന്നതാണ്. അകലങ്ങളിൽ നിന്നും അടുക്കലേക്ക് സ്ഥലംമാറ്റം ഭവിക്കാം. രോഗഗ്രസ്തർക്ക് ചികിൽസകൾ ഫലവത്താകും. മുതൽമുടക്കുകൾ ചെറിയ തോതിലെങ്കിലും ലാഭകരമാവുന്നതാണ്. അനാവശ്യമായിട്ടുള്ള പിടിവാശി ഉപേക്ഷിക്കും.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
ഏഴരശനിയുടെ ആദ്യ ഭാഗമാണ്. പലനിലയ്ക്കും ശനിയുടെ വക്രസഞ്ചാരം ആശ്വാസമുണ്ടാക്കും. ഡെപ്യുട്ടേഷനിൽ നിന്നും സ്വന്തം ലാവണത്തിലേക്ക് മടങ്ങാൻ കഴിയും. വീടുവിട്ടു നിൽക്കുന്നവർക്ക് തിരികെപ്പോകാൻ സാഹചര്യങ്ങൾ അനുകൂലമാവുന്നതാണ്. മോട്ടിവേഷൻ ക്ളാസ്സുകളിൽ പങ്കെടുക്കുവാൻ ശ്രമിച്ചേക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ അകലും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവുന്നതാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധന പ്രതീക്ഷിക്കാം. ചെലവുകളിൽ ചെറിയ തോതിലെങ്കിലും നിയന്ത്രണം സാധ്യമാകുന്നതാണ്. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം കൈക്കൊള്ളും. അനുഭവജ്ഞാനം മേലധികാരികളും സഹപ്രവർത്തകരും പ്രയോജനപ്പെടുത്താം.
Read More
- Daily Horoscope July 25, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, July 28- August 3
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരും
- കർക്കടക മാസത്തെ സമ്പൂർണ നക്ഷത്ര ഫലം, അശ്വതി മുതൽ രേവതി വരെ
- അക്കങ്ങളിൽ തെളിയും ഭാവികാലം
- Weekly Horoscope (July 21– July 27, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.