/indian-express-malayalam/media/media_files/5JASBuCUHhgWLjFqxbfB.jpg)
Monthly Horoscope: കർക്കടക മാസം നിങ്ങൾക്കെങ്ങനെ?
ആദിത്യൻ കർക്കടകം രാശിയിലും പുണർതം, പൂയം, ആയില്യം എന്നീ ഞാറ്റുവേലകളിലും സഞ്ചരിക്കുന്നു. (കർക്കടകം 1 ചൊവ്വാഴ്ച രാവിലെ 11 മണി 21 മിനിട്ടിനാണ് കർക്കടക സംക്രമം വരുന്നത്). ചന്ദ്രൻ മാസാദ്യം വെളുത്തപക്ഷത്തിലാണ്. കർക്കടക മാസം 6-ാം തീയതി ഞായറാഴ്ച വെളുത്തവാവും കർക്കടകം 19-ാം തീയതി ശനിയാഴ്ച കറുത്തവാവും (കർക്കടകവാവ്) ഭവിക്കുന്നു.
ചൊവ്വ മാസം മുഴുവൻ ഇടവം രാശിയിലാണ്. ശുക്രൻ കർക്കടകം രാശിയിലാണ് 16-ാം തീയതി വരെ. തുടർന്ന് ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ മാസാദ്യം കർക്കടകം രാശിയിലാണ്. എന്നാൽ 4-ാം തീയതി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു.
വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും സഞ്ചരിക്കുന്നു. ശനിക്ക് നക്ഷത്രത്തിൽ വക്രഗതിയുണ്ട് എന്നത് പ്രസ്താവ്യമാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും പിൻഗതിയിൽ സഞ്ചരിക്കുന്നു.
കൊല്ലവർഷത്തിലെ അവസാനമാസമാണ് കർക്കടകം. എന്നല്ല, കൊല്ലവർഷം 1100 ലെ അവസാന വർഷത്തിലെ അവസാന മാസവുമാണ്. വരുന്ന ചിങ്ങമാസം പുലരുന്നത് കൊല്ലവർഷം 1200 ലേക്കാണ്. ആ നിലയ്ക്ക് ഈ കർക്കടക മാസത്തിന് കലണ്ടർ മൂല്യം ഏറെയാണ്.
മുകളിൽ വ്യക്തമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കർക്കടകമാസഫലം ഇവിടെ വിശദീകരിക്കുന്നു.
അശ്വതി
ആദിത്യൻ സഹായസ്ഥാനത്തു നിന്നും മാറുന്നതും രണ്ടിലെ വ്യാഴത്തോടൊപ്പം ചൊവ്വ സഞ്ചരിക്കുന്നതും ക്ലേശഫലങ്ങൾക്കും കാര്യതടസ്സത്തിനും കാരണമായേക്കാം. വാക്പാരുഷ്യം ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ പൂർത്തീകരിക്കാനാവും. പുതിയ ദൗത്യങ്ങൾ ദുർഘടങ്ങളാവാം. അതിനാൽ അവ ഏറ്റെടുക്കുന്നത് രണ്ടുവട്ടം ആലോചിച്ചാവണം. വീട്ടിൽ അറ്റകുറ്റപ്പണികളോ നവീകരണമോ നടക്കാനിടയുണ്ട്. ആ വഴിക്ക് പണച്ചെലവിന് സാധ്യത കാണുന്നു. സുഹൃൽ സമാഗമം മാറ്റിവെച്ചേക്കാനിടയുണ്ട്. സാങ്കേതിക വിഷയങ്ങളിൽ അറിവ് സമ്പാദിക്കുവാൻ സന്നദ്ധതയുണ്ടാവും. കഫജന്യരോഗങ്ങൾ മൂലമുള്ള ദേഹസൗഖ്യക്കുറവിന് സാധ്യതയുണ്ട്.
ഭരണി
രണ്ടാം ഭാവത്തിലെ വ്യാഴത്തിൻ്റെ അനുകൂലത ചൊവ്വയുടെ യോഗത്താൽ മന്ദീഭവിക്കും. മൃദുവാക്കുകൾക്കൊപ്പം പരുഷോക്തികളും പറയപ്പെടുന്നതാണ്. നാലാമെടത്തിലെ ആദിത്യസഞ്ചാരം ദേഹക്ലേശം - മനക്ലേശം ഇത്യാദികൾക്ക് വഴിവെക്കാം. ധനവരവിലെ സുഗമത കുറയുന്നതാണ്. പഠനത്തിലും നിരുത്സാഹത അനുഭവപ്പെട്ടേക്കാം. അനുബന്ധ തൊഴിലുകളിൽ നിന്നും പ്രതീക്ഷിച്ച ലാഭം കിട്ടില്ല. ഗൃഹ നവീകരണത്തിന് കരുതിയതിലും അധികം തുക വേണ്ടിവരുന്നതാണ്. പുതിയ വാഹനം വാങ്ങുന്നതിന് അല്പം കൂടി കാത്തിരിക്കുക ഉചിതം. കുടുംബാംഗങ്ങൾ തമ്മിൽ അനൈക്യം ഉടലെടുക്കാം. അവ രാജിയാക്കാൻ കുറച്ചധികം ഊർജ്ജം ചെലവഴിക്കപ്പെടും. പാരമ്പര്യ വസ്തുക്കളിൽ നിന്നും ആദായമുണ്ടാവും. ഓൺലൈൻ വ്യാപാരം ലാഭകരമായിത്തുടങ്ങും.
കാർത്തിക
അനുകൂലവും പ്രതികൂലതവും ആയിട്ടുള്ള അനുഭവങ്ങൾ ഇടംവലം ആവർത്തിക്കും. അനിശ്ചിതത്വം അനുഭവപ്പെടാം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ഇളവുകൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് പ്രവർത്തന സ്വാതന്ത്ര്യം, അധികാരമുള്ള ചുമതലകൾ എന്നിവയുണ്ടാവും. തൊഴിൽ സംഘടനാ രംഗത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതാണ്. സഹപ്രവർത്തകർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. വ്യക്തിജീവിതത്തിൽ സ്വസ്ഥത കുറയാം. കുടുംബത്തിൻ്റെ പിന്തുണ ലഭിച്ചേക്കില്ല. ചില അത്യാവശ്യങ്ങൾ പോലും പിന്നീടത്തേക്ക് മാറ്റിവെച്ചേക്കും. പഴയ കടബാധ്യത ചിത്തശല്യകാരിയായി തുടരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളിൽ ശോഭിക്കാനാവും. കഫസംബന്ധമായ അസുഖങ്ങൾ, ഹൃദയരോഗങ്ങൾ ഇവ ഉപദ്രവിക്കാം.
രോഹിണി
ജന്മത്തിൽ വ്യാഴവും കുജനും സഞ്ചരിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിനും ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കാം. കാര്യതടസ്സം തുടർക്കഥയായി മാറുന്നതാണ്. ഇതിനൊക്കെ ഗ്രഹപരമായിത്തന്നെ ലഭിക്കുന്ന മറുമരുന്നാണ് ആദിത്യൻ, ശുക്രൻ, ബുധൻ തുടങ്ങിയ ഗ്രഹങ്ങളുടെ അനുകൂല ഭാവങ്ങളിലെ സഞ്ചാരം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ചെറിയ വരുമാനമാർഗമെങ്കിലും ലഭിക്കാതിരിക്കില്ല. വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് ഇപ്പോൾ അവസരം കൈവന്നേക്കാം. സർക്കാരിൽ നിന്നുള്ള ആനുകൂല്യം / രേഖ /അനുമതി മുതലായവ ലഭിക്കുന്നതാണ്. ദാമ്പത്യത്തിലെ ശീതസമരങ്ങൾ നിർത്തിവെക്കപ്പെടാം. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രകൾക്ക് സമയം കണ്ടെത്തും. ബിസിനസ്സിലെ നിരുന്മേഷത താത്കാലികമായെങ്കിലും മാറിക്കിട്ടുന്നതാണ്.
മകയിരം
നാലിലധികം ഗ്രഹങ്ങൾ മകയിരം നക്ഷത്രത്തിൻ്റെയും ജന്മരാശിയുടെയും ഒപ്പവും അരികിലും ഒക്കെയായി സഞ്ചരിക്കുകയാണ്. ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ തുടരും. സത്യസന്ധത ചോദ്യം ചെയ്യപ്പെടാം. കരാർ പണികൾ പുതുക്കപ്പെടാനിടയില്ല. വരുമാനം ന്യായമായ നിലയിൽ പ്രതീക്ഷിക്കാം. അനുബന്ധ തൊഴിലുകൾ മെച്ചപ്പെടും. ഓൺലൈൻ വ്യാപാര സാധ്യതകൾ നന്നായി ചൂഷണം ചെയ്യും. ഗവേഷകർക്ക് സർക്കാർ ധനസഹായം കുടിശിക സഹിതം ലഭിക്കുന്നതാണ്. കുടുംബത്തിലെ പുതിയ തലമുറയെ ഉപദേശിക്കുന്നത് കരുതലോടെ വേണം. സ്വയം തിരുത്താനും ശ്രമിക്കേണ്ടതുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഇടക്കിടെ സ്വസ്ഥതയെ നശിപ്പിച്ചേക്കാം. ക്ഷേത്രജീർണ്ണോദ്ധാരണം പോലുള്ള കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കും. അനുരഞ്ജനത്തിൻ്റെ പാത കുടുംബ ജീവിതത്തെ ശോഭനമാക്കും.
തിരുവാതിര
ഗുരുകുജന്മാർ പന്ത്രണ്ടിലും ആദിത്യ ശുക്രന്മാർ രണ്ടിലും സഞ്ചരിക്കുന്നു. സമ്മർദ്ദങ്ങളുടെ നടുവിലാണെന്ന തോന്നൽ എപ്പോഴും ഉണ്ടായിരിക്കും. ആത്മശക്തി ദുർബലമായേക്കും. സ്വന്തം കഴിവുകൾ സമയോചിതമായി പ്രവർത്തിപ്പിക്കുന്നതിൽ മറവി അനുഭവപ്പെടും. ധനസമാഹരണത്തിൽ വിജയിക്കും. എന്നാൽ ചെലവുകൾ അധികരിക്കും. ചിലതൊക്കെ പാഴ്ച്ചെലവുകൾ എന്ന പട്ടികയിൽ പെടുകയും ചെയ്യും. ചിലർക്ക് വീടുവിട്ട് താമസിക്കേണ്ട സ്ഥിതിയുണ്ടാവും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ സാഹചര്യം തെല്ലും അനുകൂലമാവുകയില്ല. ശുക്രാനുകൂല്യമുള്ള കാലമാകയാൽ ഭോഗസുഖമുണ്ടാവും. പ്രണയത്തിൽ പുരോഗതി വരും. ഇഷ്ടവസ്തുക്കൾ വാങ്ങും. ഏജൻസി ഏർപ്പാടുകളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ആദ്ധ്യാത്മിക ചര്യകളിൽ താല്പര്യമേറും.
പുണർതം
പരമ്പരാഗത തൊഴിലുകളിൽ ഉപേക്ഷയുണ്ടാവും. കാലഘട്ടത്തിനനുസരിച്ച മറ്റു തൊഴിലുകൾ പരിശീലിക്കുന്നത് കുടുംബത്തിൽ ചർച്ചയാക്കും. വേണ്ടപ്പെട്ടവരുടെ മിഥ്യാധാരണകൾ തീർക്കാൻ അവസരം വരുന്നതാണ്. പന്ത്രണ്ടിലെ കുജനും വ്യാഴവും നിരർത്ഥക യാത്രകൾക്ക് വഴിയൊരുക്കും. ചെലവ് നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അതൃപ്തിയുണ്ടാവും. ഭൂമിയിടപാടുകൾ തൽകാലം നിലച്ച സ്ഥിതിയിലാവും. രേഖകളിലോ പ്രമാണങ്ങളിലോ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ വായിച്ചറിയാൻ മറക്കരുത്. യുക്തിപൂർവ്വമായി സംസാരിക്കുന്നത് ശത്രുക്കളെ സൃഷ്ടിക്കാം. സങ്കല്പത്തിനനുസരിച്ച് കുടുംബ ജീവിതം നയിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടാവും. ശുഭപ്രതീക്ഷയാണ് ജീവവായുവെന്ന് തിരിച്ചറിയും.
പൂയം
വസ്തുതർക്കത്തിന് രമ്യമായ പരിഹാരമുണ്ടാവും. മുൻ വേതനത്തിൻ്റെ ബാക്കിയോ , കടത്തിൻ്റെബാക്കിയോ കിട്ടിയേക്കാം. സാമ്പത്തിക കാര്യങ്ങളിൽ സന്തോഷിക്കാൻ വകയുണ്ടാവും. വ്യാപാരത്തിൽ ഉയർച്ചയും വളർച്ചയും പ്രതീക്ഷിക്കാം. നവീകരണം ഫലം കണ്ടുതുടങ്ങും. ഗവൺമെൻ്റിൽ നിന്നും പ്രതീക്ഷിച്ച ഇളവുകൾ ലഭിച്ചേക്കില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമാധാനക്കേടുകൾ ഉണ്ടായേക്കാം. അനാവശ്യമായ ആധി ഒഴിവാക്കണം. ബന്ധുക്കളുടെ സഹകരണം വർദ്ധിക്കുന്നതാണ്. സ്ത്രീസുഹൃത്തുക്കൾ സമയോചിതമായ പിന്തുണയേകും. സന്താനങ്ങളുടെ ജോലി സംബന്ധിച്ച ചില സന്തോഷവാർത്തകൾ തേടി വരും. പേരക്കുട്ടികളുടെ പഠന മികവിനെ ഉചിതമായ പാരിതോഷികം നൽകി പ്രോൽസാഹിപ്പിക്കും
ആയില്യം
ഒമ്പതാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുന്നതിൻ്റെ ഗുണം മുഴുവൻ കർക്കടകമാസത്തിൽ ലഭിക്കണമെന്നില്ല. ആദിത്യൻ ജന്മരാശിയിലാണ് . അതിനാൽ വ്യർത്ഥകാര്യങ്ങൾക്കായുള്ള അലച്ചിലും തന്മൂലമുള്ള ശരീരക്ലേശവും സാമ്പത്തിക ഞെരുക്കവും അനുഭവപ്പെടാം. ശുക്രൻ്റെ ജന്മരാശിയിലെ സഞ്ചാരത്താൽ മാസാദ്യം ഭോഗസുഖവും വില കൂടിയ പാരിതോഷികങ്ങൾ ലഭിക്കലും ഉണ്ടാവും. ബുധൻ്റെ രണ്ടിലെ സ്ഥിതിയാൽ വാഗ്മിത്വവും വിദ്യാഭ്യാസത്തിൽ പുരോഗതിയും അനുഭവത്തിൽ വരുന്നതാണ്. ബന്ധുക്കൾ വിരോധം മറന്ന് കുടുംബക്കാര്യങ്ങളിൽ സഹകരിക്കും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. ക്രയവിക്രയങ്ങളിൽ നല്ല ലാഭം പ്രതീക്ഷിക്കാം. സഹോദരാനുകൂല്യം വളരെ ഉണ്ടാവും. തീർത്ഥാടനങ്ങൾ മാനസിക സൗഖ്യമേകും.
മകം
പത്താം ഭാവത്തിൽ ഗുരുകുജന്മാരും പന്ത്രണ്ടിൽ ആദിത്യ ശുക്രബുധന്മാരും ഏഴിൽ വക്രശനിയും അഷ്ടമത്തിൽ രാഹുവും സഞ്ചരിക്കുന്നതിനാൽ ഗുണവും ദോഷവും സമ്മിശ്രമായ കാലമാണ്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ചെലവേർപ്പെടാം. ഭൂമി ഇടപാടുകളിൽ അമളി പറ്റാനുള്ള സാധ്യത കാണുന്നു. ഭാര്യാഭർത്താക്കന്മാർ വ്യത്യസ്ത ജോലിസ്ഥലത്തോ ഇരുദേശത്തോ കഴിയാം. മാനസികൈക്യം കുറയും. കുട്ടികളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനത്തിനായി കാത്തിരിപ്പ് തുടരപ്പെടും. വിവാദങ്ങളിൽ നിന്നും അകലം പാലിക്കുന്നത് നല്ലത്. വ്യവഹാരങ്ങൾക്ക് മുതിരരുത്. ഏജൻസി / കമ്മീഷൻ ഏർപ്പാടുകൾ ആദായകരമാവാം. ഇൻഷ്വറൻസ്, ചിട്ടി ഇവയിൽ നിന്നും നേരിയ വരുമാനമുണ്ടാകും.
പൂരം
അന്യനാടുകളിൽ പഠനം, തൊഴിൽ തേടുന്നവർക്ക് അവസരം ലഭിക്കുന്നതാണ്. വിദേശത്തുള്ള മക്കളിൽ നിന്നും മാതാപിതാക്കൾക്ക് ധനം വന്നുചേരും. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിച്ചു ചെയ്യുന്ന കാര്യങ്ങൾക്ക് സഹകരണം കിട്ടിയേക്കില്ല. ചെറുകിട സംരംഭങ്ങളിൽ നിന്നും നിത്യച്ചെലവിനുള്ള വരുമാനം വന്നെത്തും. ചെലവ് ചുരുക്കാനുള്ള ശ്രമം വിജയിച്ചേക്കില്ല. ഉദ്യോഗസ്ഥർക്ക് അന്യനാട്ടിലേക്ക് സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. പങ്കാളിത്ത കച്ചവടം വിപുലീകരിക്കാൻ ശ്രമം നടത്തുന്നതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ ശക്തമായ വിയോജിപ്പുകൾ നേരിടുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ കരണീയമല്ല. ചെറുപ്പക്കാരുടെ വിവാഹാലോചനകൾക്ക് പുരോഗതി കുറയാം. മിതവ്യയം പരിശീലിക്കുന്നത് ഗുണം ചെയ്യുന്നതാണ്.
ഉത്രം
കച്ചവടത്തിലെ വിജയ സാധ്യതകൾ വിലയിരുത്തി വേണം പുതിയ മുതൽമുടക്കുകൾ നടത്താൻ. സുഹൃത്തുക്കളുടെ ഹിതോപദേശവും സമയോചിതമായ പ്രവർത്തനവും ഗുണകരമാവും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മാനേജ്മെൻറ് ക്വാട്ടായിലൂടെ പ്രവേശനം നേടേണ്ട സ്ഥിതി വന്നേക്കാം. ചിങ്ങക്കൂറുകാർക്ക് കാലം ഗുണകരമല്ല. കന്നിക്കൂറുകാർക്ക് മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാൻ കഴിയും. വേറിട്ടു കഴിഞ്ഞിരുന്ന ഭാര്യാഭർത്താക്കന്മാർ യോജിപ്പിലെത്താം. ഊഹക്കച്ചവടം, ചിട്ടി ഇവ ആദായകരമാവും. വയോജനങ്ങൾക്ക് ചികിത്സാ മാറ്റം ഗുണകരമായേക്കും. പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നം സാക്ഷാൽകരിക്കപ്പെടുന്നതാണ്. ഉദ്യോഗത്തിൽ ചുമതലകൾ കൂടും. ഓഫീസിൽ ചിലരുടെ നിസ്സഹകരണത്തെ തൃണവൽഗണിക്കും.
അത്തം
ഗ്രഹാനുകൂല്യം വളരെയധികം ഉള്ള സമയമാണ്. ആകയാൽ പലതരം ഗുണാനുഭവങ്ങൾ വന്നുചേർന്നേക്കും. മുൻ മാസങ്ങളിൽ കഠിനമായി പ്രയത്നിച്ചിട്ടും കരഗതമാവാത്ത കാര്യങ്ങൾ ഇപ്പോൾ അല്പമായ അധ്വാനത്താൽ നേടിയെടുക്കാൻ സാധിച്ചേക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ, രേഖകൾ, അനുമതിപത്രം എന്നിവ ലഭിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് അധ്വാനം അമിതമാവില്ല. അകലങ്ങളിൽ ജോലിചെയ്യുന്നവർക്ക് വീട്ടിനടുക്കലേക്കുളള സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തിലാവും. പദവി ഉയരാനോ ചുമതലകൾ വർദ്ധിക്കാനോ സാധ്യതയുണ്ട്. ബിസിനസ്സിലും നേട്ടങ്ങളുണ്ടാവും. കടബാധ്യതകൾ ഭാഗികമായെങ്കിലും തീർക്കാൻ കഴിയുന്നതാണ്. കുടുംബാന്തരീക്ഷം സമാധാനപൂർണമാകും. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ കഴിയുന്നതാണ്.
ചിത്തിര
ഔദ്യോഗികമായി വിവിധ പദ്ധതികളുടെ ചുമതല ഒരേ കാലത്ത് വഹിക്കേണ്ട സ്ഥിതി വരും. മേലധികാരികളുടെ പ്രശംസ നേടും. ബന്ധുക്കളോ സുഹൃത്തുക്കളോ തമ്മിലുള്ള തർക്കങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്നതാണ്. പാരമ്പര്യമായി ചെയ്തു വരുന്ന തൊഴിലിൽ ലാഭം കുറയുന്നതിൽ ആശങ്കയുണ്ടാവും. കരാർ തൊഴിൽ പുതുക്കി കിട്ടാനിടയുണ്ട്. അർഹതയുള്ളവർക്ക് പുതിയ അവസരങ്ങൾ തേടിവന്നേക്കാം. നാട്ടിലെ വരാൻ പോകുന്ന ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അമരക്കാരനായേക്കും. കലാപ്രവർത്തകർക്ക് അവസരങ്ങൾ ലഭിക്കാം. മകളുടെ ജോലിസ്ഥലത്ത്/വീട്ടിൽ പോയി താമസിക്കേണ്ട സ്ഥിതി സംജാതമാകും. ആരോഗ്യപരമായി കരുതൽ വേണ്ടതുണ്ട്. സാംക്രമിക രോഗങ്ങൾ ഉപദ്രവിച്ചേക്കാം.
ചോതി
അഷ്ടമ വ്യാഴവും അഷ്ടമ കുജനും ക്ലേശപ്രദങ്ങളാണ്. പത്താം ഭാവത്തിലെ ആദിത്യൻ അനുകൂല ഫലമേകും. സർക്കാർ സംബദ്ധിച്ച കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. തൊഴിൽ മേഖലയിലെ വിപരീതസ്ഥിതിയെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. ചെറുസംരംഭങ്ങൾ ഒരുവിധം മുന്നോട്ടു നീങ്ങും. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അല്പം അധ്വാനഭാരം കുറയാം. ലീവിനു പോയിരുന്ന സഹപ്രവർത്തക മടങ്ങി ചുമതല ഏറ്റെടുത്തേക്കാം. ജ്യേഷ്ഠാനുജന്മാരുമായി പിണങ്ങാനിടയുണ്ട്. വസ്തു വില്പന തടസ്സപ്പെടാം. പ്രണയ ബന്ധത്തിൽ വിള്ളൽ വീണേക്കാം. മാസത്തിൻ്റെ രണ്ടാം പകുതി ബുധശുക്രന്മാരുടെ ലാഭസ്ഥിതിയാൽ ഗുണകരമാവും. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് അയവുണ്ടാകും. മാനസിക നില ഉയരും.
വിശാഖം
ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പുനരാലോചനകളിലൂടെ വേണം. വാഗ്ദാനങ്ങൾ പാഴ് വാക്കുകളാവാൻ അവസരം വരരുത്. പുതുജോലി തേടുന്നവർ നിരാശപ്പെടില്ല. ബഹുകാര്യങ്ങളിൽ ശ്രദ്ധയും താല്പര്യവും പുലർത്തും. പഴയതെല്ലാം സ്വീകാര്യമാണ് എന്ന വിശ്വാസമൊന്നും ഉണ്ടായേക്കില്ല. പുതുമകളെ വാരിപ്പുണരുവാനും മടിക്കും. സംഘടനകളിൽ പദവികൾ തേടി വരുന്നതാണ്. ജോലി, മക്കളുടെ പഠനം, കുടുംബ കാര്യം ഇവകളാൽ ഭാര്യാഭർത്താക്കന്മാർ ഇരുദിക്കുകളിൽ കഴിയുന്ന താൽകാലിക സാഹചര്യം ഉടലെടുക്കാം. സാമ്പത്തികമായി മോശം പറയാനാവില്ല. നോക്കാനേല്പിച്ചവരുടെ കെടുകാര്യസ്ഥത ബിസിനസ്സിനെ ബാധിക്കാം. അഴിച്ചുപണി വാഹനത്തിനു മാത്രമല്ല വേണ്ടതെന്ന് ചിലപ്പോൾ തോന്നാം.
അനിഴം
ഉത്തരവാദിത്വത്തിൽ നിന്നും പിറകോട്ട് പോകില്ല. കഴിയുന്നതും ഭംഗിയായി നിർവഹണസന്ധിയിൽ കൊണ്ടെത്തിക്കും. മനസ്സിൽ ആസൂത്രണം ചെയ്ത കാര്യങ്ങൾ മിക്കതും നടപ്പിലാക്കും. പരാശ്രയത്വം പരമാവധി കുറയ്ക്കാൻ ശ്രമം തുടരുന്നതാണ്. വ്യാപാരരംഗം തെല്ല് നിരുന്മേഷകരമായേക്കും. അതിൻ്റെ മുഖം മിനുക്കാനുള്ള ശ്രമം വലിയതോതിൽ വിജയിച്ചെന്നു വരില്ല. സാമ്പത്തികമായ അച്ചടക്കം വളരെയധികം ഗുണം ചെയ്യുന്ന സന്ദർഭമാണ്. കുജസ്ഥിതിയാൽ പ്രണയബന്ധം പ്രശ്നകലുഷമാവാം. ദാമ്പത്യത്തിലും സ്വാസ്ഥ്യം കുറയുവാനിടയുണ്ട്. സുഹൃത്തുക്കളുടെ സഹകരണം മനോബലം നൽകും. കലക്കവെള്ളത്തിൽ മീൻപിടിക്കുന്നവരെ തിരിച്ചറിയുവാനാവും. സമ്മർദ്ദങ്ങളിൽ പരാജയപ്പെട്ടു എന്ന സ്ഥിതി ഉണ്ടാവാതെയും എന്നാൽ കരുതലോടെയും യാത്ര അഭംഗുരം തുടരും.
തൃക്കേട്ട
യാത്രകൾ ഗുണകരമാവും. ജന്മദേശത്തേക്ക് വരാനും ബന്ധുക്കൾക്കൊപ്പം കഴിയാനും സാധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വ്യാപാരബന്ധം പുഷ്ടിപ്പെടുന്നതാണ്. അനുചിതകർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞുമാറും. പ്രധാന തീരുമാനങ്ങൾ സഹപ്രവർത്തകരുമായി കൂടിയാലോചിക്കുന്നത് നന്നായിരിക്കും. പുതുമയുള്ള സംരംഭങ്ങളിൽ ആകൃഷ്ടരാവും. നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കും. സന്താനഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും പുലരും. ബൗദ്ധികമായ നിലപാടുകൾ മറ്റുള്ളവർക്ക് വിശദീകരിച്ച് കൊടുക്കേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ തുടരാം. കൂട്ടുകച്ചവടത്തിൽ താത്പര്യം കുറയുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ തൃപ്തികരമായിരിക്കും.
മൂലം
സങ്കല്പത്തിനനുസരിച്ചാവില്ല കാര്യങ്ങളുടെ പോക്ക്. തന്മൂലം മനക്ലേശമുണ്ടാവും. ബിസിനസ്സിൽ മുതൽമുടക്കാനായി സ്വർണ്ണപ്പണയത്തെ ആശ്രയിക്കേണ്ടിവരും. ഭൂമിയിൽ നിന്നും ആദായം സാമാന്യമായിട്ട് മാത്രമാവും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. സഹോദരരുടെ പിന്തുണ ഏറെ ആത്മവിശ്വാസത്തിന് കാരണമാകും. സർക്കാർ കാര്യങ്ങളിൽ അലച്ചിൽ ബാക്കിയാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് അദ്ധ്വാനഭാരം വർദ്ധിക്കുന്നതാണ്. ക്ഷേത്രാടനങ്ങളിൽ അഭയം കണ്ടെത്തും. യുവാക്കളുടെ പ്രണയം കുടുംബാംഗങ്ങളുടെ ശ്രദ്ധയിലെത്തും. അശുഭവാർത്താ ശ്രവണത്തിനിടയുണ്ട്. കിടപ്പ് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
പൂരാടം
പ്രതിബന്ധങ്ങൾ പ്രത്യക്ഷപ്പെടും. ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടാം. വിക്ഷോഭങ്ങളെ നിയന്ത്രിക്കണം. വിദ്യാർത്ഥികൾക്ക് സമയത്ത് പ്രൊജക്ടുകൾ സമർപ്പിക്കാൻ കഴിഞ്ഞേക്കില്ല. സർക്കാർ രേഖകൾ മറ്റും മറന്നുപോവുക, പണം ഒടുക്കേണ്ട തിയതി മാറിപ്പോവുക മുതലായവ സംഭവിക്കാം. ഗവേഷണം പതുക്കെയാവും. ബന്ധുസന്ദർശനം ആശ്വാസമേകും. യോഗ, ധ്യാന മുതലായവ പരിശീലിക്കുക നന്ന്. ജോലി സമയം കൂടുന്നതാണ്. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം അനർഹർക്ക് ലഭിക്കും. കുടുംബ ബന്ധങ്ങൾ ദൃഢമാവാൻ വിട്ടുവീഴ്ചകൾ അനിവാര്യമാവും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
ഉത്രാടം
ആത്മവിശ്വാസം നല്ലത്, എന്നാൽ അമിതമാവരുത്. പുതിയ വാഹനം വാങ്ങാൻ കാലം അനുകൂലമല്ല. ആർഭാടങ്ങൾ മിച്ചപ്പെടുത്തുന്നതിനാൽ ധനം ലാഭിക്കാം. പുതിയ കരാറുകളിൽ ഏർപ്പെടും മുൻപ് എല്ലാവശങ്ങളും പഠിച്ചറിയാൻ മടിക്കരുത്. വിദ്യാർത്ഥികൾക്ക് തുടക്കപ്പരീക്ഷകൾക്ക് തയ്യാറെടുക്കേണ്ടതായി വരുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിച്ചേക്കാം. അർപ്പണ മനോഭാവം തൊഴിലുടമയുടെ അഭിനന്ദനത്തിന് പാത്രമാകും. ഗൃഹനവീകരണത്തിന് വായ്പ വാങ്ങേണ്ടി വരും. മോട്ടിവേഷൻ ക്ളാസ്സുകളിലേക്ക് ക്ഷണം ലഭിക്കും. സ്വയം തയ്യാറാക്കുന്ന ഭക്ഷ്യോല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടാം. കുടുംബ ജീവിതത്തിൽ ആഹ്ളാദം കുറയുന്നതായി തോന്നാം. പരസ്പരം പഴിചാരപ്പെടാം.
തിരുവോണം
ആദിത്യൻ സപ്തമ ഭാവത്തിലും ഗുരുകുജന്മാർ പഞ്ചമ ഭാവത്തിലും സഞ്ചരിക്കുന്നു. നേട്ടങ്ങൾ ഉണ്ടാകും. പ്രയത്‌നം വിലമതിക്കപ്പെടും. ഒപ്പം ചില മനക്ലേശങ്ങളും കാര്യവിഫലതകളും കൂടി പ്രതീക്ഷിക്കാം. സുലഭവസ്തുക്കൾ ദുർലഭമായേക്കും. കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങൾ തലപൊക്കും. ബിസിനസ്സ് യാത്രകൾ ഗുണകരമായെന്നു വരില്ല. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് കുടുംബാംഗങ്ങൾ ആക്ഷേപിക്കാം. തന്മൂലം ജീവിതപങ്കാളിയിൽ നിന്നുപോലും നിസ്സഹകരണം ഉണ്ടാവാം. പുതുതലമുറക്കാർ ഉപദേശങ്ങളെ ബഹിഷ്കരിക്കാനും സാധ്യതയുണ്ട്. പലതിലും ഉണ്ടായിരുന്ന സ്വയം പര്യാപ്തത മാറി, ചില കാര്യങ്ങളിലെങ്കിലും പരാശ്രയത്വം എന്ന സ്ഥിതിയിലെത്താം. ആത്മശക്തി, തളരില്ല. ധന വരവിനും വലിയ ഉലച്ചിൽ ഉണ്ടാവില്ല.
അവിട്ടം
ആവശ്യങ്ങൾ പരിഗണിക്കപ്പെടും. മേലുദ്യോഗസ്ഥർ അനുഭാവപൂർവ്വം കേൾക്കും. വ്യത്യസ്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ട സ്ഥിതിയുണ്ടാവും. വാക്കുപാലിക്കാൻ അശ്രാന്ത പരിശ്രമം ആവശ്യമായി വരുന്നതാണ്. വിദഗ്ദ്ധരുടെ ഉപദേശം കൈക്കൊണ്ട് ധനം സുരക്ഷിത പദ്ധതികളിൽ നിക്ഷേപിക്കും. ദാമ്പത്യത്തിൽ സാമാന്യമായി സംതൃപ്തി ലഭിക്കുന്നതാണ്. മകൻ്റെ വിദേശ പഠനത്തിന് ലോൺ സ്വീകരിക്കും. ബിസിനസ്സ് യാത്രകൾ ഭാഗികമായി വിജയിക്കുന്നതാണ്. ഗൃഹജീർണ്ണോദ്ധാരണം പിന്നീടത്തേക്കാക്കും. സഹോദരരുടെ ഇടയിലെ പ്രശ്നങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്നതാണ്. കിടപ്പ് രോഗികൾക്ക് ആശുപത്രീവാസം വേണ്ടി വന്നേക്കും. ബൗദ്ധികവിനോദങ്ങൾക്ക് സമയം കണ്ടെത്തും.
ചതയം
ആദിത്യൻ്റെ ആറാം ഭാവത്തിലെ സഞ്ചാരം പ്രയോജനകരമാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ അനായാസം മറികടക്കാനും ലക്ഷ്യത്തിലെത്താനുമാവും. സഹജമായ സിദ്ധികൾ വളർത്താനും കഴിവുകൾ പുറത്തെടുക്കാനും സാഹചര്യം അനുകൂലമാവും. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ ലഭിക്കാം. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വളർച്ച ഭവിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ലഭിക്കും. മത്സരങ്ങളിലും തൊഴിൽ അഭിമുഖങ്ങളിലും വിജയിക്കുവാനാവും. ജോലി തേടുന്നവർക്ക് വരുമാനമാർഗം തെളിയുന്നതാണ്. പിണങ്ങിപ്പോയ ദാമ്പത്യം ഇണങ്ങിച്ചേരുന്നതിന് വഴിയൊരുങ്ങും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുണ്ടാകും.
പൂരൂരുട്ടാതി
സഹപ്രവർത്തകൻ്റെ ജോലി മാറ്റത്താൽ അദ്ധ്വാനഭാരം കൂടുമെങ്കിലും വലിയ ചുമതലകൾ കൂടി ലഭിക്കും. സ്വതന്ത്ര തീരുമാനങ്ങൾ പ്രശംസിക്കപ്പെടും. അനുബന്ധ തൊഴിലുകളുടെ ചുമതല വേണ്ടപ്പെട്ടവരെ ഏല്പിക്കുന്നതാണ്. വിജയ സാധ്യതകൾ വിലയിരുത്തി ചില നവസംരംഭങ്ങൾ തുടങ്ങിയേക്കും. അധികച്ചെലവ് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിൻ്റെ വേഗത കുറയും. കുടുംബ ജീവിതത്തിൽ നിന്നും സുഖവും സംതൃപ്തിയും ഉണ്ടാവും. മകൻ്റെ വിവാഹക്കാര്യം നീളുന്നതിൽ ആശങ്ക തോന്നും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി അനുവദിച്ചു കിട്ടും. ആരാധനാലയത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. ശ്വാസകോശരോഗങ്ങൾ ഉള്ളവർ കൂടുതൽ കരുതൽ സ്വീകരിക്കണം.
ഉത്രട്ടാതി
രാഹു ജന്മനക്ഷത്രത്തിലും ശനി പിന്നിലെ നക്ഷത്രത്തിലും വ്യാഴം ഏഴാം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. സ്വാസ്ഥ്യവും സ്വാതന്ത്രവ്യം കുറയുന്നതായി അനുഭവപ്പെട്ടേക്കും. എത്ര ആലോചിച്ചെടുത്ത തീരുമാനമായാലും പരിമിതികൾ വരും. നഖശിഖാന്തം എതിർക്കാനും ആളുണ്ടാവും. മക്കളുടെ വിദ്യാഭ്യാസത്തിലുള്ള ഏകാഗ്രത സന്തോഷമേകും. കലാകായിക മത്സരങ്ങൾക്കുള്ള ഒരുക്കം കൂടി തുടങ്ങും. മുടങ്ങിപ്പോയ ദൈവികകാര്യങ്ങൾ പൂർത്തീകരിക്കും. വേണ്ടപ്പെട്ടവരുടെ സഹായം ലഭിക്കുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂലമായ വിധി വന്നേക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നതാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും അനുകൂലമായ സമയമാണ്.
രേവതി
കരാർ പ്രകാരം ജോലികൾ പുതുക്കി ലഭിച്ചേക്കും. ഏജൻസി പ്രവർത്തനം വിപുലീകരിക്കാൻ കഴിയും. സാമ്പത്തികമായി ആശ്വാസം അനുഭവപ്പെടും. വായ്പകളുടെ അടവുകൾ കൃത്യതീയതിയിൽ തന്നെ നടത്തും. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങുന്നതാണ്. ഭാര്യാഭർത്താക്കന്മാർ തൊഴിൽപരമായി രണ്ടിടത്ത് കഴിയേണ്ടി വന്നേക്കാം. അതിന് മാറ്റം വരാൻ അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. ആദർശം കൈവിടാതെ തന്നെ പ്രായോഗിക സമീപനം പുലർത്തും. അയൽ തർക്കങ്ങൾ രമ്യമായി പരിഹൃതമാവും. ഭൂമിവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സജ്ജനങ്ങളുടെ സംസർഗത്താൽ ആത്മീയ ചിന്തകൾ വളരും. തീർത്ഥാടനയോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിന് മുൻകൈയ്യെടുക്കും. പകർച്ചവ്യാധികൾ, പിടിപെടാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്.
Read More
- Daily Horoscope July 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, 2024 July 21- 27
- കർക്കടക ഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope Karkidakam
- കർക്കടക ഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope Karkidakam
- കർക്കടക ഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope Karkidakam
- Weekly Horoscope (July 14– July 20, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, 2024 July 14- 20
- Mars Transit 2024: ചൊവ്വ ഇടവം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
- ശുക്രൻ കർക്കടകം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ: Venus Transit
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.