/indian-express-malayalam/media/media_files/mjlEGzehPDBAifysuYcl.jpg)
Monthly Horoscope: കർക്കടക മാസം നിങ്ങൾക്കെങ്ങനെ?
ആദിത്യൻ കർക്കടകം രാശിയിലും പുണർതം, പൂയം, ആയില്യം എന്നീ ഞാറ്റുവേലകളിലും സഞ്ചരിക്കുന്നു. (കർക്കടകം 1 ചൊവ്വാഴ്ച രാവിലെ 11 മണി 21 മിനിട്ടിനാണ് കർക്കടക സംക്രമം വരുന്നത്). ചന്ദ്രൻ മാസാദ്യം വെളുത്തപക്ഷത്തിലാണ്. കർക്കടക മാസം 6-ാം തീയതി ഞായറാഴ്ച വെളുത്തവാവും കർക്കടകം 19-ാം തീയതി ശനിയാഴ്ച കറുത്തവാവും (കർക്കടകവാവ്) ഭവിക്കുന്നു.
ചൊവ്വ മാസം മുഴുവൻ ഇടവം രാശിയിലാണ്. ശുക്രൻ കർക്കടകം രാശിയിലാണ് 16-ാം തീയതി വരെ. തുടർന്ന് ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ മാസാദ്യം കർക്കടകം രാശിയിലാണ്. എന്നാൽ 4-ാം തീയതി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു.
വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും സഞ്ചരിക്കുന്നു. ശനിക്ക് നക്ഷത്രത്തിൽ വക്രഗതിയുണ്ട് എന്നത് പ്രസ്താവ്യമാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും പിൻഗതിയിൽ സഞ്ചരിക്കുന്നു.
കൊല്ലവർഷത്തിലെ അവസാനമാസമാണ് കർക്കടകം. എന്നല്ല, കൊല്ലവർഷം 1100 ലെ അവസാന വർഷത്തിലെ അവസാന മാസവുമാണ്. വരുന്ന ചിങ്ങമാസം പുലരുന്നത് കൊല്ലവർഷം 1200 ലേക്കാണ്. ആ നിലയ്ക്ക് ഈ കർക്കടക മാസത്തിന് കലണ്ടർ മൂല്യം ഏറെയാണ്.
മുകളിൽ വ്യക്തമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കർക്കടകമാസഫലം ഇവിടെ വിശദീകരിക്കുന്നു.
മൂലം
സങ്കല്പത്തിനനുസരിച്ചാവില്ല കാര്യങ്ങളുടെ പോക്ക്. തന്മൂലം മനക്ലേശമുണ്ടാവും. ബിസിനസ്സിൽ മുതൽമുടക്കാനായി സ്വർണ്ണപ്പണയത്തെ ആശ്രയിക്കേണ്ടിവരും. ഭൂമിയിൽ നിന്നും ആദായം സാമാന്യമായിട്ട് മാത്രമാവും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. സഹോദരരുടെ പിന്തുണ ഏറെ ആത്മവിശ്വാസത്തിന് കാരണമാകും. സർക്കാർ കാര്യങ്ങളിൽ അലച്ചിൽ ബാക്കിയാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് അദ്ധ്വാനഭാരം വർദ്ധിക്കുന്നതാണ്. ക്ഷേത്രാടനങ്ങളിൽ അഭയം കണ്ടെത്തും. യുവാക്കളുടെ പ്രണയം കുടുംബാംഗങ്ങളുടെ ശ്രദ്ധയിലെത്തും. അശുഭവാർത്താ ശ്രവണത്തിനിടയുണ്ട്. കിടപ്പ് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
പൂരാടം
പ്രതിബന്ധങ്ങൾ പ്രത്യക്ഷപ്പെടും. ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടാം. വിക്ഷോഭങ്ങളെ നിയന്ത്രിക്കണം. വിദ്യാർത്ഥികൾക്ക് സമയത്ത് പ്രൊജക്ടുകൾ സമർപ്പിക്കാൻ കഴിഞ്ഞേക്കില്ല. സർക്കാർ രേഖകൾ മറ്റും മറന്നുപോവുക, പണം ഒടുക്കേണ്ട തിയതി മാറിപ്പോവുക മുതലായവ സംഭവിക്കാം. ഗവേഷണം പതുക്കെയാവും. ബന്ധുസന്ദർശനം ആശ്വാസമേകും. യോഗ, ധ്യാന മുതലായവ പരിശീലിക്കുക നന്ന്. ജോലി സമയം കൂടുന്നതാണ്. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം അനർഹർക്ക് ലഭിക്കും. കുടുംബ ബന്ധങ്ങൾ ദൃഢമാവാൻ വിട്ടുവീഴ്ചകൾ അനിവാര്യമാവും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
ഉത്രാടം
ആത്മവിശ്വാസം നല്ലത്, എന്നാൽ അമിതമാവരുത്. പുതിയ വാഹനം വാങ്ങാൻ കാലം അനുകൂലമല്ല. ആർഭാടങ്ങൾ മിച്ചപ്പെടുത്തുന്നതിനാൽ ധനം ലാഭിക്കാം. പുതിയ കരാറുകളിൽ ഏർപ്പെടും മുൻപ് എല്ലാവശങ്ങളും പഠിച്ചറിയാൻ മടിക്കരുത്. വിദ്യാർത്ഥികൾക്ക് തുടക്കപ്പരീക്ഷകൾക്ക് തയ്യാറെടുക്കേണ്ടതായി വരുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിച്ചേക്കാം. അർപ്പണ മനോഭാവം തൊഴിലുടമയുടെ അഭിനന്ദനത്തിന് പാത്രമാകും. ഗൃഹനവീകരണത്തിന് വായ്പ വാങ്ങേണ്ടി വരും. മോട്ടിവേഷൻ ക്ളാസ്സുകളിലേക്ക് ക്ഷണം ലഭിക്കും. സ്വയം തയ്യാറാക്കുന്ന ഭക്ഷ്യോല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടാം. കുടുംബ ജീവിതത്തിൽ ആഹ്ളാദം കുറയുന്നതായി തോന്നാം. പരസ്പരം പഴിചാരപ്പെടാം.
തിരുവോണം
ആദിത്യൻ സപ്തമ ഭാവത്തിലും ഗുരുകുജന്മാർ പഞ്ചമ ഭാവത്തിലും സഞ്ചരിക്കുന്നു. നേട്ടങ്ങൾ ഉണ്ടാകും. പ്രയത്‌നം വിലമതിക്കപ്പെടും. ഒപ്പം ചില മനക്ലേശങ്ങളും കാര്യവിഫലതകളും കൂടി പ്രതീക്ഷിക്കാം. സുലഭവസ്തുക്കൾ ദുർലഭമായേക്കും. കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങൾ തലപൊക്കും. ബിസിനസ്സ് യാത്രകൾ ഗുണകരമായെന്നു വരില്ല. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് കുടുംബാംഗങ്ങൾ ആക്ഷേപിക്കാം. തന്മൂലം ജീവിതപങ്കാളിയിൽ നിന്നുപോലും നിസ്സഹകരണം ഉണ്ടാവാം. പുതുതലമുറക്കാർ ഉപദേശങ്ങളെ ബഹിഷ്കരിക്കാനും സാധ്യതയുണ്ട്. പലതിലും ഉണ്ടായിരുന്ന സ്വയം പര്യാപ്തത മാറി, ചില കാര്യങ്ങളിലെങ്കിലും പരാശ്രയത്വം എന്ന സ്ഥിതിയിലെത്താം. ആത്മശക്തി തളരില്ല. ധന വരവിനും വലിയ ഉലച്ചിൽ ഉണ്ടാവില്ല.
അവിട്ടം
ആവശ്യങ്ങൾ പരിഗണിക്കപ്പെടും. മേലുദ്യോഗസ്ഥർ അനുഭാവപൂർവ്വം കേൾക്കും. വ്യത്യസ്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ട സ്ഥിതിയുണ്ടാവും. വാക്കുപാലിക്കാൻ അശ്രാന്ത പരിശ്രമം ആവശ്യമായി വരുന്നതാണ്. വിദഗ്ദ്ധരുടെ ഉപദേശം കൈക്കൊണ്ട് ധനം സുരക്ഷിത പദ്ധതികളിൽ നിക്ഷേപിക്കും. ദാമ്പത്യത്തിൽ സാമാന്യമായി സംതൃപ്തി ലഭിക്കുന്നതാണ്. മകൻ്റെ വിദേശ പഠനത്തിന് ലോൺ സ്വീകരിക്കും. ബിസിനസ്സ് യാത്രകൾ ഭാഗികമായി വിജയിക്കുന്നതാണ്. ഗൃഹജീർണ്ണോദ്ധാരണം പിന്നീടത്തേക്കാക്കും. സഹോദരരുടെ ഇടയിലെ പ്രശ്നങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്നതാണ്. കിടപ്പ് രോഗികൾക്ക് ആശുപത്രീവാസം വേണ്ടി വന്നേക്കും. ബൗദ്ധികവിനോദങ്ങൾക്ക് സമയം കണ്ടെത്തും.
ചതയം
ആദിത്യൻ്റെ ആറാം ഭാവത്തിലെ സഞ്ചാരം പ്രയോജനകരമാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ അനായാസം മറികടക്കാനും ലക്ഷ്യത്തിലെത്താനുമാവും. സഹജമായ സിദ്ധികൾ വളർത്താനും കഴിവുകൾ പുറത്തെടുക്കാനും സാഹചര്യം അനുകൂലമാവും. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ ലഭിക്കാം. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വളർച്ച ഭവിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ലഭിക്കും. മത്സരങ്ങളിലും തൊഴിൽ അഭിമുഖങ്ങളിലും വിജയിക്കുവാനാവും. ജോലി തേടുന്നവർക്ക് വരുമാനമാർഗം തെളിയുന്നതാണ്. പിണങ്ങിപ്പോയ ദാമ്പത്യം ഇണങ്ങിച്ചേരുന്നതിന് വഴിയൊരുങ്ങും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുണ്ടാകും.
പൂരൂരുട്ടാതി
സഹപ്രവർത്തകൻ്റെ ജോലി മാറ്റത്താൽ അദ്ധ്വാനഭാരം കൂടുമെങ്കിലും വലിയ ചുമതലകൾ കൂടി ലഭിക്കും. സ്വതന്ത്ര തീരുമാനങ്ങൾ പ്രശംസിക്കപ്പെടും. അനുബന്ധ തൊഴിലുകളുടെ ചുമതല വേണ്ടപ്പെട്ടവരെ ഏല്പിക്കുന്നതാണ്. വിജയ സാധ്യതകൾ വിലയിരുത്തി ചില നവസംരംഭങ്ങൾ തുടങ്ങിയേക്കും. അധികച്ചെലവ് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിൻ്റെ വേഗത കുറയും. കുടുംബ ജീവിതത്തിൽ നിന്നും സുഖവും സംതൃപ്തിയും ഉണ്ടാവും. മകൻ്റെ വിവാഹക്കാര്യം നീളുന്നതിൽ ആശങ്ക തോന്നും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി അനുവദിച്ചു കിട്ടും. ആരാധനാലയത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. ശ്വാസകോശരോഗങ്ങൾ ഉള്ളവർ കൂടുതൽ കരുതൽ സ്വീകരിക്കണം.
ഉത്രട്ടാതി
രാഹു ജന്മനക്ഷത്രത്തിലും ശനി പിന്നിലെ നക്ഷത്രത്തിലും വ്യാഴം ഏഴാം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. സ്വാസ്ഥ്യവും സ്വാതന്ത്രവ്യം കുറയുന്നതായി അനുഭവപ്പെട്ടേക്കും. എത്ര ആലോചിച്ചെടുത്ത തീരുമാനമായാലും പരിമിതികൾ വരും. നഖശിഖാന്തം എതിർക്കാനും ആളുണ്ടാവും. മക്കളുടെ വിദ്യാഭ്യാസത്തിലുള്ള ഏകാഗ്രത സന്തോഷമേകും. കലാകായിക മത്സരങ്ങൾക്കുള്ള ഒരുക്കം കൂടി തുടങ്ങും. മുടങ്ങിപ്പോയ ദൈവികകാര്യങ്ങൾ പൂർത്തീകരിക്കും. വേണ്ടപ്പെട്ടവരുടെ സഹായം ലഭിക്കുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂലമായ വിധി വന്നേക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നതാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും അനുകൂലമായ സമയമാണ്.
രേവതി
കരാർ പ്രകാരം ജോലികൾ പുതുക്കി ലഭിച്ചേക്കും. ഏജൻസി പ്രവർത്തനം വിപുലീകരിക്കാൻ കഴിയും. സാമ്പത്തികമായി ആശ്വാസം അനുഭവപ്പെടും. വായ്പകളുടെ അടവുകൾ കൃത്യതീയതിയിൽ തന്നെ നടത്തും. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങുന്നതാണ്. ഭാര്യാഭർത്താക്കന്മാർ തൊഴിൽപരമായി രണ്ടിടത്ത് കഴിയേണ്ടി വന്നേക്കാം. അതിന് മാറ്റം വരാൻ അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. ആദർശം കൈവിടാതെ തന്നെ പ്രായോഗിക സമീപനം പുലർത്തും. അയൽ തർക്കങ്ങൾ രമ്യമായി പരിഹൃതമാവും. ഭൂമിവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സജ്ജനങ്ങളുടെ സംസർഗത്താൽ ആത്മീയ ചിന്തകൾ വളരും. തീർത്ഥാടനയോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിന് മുൻകൈയ്യെടുക്കും. പകർച്ചവ്യാധികൾ, പിടിപെടാതിരിക്കാൻ ജാഗ്രത അനിവാര്യം.
Read More:
- കർക്കടക ഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope Karkidakam
- കർക്കടക ഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope Karkidakam
- Weekly Horoscope (July 14– July 20, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, 2024 July 14- 20
- Mars Transit 2024: ചൊവ്വ ഇടവം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
- ശുക്രൻ കർക്കടകം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ: Venus Transit
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.