/indian-express-malayalam/media/media_files/JHyUXdogqVRYvicu7esL.jpg)
Monthly Horoscope: കർക്കടക മാസം നിങ്ങൾക്കെങ്ങനെ?
ആദിത്യൻ കർക്കടകം രാശിയിലും പുണർതം, പൂയം, ആയില്യം എന്നീ ഞാറ്റുവേലകളിലും സഞ്ചരിക്കുന്നു. (കർക്കടകം 1 ചൊവ്വാഴ്ച രാവിലെ 11 മണി 21 മിനിട്ടിനാണ് കർക്കടക സംക്രമം വരുന്നത്). ചന്ദ്രൻ മാസാദ്യം വെളുത്തപക്ഷത്തിലാണ്. കർക്കടക മാസം 6-ാം തീയതി ഞായറാഴ്ച വെളുത്തവാവും കർക്കടകം 19-ാം തീയതി ശനിയാഴ്ച കറുത്തവാവും (കർക്കടകവാവ്) ഭവിക്കുന്നു.
ചൊവ്വ മാസം മുഴുവൻ ഇടവം രാശിയിലാണ്. ശുക്രൻ കർക്കടകം രാശിയിലാണ് 16-ാം തീയതി വരെ. തുടർന്ന് ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ മാസാദ്യം കർക്കടകം രാശിയിലാണ്. എന്നാൽ 4-ാം തീയതി ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു.
വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും സഞ്ചരിക്കുന്നു.
ശനിക്ക് നക്ഷത്രത്തിൽ വക്രഗതിയുണ്ട് എന്നത് പ്രസ്താവ്യമാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും പിൻഗതിയിൽ സഞ്ചരിക്കുന്നു.
കൊല്ലവർഷത്തിലെ അവസാനമാസമാണ് കർക്കടകം. എന്നല്ല, കൊല്ലവർഷം 1100 ലെ അവസാന വർഷത്തിലെ അവസാന മാസവുമാണ്. വരുന്ന ചിങ്ങമാസം പുലരുന്നത് കൊല്ലവർഷം 1200 ലേക്കാണ്. ആ നിലയ്ക്ക് ഈ കർക്കടക മാസത്തിന് കലണ്ടർ മൂല്യം ഏറെയാണ്.
മുകളിൽ വ്യക്തമാക്കിയ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കർക്കടകമാസഫലം ഇവിടെ വിശദീകരിക്കുന്നു.
മകം
പത്താം ഭാവത്തിൽ ഗുരുകുജന്മാരും പന്ത്രണ്ടിൽ ആദിത്യ ശുക്രബുധന്മാരും ഏഴിൽ വക്രശനിയും അഷ്ടമത്തിൽ രാഹുവും സഞ്ചരിക്കുന്നതിനാൽ ഗുണവും ദോഷവും സമ്മിശ്രമായ കാലമാണ്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ചെലവേർപ്പെടാം.
ഭൂമി ഇടപാടുകളിൽ അമളി പറ്റാനുള്ള സാധ്യത കാണുന്നു. ഭാര്യാഭർത്താക്കന്മാർ വ്യത്യസ്ത ജോലിസ്ഥലത്തോ ഇരുദേശത്തോ കഴിയാം. മാനസികൈക്യം കുറയും. കുട്ടികളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനത്തിനായി കാത്തിരിപ്പ് തുടരപ്പെടും. വിവാദങ്ങളിൽ നിന്നും അകലം പാലിക്കുന്നത് നല്ലത്. വ്യവഹാരങ്ങൾക്ക് മുതിരരുത്. ഏജൻസി / കമ്മീഷൻ ഏർപ്പാടുകൾ ആദായകരമാവാം. ഇൻഷ്വറൻസ്, ചിട്ടി ഇവയിൽ നിന്നും നേരിയ വരുമാനമുണ്ടാകും.
പൂരം
അന്യനാടുകളിൽ പഠനം, തൊഴിൽ തേടുന്നവർക്ക് അവസരം ലഭിക്കുന്നതാണ്. വിദേശത്തുള്ള മക്കളിൽ നിന്നും മാതാപിതാക്കൾക്ക് ധനം വന്നുചേരും. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിച്ചു ചെയ്യുന്ന കാര്യങ്ങൾക്ക് സഹകരണം കിട്ടിയേക്കില്ല. ചെറുകിട സംരംഭങ്ങളിൽ നിന്നും നിത്യച്ചെലവിനുള്ള വരുമാനം വന്നെത്തും. ചെലവ് ചുരുക്കാനുള്ള ശ്രമം വിജയിച്ചേക്കില്ല. ഉദ്യോഗസ്ഥർക്ക് അന്യനാട്ടിലേക്ക് സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. പങ്കാളിത്ത കച്ചവടം വിപുലീകരിക്കാൻ ശ്രമം നടത്തുന്നതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ ശക്തമായ വിയോജിപ്പുകൾ നേരിടുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ കരണീയമല്ല. ചെറുപ്പക്കാരുടെ വിവാഹാലോചനകൾക്ക് പുരോഗതി കുറയാം. മിതവ്യയം പരിശീലിക്കുന്നത് ഗുണം ചെയ്യുന്നതാണ്.
ഉത്രം
കച്ചവടത്തിലെ വിജയ സാധ്യതകൾ വിലയിരുത്തി വേണം പുതിയ മുതൽമുടക്കുകൾ നടത്താൻ. സുഹൃത്തുക്കളുടെ ഹിതോപദേശവും സമയോചിതമായ പ്രവർത്തനവും ഗുണകരമാവും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മാനേജ്മെൻറ് ക്വാട്ടായിലൂടെ പ്രവേശനം നേടേണ്ട സ്ഥിതി വന്നേക്കാം. ചിങ്ങക്കൂറുകാർക്ക് കാലം ഗുണകരമല്ല. കന്നിക്കൂറുകാർക്ക് മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കാൻ കഴിയും. വേറിട്ടു കഴിഞ്ഞിരുന്ന ഭാര്യാഭർത്താക്കന്മാർ യോജിപ്പിലെത്താം. ഊഹക്കച്ചവടം, ചിട്ടി ഇവ ആദായകരമാവും. വയോജനങ്ങൾക്ക് ചികിത്സാ മാറ്റം ഗുണകരമായേക്കും. പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നം സാക്ഷാൽകരിക്കപ്പെടുന്നതാണ്. ഉദ്യോഗത്തിൽ ചുമതലകൾ കൂടും. ഓഫീസിൽ ചിലരുടെ നിസ്സഹകരണത്തെ തൃണവൽഗണിക്കും.
അത്തം
ഗ്രഹാനുകൂല്യം വളരെയധികം ഉള്ള സമയമാണ്. ആകയാൽ പലതരം ഗുണാനുഭവങ്ങൾ വന്നുചേർന്നേക്കും. മുൻ മാസങ്ങളിൽ കഠിനമായി പ്രയത്നിച്ചിട്ടും കരഗതമാവാത്ത കാര്യങ്ങൾ ഇപ്പോൾ അല്പമായ അധ്വാനത്താൽ നേടിയെടുക്കാൻ സാധിച്ചേക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ, രേഖകൾ, അനുമതിപത്രം എന്നിവ ലഭിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് അധ്വാനം അമിതമാവില്ല. അകലങ്ങളിൽ ജോലിചെയ്യുന്നവർക്ക് വീട്ടിനടുക്കലേക്കുളള സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തിലാവും. പദവി ഉയരാനോ ചുമതലകൾ വർദ്ധിക്കാനോ സാധ്യതയുണ്ട്. ബിസിനസ്സിലും നേട്ടങ്ങളുണ്ടാവും. കടബാധ്യതകൾ ഭാഗികമായെങ്കിലും തീർക്കാൻ കഴിയുന്നതാണ്. കുടുംബാന്തരീക്ഷം സമാധാനപൂർണമാകും. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ കഴിയുന്നതാണ്.
ചിത്തിര
ഔദ്യോഗികമായി വിവിധ പദ്ധതികളുടെ ചുമതല ഒരേ കാലത്ത് വഹിക്കേണ്ട സ്ഥിതി വരും. മേലധികാരികളുടെ പ്രശംസ നേടും. ബന്ധുക്കളോ സുഹൃത്തുക്കളോ തമ്മിലുള്ള തർക്കങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്നതാണ്. പാരമ്പര്യമായി ചെയ്തു വരുന്ന തൊഴിലിൽ ലാഭം കുറയുന്നതിൽ ആശങ്കയുണ്ടാവും. കരാർ തൊഴിൽ പുതുക്കി കിട്ടാനിടയുണ്ട്. അർഹതയുള്ളവർക്ക് പുതിയ അവസരങ്ങൾ തേടിവന്നേക്കാം. നാട്ടിലെ വരാൻ പോകുന്ന ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അമരക്കാരനായേക്കും. കലാപ്രവർത്തകർക്ക് അവസരങ്ങൾ ലഭിക്കാം. മകളുടെ ജോലിസ്ഥലത്ത്/വീട്ടിൽ പോയി താമസിക്കേണ്ട സ്ഥിതി സംജാതമാകും. ആരോഗ്യപരമായി കരുതൽ വേണ്ടതുണ്ട്. സാംക്രമിക രോഗങ്ങൾ ഉപദ്രവിച്ചേക്കാം.
ചോതി
അഷ്ടമ വ്യാഴവും അഷ്ടമ കുജനും ക്ലേശപ്രദങ്ങളാണ്. പത്താം ഭാവത്തിലെ ആദിത്യൻ അനുകൂല ഫലമേകും. സർക്കാർ സംബദ്ധിച്ച കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. തൊഴിൽ മേഖലയിലെ വിപരീതസ്ഥിതിയെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. ചെറുസംരംഭങ്ങൾ ഒരുവിധം മുന്നോട്ടു നീങ്ങും. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അല്പം അധ്വാനഭാരം കുറയാം. ലീവിനു പോയിരുന്ന സഹപ്രവർത്തക മടങ്ങി ചുമതല ഏറ്റെടുത്തേക്കാം. ജ്യേഷ്ഠാനുജന്മാരുമായി പിണങ്ങാനിടയുണ്ട്. വസ്തു വില്പന തടസ്സപ്പെടാം. പ്രണയ ബന്ധത്തിൽ വിള്ളൽ വീണേക്കാം. മാസത്തിൻ്റെ രണ്ടാം പകുതി ബുധശുക്രന്മാരുടെ ലാഭസ്ഥിതിയാൽ ഗുണകരമാവും. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് അയവുണ്ടാകും. മാനസിക നില ഉയരും.
വിശാഖം
ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പുനരാലോചനകളിലൂടെ വേണം. വാഗ്ദാനങ്ങൾ പാഴ് വാക്കുകളാവാൻ അവസരം വരരുത്. പുതുജോലി തേടുന്നവർ നിരാശപ്പെടില്ല. ബഹുകാര്യങ്ങളിൽ ശ്രദ്ധയും താല്പര്യവും പുലർത്തും. പഴയതെല്ലാം സ്വീകാര്യമാണ് എന്ന വിശ്വാസമൊന്നും ഉണ്ടായേക്കില്ല. പുതുമകളെ വാരിപ്പുണരുവാനും മടിക്കും. സംഘടനകളിൽ പദവികൾ തേടി വരുന്നതാണ്. ജോലി, മക്കളുടെ പഠനം, കുടുംബ കാര്യം ഇവകളാൽ ഭാര്യാഭർത്താക്കന്മാർ ഇരുദിക്കുകളിൽ കഴിയുന്ന താൽകാലിക സാഹചര്യം ഉടലെടുക്കാം. സാമ്പത്തികമായി മോശം പറയാനാവില്ല. നോക്കാനേല്പിച്ചവരുടെ കെടുകാര്യസ്ഥത ബിസിനസ്സിനെ ബാധിക്കാം. അഴിച്ചുപണി വാഹനത്തിനു മാത്രമല്ല വേണ്ടതെന്ന് ചിലപ്പോൾ തോന്നാം.
അനിഴം
ഉത്തരവാദിത്വത്തിൽ നിന്നും പിറകോട്ട് പോകില്ല. കഴിയുന്നതും ഭംഗിയായി നിർവഹണസന്ധിയിൽ കൊണ്ടെത്തിക്കും. മനസ്സിൽ ആസൂത്രണം ചെയ്ത കാര്യങ്ങൾ മിക്കതും നടപ്പിലാക്കും. പരാശ്രയത്വം പരമാവധി കുറയ്ക്കാൻ ശ്രമം തുടരുന്നതാണ്. വ്യാപാരരംഗം തെല്ല് നിരുന്മേഷകരമായേക്കും. അതിൻ്റെ മുഖം മിനുക്കാനുള്ള ശ്രമം വലിയതോതിൽ വിജയിച്ചെന്നു വരില്ല. സാമ്പത്തികമായ അച്ചടക്കം വളരെയധികം ഗുണം ചെയ്യുന്ന സന്ദർഭമാണ്. കുജസ്ഥിതിയാൽ പ്രണയബന്ധം പ്രശ്നകലുഷമാവാം. ദാമ്പത്യത്തിലും സ്വാസ്ഥ്യം കുറയുവാനിടയുണ്ട്. സുഹൃത്തുക്കളുടെ സഹകരണം മനോബലം നൽകും. കലക്കവെള്ളത്തിൽ മീൻപിടിക്കുന്നവരെ തിരിച്ചറിയുവാനാവും. സമ്മർദ്ദങ്ങളിൽ പരാജയപ്പെട്ടു എന്ന സ്ഥിതി ഉണ്ടാവാതെയും എന്നാൽ കരുതലോടെയും യാത്ര അഭംഗുരം തുടരും.
തൃക്കേട്ട
യാത്രകൾ ഗുണകരമാവും. ജന്മദേശത്തേക്ക് വരാനും ബന്ധുക്കൾക്കൊപ്പം കഴിയാനും സാധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വ്യാപാരബന്ധം പുഷ്ടിപ്പെടുന്നതാണ്. അനുചിതകർമ്മങ്ങളിൽ നിന്നും ഒഴിഞ്ഞുമാറും.
പ്രധാന തീരുമാനങ്ങൾ സഹപ്രവർത്തകരുമായി കൂടിയാലോചിക്കുന്നത് നന്നായിരിക്കും. പുതുമയുള്ള സംരംഭങ്ങളിൽ ആകൃഷ്ടരാവും. നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കും. സന്താനഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും പുലരും. ബൗദ്ധികമായ നിലപാടുകൾ മറ്റുള്ളവർക്ക് വിശദീകരിച്ച് കൊടുക്കേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ തുടരാം. കൂട്ടുകച്ചവടത്തിൽ താത്പര്യം കുറയുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ തൃപ്തികരമായിരിക്കും.
Read More:
- Daily Horoscope July 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- കർക്കിടക ഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope Karkidakam
- Weekly Horoscope (July 14– July 20, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, 2024 July 14- 20
- Mars Transit 2024: ചൊവ്വ ഇടവം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
- ശുക്രൻ കർക്കടകം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ: Venus Transit
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.