scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, 2024 July 21- 27

Weekly Horoscope: ജൂലൈ 21 ഞായറാഴ്ച മുതൽ ജൂലൈ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂലൈ 21 ഞായറാഴ്ച മുതൽ ജൂലൈ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തവാവിലാണ് ഞായറാഴ്ച. തുടർന്ന് കൃഷ്ണപക്ഷത്തിലാണ്.ഉത്രാടം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിലാണ് ഈയാഴ്ച ചന്ദ്രസഞ്ചാരം. ചൊവ്വ ഇടവം രാശിയിലും (കാർത്തിക നക്ഷത്രത്തിലും) ബുധൻ ചിങ്ങം രാശിയിലും (മകം നക്ഷത്രത്തിലും) ശുക്രൻ കർക്കടകം രാശിയിലും (പൂയം -  ആയില്യം നക്ഷത്രങ്ങളിലും) ആണ്. 

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിയിൽ. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും 
കേതു കന്നിരാശിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ആർക്കൊക്കെ എന്ന് നോക്കാം. ഞായറും തിങ്കളും മിഥുനക്കൂറുകാർക്കും ചൊവ്വയും ബുധനും വ്യാഴവും (പ്രഭാതം വരെ) കർക്കടകക്കൂറുകാർക്കും അതിനുമേൽ ശനി ഉച്ചവരെ ചിങ്ങക്കൂറുകാർക്കും തുടർന്ന് കന്നിക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് സംഭവിക്കുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 7 നാളുകാരുടെ ഈയാഴ്ചയിലെ സമ്പൂർണ്ണഫലം പരിശോധിക്കാം.

അശ്വതി

ചന്ദ്രൻ 10, 11, 12  ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മഗുണം ഉള്ള വാരമാണ്. ഏകാഗ്രതയോടെ പ്രവൃത്തികളിൽ മുഴുകാനാവും. നല്ലഫലം സിദ്ധിക്കുകയും ചെയ്യും. ഉദ്യോഗസ്ഥർക്കും ബിസിനസ്സുകാർക്കും ഗുണകരമാണ്. ആദായം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ ഭാഗ്യം പരീക്ഷിക്കുന്നവർ നിരാശപ്പെടേണ്ടി വരില്ല. സഹപ്രവർത്തകരുടെ പിന്തുണയാൽ സമയബന്ധിതമായി കാര്യങ്ങൾ പൂർത്തീകരിക്കാനാവും. മനസ്സമാധാനം, ഗൃഹസ്വസ്ഥത, ആരോഗ്യ സ്വച്ഛത എന്നിവയും പ്രതീക്ഷിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ചെലവേറും. ജോലിഭാരം അധികരിക്കാം.

Advertisment

ഭരണി

അനുകൂലഭാവങ്ങളിൽ ചന്ദ്ര സഞ്ചാരം ഭവിക്കുന്നതിനാൽ പൊതുവേ സമാശ്വാസത്തിൻ്റെയും നേട്ടങ്ങളുടെയും കാലമായിരിക്കും. ഉദ്യോഗസ്ഥർക്ക് ശാന്തമായ അന്തരീക്ഷത്തിൽ കൃത്യനിർവഹണം സാധ്യമാകുന്നതാണ്. ബിസിനസ്സിൽ ഏർപ്പെട്ടവർക്ക് ലാഭം വന്നു ചേരും. ചെറുപ്പക്കാർക്ക് പ്രേമോത്സുകരാവാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇടക്കാല പരീക്ഷകൾക്ക് നന്നായി തയ്യാറെടുക്കാനാവും. സാമ്പത്തിക രംഗം ഒട്ടൊക്കെ അനുകൂലമാണ്. ഗാർഹികാന്തരീക്ഷം സുഖകരമാവും. വാരാന്ത്യ ദിവസങ്ങളിൽ അലച്ചിലോ വ്യയാധിക്യമോ ഭവിക്കാം.

കാർത്തിക

നക്ഷത്ര നാഥനായ ആദിത്യൻ ജലരാശിയിലൂടെ കടന്നുപോവുകയാൽ യാത്രകൾക്ക് വിശേഷിച്ചും ജലയാത്രകൾക്ക് സാഹചര്യം ഉണ്ടാവുന്നതാണ്. സ്ത്രീ സൗഹൃദം വളരും. സ്ത്രീകളുടെ പിന്തുണയും ലഭിക്കുന്നതാണ്. ചൊവ്വ ജന്മനക്ഷത്രത്തിൽ തുടരുകയാൽ ദേഹ - മന ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. നീതിബോധത്തെ സ്വയം മറച്ചു കൊണ്ട് പെരുമാറേണ്ട വല്ല സന്ദർഭങ്ങളും ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. മുതൽമുടക്കിക്കൊണ്ടുള്ള സംരംഭങ്ങൾക്ക് ഇപ്പോൾ കാലാനുകൂലത കുറവാണെന്നത് ഓർക്കണം. പഠനാർത്ഥികൾക്ക് നവോന്മേഷം ഉണ്ടാവും. 

രോഹിണി

ചന്ദ്രാഷ്ടമം കഴികയാൽ ജീവിതം പിന്നെയും തളിരും താരും ചൂടും. സമാലോചനകളിലൂടെ കർമ്മരംഗത്ത് ശോഭിക്കുന്നതാണ്. ജന്മരാശിയിലെ ഗുരുകുജയോഗം ചിലപ്പോൾ സ്വസ്ഥതയ്ക്ക് വെല്ലുവിളി ഉയർത്താം. ഉന്നത വ്യക്തികളുടെ സഹകരണം ലഭിക്കും. നവോന്മേഷം ഗാർഹിക ജീവിതത്തിലും പ്രകടമാവും. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങിയേക്കും. വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടാം. ഊഹക്കച്ചവടം, ചിട്ടി എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നും ആദായം ലഭിക്കും. കുത്സിത കർമ്മങ്ങളെ പ്രതിരോധിക്കാനുള്ള ആത്മശക്തിയുണ്ടാവുന്നതാണ്.

മകയിരം

മിഥുനക്കൂറുകാർക്ക് വാരാദ്യം ഗുണകരമല്ല. കർമ്മരംഗത്ത് തടസ്സങ്ങൾ അനുഭവപ്പെടും. തീരുമാനങ്ങൾ അനുചിതങ്ങളാവാം. ഇടവക്കൂറുകാർക്ക് മനക്ലേശവും ദേഹസൗഖ്യക്കുറവും അനുഭവപ്പെടാം. എങ്കിലും ഗുണപുഷ്കലതയുണ്ട്. നേട്ടങ്ങളും ധനവരവും തടസ്സമില്ലാതെ കൈകളിലെത്തിച്ചേരും. പുതിയ കൂട്ടുകെട്ടുകൾ ഗുണകരമായേക്കും. ആത്മീയതയുടെ യാത്രകൾ നടത്താനാവും. മുൻപ് തുടങ്ങി മുടങ്ങിയവ വീണ്ടും ആരംഭിക്കാൻ കഴിയുന്നതാണ്. ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിൻ്റെ ചുമതല ഏറ്റെടുക്കും. വൈകാരിക പ്രതികരണങ്ങൾ കരുതലോടെ വേണം.

തിരുവാതിര

പഴയ കാര്യങ്ങൾ കൂടുതലായി ആലോചിക്കും. സുഹൃൽ സമാഗമത്തിന് മുൻകൈയെടുക്കും. പണമെടപാടുകളിൽ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്ക് ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാം. സഹപ്രവർത്തകർ സഹകരിച്ചേക്കില്ല. ഏജൻസികൾ, കമ്മീഷൻ വ്യാപാരം എന്നിവയിൽ തരക്കേടില്ലാത്ത ലാഭം ഉണ്ടാകുന്നതാണ്. ജാമ്യം നിൽക്കുന്നത് വേണ്ടത്ര ആലോചിച്ചാവണം. കടബാധ്യതകൾ മനസ്സിന് വിങ്ങലുണ്ടാക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കും. വാരാദ്യം പ്രവൃത്തികളിൽ ആലസ്യമുണ്ടാവാം. ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.

പുണർതം

സമ്മിശ്രഫലങ്ങൾ അനുഭവത്തിൽ വരും. സ്വപ്രയത്നം വിലമതിക്കപ്പെടുന്നില്ല എന്ന തോന്നൽ വിഷമിപ്പിക്കും. അതിനാൽ ചിലപ്പോൾ ഈർഷയോ നിരാശയോ തോന്നിയേക്കാം. സാമ്പത്തികമായി ചെലവ് കൂടും,  തുടക്കത്തിൽ. പിന്നീട് നിയന്ത്രിക്കാനാവും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക ഉത്തമം. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്കുള്ള തുക കണ്ടെത്തും. രോഗശയ്യയിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിക്കുവാനാവും. ബിസിനസ്സുകാർക്ക്  കയറ്റുമതിയ്ക്കുളള  കൂടുതൽ ഓർഡർ ലഭിക്കുന്നതാണ്.

പൂയം

ആത്മവിശ്വാസം മങ്ങുന്നതായി തോന്നാം. പ്രതീക്ഷിച്ചു സഹായ വാഗ്ദാനങ്ങൾ സഫലമാവാൻ വൈകുന്നതാണ്. പക്വതയുള്ള സമീപനം ആദരിക്കപ്പെടും. തൊഴിൽ മേഖലയിൽ സാമാന്യം തിരക്കുണ്ടാവും. ഉദ്യോഗസ്ഥർക്ക് യാത്രകൾ വേണ്ടി വരും. ഡെപ്യൂട്ടേഷൻ പോലുള്ള കാര്യങ്ങൾ ഭവിച്ചേക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. കുടുംബാംഗങ്ങളുടെ ഐക്യത്തിന്നായി പരിശ്രമിക്കുന്നതാണ്. ആശയവിനിമയത്തിൽ അവ്യക്തതകൾ വരാം. കരുതിവെച്ച ധനം മറ്റു കാര്യങ്ങൾക്കായി ചെലവഴിക്കാനിടയുണ്ട്.

ആയില്യം

പ്രായത്തിലുപരി പക്വതയോടു കൂടിയ വാക്കുകളും സമീപനങ്ങളും ആദരവിന് കാരണമാകും. കർമഫലത്തെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കും. ചെറുപ്പക്കാരുടെ ജോലി സ്വപ്നം നീണ്ടു പോകാം. കുടുംബ ക്ഷേത്രത്തിൻ്റെ നവീകരണത്തിനായി ആലോചനാ യോഗം നടത്തും. വാരമധ്യത്തിൽ ശുഭകാര്യങ്ങൾ ഒഴിവാക്കണം. ഓൺലൈൻ ബിസിനസ്സിൽ ലാഭം വർദ്ധിക്കുന്നതാണ്. ശാരീരിക ക്ഷീണം അനുഭവപ്പെടാം. വയോജനങ്ങൾക്ക് മകളുടെ വീട്ടിൽ പോയി താത്കാലികമായി താമസിക്കേണ്ടി വരാം. വിദേശത്തുള്ള ബന്ധുവിൻ്റെ വിവാഹകാര്യത്തിന് മുൻകൈയെടുക്കും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: