scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, July 28- August 3

Weekly Horoscope: ജൂലൈ 28 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂലൈ 28 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കർക്കടകം രാശിയിൽ പൂയം- ആയില്യം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ആഗസ്റ്റ് 3 ന് ശനിയാഴ്ച കറുത്തവാവ് (കർക്കടക വാവ്) ഭവിക്കുന്നു. അശ്വതി മുതൽ പുണർതം വരെയുള്ള നക്ഷത്രങ്ങളിലായാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. ചൊവ്വയും വ്യാഴവും ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലുണ്ട്. ശുക്രൻ ജൂലായ് 31 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. 

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ  വക്രഗതിയിലാണ്. രാഹു മീനത്തിൽ ഉത്രട്ടാതി നാളിലും കേതു കന്നിയിൽ അത്തം നാളിലും തുടരുന്നു. ഈ ആഴ്ചയിലെ അഷ്ടമരാശി നോക്കാം. ഞായറും തിങ്കൾ വൈകുന്നേരം വരെയും കന്നിക്കൂറുകാർക്കാണ് അഷ്ടമരാശിക്കൂറ് വരുന്നത്. തുടർന്ന് ബുധനാഴ് രാത്രി വരെ തുലാക്കൂറുകാർക്കും അതിനുമേൽ വെള്ളി അർദ്ധരാത്രി വരെ വൃശ്ചികക്കൂറുകാർക്കുമാണ് അഷ്ടമരാശിക്കൂറ്. ശനിയാഴ്ച തുടങ്ങി അടുത്ത ആഴ്ചയുടെ തുടക്കത്തിലും ധനുക്കൂറുകാരുടെ അഷ്ടമരാശി തുടരുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യംവരെയുള്ള 9 നാളുകാരുടെ വാരഫലം പരിശോധിക്കാം.

അശ്വതി

ഉൽസാഹം, സുഹൃൽസമാഗമം, വിരുന്നുകൾ ഇവയുണ്ടാവുന്ന വാരമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള സാഹചര്യം സംജാതമാകും. ചിലപ്പോൾ ആകാശകുസുമങ്ങൾ തേടിപ്പോകുന്ന സ്വപ്നലോലുപന്മാരായി മാറിയേക്കും. തൊഴിലിടത്തിൽ സമാധാനം സാമാന്യമായിരിക്കും. അനർഹർക്ക് പദവികൾ ലഭിക്കുന്നതിൽ ദുഃഖവും സങ്കടവും ഉണ്ടാവാം.  ഒട്ടൊക്കെ ആശ്വസിക്കാനാവുന്ന വിധത്തിലായിരിക്കും ധനകാര്യം ഭവിക്കുക. ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്ന സഹകരണത്തിൽ അത്ഭുതപ്പെടും.

Advertisment

ഭരണി

നക്ഷത്രനാഥനായ ശുക്രന് ഈയാഴ്ച ബുധയോഗം വരികയാൽ ബന്ധുസമാഗമം ഉണ്ടാവുന്നതാണ്. ബുദ്ധി ഉപയോഗിച്ച് പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുവാനാവും. മൗനം വെടിഞ്ഞ് കൂടുതൽ വാചാലരാവുന്നതാണ്. സാധാരണ ചെയ്യുന്ന കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കും. പുതിയ മാസത്തിൻ്റെ ആരംഭം കൂടിയാകയാൽ ഉദ്യോഗസ്ഥർക്ക് ധനമേന്മയ്ക്ക് അവകാരമുണ്ട്. കുടുംബസമേതമുള്ള തീർത്ഥയാത്രകൾക്ക് സാഹചര്യം ഉണ്ടാവും. വാഹനം മോടിപിടിപ്പിക്കും. വിദ്യാർത്ഥികൾക്ക് ഇടക്കാല പരീക്ഷകൾക്ക് നന്നായി തയ്യാറെടുപ്പുകൾ നടത്താനാവും.

കാർത്തിക

ഉത്തരവാദിത്വങ്ങൾ സുഗമമായി നിർവഹിക്കും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു കൊണ്ടുള്ള സമീപനം കൈക്കൊള്ളുന്നതാണ്. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും.  വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.  തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾക്ക് മുൻകൈയെടുക്കും. ആരാധനാലയത്തിൻ്റെ നവീകരണത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട കാര്യങ്ങൾ തടസ്സം കൂടാതെ നേടിയെടുക്കും. വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് പ്രാമുഖ്യം നൽകപ്പെടേണ്ടതാണ്. കക്ഷിരാഷ്ട്രീയത്തിൽ വിമുഖത തോന്നും.

രോഹിണി

വ്യാഴം, ചൊവ്വ എന്നിവ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ അകാരണമായ സമ്മർദങ്ങൾ ഉണ്ടാവും. വികാരവിക്ഷോഭം സമചിത്തതയെ ബാധിച്ചേക്കാം. കരുതിയ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് പലതരം തടസ്സങ്ങൾ വരാനിടയുണ്ട്. അന്യരുടെ പണം കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും കരുതൽ വേണം. കുടുംബത്തിൽ ഭിന്നപക്ഷങ്ങൾ തലപൊക്കുന്നതാണ്. മേലധികാരികളുടെ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്ന് നിർഭയം ചൂണ്ടിക്കാട്ടും. അപവാദങ്ങളെ തൃണവൽഗണിച്ചേക്കും. അധികച്ചെലവുകളെ നിയന്ത്രിക്കേണ്ടതാണ്.

മകയിരം

സുപ്രധാന കാര്യങ്ങളിലെ ആശയക്കുഴപ്പം നീങ്ങുന്നതാണ്. കരണീയം തെളിഞ്ഞുകിട്ടും. യാഥാർത്ഥ്യബോധം എപ്പോഴും കൂട്ടിനുണ്ടാവും. സാമ്പത്തികമായ സമാശ്വസം വരും. തൊഴിൽ തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. സ്വാശ്രയ ബിസിനസ്സുകാർക്ക് നിരുന്മേഷത തോന്നും. കരുതൽ ധനം പിൻവലിച്ച് വ്യാപാരത്തിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ ആശാസ്യമല്ല. ബന്ധുക്കളുടെ/സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കും. ദാമ്പത്യത്തിൽ സമ്മിശ്രമായ അനുഭവം ഉണ്ടാവുന്നതാണ്. ജീവിതപങ്കാളിയുടെ അഭിപ്രായത്തിന് ചെവികൊടുക്കും. പതിവ് തീർത്ഥയാത്രകൾക്ക് നേരം കണ്ടെത്തും.

തിരുവാതിര

വാക്കുകൾ പരുഷങ്ങളായിത്തീരാം. കോപാധിക്യം ശത്രുക്കളെയുണ്ടാക്കും. യാത്രകൾ കൂടുതലുണ്ടാവും. വാരാദ്യം മനപ്രസാദം, നല്ല ഭക്ഷണം, പാരിതോഷിക ലബ്ധി ഇവ പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെലവുണ്ടാകും. പണമെടപാടിൽ കൃത്യതയുണ്ടാവണം. ചിലരോട് വിരോധിക്കേണ്ടതായി വരുന്നതാണ്.
 മറ്റു ദിവസങ്ങളിൽ ബന്ധുഗുണം, സ്ത്രീകളിൽ നിന്നും സഹായലബ്ധി ഇവയുണ്ടാകാം. ജനമദ്ധ്യത്തിൽ അംഗീകാരം കൈവരും. മേലധികാരികൾ പ്രശംസിച്ച് സംസാരിക്കുന്നതാണ്. ആതുരസേവനം അഭിനന്ദിക്കപ്പെടും.

പുണർതം

സ്വതസ്സിദ്ധികൾ പ്രയോജനപ്പെടുത്തുന്നതിൽ വിജയിക്കും. തൊഴിലിടത്തിൽ ഊർജ്ജദായകമായ അന്തരീക്ഷമുണ്ടാവും. തീരുമാനങ്ങൾ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുന്നതാണ്. എന്നും ചെയ്യുന്ന കാര്യങ്ങൾക്ക് മുടക്കമുണ്ടാവില്ല. ശാരീരിക സൗഖ്യത്തിന് പ്രകൃതി ചികിൽസ അവലംബിച്ചേക്കും. സാമ്പത്തിക കാര്യങ്ങൾ വിദഗ്ദ്ധോപദേശം അനുസരിച്ചാവും നടത്തുക. ഏജൻസി, കമ്മീഷൻ ജോലികളിൽ ഏർപ്പെട്ടവർക്കും നല്ലലാഭം പ്രതീക്ഷിക്കാം. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും വേണ്ടി കഠിനാദ്ധ്വാനം നടത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെലവേറാം.

പൂയം

വിവിധ പ്രവൃത്തികൾ നിശ്ചിത സമയത്തിനുളളിൽ ചെയ്തുതീർക്കും. സ്വതസ്സിദ്ധമായ കർമ്മശൈലി അഭിനന്ദിക്കപ്പെടാം. സമ്മാന പദ്ധതികളിലും നറുക്കെടുപ്പുകളിലും വിജയിക്കുന്നതാണ്.  ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ബിസിനസ്സിൽ പുതുമാറ്റം കൊണ്ടുവരും. മിത്രഭാവം നടിക്കുന്ന ശത്രുക്കളെ തിരിച്ചറിയുന്നതാണ്. ദീർഘകാല നിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങുവാൻ തീരുമാനിക്കും. ഒപ്പമുള്ളവരുടെ സ്നേഹബഹുമാനങ്ങൾ ആർജ്ജിക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് സാഹചര്യമുണ്ടാകും. അറിവ് പകരുന്നതിൽ ആനന്ദം കണ്ടെത്തും.

ആയില്യം

ചന്ദ്രൻ 10,11,12 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ നല്ല അനുഭവങ്ങൾക്കാവും ഈ വാരം മുൻതൂക്കം ഉണ്ടാവുക. ചെയ്യുന്ന തൊഴിലിൽ തൃപ്തിയും അഭിമാനവും തോന്നും. പുതിയ സാധ്യതകൾ ആരായാൻ മാനസിക സന്നദ്ധത വന്നുചേരും. വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ നേരിടുന്നതിനാവും. ബന്ധുത്വത്തിലെയും ബന്ധങ്ങളിലെയും വിള്ളലുകൾ പരിഹരിക്കാൻ മുൻകൈയെടുക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾക്ക് കാലതാമസമുണ്ടാവാം. ഊഹക്കച്ചവടത്തിൽ നിന്നും ചിട്ടി മുതലായവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. അലച്ചിലും ദേഹക്ലേശവും വാരാന്ത്യ ദിവസങ്ങളിൽ വർദ്ധിക്കാനിടയുണ്ട്.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: