/indian-express-malayalam/media/media_files/xhadXEbBrtmns1inD9ww.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തവാവിലാണ് ഞായറാഴ്ച. തുടർന്ന് കൃഷ്ണപക്ഷത്തിലാണ്.ഉത്രാടം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിലാണ് ഈയാഴ്ച ചന്ദ്രസഞ്ചാരം. ചൊവ്വ ഇടവം രാശിയിലും (കാർത്തിക നക്ഷത്രത്തിലും) ബുധൻ ചിങ്ങം രാശിയിലും (മകം നക്ഷത്രത്തിലും) ശുക്രൻ കർക്കടകം രാശിയിലും (പൂയം - ആയില്യം നക്ഷത്രങ്ങളിലും) ആണ്.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിയിൽ. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും
കേതു കന്നിരാശിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ആർക്കൊക്കെ എന്ന് നോക്കാം. ഞായറും തിങ്കളും മിഥുനക്കൂറുകാർക്കും ചൊവ്വയും ബുധനും വ്യാഴവും (പ്രഭാതം വരെ) കർക്കടകക്കൂറുകാർക്കും അതിനുമേൽ ശനി ഉച്ചവരെ ചിങ്ങക്കൂറുകാർക്കും തുടർന്ന് കന്നിക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് സംഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ ഈയാഴ്ചയിലെ സമ്പൂർണ്ണഫലം പരിശോധിക്കാം.
അശ്വതി
ചന്ദ്രൻ 10, 11, 12 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മഗുണം ഉള്ള വാരമാണ്. ഏകാഗ്രതയോടെ പ്രവൃത്തികളിൽ മുഴുകാനാവും. നല്ലഫലം സിദ്ധിക്കുകയും ചെയ്യും. ഉദ്യോഗസ്ഥർക്കും ബിസിനസ്സുകാർക്കും ഗുണകരമാണ്. ആദായം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ ഭാഗ്യം പരീക്ഷിക്കുന്നവർ നിരാശപ്പെടേണ്ടി വരില്ല. സഹപ്രവർത്തകരുടെ പിന്തുണയാൽ സമയബന്ധിതമായി കാര്യങ്ങൾ പൂർത്തീകരിക്കാനാവും. മനസ്സമാധാനം, ഗൃഹസ്വസ്ഥത, ആരോഗ്യ സ്വച്ഛത എന്നിവയും പ്രതീക്ഷിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ചെലവേറും. ജോലിഭാരം അധികരിക്കാം.
ഭരണി
അനുകൂലഭാവങ്ങളിൽ ചന്ദ്ര സഞ്ചാരം ഭവിക്കുന്നതിനാൽ പൊതുവേ സമാശ്വാസത്തിൻ്റെയും നേട്ടങ്ങളുടെയും കാലമായിരിക്കും. ഉദ്യോഗസ്ഥർക്ക് ശാന്തമായ അന്തരീക്ഷത്തിൽ കൃത്യനിർവഹണം സാധ്യമാകുന്നതാണ്. ബിസിനസ്സിൽ ഏർപ്പെട്ടവർക്ക് ലാഭം വന്നു ചേരും. ചെറുപ്പക്കാർക്ക് പ്രേമോത്സുകരാവാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് ഇടക്കാല പരീക്ഷകൾക്ക് നന്നായി തയ്യാറെടുക്കാനാവും. സാമ്പത്തിക രംഗം ഒട്ടൊക്കെ അനുകൂലമാണ്. ഗാർഹികാന്തരീക്ഷം സുഖകരമാവും. വാരാന്ത്യ ദിവസങ്ങളിൽ അലച്ചിലോ വ്യയാധിക്യമോ ഭവിക്കാം.
കാർത്തിക
നക്ഷത്ര നാഥനായ ആദിത്യൻ ജലരാശിയിലൂടെ കടന്നുപോവുകയാൽ യാത്രകൾക്ക് വിശേഷിച്ചും ജലയാത്രകൾക്ക് സാഹചര്യം ഉണ്ടാവുന്നതാണ്. സ്ത്രീ സൗഹൃദം വളരും. സ്ത്രീകളുടെ പിന്തുണയും ലഭിക്കുന്നതാണ്. ചൊവ്വ ജന്മനക്ഷത്രത്തിൽ തുടരുകയാൽ ദേഹ - മന ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. നീതിബോധത്തെ സ്വയം മറച്ചു കൊണ്ട് പെരുമാറേണ്ട വല്ല സന്ദർഭങ്ങളും ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. മുതൽമുടക്കിക്കൊണ്ടുള്ള സംരംഭങ്ങൾക്ക് ഇപ്പോൾ കാലാനുകൂലത കുറവാണെന്നത് ഓർക്കണം. പഠനാർത്ഥികൾക്ക് നവോന്മേഷം ഉണ്ടാവും.
രോഹിണി
ചന്ദ്രാഷ്ടമം കഴികയാൽ ജീവിതം പിന്നെയും തളിരും താരും ചൂടും. സമാലോചനകളിലൂടെ കർമ്മരംഗത്ത് ശോഭിക്കുന്നതാണ്. ജന്മരാശിയിലെ ഗുരുകുജയോഗം ചിലപ്പോൾ സ്വസ്ഥതയ്ക്ക് വെല്ലുവിളി ഉയർത്താം. ഉന്നത വ്യക്തികളുടെ സഹകരണം ലഭിക്കും. നവോന്മേഷം ഗാർഹിക ജീവിതത്തിലും പ്രകടമാവും. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങിയേക്കും. വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടാം. ഊഹക്കച്ചവടം, ചിട്ടി എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നും ആദായം ലഭിക്കും. കുത്സിത കർമ്മങ്ങളെ പ്രതിരോധിക്കാനുള്ള ആത്മശക്തിയുണ്ടാവുന്നതാണ്.
മകയിരം
മിഥുനക്കൂറുകാർക്ക് വാരാദ്യം ഗുണകരമല്ല. കർമ്മരംഗത്ത് തടസ്സങ്ങൾ അനുഭവപ്പെടും. തീരുമാനങ്ങൾ അനുചിതങ്ങളാവാം. ഇടവക്കൂറുകാർക്ക് മനക്ലേശവും ദേഹസൗഖ്യക്കുറവും അനുഭവപ്പെടാം. എങ്കിലും ഗുണപുഷ്കലതയുണ്ട്. നേട്ടങ്ങളും ധനവരവും തടസ്സമില്ലാതെ കൈകളിലെത്തിച്ചേരും. പുതിയ കൂട്ടുകെട്ടുകൾ ഗുണകരമായേക്കും. ആത്മീയതയുടെ യാത്രകൾ നടത്താനാവും. മുൻപ് തുടങ്ങി മുടങ്ങിയവ വീണ്ടും ആരംഭിക്കാൻ കഴിയുന്നതാണ്. ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിൻ്റെ ചുമതല ഏറ്റെടുക്കും. വൈകാരിക പ്രതികരണങ്ങൾ കരുതലോടെ വേണം.
തിരുവാതിര
പഴയ കാര്യങ്ങൾ കൂടുതലായി ആലോചിക്കും. സുഹൃൽ സമാഗമത്തിന് മുൻകൈയെടുക്കും. പണമെടപാടുകളിൽ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്ക് ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാം. സഹപ്രവർത്തകർ സഹകരിച്ചേക്കില്ല. ഏജൻസികൾ, കമ്മീഷൻ വ്യാപാരം എന്നിവയിൽ തരക്കേടില്ലാത്ത ലാഭം ഉണ്ടാകുന്നതാണ്. ജാമ്യം നിൽക്കുന്നത് വേണ്ടത്ര ആലോചിച്ചാവണം. കടബാധ്യതകൾ മനസ്സിന് വിങ്ങലുണ്ടാക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കും. വാരാദ്യം പ്രവൃത്തികളിൽ ആലസ്യമുണ്ടാവാം. ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
പുണർതം
സമ്മിശ്രഫലങ്ങൾ അനുഭവത്തിൽ വരും. സ്വപ്രയത്നം വിലമതിക്കപ്പെടുന്നില്ല എന്ന തോന്നൽ വിഷമിപ്പിക്കും. അതിനാൽ ചിലപ്പോൾ ഈർഷയോ നിരാശയോ തോന്നിയേക്കാം. സാമ്പത്തികമായി ചെലവ് കൂടും, തുടക്കത്തിൽ. പിന്നീട് നിയന്ത്രിക്കാനാവും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക ഉത്തമം. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്കുള്ള തുക കണ്ടെത്തും. രോഗശയ്യയിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിക്കുവാനാവും. ബിസിനസ്സുകാർക്ക് കയറ്റുമതിയ്ക്കുളള കൂടുതൽ ഓർഡർ ലഭിക്കുന്നതാണ്.
പൂയം
ആത്മവിശ്വാസം മങ്ങുന്നതായി തോന്നാം. പ്രതീക്ഷിച്ചു സഹായ വാഗ്ദാനങ്ങൾ സഫലമാവാൻ വൈകുന്നതാണ്. പക്വതയുള്ള സമീപനം ആദരിക്കപ്പെടും. തൊഴിൽ മേഖലയിൽ സാമാന്യം തിരക്കുണ്ടാവും. ഉദ്യോഗസ്ഥർക്ക് യാത്രകൾ വേണ്ടി വരും. ഡെപ്യൂട്ടേഷൻ പോലുള്ള കാര്യങ്ങൾ ഭവിച്ചേക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. കുടുംബാംഗങ്ങളുടെ ഐക്യത്തിന്നായി പരിശ്രമിക്കുന്നതാണ്. ആശയവിനിമയത്തിൽ അവ്യക്തതകൾ വരാം. കരുതിവെച്ച ധനം മറ്റു കാര്യങ്ങൾക്കായി ചെലവഴിക്കാനിടയുണ്ട്.
ആയില്യം
പ്രായത്തിലുപരി പക്വതയോടു കൂടിയ വാക്കുകളും സമീപനങ്ങളും ആദരവിന് കാരണമാകും. കർമഫലത്തെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കും. ചെറുപ്പക്കാരുടെ ജോലി സ്വപ്നം നീണ്ടു പോകാം. കുടുംബ ക്ഷേത്രത്തിൻ്റെ നവീകരണത്തിനായി ആലോചനാ യോഗം നടത്തും. വാരമധ്യത്തിൽ ശുഭകാര്യങ്ങൾ ഒഴിവാക്കണം. ഓൺലൈൻ ബിസിനസ്സിൽ ലാഭം വർദ്ധിക്കുന്നതാണ്. ശാരീരിക ക്ഷീണം അനുഭവപ്പെടാം. വയോജനങ്ങൾക്ക് മകളുടെ വീട്ടിൽ പോയി താത്കാലികമായി താമസിക്കേണ്ടി വരാം. വിദേശത്തുള്ള ബന്ധുവിൻ്റെ വിവാഹകാര്യത്തിന് മുൻകൈയെടുക്കും.
മകം
സത്യസന്ധമായ പ്രവർത്തനങ്ങൾ മൂലം മേലധികാരികളുടെ അംഗീകാരം കിട്ടും. പൊതുവേദികളിൽ അംഗീകരിക്കപ്പെടുന്നതാണ്. പരീക്ഷ, അഭിമുഖം, സന്ധിസംഭാഷണം ഇവയിൽ വിജച്ചിക്കുന്നതിന് സാധിക്കും. സഹോദരരുടേയും കുടുംബാംഗങ്ങളുടേയും പിന്തുണ ലഭിക്കും. ഭാവികാര്യങ്ങൾ മക്കളുമായി ചർച്ച ചെയ്യും. ധനനിക്ഷേപത്തിൻ്റെ കാര്യത്തിൽ സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശം തേടുന്നത് കരണീയമാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണികൾ നീട്ടിവെക്കാനിടയുണ്ട്. വാരാന്ത്യ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങരുത്.
പൂരം
അറിവുള്ള വിഷയങ്ങൾ സഹപാഠികളുമായി പങ്കുവെക്കും. ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ദൗത്യം ഏറ്റെടുക്കേണ്ടതിനാൽ മനോവൈക്ലബ്ബ്യം ഉണ്ടാവുന്നതാണ്. ഗർഭിണികൾക്ക് പൂർണ വിശ്രമം വേണ്ടി വരാം. തറവാട്ടിലെ വാർഷിക പൂജകൾക്ക് വേണ്ടതായ മുന്നൊരുക്കം നടത്തുന്നതാണ്. ബന്ധുക്കളുടെ അനൈക്യം പരിഹരിക്കാൻ മുൻകൈയെടുക്കും. മുതിർന്നവർക്ക് ആയുർവേദ ചികിൽസയിലൂടെ രോഗാശ്വാസം ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലേറും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഉത്രം
വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും അനുസരിച്ച് നിലപാടുകൾ കൈക്കൊള്ളും. അഹങ്കാരിയാണെന്ന് വിളിക്കപ്പെട്ടേക്കാം. ശുപാർശകൾ അംഗീകരിക്കാത്തതിനാൽ സഹപ്രവർത്തകർ വിരോധികളായേക്കും. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പയെ ആശ്രയിക്കേണ്ടി വരുന്നതാണ്. ജീവിത പങ്കാളിയുടെ അസുഖം വിഷമിപ്പിക്കും. ഭൂമിയിടപാടുകളിൽ അമളി പറ്റാനിടയുണ്ട്. സ്വാശ്രയ തൊഴിൽ നോക്കി നടത്തുന്നതിന് ആരുമില്ലാത്തത് ക്ലേശങ്ങളുണ്ടാക്കും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി അനുവദിച്ചുകിട്ടും.
അത്തം
ചന്ദ്രൻ 5, 6, 7 ഭാവങ്ങളിൽ സഞ്ചരിക്കുന്ന വാരമാണ്. തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങളും ഇതികർത്തവ്യതാമൂഢതകളും ഉണ്ടാവും. തീരുമാനങ്ങളിൽ സ്വയം ബോധ്യമുണ്ടാവില്ല. ചൊവ്വ മുതൽ നേർവഴി തെളിയുന്നതാണ്. പ്രവർത്തനം ലക്ഷ്യത്തിലെത്തും. ന്യായമായ ആവശ്യങ്ങൾക്കുള്ള ധനം വന്നെത്തും. വിശ്രമവും വിനോദവും ഭോഗസുഖവും ഭവിക്കും. ആർഭാടങ്ങൾ, നിയന്ത്രിക്കാനാവും. സ്വയം ചെലവുചുരുക്കാൻ മുന്നോട്ടു വരും. അടുത്ത ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ബിസിനസ്സ് യാത്രകൾ ഗുണകരമാകും.
ചിത്തിര
സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ രൂപപ്പെടും. മുതിർന്നവരുടെ ഉപദേശവും പ്രായോഗിക ജ്ഞാനവും പ്രയോജനപ്പെടുത്തും. ഞായർ, തിങ്കൾ ദിവസങ്ങളിൽ അകർമ്മണ്യതയുണ്ടാവും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന തോന്നൽ വേരുപിടിക്കും. ക്രമേണ തൽസ്ഥിതി മാറി വരും. മനസ്സുണർന്ന് പ്രവർത്തിക്കും. ഒപ്പമുള്ളവരുടെ പിന്തുണയോടെ നേട്ടങ്ങളിലേക്ക് നീങ്ങും. പ്രണയികൾക്ക് പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. വരവറിഞ്ഞ് ചെലവഴിക്കും. ശത്രുക്കളെ തൃണവൽഗണിക്കും.
ചോതി
മനസ്സുകൊണ്ട് കരുതിയത് ദേഹത്തിന് പ്രായോഗികമാക്കാൻ കഴിയാതെ വരും. ലക്ഷ്യബോധം ആഴത്തിൽ പതിഞ്ഞെന്നു വരില്ല. കുടുംബാംഗങ്ങളെ ഐക്യപ്പെടുത്തുക ദുഷ്കരമായേക്കും. ബിസിനസ്സിൽ നിന്നും സാമാന്യമായ നേട്ടം പ്രതീക്ഷിച്ചാൽ മതിയാകും. കൂടുതൽ മുതൽമുടക്കിന് ഗ്രഹാനുകൂല്യം കുറവാണ്. സുഹൃത്തുക്കളുടെ മാനസികൈക്യം ശക്തിയേകും. വിദ്യാർത്ഥികൾക്ക് ആലസ്യം ഉണ്ടാവാം. യാത്രകൾ കൊണ്ട് പ്രതീക്ഷിച്ചതിലും നേട്ടങ്ങൾ വന്നു ചേരാം. സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യുന്നതാണ്. പൊതുപ്രവർത്തനത്തിൽ ഒട്ടൊക്കെ വിജയിക്കാനാവും.
വിശാഖം
ക്രയവിക്രയങ്ങൾ സുഗമമാവും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയും അവയോട് പൊരുത്തപ്പെട്ടും ഉള്ള ജീവിതശൈലി സ്വീകരിക്കുന്നതാണ്. പ്രതീക്ഷിച്ച കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കാനാവും. ബന്ധുക്കളിൽ നിന്നും സ്നേഹവും ആദരവും ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് കലകളുടെ പഠനത്തിനും അവസരം സിദ്ധിക്കും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടാം. പൊതുജനങ്ങളുമായി നേരിൽ ബന്ധപ്പടേണ്ട വകുപ്പുകളിൽ ജോലിചെയ്യേണ്ടതായി വരുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസമുണ്ടാവും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.
അനിഴം
സഹായിക്കാൻ പലരും ഉണ്ടെന്നത് സന്തോഷമേകും. പ്രവൃത്തിയിൽ മാനസിക സംതൃപ്തി അനുഭവപ്പെടും. സമയോചിതമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേർന്നുള്ള ബിസിനസ്സിന് അന്തിമരൂപം കൊടുക്കുവാനാവും. രാഷ്ട്രീയത്തിൽ താത്പര്യം കുറയുന്നതാണ്. സംഘടനകളിൽ നിന്നും പിൻവാങ്ങാൻ തീരുമാനിച്ചേക്കും. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായെന്ന് വന്നേക്കില്ല. ജീവിത പങ്കാളിയുടെ അഭിപ്രായം സ്വീകാര്യമാകും. കിടപ്പ് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം.
തൃക്കേട്ട
തിരിച്ചടികളെക്കുറിച്ച് വ്യാകുലപ്പെടാതെ പ്രവർത്തനങ്ങളിൽ മുഴുകുവാനാവും. പാർട്ണർഷിപ്പ് ബിസിനസ്സുകളിൽ കാലോചിതമായ പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നതാണ്. നിയമജ്ഞന്മാരുമായി കൂടിയാലോചിച്ച് വ്യവസ്ഥകൾ നവീകരിക്കും. ഭൂമിയിടപാടുകൾ തൽക്കാലത്തേക്ക് മാറ്റിവെക്കേണ്ടി വരാം. ഉദ്യോഗസ്ഥർക്ക് ജോലിസമയം കൂടാനിടയുണ്ട്. കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള യത്നങ്ങൾ എങ്ങുമെത്തിയേക്കില്ല. ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമായേക്കും. ബിസിനസ്സ് യാത്രകൾ കൊണ്ട് പ്രതീക്ഷിച്ച നേട്ടം വന്നെത്തണമെന്നില്ല.
മൂലം
ചിലർ അവസരവാദമെന്ന് ആക്ഷേപിച്ചാലും പ്രായോഗിക നിലപാടുകൾ കൈക്കൊള്ളുന്നതാണ്. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുന്നതിൽ ആർജ്ജവം ഉണ്ടാവും. ഔദ്യോഗിക കൃത്യങ്ങളിൽ സക്രിയമാവും. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് വ്യക്തമായ പോംവഴി നിർദ്ദേശിക്കുവാനാവും. വിരുന്നുകളിലും സുഹൃൽ സമാഗമങ്ങളിലും പങ്കെടുക്കുന്നതാണ്. ധനവിനിയോഗത്തിൽ സൂക്ഷ്മത പുലർത്തും. ദീർഘകാലം വിദേശത്ത് കഴിയുന്നവർക്ക് പൗരത്വാപേക്ഷയിൽ അംഗീകാരം ലഭിച്ചേക്കാം. പിതൃ-പുത്രബന്ധം അത്ര രമ്യമായിക്കൊള്ളണം എന്നില്ല.
പൂരാടം
പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് മടുപ്പ് അനുഭവപ്പെടാം. പുതുകർമ്മരംഗത്തിൽ പ്രവേശിക്കുന്നതിന് മാനസികമായ സന്നദ്ധത ഉണ്ടാവും. ഉദ്യോഗസ്ഥർക്ക് ഓഫീസിലെ അന്തരീക്ഷം തൃപ്തികരമായി തോന്നില്ല. അർഹത പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നൽ ശക്തമായേക്കും. ഉപജാപ ശ്രമങ്ങളെ മുളയിലെ നുള്ളുന്നതാണ്. വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുന്ന പക്ഷം ദാമ്പത്യം കൂടുതൽ സ്നേഹോഷ്മളമാകും. മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിന് അവധിയെടുക്കും. ആരോഗ്യ പരിശോധന അനിവാര്യമാണ്.
ഉത്രാടം
ശാസ്ത്രീയ വീക്ഷണത്തോടെ കാര്യങ്ങളെ അപഗ്രഥിക്കുന്നതിൽ വിജയിക്കും. പുതിയ സംരംഭങ്ങൾ പഠിച്ചറിഞ്ഞശേഷം തുടങ്ങുകയാവും സമുചിതം. സമ്മാന പദ്ധതികളിലും നറുക്കെടുപ്പുകളിലും വിജയിക്കാനാവും. ധാർമ്മിക കർമ്മങ്ങൾ നിർവ്വഹിക്കാൻ നേരം കണ്ടെത്തുന്നതാണ്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കും. വിദ്യാർത്ഥികൾ ഇടക്കാല പരീക്ഷകൾക്ക് നല്ല തയ്യാറെടുപ്പ് നടത്തും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല.
തിരുവോണം
ഏഴിലെ ആദിത്യൻ ചിലപ്പോൾ അലച്ചിലിനും വ്യർത്ഥയാത്രകൾക്കും കാരണമാകാം. അഞ്ചാമെടത്തിൽ ചൊവ്വ ഉള്ളതിനാൽ ചെറിയ തീരുമാനങ്ങളായാലും സമാലോചന ആവശ്യമാണ്. കുടുംബത്തിൻ്റെ സാമ്പത്തികമായ ആവശ്യങ്ങൾ മുട്ടില്ലാതെ നടന്നു കിട്ടും. സീസണൽ ബിസിനസ്സുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വിപുലീകരണത്തിന് വായ്പ ലഭ്യമായേക്കും. ഗവേഷണം, ഉപരിപഠനം എന്നിവയിൽ മുഴുകിയവർക്ക് കാര്യവിജയം ഉണ്ടാവും. പ്രണയികൾക്കിടയിൽ ഹൃദയൈക്യം കുറയാം. ദാമ്പത്യത്തിൽ 'ഞാനെന്ന ഭാവം' വർദ്ധിച്ചേക്കും. അനുരഞ്ജനവഴി പോംവഴിയാണ്.
അവിട്ടം
പ്രവർത്തനോർജ്ജം കൂടുന്നതാണ്. ഒപ്പം ഉള്ളവരിലും ഊർജ്ജം നിറയ്ക്കും. ബിസിനസ്സിലെ മ്ളാനത മാറുതാണ്. ഓൺലൈൻ വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂമി വാങ്ങുന്നതിനുള്ള പ്രാഥമിക ആലോചനകൾ പുരോഗമിക്കും. കുടുംബാംഗങ്ങളുടെ അഭിപ്രായത്തിന് പരിഗണന നൽകും. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് തത്കാലം ആശാസ്യമല്ല. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കും വിധം ജോലിമാറ്റം കിട്ടാൻ പരിശ്രമം തുടരും. കാലാവസ്ഥ മൂലം ഉള്ള സാംക്രമിക രോഗങ്ങൾ പിടിപെട്ടേക്കാം. പൊതുപ്രവർത്തനത്തിൽ സമ്മിശ്രമായ അനുഭവങ്ങളുണ്ടാവും.
ചതയം
ഉപഭോക്താവിൻ്റെ താത്പര്യം പരിഗണിക്കും. ബിസിനസ്സ് നവീകരണത്തിന് കൂട്ടുകാരുടെ ഉപദേശം തേടും. ചിട്ടി, ലോൺ, ഇൻഷ്വറൻസ് ഇവയിലൂടെ ധനം വന്നുചേരും. കുടുംബ ജീവിതം ഒരുവിധം ആഹ്ളാദകരമായിത്തന്നെ മുന്നേറുന്നതാണ്. ധർമ്മപ്രവൃത്തികളിലും ജീവകാരുണ്യപ്രവർത്തികളിലും സഹകരിക്കും. നിലവിലെ വാഹനം മാറ്റി പുതിയത് കൈക്കൊള്ളാൻ ശ്രമമാരംഭിക്കും. ആദർശവും പ്രായോഗികതയും രണ്ടാണെന്ന് തിരിച്ചറിയും. അകലങ്ങളിൽ കഴിയുന്ന മൂന്നാം തലമുറയുടെ സന്ദർശനം ആഹ്ളാദം ഉണ്ടാക്കും.
പൂരൂരുട്ടാതി
അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചിട്ടയായ പ്രവർത്തനത്തിലൂടെ നേടിയെടുക്കും. പരുക്കൻ മട്ട് വിമർശിക്കപ്പെടാം. പഠിച്ച വിഷയത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് അനുകൂലതയുണ്ടാവും. മേലധികാരികളുടെ അനുമോദനം കിട്ടുന്നതാണ്. ശനിയുടെ വക്രഗതി ജന്മനക്ഷത്രത്തിൽ സംഭവിക്കുകയാൽ മുൻ തീരുമാനങ്ങളോ നിലപാടുകളോ തിരുത്താനിടയുണ്ട്. ഭോഗസുഖം കുറയും. ജീവിത പങ്കാളിക്ക് ചികിൽസ വേണ്ടിവരാം. ദിനചര്യകളുടെ ക്രമം തെറ്റാൻ സാധ്യതയുണ്ട്. ബന്ധുക്കളുടെ ശത്രുതാ മനോഭാവം തുടരപ്പെടാം.
ഉത്രട്ടാതി
രാഹു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ കർമ്മവേഗം മന്ദീഭവിച്ചേക്കാം. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് വലിയ കാലതാമസം വരുന്നതാണ്. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ഒപ്പമുള്ളവർ അകാരണമായി തെറ്റിദ്ധരിച്ചേക്കും. അന്യരുടെ പണവും സ്വന്തം വൈഭവവും സമന്വയിപ്പിച്ചു കൊണ്ടുള്ള പദ്ധതികളുമായി മുന്നോട്ടു നീങ്ങുവാൻ കഴിയും. സ്വകാര്യ സ്ഥാപനത്തിലെ ജോലി ക്ലേശകരമായി തോന്നുന്നതാണ്. എന്നാൽ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ അത്ര ആശാസ്യമാവില്ല. കുടുംബത്തിൻ്റെ പിന്തുണ വേണ്ടുവോളമുണ്ടാവും.
രേവതി
അനുഭവജ്ഞാനമുള്ളവരുടെ വാക്കുകൾ കേട്ട് പ്രവർത്തിക്കും. ചെറിയ മുതൽമുടക്കുകൾ വിജയം നേടിത്തരും. വിദ്യാർത്ഥികൾക്ക് കലാപഠനത്തിന് അവസരം സിദ്ധിക്കുന്നതാണ്. അന്യദിക്കിൽ കഴിയുന്നവർക്ക് വീട്ടിലേക്ക് മടങ്ങാൻ കുറച്ചു കുടി കാത്തിരിപ്പ് തുടരേണ്ടതായി വരും. അടുക്കളക്കൃഷിയിൽ സന്തോഷമുണ്ടാകും. പോകാത്ത ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ കൗതുകമേറുന്നതാണ്. മകളുടെ വിവാഹകാര്യത്തിൽ തീരുമാനം നീണ്ടേക്കാം. പാരമ്പര്യവസ്തുവിലെ വ്യവഹാരം തീർന്നുകിട്ടിയേക്കും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ സ്വയം പരിഹരിക്കുകയാവും ഏറ്റവും ഉചിതമായ കാര്യം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.