scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, 2024 July 7- 13

Weekly Horoscope: ജൂലൈ 07 ഞായറാഴ്ച മുതൽ ജൂലൈ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂലൈ 07 ഞായറാഴ്ച മുതൽ ജൂലൈ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മിഥുനം രാശിയിൽ പുണർതം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ പൂയം മുതൽ അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ചൊവ്വ മേടം രാശിയിൽ ഭരണി- കാർത്തിക നക്ഷത്രങ്ങളിലാണ്.

Advertisment

ജൂലൈ 12 ന് ഇടവത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ്റെ സഞ്ചാരം കർക്കടകം രാശിയിൽ പൂയം - ആയില്യം നാളുകളിലാണ്. ശുക്രൻ കർക്കടകം രാശിയിൽ, പുണർതം നാലാംപാദത്തിലും പൂയത്തിലുമായി സഞ്ചരിക്കുന്നു. 

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലാണ്. എന്നാൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മീനം രാശിയിൽ രേവതിയിലുണ്ട്. എന്നാൽ ജൂലൈ 8 ന് പിൻഗതിയായി ഉത്രട്ടാതിയിൽ പ്രവേശിക്കും. 

കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. (അത്തം മൂന്നാം പാദത്തിൽ നിന്നും രണ്ടാം പാദത്തിൽ). ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും ചൊവ്വാഴ്ച പ്രഭാതം വരെയും ധനുക്കൂറുകാർക്കാണ്. തുടർന്ന് വ്യാഴാഴ്ച സന്ധ്യവരെ മകരക്കൂറുകാർക്കാവും അഷ്ടമരാശിക്കൂറ്. അനന്തരം ശനിയാഴ്ച വരെ കുംഭക്കൂറുകാർക്കായിരിക്കും അഷ്ടമചന്ദ്രസ്ഥിതി  ഭവിക്കുന്നത്. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത്  നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

മൂലം: മുഖ്യ തൊഴിലിനൊപ്പം ചില അനുബന്ധ കാര്യങ്ങൾ കൂടി ചെയ്യുവാൻ ആലോചിക്കും. സാമ്പത്തിക ഞെരുക്കത്തിന് അയവ് കണ്ടേ മതിയാവൂ എന്നിടത്തോളം കാര്യങ്ങളെത്താം. കൂട്ടുകച്ചവടത്തിൽ പറയത്തക്ക ഗുണം ഉണ്ടായേക്കില്ല. പുതിയ പാർട്ണർമാരെ ചേർക്കുന്നത് നന്നെന്ന നിലയിലെത്തും. വ്യായാമ ചര്യകൾക്ക് തടസ്സം നേരിടാം. കുടുംബസൗഖ്യം സാമാന്യമായ തോതിലാവും. പുതുതലമുറയുടെ വാക്കുകളോടും പ്രവർത്തന രീതികളോടും വിയോജിച്ചേക്കും. യാത്രകൾ ബിസിനസ്സ് വിപുലീകരണത്തിന് ഉതകിയേക്കും.

പൂരാടം: ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുഭാരംഭങ്ങൾ ഗുണവത്തായേക്കില്ല. കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധയുണ്ടാവണം. സമയനിഷ്ഠ പാലിക്കുവാൻ ക്ലേശിക്കും. മറ്റു ദിവസങ്ങളിൽ സാമാന്യേന ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആർത്ഥിക ക്ലേശങ്ങൾക്ക്  അയവുണ്ടാവും. അനുരഞ്ജന സംഭാഷണം വിജയിക്കുന്നതാണ്. ബന്ധുഗൃഹം സന്ദർശിക്കും. മനസ്സന്തോഷമുണ്ടാവുന്ന വാർത്തകൾ ശ്രവിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയും.

ഉത്രാടം: ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇടയുണ്ട്. സാമ്പത്തിക മുതൽമുടക്കിന് ഈ വാരം അത്രകണ്ട് അനുകൂലമല്ല. കൃത്യനിഷ്ഠ കുറയുന്നതിൻ്റെ പേരിൽ അധികാരികളുടെ അപ്രീതിയുണ്ടാവും. ധനുക്കൂറുകാർക്ക് വാരത്തിൻ്റെ തുടക്കവും മകരക്കൂറുകാർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളും അനുകൂലമായിരിക്കില്ല. മറ്റു ദിവസങ്ങളിൽ കുടുംബ സൗഖ്യം, സുഖഭക്ഷണ യോഗം, സുഹൃൽ സമാഗമം മൂലമുള്ള ആഹ്ളാദം എന്നിവയുണ്ടാവും. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. ബിസിനസ്സിലെ നിരുന്മേഷതയ്ക്ക് വിരാമമാവും.

തിരുവോണം: ഭാവികാര്യങ്ങൾ ചിലതൊക്കെ ആലോചനയിലൂടെ തീരുമാനിക്കും. പഴമയോട് മടുപ്പാവും. മാറ്റം ആഗ്രഹിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ പുതിയ വാതിലുകൾ തുറക്കപ്പെടാം. ജീവിത പങ്കാളിയുടെ ബിസിനസ്സിൽ പുരോഗതിയുണ്ടാവും.  മംഗളകർമ്മങ്ങളിൽ ഭാഗഭാക്കാവാൻ കഴിയുന്നതാണ്. ദൈവിക സമർപ്പണങ്ങൾക്ക് അവസരമുണ്ടാവും. തിമിരത്തിന് നടത്തിയ ശസ്ത്രക്രിയ ഫലപ്രദമാവും. വയോധികരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

അവിട്ടം: പുതിയ ആശയങ്ങൾ, ഭാവനകൾ എന്നിവ മനസ്സിലുദയം ചെയ്യും. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും അനുകൂലമായ കാലഘട്ടമാണ്. ബിസിനസ്സിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടാവുന്നതാണ്. സാങ്കേതികമായ വിപുലീകരണം സാധ്യമാവും.  നവീനമായ ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിയേക്കും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടുന്നതായിരിക്കും. ഒപ്പമുള്ളവരുടെ പിന്തുണ വേണ്ടത്ര കിട്ടുന്നില്ലെന്നത് വിഷമിപ്പിക്കും. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര നടത്തിയേക്കും.

ചതയം: പരിശ്രമങ്ങൾ സഫലമാവുന്നത് സന്തോഷത്തിന് കാരണമാകുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ വേണ്ടുവോളം ലഭിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനവസരം കിട്ടുന്നതാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്ന വാരമാവും. മകൻ്റെ വിദ്യാഭ്യാസത്തിലെ തടസ്സം നീങ്ങുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനം തിരിച്ചറിയുവാനാവും. വായ്പ തവണകൾ തടസ്സം കൂടാതെ അടയ്ക്കും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാവുന്നതാണ്. സുഹൃത്തിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും.

പൂരൂരുട്ടാതി: പ്രതിസന്ധികളിൽ നിർഭയമായി മുന്നോട്ടു നീങ്ങും. ദൗത്യങ്ങൾ ക്ലേശകരമാണെന്ന് വന്നാലും പിൻവാങ്ങില്ല. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപിന്തുണയുണ്ടാവും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ വിനിമയം ചെയ്യേണ്ടതുണ്ട്. തദ്വിഷയകമായി  അമളികൾ പിണയാനിടയുണ്ട്. ബിസിനസ്സിൽ പുതിയ ശാഖകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. ഭൂമി വിൽപ്പനയിൽ സാധ്യതകൾ തുടരപ്പെടും. അയൽ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതായി പരാതി ഉയരാം. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.

ഉത്രട്ടാതി: ഉയർന്ന ചിന്താഗതിയുണ്ടായാലും പ്രായോഗികതയും അനിവാര്യമാണ്, കാര്യസാധ്യത്തിനെന്ന് തിരിച്ചറിയും. ചിലരുടെ വിയോജിപ്പുകൾ കണ്ടില്ലെന്ന് നടിക്കേണ്ടിവരും. സ്വയം നിശ്ചയിക്കുന്ന ലക്ഷ്യത്തിലെത്താൻ ക്ലേശിച്ചേക്കും. എന്നാലും പിന്തിരിയില്ല. ബിസിനസ്സിലെ നവീകരണത്തിന് തിടുക്കം കാട്ടും. മകന്റെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പാ സഹായം തേടുന്നതാണ്. ഔദ്യോഗികമായി ജോലിഭാരം കൂടും. ദുർഘട ദൗത്യങ്ങളിൽ ആത്മശക്തി ചോരില്ല. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാകില്ല.


രേവതി : പരിചയം ഹൃദയബന്ധമായി വളരാം. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിൽ ഔൽസുക്യമേറും. തൊഴിലന്വേഷണം ഫലവത്താകും. സമൂഹമാധ്യമങ്ങളിൽ സക്രിയ സാന്നിധ്യമാകും. നിയമ പ്രശ്നങ്ങൾക്ക് വിദ്ഗ്ദ്ധോപദേശം തേടുന്നതാണ്. വ്യാപാരത്തിൽ നേട്ടമുണ്ടാവും. ഉപഭോക്താക്കളുടെ ആവശ്യങ്ങളറിയുന്നതിൽ വിജയിക്കും. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചവർ ചില പദ്ധതികൾ ആവിഷ്കരിക്കും. ചെറുകിട സംരംഭങ്ങൾ ഗുണകരമാവും. കിടപ്പ് രോഗികൾക്ക് ആശ്വാസം ഭവിക്കും.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: