scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, 2024 July 7- 13

Weekly Horoscope: ജൂലൈ 07 ഞായറാഴ്ച മുതൽ ജൂലൈ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂലൈ 07 ഞായറാഴ്ച മുതൽ ജൂലൈ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മിഥുനം രാശിയിൽ പുണർതം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ പൂയം മുതൽ അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ചൊവ്വ മേടം രാശിയിൽ ഭരണി- കാർത്തിക നക്ഷത്രങ്ങളിലാണ്.

Advertisment

ജൂലൈ 12 ന് ഇടവത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ്റെ സഞ്ചാരം കർക്കടകം രാശിയിൽ പൂയം - ആയില്യം നാളുകളിലാണ്. ശുക്രൻ കർക്കടകം രാശിയിൽ, പുണർതം നാലാംപാദത്തിലും പൂയത്തിലുമായി സഞ്ചരിക്കുന്നു. 

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലാണ്. എന്നാൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മീനം രാശിയിൽ രേവതിയിലുണ്ട്. എന്നാൽ ജൂലൈ 8 ന് പിൻഗതിയായി ഉത്രട്ടാതിയിൽ പ്രവേശിക്കും. 

കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. (അത്തം മൂന്നാം പാദത്തിൽ നിന്നും രണ്ടാം പാദത്തിൽ). ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും ചൊവ്വാഴ്ച പ്രഭാതം വരെയും ധനുക്കൂറുകാർക്കാണ്. തുടർന്ന് വ്യാഴാഴ്ച സന്ധ്യവരെ മകരക്കൂറുകാർക്കാവും അഷ്ടമരാശിക്കൂറ്. അനന്തരം ശനിയാഴ്ച വരെ കുംഭക്കൂറുകാർക്കായിരിക്കും അഷ്ടമചന്ദ്രസ്ഥിതി  ഭവിക്കുന്നത്. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത്  നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

വാരാദ്യം ചന്ദ്രൻ സ്വക്ഷേത്ര ബലത്തോടെ നാലാം ഭാവത്തിൽ നിൽക്കുകയാൽ സുഹൃൽ സമാഗമം, ഉല്ലാസം, ലഘുയാത്രകൾ എന്നിവ പ്രതീക്ഷിക്കാം. 
ഭക്ഷണ സുഖം ഉണ്ടാവും. മറ്റു ദിവസങ്ങളിൽ ആലോചനാപൂർവ്വം തീരുമാനം കൈക്കൊള്ളേണ്ട വിഷയങ്ങൾ വന്നു ചേരുന്നതാണ്. സഹപ്രവർത്തകരുടെ വാക്കുകൾ അംഗീകരിക്കേണ്ടതായി വരുന്നതാണ്. സ്വേച്ഛ പോലെ എല്ലാക്കാര്യവും ചെയ്യുന്നതായി ആക്ഷേപം ഉയരാം. വെള്ളി, ശനി ദിവസങ്ങളിൽ സമ്മർദ്ദമകലുന്നതാണ്. സഹജരീത്യാ പറയാനും പ്രവർത്തിക്കാനുമാകും.

ഭരണി

ദേഹസുഖവും മനസ്സന്തോഷവും ഭവിക്കുന്നതാണ്. ബന്ധുസമാഗമത്തിന് സാധ്യതയുണ്ട്. പാരിതോഷികങ്ങൾ ലഭിക്കാം. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. വാരമധ്യത്തിൽ കാര്യതടസ്സമോ വിളംബമോ ഉണ്ടാകും. തൊഴിലിടത്തിൽ സമാധാനക്കുറവ് ഉണ്ടായേക്കാം. ക്രയവിക്രയങ്ങളിൽ ജാഗ്രതയുണ്ടാവണം. വെള്ളി, ശനി ദിവസങ്ങളിൽ സ്വസ്ഥതയും സാമ്പത്തികമായ സമാശ്വാസവും വന്നെത്തുന്നതാണ്. സംഘടനകളിൽ അഭിപ്രായം വിലമതിക്കപ്പെടും.

കാർത്തിക

വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവൃത്തികൊണ്ടും സഹായിക്കാൻ ആളുണ്ടാവും. സൗഹൃദങ്ങൾ ഗുണകരമാവും. പൊതുക്കാര്യങ്ങളിൽ ഇടപെടുമ്പോൾ കരുതലുണ്ടാവണം. സംരംഭങ്ങൾ വിപുലീകരിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർദ്ധിക്കുന്നതാണ്. ദുർഗ്രഹ വിഷയങ്ങൾക്ക് അധിക ക്ളാസ്സുകൾ ലഭിച്ചേക്കാം. മംഗള കർമ്മങ്ങളിലോ പൂജാദി കാര്യങ്ങളിലോ പങ്കെടുക്കാനാവും. ചൊവ്വ ജന്മനക്ഷത്രത്തിലേക്ക് സംക്രമിക്കുകയാൽ പൊതുവേ കരുതൽ വേണ്ട കാലമാണ്. വാഹനം, വൈദ്യുതി ഇവയുടെ ഉപയോഗത്തിൽ ജാഗ്രതയുണ്ടാവണം.

രോഹിണി

മനസ്സിൽ നിന്നും വിഷാദ ഭാവങ്ങൾ അകലും. പ്രസരിപ്പ് വീണ്ടെടുക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാൻ അവസരമുണ്ടാവും. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. സാഹിത്യ പ്രവർത്തനം സുഗമമായി മുന്നേറും. കുടുംബാന്തരീക്ഷം മെച്ചപ്പെടാം. പുതുതലമുറയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ്. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുതിയ കാലത്തിൻ്റെ  സാങ്കേതിക രീതികൾ സ്വീകരിക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് തെല്ല് ജോലിഭാരം വർദ്ധിച്ചേക്കാം.

മകയിരം

മാനസികമായി കൂടുതൽ കരുത്തുനേടും. മുഖം നോക്കാതെ അഭിപ്രായം  പ്രകടിപ്പിക്കുന്നതിനാൽ ശത്രുക്കളെ സമ്പാദിക്കും. വിദ്യാർത്ഥികളെ പ്രചോദിപ്പിക്കും വിധം മോട്ടിവേഷണൽ ക്ളാസ്സുകൾ നടത്തും. സൗഹാർദ്ദം വളരുവാനുള്ള സാഹചര്യമുണ്ടാവും. തൊഴിലിൽ ശ്രദ്ധ കുറയുന്നതായി വേണ്ടപ്പെട്ടവർ ഓർമ്മപ്പെടുത്തും. അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. സാമ്പത്തികമായി സുസ്ഥിതിയുണ്ടാവും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം.

തിരുവാതിര

മധുരമായി സംസാരിക്കുവാനാവും. ഒപ്പം വാക്കുകൾ പണ്ഡിതോചിതമാവും. പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും സന്നദ്ധത കാട്ടും.  സഹോദരരുമായി ചേർന്ന് നടത്തുന്ന വ്യാപാരത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുളള ശ്രമം ഫലം കാണും. ഉപഭോക്താവിനെ ആകർഷിക്കുന്ന തന്ത്രങ്ങൾ മെനയും. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ അപ്രതീക്ഷിത സാധ്യതകൾ വന്നെത്തും. കിടപ്പ് രോഗികൾക്ക് ആശ്വസിക്കാനാവും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രകാശിപ്പിക്കാൻ കഴിയുന്നതാണ്.

പുണർതം

ഔദ്യോഗികമായി മെച്ചമുണ്ടാവും. ചുമതലകൾ വീഴ്ച വരാതെ നിർവഹിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയും. ചർച്ചകൾ, സിമ്പോസിയങ്ങൾ ഇവയിൽ പങ്കെടുക്കാൻ അവസരം കിട്ടും. ഓൺലൈൻ ബിസിനസ്സിൽ മുന്നേറാൻ സാധിക്കുന്നതാണ്. വിപുലീകരണത്തിനുള്ള സാധ്യതകൾ ആരായും. കലാപ്രവർത്തകർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം.  കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നതാണ്. ചെലവ് ഉയരുന്നതായി തോന്നാം. 

പൂയം

വാരാദ്യം സുഖാനുഭവങ്ങൾ ഉണ്ടാകും. സുഖഭക്ഷണ യോഗം, ഭോഗസുഖം, പാരിതോഷികലബ്ധി ഇവയുണ്ടാവും. മറ്റു ദിവസങ്ങളിൽ തൊഴിലിടത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനാണ് സാധ്യത. മേലധികാരികളുടെ അപ്രീതിയുണ്ടായേക്കാം. ഗൃഹനിർമ്മാണത്തിന് കാലാവസ്ഥ തടസ്സമാകാം. വരവ് തൃപ്തികരമെങ്കിലും ചെലവ് വർദ്ധിക്കാം. മക്കളുടെ പഠനത്തിനുള്ള തുകയ്ക്കായി കൈ വായ്പ വാങ്ങിയേക്കും. പിണങ്ങിയവർ ഇണങ്ങാം. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്.

ആയില്യം

അനുകൂല ഫലങ്ങൾക്ക് മുൻതൂക്കമുള്ള വാരമാണ്. ലഘുപ്രയത്നം കൊണ്ടുതന്നെ നേട്ടങ്ങൾ ഉണ്ടാവും. സുഹൃൽസമാഗമം കുടുംബ സംഗമം ഇവകളിൽ പങ്കെടുക്കുവാനാവും. ആടയാഭരണങ്ങൾ സമ്മാനമായി ലഭിക്കാം. ഈശ്വര സമർപ്പണങ്ങൾക്ക് നേരം കണ്ടെത്തും. ചിട്ടി, ലോൺ മുതലായവയിലൂടെ ധനം വന്നെത്തും. ഭോഗസുഖം ഉണ്ടാവും. ഗവേഷകർക്ക് പഠനത്തിൽ മുഴുകാൻ സാധിക്കുന്നതാണ്. തൊഴിലന്വേഷണത്തിൽ തടസ്സങ്ങളുണ്ടാവാം. കഫജന്യ രോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്.

Read More

.

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: