/indian-express-malayalam/media/media_files/JKzYIF5771m5stxa5nY5.jpg)
ശുക്രൻ കർക്കടകം രാശിയിലേക്ക്
Venus Transit: 2024 ജൂലൈ 6 ന് (1199 മിഥുനം 22 ന്) ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലൈ 31 (1199 കർക്കടകം 16) വരെ കർക്കടകത്തിൽ തുടരും. കർക്കടകം രാശിയിൽ സഞ്ചരിക്കുന്ന ശുക്രൻ ജൂലൈ 9 വരെ പുണർതം നാലാംപാദത്തിലും, തുടർന്ന് ജൂലൈ 20 വരെ പൂയം നക്ഷത്രത്തിലും ജൂലൈ 31 വരെ ആയില്യം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ജൂലൈ 8 ന്, കഴിഞ്ഞ രണ്ടുമാസത്തിലധികമായി തുടരുന്ന ശുക്രമൗഢ്യം അവസാനിക്കുന്നുവെന്ന സവിശേഷതയും പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്.
ശുക്രൻ പ്രവേശിക്കുന്ന കർക്കടകം രാശി ചന്ദ്രൻ്റെ സ്വക്ഷേത്രമാണ്. ശുക്രൻ്റെ ശത്രുഗ്രഹമാണ് ചന്ദ്രൻ എന്ന കാര്യം ഓർക്കാം. ശുക്രൻ്റെ ബന്ധുഗ്രഹമായ ബുധൻ കർക്കടകം രാശിയിൽ ഇപ്പോൾ സഞ്ചരിക്കുന്നുണ്ട്.
ജൂലൈ 16 ന് ശുക്രൻ്റെ മറ്റൊരു ശത്രു ഗ്രഹമായ ആദിത്യനും കർക്കടകത്തിൽ പ്രവേശിക്കുന്നുണ്ട്. ഇവയെല്ലാം ശുക്രൻ്റെ ഗോചരഫലക്കെ നിർണായകമായി സ്വാധീനിച്ചേക്കാം. ഗ്രഹങ്ങളിൽ ഗോചരത്തിൽ ഏറ്റവും കൂടുതൽ രാശികളിൽ ഗുണം തരുന്ന ഗ്രഹം ശുക്രനാണ്. അവരവരുടെ ജന്മരാശിയുടെ 6, 7, 10 എന്നീ മൂന്നുരാശികളൊഴികെ ഒമ്പതു രാശികളിലും ഗുണദാതാവായ ഗ്രഹമാണ് ശുക്രൻ. അങ്ങനെ നോക്കുമ്പോൾ കുംഭം, മകരം, തുലാം എന്നീ മൂന്നുകുറുകളിൽ ജനിച്ചവർക്കൊഴികെ മറ്റുകൂറുകാർക്കെല്ലാം ശുക്രൻ്റെ കർക്കടകം രാശിയിലെ സഞ്ചാരം ഗുണഫലങ്ങൾ നൽകും..
സൗമ്യഭാവങ്ങൾ, വാത്സല്യം, പ്രണയം, രതി, ഭോഗം, സുഖഭക്ഷണയോഗം, ദേഹസുഖം, ഉറക്കം, വിവാഹം, ദാമ്പത്യാനുഭവങ്ങൾ, ദേവീ ഭക്തി, സിനിമ, സംഗീതം, പൊതുവേ കലാവാസന, ലോട്ടറി ഭാഗ്യം എന്നിവ ശുക്രൻ്റെ കാരകത്വത്തിൽ വരുന്ന വിഷയങ്ങളാണ്. ഓരോ രാശിക്കാർക്കും, ശുക്രൻ്റെ ഇപ്പോഴത്തെ സഞ്ചാരരാശിയായ കർക്കടകം എത്രാമത്തെ രാശി / ഭാവം എന്നതനുസരിച്ചാവും ഗുണദോഷഫലങ്ങൾ വരിക. പ്രായേണ കുംഭക്കൂറുകാർക്കും മകരക്കൂറുകാർക്കും തുലാക്കൂറുകാർക്കും ശുക്രന്റെ കർക്കടക സഞ്ചാരം ഗുണകരമായേക്കില്ല. മറ്റുള്ള കൂറുകാർക്ക്, സാമാന്യമായിട്ടുള്ള ശുഭാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ശുക്രന്റെ കർക്കടക സഞ്ചാരത്തെ മുൻനിർത്തി ചിങ്ങം മുതൽ വൃശ്ചികം വരെയുള്ള നാലു കൂറുകളിൽ ജനിച്ച മകം മുതൽ തൃക്കേട്ട വരെയുള്ള 9 നക്ഷത്രക്കാരുടെ അനുഭവങ്ങൾ എപ്രകാരമാവുമെന്ന് ഇവിടെ വിശകലനം ചെയ്യുന്നു.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രൻ. മിക്ക ഗ്രഹങ്ങൾക്കും പന്ത്രണ്ടിലെ സഞ്ചാരം അനുകൂലമല്ല. പ്രതിലോമ ഫലങ്ങളാവും ജാതകന് സമ്മാനിക്കുക. എന്നാൽ ശുക്രൻ പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുമ്പോഴും ഗുണദാതാവാണ്. പഠനം, തൊഴിൽ ഇവയുമായി ബന്ധപ്പെട്ട് വിദേശ യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമൊത്ത് ഇഷ്ടയാത്രകൾക്ക് അവസരം ലഭിക്കും. സ്വർണാഭരണങ്ങൾ, ഇഷ്ടപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവ വാങ്ങിയേക്കും. ശുഭകാര്യങ്ങൾക്കായി ചെലവുണ്ടാവും. കടബാധ്യത കുറച്ചെങ്കിലും പരിഹരിക്കാൻ സാധിച്ചേക്കും. പണയ വസ്തുക്കൾ തിരിച്ചെടുക്കാനാവും. പാരമ്പര്യ വസ്തുക്കൾ വിൽക്കുവാനുള്ള ശ്രമം വിജയകരമാവും. മത്സരങ്ങളിൽ നല്ല പ്രകടനം നടത്തും. .
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര ആദ്യ പകുതി)
പതിനൊന്നാം ഭാവത്തിലാണ് ഏതു ഗ്രഹവും പരമാവധി ഗുണദാതാവായി മാറുന്നത്. കർക്കടകത്തിലെ ശുക്ര സഞ്ചാരം കന്നിക്കൂറുകാർക്ക് പല നിലയ്ക്കും ഗുണകരമാവും. ഭാഗ്യപുഷ്ടി പ്രതീക്ഷിക്കാം. സാമ്പത്തികമായിട്ടാവും കൂടുതൽ പ്രയോജനമുണ്ടാവുക. ബിസിനസ്സിൽ ധനവരവും ലാഭവും അധികരിക്കുന്നതാണ്. ചെലവ് നിയന്ത്രിക്കാൻ കഴിയും. തൊഴിൽ തേടുന്നവർക്ക് അർഹതയുള്ള അവസരം ലബ്ധമാകും. പ്രണയബന്ധം വിവാഹ തീരുമാനത്തിലെത്താം. കഴിവുകൾക്ക് അംഗീകാരം വന്നെത്തും. സ്ത്രീകളുടെ നിർലോഭമായ പിന്തുണ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനമുണ്ടാവും. ഭോഗസുഖം, മതിയായ വിശ്രമം, മാനസികമായ പിരിമുറുക്കം ഇല്ലാതിരിക്കുക തുടങ്ങിയവയും ഫലങ്ങളിലുൾപ്പെടും.
തുലാക്കൂറിന് ( ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ശുക്രൻ പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ പ്രതികൂലഫലങ്ങളാവും അധികവും. 6, 7, 10 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോഴാണ് ശുക്രൻ വിപരീത ഫലങ്ങൾ നൽകുക. തൊഴിൽ രംഗം നിരുന്മേഷകരമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് നീട്ടിവെക്കുന്നതാവും നല്ലത്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതാണ്. സമയബന്ധിതമായി പൂർത്തിയാക്കേണ്ട ദൗത്യങ്ങളിൽ വിജയിച്ചേക്കില്ല. വായ്പകൾക്കുള്ള ശ്രമം ഫലം കാണാൻ സാധ്യത കുറവാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് ആരോപണങ്ങളെ നേരിടേണ്ടവരാം. സ്വതന്ത്ര ചുമതലകൾ മറ്റുള്ളവർക്ക് കൂടി വിഭജിതമാക്കപ്പെടും. പ്രണയികൾക്കിടയിൽ പാരസ്പര്യം കുറയാം. ദാമ്പത്യത്തിൽ സ്വൈരക്കേട്, സ്ത്രീകളുടെ വിരോധം എന്നിവയ്ക്കും സാധ്യതയുണ്ട്. .
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം , അനിഴം, തൃക്കേട്ട)
ശുക്രൻ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നു. ആകയാൽ തടസ്സങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്തും. പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കും. ഭാഗ്യാനുഭവങ്ങൾ ആവർത്തിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഉയർച്ചയുണ്ടാവും. വേതന വർദ്ധനയ്ക്കും സാധ്യതയുണ്ട്. ബിസിനസ്സിൽ ആദായം ഉയരുന്നതാണ്. പുതിയ ശാഖകൾ തുടങ്ങാനോ വിപുലീകരണത്തിനോ സാഹചര്യം അനുകൂലമായി വരും. കുടുംബബന്ധം കൂടുതൽ ദൃഢമാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടായേക്കും. ഊഹക്കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകും. പൊതുവേ മനസ്സന്തോഷം, ഭോഗസുഖം, രോഗികൾക്ക് സമാശ്വാസം, ലോട്ടറി ഭാഗ്യം, ജീവകാരുണ്യ പ്രവർത്തനം എന്നിവ ഭവിക്കും. ഭാവിയിൽ പ്രയോജനപ്പെടുന്ന കാര്യങ്ങൾക്ക് തുടക്കമിടും. .
Read More
- Daily Horoscope July 02, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ശുക്രൻ കർക്കടകം രാശിയിലേക്ക്; അശ്വതി മുതൽ ആയില്യം വരെ: Venus Transit
- Weekly Horoscope (June 30– July 06, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- വാരഫലം, അശ്വതി മുതൽ രേവതി വരെ; June 30-July 06 08, 2024, Weekly Horoscope
- 2024 ജൂലെ മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.