/indian-express-malayalam/media/media_files/bA5ijrktrFbTl7YMqyuO.jpg)
ശുക്രൻ കർക്കടകം രാശിയിലേക്ക്
Venus Transit: 2024 ജൂലൈ 6 ന് (1199 മിഥുനം 22 ന്) ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലൈ 31 (1199 കർക്കടകം 16) വരെ കർക്കടകത്തിൽ തുടരും. കർക്കടകം രാശിയിൽ സഞ്ചരിക്കുന്ന ശുക്രൻ ജൂലൈ 9 വരെ പുണർതം നാലാംപാദത്തിലും, തുടർന്ന് ജൂലൈ 20 വരെ പൂയം നക്ഷത്രത്തിലും ജൂലൈ 31 വരെ ആയില്യം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ജൂലൈ 8 ന്, കഴിഞ്ഞ രണ്ടുമാസത്തിലധികമായി തുടരുന്ന ശുക്രമൗഢ്യം അവസാനിക്കുന്നുവെന്ന സവിശേഷതയും പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്.
ശുക്രൻ പ്രവേശിക്കുന്ന കർക്കടകം രാശി ചന്ദ്രൻ്റെ സ്വക്ഷേത്രമാണ്. ശുക്രൻ്റെ ശത്രുഗ്രഹമാണ് ചന്ദ്രൻ എന്ന കാര്യം ഓർക്കാം. ശുക്രൻ്റെ ബന്ധുഗ്രഹമായ ബുധൻ കർക്കടകം രാശിയിൽ ഇപ്പോൾ സഞ്ചരിക്കുന്നുണ്ട്.
ജൂലൈ 16 ന് ശുക്രൻ്റെ മറ്റൊരു ശത്രു ഗ്രഹമായ ആദിത്യനും കർക്കടകത്തിൽ പ്രവേശിക്കുന്നുണ്ട്. ഇവയെല്ലാം ശുക്രൻ്റെ ഗോചരഫലക്കെ നിർണായകമായി സ്വാധീനിച്ചേക്കാം. ഗ്രഹങ്ങളിൽ ഗോചരത്തിൽ ഏറ്റവും കൂടുതൽ രാശികളിൽ ഗുണം തരുന്ന ഗ്രഹം ശുക്രനാണ്. അവരവരുടെ ജന്മരാശിയുടെ 6, 7, 10 എന്നീ മൂന്നുരാശികളൊഴികെ ഒമ്പതു രാശികളിലും ഗുണദാതാവായ ഗ്രഹമാണ് ശുക്രൻ. അങ്ങനെ നോക്കുമ്പോൾ കുംഭം, മകരം, തുലാം എന്നീ മൂന്നുകുറുകളിൽ ജനിച്ചവർക്കൊഴികെ മറ്റുകൂറുകാർക്കെല്ലാം ശുക്രൻ്റെ കർക്കടകം രാശിയിലെ സഞ്ചാരം ഗുണഫലങ്ങൾ നൽകും.
സൗമ്യഭാവങ്ങൾ, വാത്സല്യം, പ്രണയം, രതി, ഭോഗം, സുഖഭക്ഷണയോഗം, ദേഹസുഖം, ഉറക്കം, വിവാഹം, ദാമ്പത്യാനുഭവങ്ങൾ, ദേവീ ഭക്തി, സിനിമ, സംഗീതം, പൊതുവേ കലാവാസന, ലോട്ടറി ഭാഗ്യം എന്നിവ ശുക്രൻ്റെ കാരകത്വത്തിൽ വരുന്ന വിഷയങ്ങളാണ്. ഓരോ രാശിക്കാർക്കും, ശുക്രൻ്റെ ഇപ്പോഴത്തെ സഞ്ചാരരാശിയായ കർക്കടകം എത്രാമത്തെ രാശി / ഭാവം എന്നതനുസരിച്ചാവും ഗുണദോഷഫലങ്ങൾ വരിക. പ്രായേണ കുംഭക്കൂറുകാർക്കും മകരക്കൂറുകാർക്കും തുലാക്കൂറുകാർക്കും ശുക്രന്റെ കർക്കടക സഞ്ചാരം ഗുണകരമായേക്കില്ല. മറ്റുള്ള കൂറുകാർക്ക്, സാമാന്യമായിട്ടുള്ള ശുഭാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ശുക്രന്റെ കർക്കടക സഞ്ചാരത്തെ മുൻനിർത്തി മേടം മുതൽ കർക്കിടകം വരെയുള്ള നാലു കൂറുകളിൽ ജനിച്ച അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രക്കാരുടെ അനുഭവങ്ങൾ എപ്രകാരമാവുമെന്ന് ഇവിടെ വിശകലനം ചെയ്യുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
നാലാം രാശിയായ കർക്കടകത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരമുണ്ടാവും. ഗൃഹനിർമ്മാണം പൂർത്തിയാകൽ അല്ലെങ്കിൽ ഗൃഹം മോടിപിടിപ്പിക്കൽ ഇവ സാധ്യതകളാണ്. സൗഹൃദം പുഷ്ടിപ്പെടും. വിശേഷിച്ചും സ്ത്രീ സൗഹൃദം. ഇരിക്കുന്ന മുറി കൂടുതൽ മനോഹരമാക്കും. പുതിയ കസേര, തീൻമേശ ഇവ വാങ്ങാനും സാഹചര്യമൊത്തു വരുന്നതാണ്. അമ്മ വഴി ബന്ധുക്കൾ അനുകൂലരാവും. വിനോദയാത്രകൾ പ്രത്യേകിച്ചും ജലയാത്രകൾ ഉണ്ടാവാം. സുഖഭക്ഷണ യോഗം, സുഖചികിൽസ, വിനോദങ്ങളിൽ പങ്കെടുക്കൽ, തൊഴിലിൽ അഭ്യുദയം, മാതാവിന് ആരോഗ്യസൗഖ്യം എന്നിവയും അനുഭവങ്ങളാവും.
ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
മൂന്നാം ഭാവത്തിലായി ശുക്രൻ സഞ്ചരിക്കുന്നതിനാൽ സഹോദരിമാരുടെ ഇഷ്ടം, അവരിൽ നിന്നും സാമ്പത്തിക പ്രയോജനങ്ങൾ എന്നിവ ലഭിക്കാം. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രകൾ, മംഗളകർമ്മങ്ങളിൽ പങ്കെടുക്കൽ എന്നിവ ഉണ്ടാവും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ചിട്ടി, ലോൺ ഇവയിലൂടെ ധനം വന്നെത്താം. കച്ചവടം നവീകരിക്കാൻ സാധിക്കുന്നതാണ്. ദൂരെദിക്കിലുള്ള മാതാപിതാക്കളെ സന്ദർശിക്കാനാവും. കുടുംബ ക്ഷേത്ര ദർശനം സാധ്യമാകും. സാഹിത്യകാരന്മാർക്ക് എഴുതിയ കൃതികൾ പ്രകാശിപ്പിക്കാൻ അവസരം വരും. ആടയാഭരണങ്ങൾ പാരിതോഷികമായി ലഭിക്കാവുന്നതാണ്. അതിഥികൾ പാചകനൈപുണിയെ പ്രശംസിക്കും. പ്രണയികൾക്ക് ഉചിത തീരുമാനങ്ങൾ കൈക്കൊള്ളാൻ ധൈര്യമുണ്ടാകും.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
രണ്ടാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. വാക്സ്ഥാനം, കുടുംബ സ്ഥാനം എന്നെല്ലാം രണ്ടാം ഭാവം അറിയപ്പെടുന്നു. പരുക്കൻ വാക്കുകൾ ഉപേക്ഷിക്കപ്പെടും. മധുരമായ വാക്കുകൾ കൂടുതലായി ഉച്ചരിക്കപ്പെട്ടേക്കാം. കവികൾ, പ്രസംഗകർ, അദ്ധ്യാപകർ തുടങ്ങി വിവിധ തൊഴിൽ വിഭാഗത്തിലുള്ളവരുടെ വാക്പാടവം ശ്രദ്ധിക്കപ്പെടുന്നതാണ്. ധനപരമായി മെച്ചമുണ്ടാകുന്നതിന് സാഹചര്യങ്ങൾ അനുകൂലമാവും. ഊഹക്കച്ചവടം, ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനാർജ്ജനുണ്ടാവും. കിട്ടാക്കടം ഭാഗികമായെങ്കിലും ലഭിച്ചേക്കാം. കുടുംബ ജീവിതം കൂടുതൽ സ്വച്ഛന്ദമാകും. പ്രണയികൾക്ക് ഹൃദയൈക്യം ദൃഢമാകുന്നതാണ്. വിദ്യാർത്ഥികൾക്ക് ഉപരിപഠനം ആശിച്ച വിഷയത്തിൽ തന്നെ തുടരാനാവും. കലാവാസനകൾ പരിപോഷിപ്പിക്കപ്പെടാം.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ശുക്രൻ ജന്മരാശിയിലാണ്. പൊതുവേ ദേഹസുഖവും, മനസ്സുഖവും അനുഭവപ്പെടുന്ന കാലമായിരിക്കും. വിഷമിപ്പിച്ചു കൊണ്ടിരുന്ന പിണക്കങ്ങൾ ഇണക്കങ്ങളായി മാറും. അവിവാഹിതരുടെ വിവാഹാലോചന സഫലമാകുന്നതാണ്. സ്ത്രീകളുടെ പിന്തുണ ലഭിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ഗൃഹത്തിലേക്ക് മടങ്ങാൻ അവസരം വന്നെത്തുന്നതാണ്.. കലാപഠനത്തിൽ പുരോഗതി ഉണ്ടാവും. സുഹൃത്തുക്കളുമൊത്ത് വിനോദയാത്രകൾക്ക് അവസരമുണ്ടായേക്കാം. വസ്ത്രാഭരണാദികളോ ഇലക്ട്രോണിക് ഉല്പന്നങ്ങളോ പാരിതോഷികമായി കിട്ടാനിടയുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഇഷ്ടജനങ്ങളുമായി ഉല്ലാസം, സുഖഭക്ഷണം ഇവയെല്ലാം സാധ്യതകൾ. കിടപ്പു രോഗികൾക്ക് ആശ്വസിക്കാനാവും.
Read More
- Daily Horoscope July 01, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 30-July 06, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; June 30-July 06, 2024, Weekly Horoscope
- വാരഫലം, മൂലം മുതൽ രേവതി വരെ; June 30-July 06, 2024, Weekly Horoscope
- മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- 2024 ജൂലെ മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.