scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 30-July 06, 2024, Weekly Horoscope

Weekly Horoscope: ജൂൺ 30 ഞായറാഴ്ച മുതൽ ജൂലൈ 06 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂൺ 30 ഞായറാഴ്ച മുതൽ ജൂലൈ 06 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മിഥുനം രാശിയിൽ തിരുവാതിര, പുണർതം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ജൂലൈ 21 വെള്ളിയാഴ്ച അമാവാസി ഭവിക്കുന്നു. പിറ്റേന്ന് മുതൽ ശുക്ലപക്ഷം തുടങ്ങുകയാണ്.  

Advertisment

ചൊവ്വ മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും ബുധൻ കർക്കടകം രാശിയിൽ പുണർതം, പൂയം നക്ഷത്രങ്ങളിലും സഞ്ചരിക്കുന്നു. ശുക്രൻ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. വാരാന്ത്യം കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ശുക്രമൗഢ്യം തുടരുന്നുണ്ട്.

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും തുടരുന്നു. രാഹു രേവതിയിൽ സഞ്ചരിക്കുന്ന അവസാന ആഴ്ചയാണിത്. വരുന്ന വാരത്തിൽ രാഹു ഉത്രട്ടാതിയിലേക്ക് സംക്രമിക്കുന്നുണ്ട്.

ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറുകൾ നോക്കാം. ഞായറും തിങ്കളും ചൊവ്വ പ്രഭാതം വരെയും കന്നിക്കൂറുകാരുടെ അഷ്ടമരാശിയാണ്. തുടർന്ന് വ്യാഴാഴ്ച ഉച്ച വരെ തുലാക്കൂറുകാർക്കും തദനന്തരം ശനിയാഴ്ച രാത്രിവരെ വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു.  

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു. 

അശ്വതി

അനുകൂലമായ ഫലങ്ങൾ തുടരുന്ന വാരമായിരിക്കും. പൊതുവേ കാര്യസാധ്യം നിർവിഘ്നം യാഥാർത്ഥ്യമാവും. പ്രവർത്തനങ്ങളിൽ ചടുലതയും സൂക്ഷ്മതയും വ്യക്തമാവുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പുറത്തെടുക്കാനാവും. തൊഴിൽ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും രണ്ടായി തന്നെ മുന്നോട്ടേക്ക് കൊണ്ടുപോകുവാനാവും. സഹപ്രവർത്തകരുടെ പിന്തുണ, വൈജ്ഞാനിക ബലം, സ്ഥാനബലം എന്നിവ തൊഴിലിൽ മികവുണ്ടാക്കും. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. സാമ്പത്തികമായി ഒട്ടൊക്കെ സംതൃപ്തി അനുഭവപ്പെട്ടേക്കും.

ഭരണി

ഗുണപ്രധാനമായ വാരം തന്നെയാണ്. വിരുന്നുകൾ, സുഹൃൽ - ബന്ധു സമാഗമം, വിനോദങ്ങൾ, ആതിഥേയത്വം വഹിക്കൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. കർമ്മമേഖലയിൽ മേന്മ തെളിയിക്കാനാവും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അംഗീകരിക്കപ്പെടുന്നതാണ്. ബിസിനസ്സിൽ ലാഭം വർദ്ധിക്കും.  വിശ്വാസികൾക്ക് ആത്മീയ സാധനകൾക്ക് സന്ദർഭമുണ്ടാവും. ചൊവ്വ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ചില മനക്ലേശങ്ങളും ലഘുവായ കാര്യതടസ്സങ്ങളും ആരോഗ്യപ്രശ്നങ്ങളും കൂടി സാധ്യതകളാണ്.

കാർത്തിക

ഈ വാരം അനുഭവങ്ങളുടെ സമ്മിശ്രത പ്രതീക്ഷിക്കാം. തീരുമാനിച്ച കാര്യങ്ങൾ വൈകി പൂർത്തിയാക്കും. വാരാദ്യ ദിവസങ്ങളിൽ ശാരീരിക ക്ലേശമോ മനക്ലേശമോ വരാം. ആകസ്മിക യാത്രകൾക്കും സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങളിലെ നിലപാടുകൾ ശത്രുതയ്ക്ക് കാരണമായേക്കും. പക്ഷം പിടിച്ചതായി ആരോപിക്കപ്പെടാം. സ്വാശ്രയ ജോലികൾ നിന്നും സാമാന്യം സംതൃപ്തിയുണ്ടാവും. 'വർക്ക് അറ്റ് ഹോം' ഏർപ്പാടുകൾക്ക് മാറ്റം വരാനിടയുണ്ട്. വിദേശത്തുള്ള മകനുവേണ്ടി വസ്തു വാങ്ങിയേക്കും. ബുധൻ, വ്യാഴം, ശനി ദിവസങ്ങൾക്ക് ഗുണമേറും.

രോഹിണി

നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലം കുറയുന്നതിനാൽ മാനസിക ശക്തി കുറയും. പെട്ടെന്ന് ക്ഷോഭിക്കാനും തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനും സാധ്യതയുണ്ട്. ബിസിനസ്സ് വിപുലീകരണത്തിന് ഉചിതമായ കാലമല്ല. ഗൃഹനിർമ്മാണത്തിൽ നേരിയ പുരോഗതി ഉണ്ടാവുന്നതാണ്.  വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തത് തർക്കങ്ങൾക്ക് വഴിവെച്ചേക്കാം. ഔദ്യോഗിക യാത്രകൾ വേണ്ടി വന്നേക്കും. മകളുടെ ഉപരി വിദ്യാഭ്യാസത്തിനുള്ള ധനം സ്വരൂപിക്കാനാവും. വാരമധ്യം ഗുണകരമാണ്.

മകയിരം

സ്ഥിരം പ്രശ്നങ്ങൾ തുടരാനാണ് സാധ്യത. സ്വയം തിരുത്താൻ ആഗ്രഹിക്കും; പക്ഷേ അതിനായുള്ള പ്രയത്നം ഉണ്ടാവില്ല. ചെറിയ ആശ്വാസവും സാമ്പത്തികമായ  ഗുണവും വന്നെത്തും.  സംഘടനയുടെ നിലപാടുകളിൽ വിയോജിപ്പ് രേഖപ്പെടുത്തും. നക്ഷത്രനാഥനായ ചൊവ്വ ബലവാനാകയാൽ ആത്മവിശ്വാസം കുറയില്ല. ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള ശ്രമവുമായി മുന്നോട്ടു പോകുന്നതാണ്. ബന്ധുക്കളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. കഫജന രോഗങ്ങൾ വിഷമിപ്പിക്കാനിടയുണ്ട്.

തിരുവാതിര

തെറ്റായ ആരോപണങ്ങളെ പ്രതിരോധിക്കും. പൊതുപ്രവർത്തകരുടെ പ്രവർത്തനം കൂടുതൽ സുതാര്യമാവും. ജന്മരാശിയിലെ ആദിത്യസഞ്ചാരത്താൽ പ്രശ്നങ്ങൾ തുടരപ്പെടും. കുടുംബാംഗങ്ങൾ പിന്തുണയ്ക്കും. നിഗൂഢശാസ്ത്രങ്ങളോട് താത്പര്യമുണ്ടാകും. പണ്ഡിതോചിതമായി സംസാരിക്കും. പാരമ്പര്യമായി ചെയ്തു വരുന്ന തൊഴിലിൽ വിശ്വാസം കുറയും. മറ്റൊരു തൊഴിലിനെക്കുറിച്ച് ചിന്തിക്കുന്നതാണ്. സാമ്പത്തിക ഭദ്രതയുണ്ടാകും. എന്നാൽ പാഴ്ച്ചെലവുകൾ നിയന്ത്രിക്കുവാൻ കഴിയാതെയാവും.

പുണർതം

ഔദ്യോഗിക തിരക്കുകൾ വർദ്ധിക്കും. പുതിയ ഉത്തരവാദിത്വം ലഭിക്കുന്നതായിരിക്കും.  കുടുംബാംഗങ്ങളോടൊപ്പം വിരുന്നുകളിൽ പങ്കെടുക്കുവാൻ സന്ദർഭമുണ്ടാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച സ്ഥാപനത്തിൽ ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകുന്നതാണ്. സഹോദരാനുകൂല്യം ഉണ്ടാവുന്നതാണ്. വസ്തുകച്ചവടത്തിൽ ലാഭസാധ്യതയുണ്ട്. സാഹിത്യം, കല തുടങ്ങിയ മേഖലകളിൽ ശോഭിക്കാനാവും. ഗൃഹത്തിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതാണ്.

പൂയം

നവോന്മേഷം വന്നുചേരും. ക്രയവിക്രയങ്ങളിൽ നല്ല താല്പര്യം ഉണ്ടാവും. വ്യാപാര നവീകരണം സംബന്ധിച്ച ചർച്ചകൾ വളരെ സജീവമാകും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ചുമതലകൾ വന്നുചേരുന്നതാണ്. വിദ്യാർത്ഥികളുടെ കാര്യഗ്രഹണശക്തി അഭിനന്ദിക്കപ്പെടും. പണയ വസ്തുക്കളുടെ പലിശ യഥാസമയം അടക്കാൻ സാധിക്കും. പ്രണയികൾക്ക് താരതമ്യേന നല്ല വാരമാണ്. ലൗകിക സുഖാനുഭവങ്ങൾക്കൊപ്പം ആത്മീയ കാര്യങ്ങൾക്കും സമയം കണ്ടെത്തിയേക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്.

ആയില്യം

മത്സരബുദ്ധിയോടെ പ്രവർത്തിക്കും. സഹപ്രവർത്തകരുടെ പിന്തുണ കിട്ടിയേക്കില്ല.  സാമൂഹികമായ കാര്യങ്ങളിൽ പ്രതിബദ്ധത കാണിക്കും. ബന്ധുക്കളോട് നിസ്സംഗത പുലർത്തുന്നതാണ്. പഴയ കാര്യങ്ങൾ ആലോചിക്കുന്നതിൽ സന്തോഷമനുഭവിക്കും. ജന്മരാശിയുടെ നാഥനായ ചന്ദ്രന് പക്ഷബലം ഇല്ലാത്തതിനാൽ പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാതിരിക്കുക അഭിലഷണീയം. വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് അവസരം ലഭിക്കാം. ചെലവിൽ കർശന നിയന്ത്രണം പാലിക്കും. ആദർശം ഉപേക്ഷിച്ച് പ്രായോഗികതയിൽ മുഴുകുന്നതാണ്.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: