/indian-express-malayalam/media/media_files/xScyMaV1Pxpuwc5FZqg8.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മിഥുനം രാശിയിൽ തിരുവാതിര, പുണർതം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ജൂലൈ 21 വെള്ളിയാഴ്ച അമാവാസി ഭവിക്കുന്നു. പിറ്റേന്ന് മുതൽ ശുക്ലപക്ഷം തുടങ്ങുകയാണ്.
ചൊവ്വ മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും ബുധൻ കർക്കടകം രാശിയിൽ പുണർതം, പൂയം നക്ഷത്രങ്ങളിലും സഞ്ചരിക്കുന്നു. ശുക്രൻ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. വാരാന്ത്യം കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ശുക്രമൗഢ്യം തുടരുന്നുണ്ട്.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും തുടരുന്നു. രാഹു രേവതിയിൽ സഞ്ചരിക്കുന്ന അവസാന ആഴ്ചയാണിത്. വരുന്ന വാരത്തിൽ രാഹു ഉത്രട്ടാതിയിലേക്ക് സംക്രമിക്കുന്നുണ്ട്.
ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറുകൾ നോക്കാം. ഞായറും തിങ്കളും ചൊവ്വ പ്രഭാതം വരെയും കന്നിക്കൂറുകാരുടെ അഷ്ടമരാശിയാണ്. തുടർന്ന് വ്യാഴാഴ്ച ഉച്ച വരെ തുലാക്കൂറുകാർക്കും തദനന്തരം ശനിയാഴ്ച രാത്രിവരെ വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.
മകം
വളരെ അനുകൂലമായ വാരമാണ്. ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. ന്യായമായ ആവശ്യങ്ങൾ നിറവേറാം. തൊഴിൽ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനാവും. പരാശ്രയത്വം ഒഴിവാകുന്നതാണ്. സ്വന്തം ബിസിനസ്സിൽ മുതൽമുടക്കിയ തുക ലാഭമായി വന്നുതുടങ്ങും. ബന്ധങ്ങളുടെ ദൃഢത നിലനിർത്താൻ കഴിയുന്നതാണ്. പ്രണയികൾക്ക് ഉല്ലസിക്കാനും ഭാവിയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിക്കും. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്.
പൂരം
മുൻപ് പ്രയത്നിച്ചിട്ടും സാധ്യമാകാത്തവ ഇപ്പോൾ അല്പമായ അധ്വാനം കൊണ്ടുതന്നെ സഫലമാവും. വിരോധികൾ ഇണങ്ങരാവും. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ, മേലധികാരികളാൽ അഭിനന്ദനം എന്നിവ വന്നു ചേരും. കലാപ്രവർത്തകർക്ക് നല്ല അവസരങ്ങൾ സംജാതമാകുന്നതായിരിക്കും. പൊതുപ്രവർത്തനം പൂർവ്വാധികം ഊർജ്ജത്തോടെ നയിക്കുവാനാവും. ക്രയവിക്രയങ്ങളിൽ അപ്രതീക്ഷിത ലാഭം വന്നെത്തുന്നതാണ്. ഭോഗസുഖം, മനസ്സന്തോഷം, ആവശ്യത്തിന് വിശ്രമം എന്നിവയുണ്ടാവും.
ഉത്രം
ചിങ്ങക്കൂറുകാർക്കാവും കൂടുതൽ നേട്ടങ്ങൾ. ഔദ്യോഗികമായി ഉയരാൻ സാധിക്കും. സഹപ്രവർത്തകർ ഉപദേശം തേടാം. പ്രതിസന്ധികളെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടക്കും. ആവശ്യങ്ങൾ നിറവേറ്റാൻ ധനം ഒരു തടസ്സമാവില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഇഷ്ടവിഷയങ്ങളിൽ പ്രവേശനം ലഭിച്ചേക്കും. മത്സരങ്ങൾ, അഭിമുഖങ്ങൾ എന്നിവയിൽ അനായാസ വിജയം ഉണ്ടാവുന്നതാണ്. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് വാരാദ്യ ദിവസങ്ങൾ ക്ലേശകരമാവും. പ്രവർത്തനങ്ങളിൽ സുഗമതയുണ്ടാവില്ല. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ശ്രദ്ധിക്കണം.
അത്തം
അഷ്ടമരാശിക്കൂറ് വാരാദ്യ ദിവസങ്ങളിൽ വരുന്നതിനാൽ കാര്യതടസ്സം ഉണ്ടാകും. തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന്
ഈ ദിവസങ്ങൾ ശുഭകരങ്ങളല്ലെന്നതും ഓർമ്മിക്കത്തക്കതാണ്. ബുധൻ മുതൽ അനുകൂലത പ്രതീക്ഷിക്കാം. സ്വതസിദ്ധമായ കഴിവുകൾ പുറത്തെടുക്കാനാവും. ചെലവ് നിയന്ത്രിക്കാൻ സാധിക്കും. ഇഷ്ട യാത്രകൾക്ക് സാധ്യതയുണ്ട്. ബന്ധു- സുഹൃൽ സമാഗമം പ്രതീക്ഷിക്കാം. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനാവും. ശുഭപ്രതീക്ഷ, ഊർജ്ജസ്വലത എന്നിവ വന്നെത്തും.
ചിത്തിര
കന്നിക്കൂറുകാർക്ക് വാരാദ്യവും തുലാക്കൂറുകാർക്ക് വാര മധ്യത്തിലും അഷ്ടമരാശി വരികകയാൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം. മറ്റു ദിവസങ്ങളിൽ പ്രവർത്തനങ്ങൾക്ക് അംഗീകാരവും ലക്ഷ്യപ്രാപ്തിയും ഭവിക്കും. കുടുംബ ജീവിതം സുഖകരമാവും. ശുഭവാർത്താ ശ്രവണം, ന്യായമായ ധനപ്രാപ്തി ഇവ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധാലുക്കളാവാൻ കഴിയും. ഉദ്യോഗസ്ഥലത്ത് സമാധാനം പുലരും. സാമൂഹികമായ അംഗീകാരം ഉണ്ടാവും. തുടങ്ങി വെച്ച കാര്യങ്ങൾ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോവാനാവും.
ചോതി
ചൊവ്വ, ബുധൻ ഒഴികെ മറ്റു ദിവസങ്ങൾ ഹിതകരങ്ങളാണ്. ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ഫലം കാണും. സംഘടനാ പ്രവർത്തനം വിജയകരമാവും. മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ചവെക്കും. ദാമ്പത്യത്തിൽ, ഏഴാം ഭാവത്തിൽ ചൊവ്വ തുടരുകയാൽ പിണക്കങ്ങളും കലഹങ്ങളും സാധ്യതകളാണ്. കുടുംബത്തിൻ്റെ പിന്തുണ കിട്ടാതെ വരാം. കൂട്ടുകച്ചവടവും ലാഭകരമല്ലെന്ന സ്ഥിതി വന്നേയ്ക്കും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. സമൂഹം ആദരിക്കുന്ന വ്യക്തികളുടെ വിരോധം സമ്പാദിച്ചേക്കും. ദൈവികകാര്യങ്ങൾക്ക് മുടക്കം വരാനിടയുണ്ട്.
വിശാഖം
പുതിയ കാര്യങ്ങൾ, ജോലി മാറുന്നത് ഇവയെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നതാണ്. നവസംരംഭങ്ങൾക്ക് കുടുംബത്തിൻ്റെ പിന്തുണ വേണ്ടത്രയുണ്ടാവില്ല എന്നത് ഖേദിപ്പിക്കും. അപവാദങ്ങളെയും ശത്രുക്കളെയും തൃണവൽഗണിക്കും. കലഹതല്പരരായ സുഹൃത്തുക്കളെ ഒഴിവാക്കുന്നതിൽ നിർബന്ധമുണ്ടാവും. വിജ്ഞാനാർജ്ജനത്തിന് സമയം കണ്ടെത്തും. അനുരാഗികൾക്ക് സന്തോഷാനുഭവങ്ങൾ ഭവിക്കുന്നതായിരിക്കും. ഉല്ലാസയാത്രകൾ നടത്തുവാൻ തീരുമാനിക്കുന്നതാണ്.കിടപ്പ് രോഗികൾക്ക് വിദഗ്ദ്ധ ചികിൽസ ലഭ്യമാക്കും.
അനിഴം
മുൻകൂട്ടി തീരുമാനിച്ചുറച്ച കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ വിജയിക്കും. പഴയ കാര്യങ്ങൾ ഓർമ്മയിലുണ്ടാവും. അവയുടെ ഊർജ്ജം പ്രചോദനമാകും. സഹപാഠികളുടെ സംഗമത്തിൽ സംബന്ധിക്കുവാനാവും സാമ്പത്തികമായി തൃപ്തിയുണ്ടാവുന്നതാണ്. സ്വാശ്രയ വ്യാപാരത്തിൽ ഏകാഗ്രതയുണ്ടാവും. നേട്ടങ്ങൾ കൈവരിക്കുമെങ്കിലും കൂടുതൽ പ്രതീക്ഷിക്കും. കുടുംബത്തിലെ പുതിയ തലമുറയുടെ ആശയങ്ങളോട് എതിർപ്പ് പുലർത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അലച്ചിലും മനക്ലേശവും ഭവിക്കുന്നതാണ്.
തൃക്കേട്ട
നക്ഷത്രനാഥൻ ഭാഗ്യരാശിയിൽ സഞ്ചരിക്കുന്നതും രാശിനാഥന് ബലമുള്ളതും ഗുണകരമായ കാര്യങ്ങളാണ്. തൊഴിലിടത്തിലെ അശാന്തികളകലും. സ്വസ്ഥമായി പ്രവൃത്തികളിൽ മുഴുകാനാവും. വ്യവഹാരങ്ങളിൽ അനുകൂലത പ്രതീക്ഷിക്കാം. വാഗ്ദാനം പാലിക്കുന്നതിൽ ആത്മാർത്ഥത പുലർത്തും. സംഘടനകളിൽ
സ്ഥാന ബഹുമാനാദികൾ വന്നുചേരുന്നതാണ്. യാത്രകൾക്ക് അവസരമുണ്ടാകും. ബന്ധുക്കളുമായി കൂടുതൽ അടുത്തേക്കും. വെള്ളി, ശനി ദിവസങ്ങളിൽ ആലസ്യമേറുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.