/indian-express-malayalam/media/media_files/SHLDjb6jjrBjPMoh0S46.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മിഥുനം രാശിയിൽ പുണർതം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ പൂയം മുതൽ അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ചൊവ്വ മേടം രാശിയിൽ ഭരണി- കാർത്തിക നക്ഷത്രങ്ങളിലാണ്.
ജൂലൈ 12 ന് ഇടവത്തിലേക്ക് സംക്രമിക്കുന്നു. ബുധൻ്റെ സഞ്ചാരം കർക്കടകം രാശിയിൽ പൂയം - ആയില്യം നാളുകളിലാണ്. ശുക്രൻ കർക്കടകം രാശിയിൽ, പുണർതം നാലാംപാദത്തിലും പൂയത്തിലുമായി സഞ്ചരിക്കുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലാണ്. എന്നാൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മീനം രാശിയിൽ രേവതിയിലുണ്ട്. എന്നാൽ ജൂലൈ 8 ന് പിൻഗതിയായി ഉത്രട്ടാതിയിൽ പ്രവേശിക്കും.
കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. (അത്തം മൂന്നാം പാദത്തിൽ നിന്നും രണ്ടാം പാദത്തിൽ). ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും ചൊവ്വാഴ്ച പ്രഭാതം വരെയും ധനുക്കൂറുകാർക്കാണ്. തുടർന്ന് വ്യാഴാഴ്ച സന്ധ്യവരെ മകരക്കൂറുകാർക്കാവും അഷ്ടമരാശിക്കൂറ്. അനന്തരം ശനിയാഴ്ച വരെ കുംഭക്കൂറുകാർക്കായിരിക്കും അഷ്ടമചന്ദ്രസ്ഥിതി ഭവിക്കുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
മകം
പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ടു മുന്നേറാനാവും. പരീക്ഷണോത്സുകമാവും മനസ്സ്. രാഷ്ട്രീയ കാര്യാലോചനകളിൽ സക്രിയമായി പങ്കെടുക്കും. കാര്യങ്ങൾ തുറന്നു പറയുന്നതു മൂലം ശത്രുക്കൾ വർദ്ധിക്കാം. ചെലവ് വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടായേക്കും. അതിന്മേൽ ചെറിയ കുടുംബ കലഹം ഉണ്ടാവാം. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനവസരം സിദ്ധിക്കുന്നതാണ്. വാരാദ്യം യാത്രകൾ ഉണ്ടായേക്കാം. ബുധൻ, വ്യാഴം ദിവസങ്ങൾ കൂടുതൽ മികച്ചതായിരിക്കും. ആഹ്ളാദിക്കാനും ആശ്വസിക്കാനും അവസരം ഭവിക്കുന്നതാണ്.
പൂരം
വാരാദ്യം എല്ലാക്കാര്യങ്ങളിലും സുഗമത കുറയാം. നിഷ്പ്രയോജന യാത്രകളും സാധ്യതകളാണ്. കരുതി വെച്ച ധനം മറ്റാവശ്യങ്ങൾക്കായി ചിലവഴിക്കേണ്ടി വന്നേക്കും. ചില കാര്യങ്ങളിൽ അവ്യക്തതയുണ്ടാവും. ക്രമേണ സ്ഥിതി മാറും. ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവും പരിചയസമ്പത്തും അംഗീകരിക്കപ്പെടും. ബിസിനസ്സിൽ മുതൽ മുടക്കിന് അത്ര അനുകൂലമായ കാലമാണെന്ന് പറയുക വയ്യ. സാങ്കേതിക കോഴ്സുകൾ പഠിക്കാൻ അവസരം സിദ്ധിക്കും. കുടുംബത്തിൽ വിവാഹ നിശ്ചയം നടന്നേക്കും.
ഉത്രം
സാധാരണ ചെയ്യുന്ന പ്രവൃത്തികൾ തടസ്സം കൂടാതെ നിർവഹിക്കുവാനാവും. കുറച്ചു നാളായി അനുഭവപ്പെട്ടിരുന്ന മാനസിക പിരിമുറുക്കത്തിന് അയവു വരുന്നതാണ്. സുഹൃത്തുക്കളുടെ വാഗ്ദാനങ്ങൾ ഒട്ടൊക്കെ ഫലവത്താകും. പുതിയ സംരംഭങ്ങളുടെ കാര്യത്തിൽ വിദ്ഗ്ദ്ധോപദേശം തേടുന്നത് ഉചിതമായിരിക്കും. വ്യവഹാരങ്ങൾ ഒഴിവാക്കി അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുകയാവും കരണീയം. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിൽ വിജയം വരിക്കും.
അത്തം
ചന്ദ്രസഞ്ചാരം പതിനൊന്നാം ഭാവത്തിലാകയാൽ ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മേന്മ കൂടും. വാക്കുകൾ ബഹുമാനിക്കപ്പെടും. ലഘുയത്നത്താൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കും. ഭോഗസുഖം, ഭക്ഷണ സംതൃപ്തി എന്നിവയുണ്ടാവും. മറ്റു ദിവസങ്ങളിൽ സമ്മിശ്രമായ ഫലം പ്രതീക്ഷിക്കാം. കാര്യസാധ്യത്തിന് യാത്രകൾ വേണ്ടി വന്നേക്കും. ഗാർഹിക കാര്യങ്ങൾക്ക് ചെലവേർപ്പെടും. സഹപ്രവർത്തകർ നിസ്സഹകരിക്കുന്നതായി തോന്നും. ബിസിനസ്സിൽ നിരുന്മേഷത അനുഭവപ്പെടുന്നതാണ്. സമയനിഷ്ഠ പാലിക്കാൻ കഴിഞ്ഞേക്കില്ല.
ചിത്തിര
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ തൃപ്തികരമായി നിറവേറ്റും. മാറ്റങ്ങളെ ഉൾക്കൊള്ളാൻ മനസ്സുകൊണ്ട് സന്നദ്ധമാകും. സംഘടനാ പ്രവർത്തനത്തിൽ കൂടുതൽ താത്പര്യമുണ്ടാവും. നേതൃപദവി ലഭിച്ചേക്കാം. വ്യാപാരത്തിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കും. അഭിമുഖ പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തും. കുടുംബ ക്ഷേത്രത്തിൻ്റെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങളിൽ മുൻകൈയെടുക്കും. ബാല്യകാല സുഹൃത്തുക്കളെ കാണും. ചരിത്രത്തിൽ ആധികാരിക അറിവ് സമ്പാദിക്കും.
ചോതി
ഒട്ടൊക്കെ ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവുന്ന വാരമാണ്. ന്യായമായ കാര്യങ്ങൾ തടസ്സമില്ലാതെ നടന്നുകിട്ടും.
തൊഴിൽ രംഗം ഉന്മേഷകരമാവുന്നതാണ്. യാത്രകൾ കൊണ്ട് ഗുണമുണ്ടാവും. ഊഹക്കച്ചവടത്തിൽ നിന്നും ലാഭം വന്നെത്തുന്നതാണ്. മനസ്സന്തോഷം വർദ്ധിക്കുന്ന വാർത്തകൾ കേൾക്കും. പ്രണയ ബന്ധം ദൃഢമായേക്കും. ദാമ്പത്യ ജീവിതത്തിലെ കയ്പുരസത്തിന് വിരാമം വരുന്നതാണ്. ഏജൻസി പ്രവർത്തനം വിപുലീകരിച്ചേക്കും. കുടുംബത്തിലെ മുതിർന്നവരെ സന്ദർശിക്കുന്നതാണ്.
വിശാഖം
സഹജ സിദ്ധികൾ തിരിച്ചറിയാനും അവ പ്രയോജനപ്പെടുത്താനും കഴിയുന്നതാണ്. കുടുംബ ജീവിതം സമാധാനപൂർണ്ണമാവും. യുവാക്കളുടെ വിവാഹാലോചനകൾ ഫലം കാണുന്നതാണ്. കൊതിച്ച വസ്തുക്കൾ മോഹവില കൊടുത്തു വാങ്ങിയേക്കും. എന്നാൽ സാമ്പത്തിക സമ്മർദ്ദങ്ങൾ തുടരപ്പെടാം. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുന്നതാണ്. ബന്ധുസമാഗമം സന്തോഷമേകും. തൊഴിലിടത്തിലെ അലോസരങ്ങളെ അവഗണിച്ചേക്കും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ ഉണ്ടാവും.
അനിഴം
പല നിലയ്ക്കും മെച്ചപ്പെട്ട വാരമാണ്. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. കരുതിയ കാര്യങ്ങൾ പൂർത്തീകരിക്കാനാവും. ധനപരമായി മെച്ചമുണ്ടാവുന്നതാണ്. സ്വതന്ത്ര നിലപാടുകൾക്കും സൃഷ്ടിപരമായ ആശയങ്ങൾക്കും സമൂഹത്തിൻ്റെ സ്വീകാര്യത ലഭിക്കും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാനുള്ള അവധി അനുവദിച്ചു കിട്ടുന്നതാണ്. ക്ഷേത്രാടനത്തിന് യോഗമുണ്ട്. വിദ്യാഭ്യാസ ലോണിന് രേഖകൾ സമർപ്പിക്കും. ഇലക്ട്രിക് / ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുന്നതാണ്.
തൃക്കേട്ട
നയചാതുരി ബിസിനസ്സിൽ ഗുണം ചെയ്യും. ഉദ്യോഗസ്ഥർ പുതിയ ദൗത്യങ്ങൾ മനസ്സില്ലാമനസ്സോടെ ഏറ്റെടുക്കുന്നതാണ്. ഉന്നത പഠനത്തിന് ആശിച്ച വിധം തന്നെ അവസരം ലഭിക്കും. പഴയ കടബാധ്യതകൾ ഘട്ടം ഘട്ടമായി കൊടുത്തു തീർക്കാൻ വ്യവസ്ഥയാവും. വാഹനം അറ്റകുറ്റപ്പണി കഴിഞ്ഞ് ഉപയോഗിക്കാനാവും. പ്രണയികൾക്ക് നല്ല വാരമാണ്. പ്രണയാഭ്യർത്ഥന സ്വീകരിക്കപ്പെടും. സഞ്ചാരശീലർക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനാവും.
കൂട്ടു ബിസിനസ്സുകൾ തുടരാനാഗ്രഹിക്കും. ചെലവുകൾ കൂടുന്നതായി തോന്നും. ആരോഗ്യപുഷ്ടി ഉണ്ടാവും.
Read More
- Daily Horoscope July 05, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, 2024 July 7- 13
- ശുക്രൻ കർക്കടകം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ: Venus Transit
- Weekly Horoscope (June 30– July 06, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.