/indian-express-malayalam/media/media_files/2025/04/03/vishuphalam-2025-astrological-predictions-moolam-to-revathi-613818.jpg)
Vishu Phalam 2025 Horoscope: വിഷു ഫലം
Vishu Phalam 2025: കൊല്ലവർഷം 1200 ലെ വിഷു, മേടമാസം ഒന്നാം തീയതിയായ ഏപ്രിൽ 14 ന് തിങ്കളാഴ്ചയാണ്. കേരളീയരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. വിഷുക്കണിയും കണിക്കൊന്നയും ഗ്രാമത്തിൻ്റെ മണവും കൈനീട്ടവും വിഷുസ്സദ്യയും മറ്റും ഏതു യന്ത്രവൽകൃത ലോകത്തിൽ ജീവിച്ചാലും നമ്മുടെ മനസ്സിലുണ്ടാവട്ടെ എന്ന് കവികൾ ആശംസിക്കുന്നു.
ആദിത്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നതിനെ വിഷുവെന്നു വിളിക്കുന്നു. വിഷുവത് അഥവാ 'Equinox' ആണ് 'വിഷു' എന്നറിയപ്പെടുന്നത്. ഭൂമിയിൽ രാപ്പകലുകൾ തുല്യമാകുന്നത് എന്നാണ് അതിൻ്റെ വാച്യാർത്ഥം. ഉപോദ്ബലകങ്ങളായ കുറെ ഐതിഹ്യങ്ങളും നിലവിലുണ്ട്.
ആദിത്യൻ്റെ സംക്രമസമയത്തെ നക്ഷത്രത്തെയും ഗ്രഹങ്ങളുടെ ഗോചര ഫലങ്ങളെയും വിഷുഫലത്തിൽ പരിഗണിക്കാറുണ്ട്. വിഷുഫലം സംവത്സരഫലമാണ്. ഒരു വർഷത്തേക്കെന്ന് അർത്ഥം.
മേടം ഒന്നു മുതൽ ഫലം കണക്കാക്കുന്നു. മലയാളി വിഷുഫലത്തിന് ഒരുകാലത്ത് വലിയ പ്രാധാന്യം നൽകിപ്പോന്നു. നാളികേര ഫലം, രാജ്യത്തിൻ്റെ ഒരു വർഷത്തെ ഫലം, നവനായകന്മാരുടെ ഫലം തുടങ്ങിയവയും വിഷുഫലത്തിൽ ഉൾക്കൊള്ളിക്കുന്ന പതിവുണ്ട്.
വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ ആദിത്യൻ്റെ മേടസംക്രമ സമയത്ത് ഏതുരാശിയിൽ നിൽക്കുന്നു എന്നതും ഫലചിന്തയിൽ കടന്നുവരാറുണ്ട്. സൂര്യസംക്രമം നടക്കുന്നത് ഏതു വാരം, നക്ഷത്രം, തിഥി, കരണം, യോഗം എന്നിവയിലാണ് സംഭവിച്ചത് എന്നതും പരിശോധിക്കുന്നു. ഗ്രഹങ്ങളിൽ ശനി, വ്യാഴം എന്നിവയെ സവിശേഷം അടയാളപ്പെടുത്തുന്നു. ഇക്കൊല്ലം 'മീനശ്ശനി ഇടവ വ്യാഴം' നിന്ന കൊല്ലത്തിലാണ് വിഷുദിനം വരുന്നത്.
മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വിഷുഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ ആയില്യം വരെ
മൂലം
കണ്ടകശ്ശനിക്കാലമുണ്ടെങ്കിലും വിഷുഫലത്തിൻ്റെ അനുകൂലതയാൽ കാര്യങ്ങൾ വരുതിയിലാവും. സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളാനും മുഖം നോക്കാതെ പ്രവർത്തിക്കാനും സാധിക്കുന്നതാണ്. ലക്ഷ്യം നിശ്ചയിച്ച് അതിലേക്കെത്താൻ കഴിഞ്ഞേക്കും. മനസ്സിൻ്റെ ഉന്മേഷവും പുതിയ കാര്യങ്ങൾ അറിയാനുള്ള ഉത്സുകതയും കഠിനാധ്വാനവും വിജയത്തിലേക്ക് നയിക്കുന്നതാണ്. സംഘടനയിലും പ്രസ്ഥാനത്തിലും തിളങ്ങുന്നതാണ്. ദാമ്പത്യത്തിലും സൽഫലങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്നതിന് സന്ദർഭമുണ്ടാവും. വിദേശധനം കരഗതമാവും. ഉന്നതബിരുദം കരസ്ഥമാക്കാൻ കാലം ഹിതകരമാണ്. വ്യവസായ പുരോഗതി, ഉദ്യോഗത്തിൽ അഭ്യുദയം ഇവ യാഥാർത്ഥ്യമാവും.
പൂരാടം
പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന വർഷമാവും. എന്നാൽ നേട്ടങ്ങൾ യാദൃച്ഛികമാവില്ല. ആസൂത്രണ മികവും നിരന്തര പ്രയത്‌നവും വിജയഘടകങ്ങളാവും. ഭൂമിയിൽ നിക്ഷേപം നടത്താനും ലാഭം ഉണ്ടാക്കാനും സാഹചര്യം അനുകൂലമാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലൂടെ സഫലമാവുന്നതാണ്. ചെറുസംരംഭങ്ങളിൽ ഏർപ്പെട്ടവർക്കും ഇക്കാലം ഗുണകരമാണ്. മികച്ച നേട്ടങ്ങൾ കൈവരിച്ചതിനാൽ തൊഴിലിടത്തിൽ ആദരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് അനുദിക്കിൽ ഉപരിപഠനം സാധകമാവും. സന്താനജന്മത്താൽ ധന്യത അനുഭവിക്കും. കടബാധ്യതകൾ ഖണ്ഡശയായി കൊടുത്തുതീർക്കാൻ കഴിഞ്ഞേക്കും. ശയ്യാവലംബികൾക്ക് ചികിൽസാമാറ്റം മൂലം ആശ്വാസം വരുന്നതാണ്.
ഉത്രാടം
ധനുക്കൂറിലെ ഉത്രാടം നാളുകാർക്ക് കണ്ടകശനിയുണ്ട്. മകരക്കൂറിലെ ഉത്രാടം നാളുകാർക്ക് ഏഴര ശ്ശനിക്കാലം അവസാനിച്ചു കഴിഞ്ഞു. വിഷുഫലം കൂറേതായാലും ഉത്രാടം നാളുകാർക്ക് വളരെ നന്മകൾ സൃഷ്ടിക്കുന്നതാണ്. ഉദ്യോഗസിദ്ധി കൈവരും. സാമൂഹികമായ അവഗണനകൾക്ക് അവസാനം ഉണ്ടായേക്കും. പുതുകാര്യങ്ങൾ തുടങ്ങുന്നതിന് സർക്കാർ അനുമതി ലഭ്യമാവുന്നതാണ്. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും. സുഹൃൽ ബന്ധങ്ങൾ ദൃഢമാവുന്നതാണ്. വീടുപണി പൂർത്തിയാക്കി താമസം ആരംഭിക്കാനാവും. ഭൗതിക തൃഷ്ണകൾ പുലർത്തുമ്പോഴും പരപുച്ഛവും അഭ്യസൂയയും പുലർത്തില്ല. ആത്മീയമായ സാധനകൾക്കും നേരം കണ്ടെത്തുന്നതാണ്. മക്കളുടെ ശ്രേയസ്സിൽ അഭിമാനമുണ്ടാവും.
തിരുവോണം
ഗോചരാലും വിഷുഫലം അനുസരിച്ചും അനുകൂലമായ വർഷമാണ്. ന്യായമായതും സമയോചിതവുമായ പ്രവർത്തനങ്ങൾ നടത്തി നേട്ടങ്ങൾ കൈവരിക്കാനാവും. തൊഴിൽ രംഗത്ത് അപരാജിതത്വം തുടരുന്നതാണ്. ലാഭകരമായ പ്രവൃത്തികളിൽ മുഴുകും. ഏകോപനം കുറ്റമറ്റതാവും. നേതൃപദവിയിലേക്ക് ഉയർത്തപ്പെടും. സ്വാശ്രയ വ്യാപാരത്തിൽ വിജയം വന്നെത്തുന്നതാണ്. വിദേശത്തുകഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനും സ്വന്തമായ വരുമാന മാർഗങ്ങൾ കണ്ടെത്താനുമാവും. കുടുംബ വൃത്തങ്ങളിൽ സ്വീകര്യതയേറുന്നതാണ്. പുതുതലമുറയ്ക്ക് മാതൃകയാവത്തക്ക വിധമുള്ള കർമ്മങ്ങൾ ആവിഷ്കരിച്ച് അവയിൽ വ്യാപൃതരാവും. ഭൂമി, സ്വർണം ഇവയിൽ നിന്നും ആദായമേറും. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനാവും. ഗാർഹിക സുഖം ആസ്വദിക്കുന്നതാണ്.
Also Read: Vishu Phalam 2025: വിഷു ഫലം; മകം മുതൽ തൃക്കേട്ട വരെ
അവിട്ടം
മകരക്കൂറുകാർക്ക് ഗോചരാൽ ഏറെ അനുകൂലമായ കാലഘട്ടമാണ്. കുംഭക്കൂറുകാർ രാഹു-ശനി എന്നിവ ദുരിതപ്രദന്മാരാവും. വിഷുഫലത്തിൽ അവിട്ടത്തിന് ദോഷാനുഭവങ്ങളാണ് അധികവും പ്രവചിക്കപ്പെടുന്നത്. കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരാം. പൂർണ്ണമായ സമർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഉദ്യമങ്ങളിൽ വിജയം നേടാൻ കഴിയൂ! സഹായ വാഗ്ദാനങ്ങൾ ലംഘിക്കപ്പെടും. സമയോചിതമായ ഇടപെടലുകൾക്ക് കഴിയാതെ വന്നേക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ചതി പറ്റാതിരിക്കാൻ തികഞ്ഞ ജാഗ്രത ആവശ്യമാണ്. പുറമേ നിന്നുള്ള ശത്രുവല്ല, പലപ്പോഴും താൻ തന്നെ തനിക്ക് ശത്രുവാകുന്ന സ്ഥിതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ആലസ്യം ഭവിക്കാം. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. കിടമത്സരങ്ങളിൽ നിന്നും പിൻതിരിയുക ഉചിതമായിരിക്കും.
ചതയം
ആത്മവിശ്വാസം പിന്നിലോട്ടു പോവും. ഉൾഭയവും ആശങ്കകളും വിഷാദശീലവും മുന്നിലെത്തും. തീരുമാനങ്ങൾ കൈക്കൊള്ളാൻ പലപ്പോഴും കൂടുതൽ സമയം എടുത്തേക്കും. ഇഷ്ടമില്ലാഞ്ഞിട്ടും പരാശ്രയത്വം അനിവാര്യമാവും. സാധാരണ രോഗങ്ങൾ വന്നാൽപ്പോലും പെട്ടെന്ന് മാറുകയില്ല. സുഖഭോഗങ്ങൾക്ക് ഭംഗമുണ്ടാവും. ഒപ്പമുള്ളവർ തന്നെ വിമർശിച്ചെന്നുവരാം. കുടുംബ ബഡ്ജറ്റ് കൈപ്പിടിയിൽ ഒതുങ്ങിയേക്കില്ല. ബിസിനസ്സ് യാത്രകൾ നിരന്തരമാവും. കായികാധ്വാനമുള്ള ജോലികളിൽ നിന്നും നേട്ടങ്ങൾ വരാം. കമ്മീഷൻ വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. ദിവസ വേതനക്കാർക്ക് എന്നും ജോലി ലഭിക്കും. കരാറുകളിലൂടെ സാമ്പത്തികം പ്രതീക്ഷിക്കാം. പാരമ്പര്യചികിത്സകൾ ഫലവത്താകുന്നതാണ്. വിദേശത്തു കഴിയുന്നവരുടെ വിസാ പ്രശ്നങ്ങൾ വർഷമധ്യത്തിൽ പരിഹൃതമാവും.
പൂരൂരുട്ടാതി
പലതരം സമ്മർദ്ദങ്ങളിലാണ് പൂരൂരുട്ടാതി നാളുകാർ ഇപ്പോൾ. വിഷുഫലവും കൂടി വിപരീതമാവുന്നു. ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടുന്ന കാലഘട്ടമാണ്. തിടുക്കവും അനവധനാനതയും കുഴപ്പത്തിലാക്കും. പ്രവർത്തനങ്ങളിൽ ആലസ്യം നിറയും. പലപ്പോഴും പതിനൊന്നാം മണിക്കൂറിലാവും കർമ്മനിരതരാവുക. വലിയ അധ്വാനത്തിന് ചിലപ്പോൾ പ്രതിഫലം വളരെക്കുറവായി ലഭിച്ചെന്നു വരാം. വിഹിതമായ സ്ഥാനക്കയറ്റം നീളുന്ന സ്ഥിതിയുണ്ടായേക്കും. സാമ്പത്തികമായി വളരെ കരുതൽ വേണം. സൈബർ ചതിക്കുഴികളിൽ വഞ്ചിതരാവുന്നത്. കുടുംബ ജീവിതത്തിൽ അനുരഞ്ജനം ആവശ്യമാണ്. ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് മുതിരരുത്. വയോജനങ്ങളുടെ പരിരക്ഷയ്ക്ക് സമയം കണ്ടെത്തണം. ക്ഷേത്രാടനങ്ങൾ മനശ്ശാന്തിയേകാം.
ഉത്രട്ടാതി
ജന്മശനിക്കാലമാണ് നടക്കുന്നത് എന്നിരുന്നാലും വിഷുഫലം ഗുണപ്രദമാണ്. പരിശ്രമങ്ങൾ ഒട്ടൊക്കെ ഫലവത്താകും. കർമ്മമേഖലയിൽ സ്വാതന്ത്ര്യം ഉണ്ടാവും. സ്വന്തം വാക്കുകളും നിലപാടുകളും ഒപ്പമുള്ളർ സ്വീകരിക്കുന്നതാണ്. എന്നാൽ ആലോചനാപൂർവ്വം വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ധനപരമായ ഇടപാടുകൾ നിയമവിധേയമാവാൻ ശ്രദ്ധയുണ്ടാവണം. നിലവിലുള്ള വ്യവഹാരങ്ങൾ തീർത്തും ഒഴിവാവില്ല. കിട്ടേണ്ട തുക മുഴുവൻ കിട്ടണമെന്നില്ല. ഗൃഹനിർമ്മാണത്തിൻ്റെ പുരോഗതി മന്ദഗതിയിലാവും. വയോജനങ്ങൾക്ക് താത്കാലികമായി ജന്മനാട്ടിൽ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഭവിക്കാം. വ്യായാമം, ഭക്ഷണ ക്രമീകരണം, പതിവായുള്ള ആരോഗ്യ പരിശോധന എന്നിവ അനിവാര്യമാണെന്നത് മറക്കരുത്.
രേവതി
മീനക്കൂറിൽ അനിഷ്ടപ്രദന്മാരായ ശനിരാഹുക്കൾ സഞ്ചരിക്കുകയാണ്. എന്നാൽ ഗോചരഫലത്തിൽ നിന്നും വ്യത്യസ്തമാണ് രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ വിഷുഫലം. നേട്ടങ്ങൾ സംജാതമാകുന്ന കാലഘട്ടമാണ്. കർമ്മരംഗത്തും തൊഴിൽ രംഗത്തും വളർച്ച പ്രകടമാവും. അകലങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് ഗൃഹസമീപത്തിലേക്ക് മാറ്റം കിട്ടുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ അർഹതക്കൊത്ത നിയമനം ലഭിക്കും. കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിൽ ഏർപ്പെട്ട നിയമ പ്രശ്നങ്ങൾ പരിഹൃതമാവും. ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഗവേഷണം പൂർത്തിയാക്കാനാവും. ധനവ്യയം കൂടാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിക്കാം. എന്നിരുന്നാലും ജീവിതത്തിൻ്റെ പ്രവാഹഗതി തുടരപ്പെടുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.