scorecardresearch

Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ ആയില്യം വരെ

Vishu Phalam 2025 Malayalam: അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ വിഷുഫലം ഇവിടെ അപഗ്രഥിക്കുന്നു

Vishu Phalam 2025 Malayalam: അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ വിഷുഫലം ഇവിടെ അപഗ്രഥിക്കുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vishuphalam

Vishu Phalam 2025 Horoscope: വിഷു ഫലം

Vishu Phalam 2025 Yearly Horoscope: കൊല്ലവർഷം 1200 ലെ വിഷു, മേടമാസം ഒന്നാം തീയതിയായ ഏപ്രിൽ 14 ന് തിങ്കളാഴ്ചയാണ്. കേരളീയരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. വിഷുക്കണിയും കണിക്കൊന്നയും ഗ്രാമത്തിൻ്റെ മണവും കൈനീട്ടവും വിഷുസ്സദ്യയും മറ്റും ഏതു യന്ത്രവൽകൃത ലോകത്തിൽ ജീവിച്ചാലും നമ്മുടെ മനസ്സിലുണ്ടാവട്ടെ എന്ന് കവികൾ ആശംസിക്കുന്നു.

Advertisment

ആദിത്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നതിനെ വിഷുവെന്നു വിളിക്കുന്നു. വിഷുവത് അഥവാ 'Equinox' ആണ് 'വിഷു' എന്നറിയപ്പെടുന്നത്. ഭൂമിയിൽ രാപ്പകലുകൾ തുല്യമാകുന്നത് എന്നാണ് അതിൻ്റെ വാച്യാർത്ഥം. ഉപോദ്ബലകങ്ങളായ കുറെ ഐതിഹ്യങ്ങളും നിലവിലുണ്ട്.
  
ആദിത്യൻ്റെ  സംക്രമസമയത്തെ നക്ഷത്രത്തെയും ഗ്രഹങ്ങളുടെ ഗോചര ഫലങ്ങളെയും വിഷുഫലത്തിൽ പരിഗണിക്കാറുണ്ട്. വിഷുഫലം സംവത്സരഫലമാണ്. ഒരു വർഷത്തേക്കെന്ന് അർത്ഥം.

മേടം ഒന്നു മുതൽ ഫലം കണക്കാക്കുന്നു. മലയാളി വിഷുഫലത്തിന് ഒരുകാലത്ത് വലിയ പ്രാധാന്യം നൽകിപ്പോന്നു. നാളികേര ഫലം, രാജ്യത്തിൻ്റെ ഒരു വർഷത്തെ ഫലം, നവനായകന്മാരുടെ ഫലം തുടങ്ങിയവയും വിഷുഫലത്തിൽ ഉൾക്കൊള്ളിക്കുന്ന പതിവുണ്ട്. 

വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ ആദിത്യൻ്റെ മേടസംക്രമ സമയത്ത് ഏതുരാശിയിൽ നിൽക്കുന്നു എന്നതും ഫലചിന്തയിൽ കടന്നുവരാറുണ്ട്. സൂര്യസംക്രമം നടക്കുന്നത് ഏതു വാരം, നക്ഷത്രം, തിഥി, കരണം, യോഗം എന്നിവയിലാണ് സംഭവിച്ചത് എന്നതും പരിശോധിക്കുന്നു. ഗ്രഹങ്ങളിൽ ശനി, വ്യാഴം എന്നിവയെ സവിശേഷം അടയാളപ്പെടുത്തുന്നു. ഇക്കൊല്ലം 'മീനശ്ശനി ഇടവ വ്യാഴം' നിന്ന കൊല്ലത്തിലാണ് വിഷുദിനം വരുന്നത്. 

Advertisment

അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ വിഷുഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

വിഷുഫലം അനുസരിച്ച് അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് മുൻതൂക്കം ഭവിക്കുന്നത്,  ഗുണാനുഭവങ്ങൾക്കാണ്.  കർമ്മസാഫല്യം ഉണ്ടാവും. ഇച്ഛാശക്തി ദൃഢമാവുന്നതാണ്. സ്ഥിരോത്സാഹത്താൽ നേട്ടങ്ങൾ വന്നെത്തും. അധികാരികളുടെ പ്രീതിനേടുന്നതാണ്. സ്ഥാനക്കയറ്റമോ/സ്വതന്ത്ര ചുമതലയോ കൈവരുവാനിടയുണ്ട്. സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം ഗുണകരമാവും. തൊഴിലിടത്തിൽ സമാധാനം പുലരുന്നതാണ്. പുതുജോലി തേടുന്നവർ നിരാശപ്പെടില്ല. നിക്ഷേപങ്ങളിൽ നിന്നും ആദായം കൂടുന്നതാണ്. ദാമ്പത്യത്തിൽ സൗഖ്യമുണ്ടാവും. അന്യദേശങ്ങൾ സന്ദർശിക്കാൻ അവസരം സിദ്ധിക്കും. മാനസികോല്ലാസത്തിന് സാഹചര്യം അനുകൂലമാവുന്നതാണ്. സമൂഹത്തിൻ്റെ അംഗീകാരം അനായാസം കൈവന്നേക്കും.

ഭരണി

വിഷുഫലമനുസരിച്ച് ഗുണകരവും പലനിലയ്ക്ക് അഭ്യുദയം വരുന്നതുമാണ് ഭരണിക്കാരുടെ വാർഷിക ഫലം. ബിസിനസ്സിൽ നേട്ടങ്ങൾ വരാം. നഷ്ടത്തിലായിരുന്ന പ്രസ്ഥാനം ലാഭത്തിലാ വാനിടയുണ്ട്. കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾ തിരിച്ചറിയാനാവും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലബ്ധി പ്രതീക്ഷിക്കാം.  ബിരുദാനന്തര വിദ്യാഭ്യാസം അന്യദേശത്താവാൻ സാധ്യത കാണുന്നു. പൊതുപ്രവർത്തനം അഭംഗുരമാവും. അഴിമതി രാഹിത്യം വ്യക്തിത്വത്തെ സമാദരണീയമാക്കും. പ്രണയികൾക്ക് ആദ്യത്തെ തടസ്സങ്ങളെ മറികടന്ന് ഒന്നിക്കാനാവും. മൂന്നാം തലമുറയെ ലാളിക്കാനവസരം ഭവിക്കുന്നതാണ്. യാത്രകൾ വർദ്ധിക്കും. തന്മൂലം മാനസികോല്ലാസം സാധ്യമാകും. ജീവിത നിലവാരം മെച്ചപ്പെടുന്നതാണ്.

കാർത്തിക

ഗോചരഫലമനുസരിച്ച്  മേടക്കൂറുകാരായ കാർത്തികക്കാർക്ക് അത്ര അനുകൂലമല്ലാത്ത കാലഘട്ടമാണ്. എന്നാൽ ഇടവക്കൂറുകാർക്ക് നേട്ടങ്ങൾ ധാരാളം ഉണ്ടാവുന്ന സാഹചര്യം ഭവിക്കും. എന്നാൽ വിഷുഫലം അനുസരിച്ച് ഇരുകൂറുകളിലും ജനിച്ച   കാർത്തികക്കൂറുകാർക്ക് നേട്ടങ്ങൾ ആസന്നമാവുന്നതാണ്. രോഗഗ്രസ്തർക്ക് സ്വസ്ഥവൃത്തിയിലേക്ക് മടങ്ങാനാവും. വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടുന്നതാണ്. സർക്കാരിൽ നിന്നും നേട്ടങ്ങൾ / ആനുകൂല്യങ്ങൾ ഇവ പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ ഭവിക്കും. ചെറുപ്പക്കാർ ലക്ഷ്യബോധത്തോടെ കർമ്മവ്യാപൃതരാവും. വിവാഹ സാധ്യത തള്ളിക്കളയാനാവില്ല. ഗൃഹനിർമ്മാണം പൂർത്തീകരിച്ചേക്കും. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയും. കലാപരമായ സിദ്ധികൾക്ക് ബഹുജനങ്ങളിൽ നിന്നും അംഗീകാരം കൈവരുന്നതാണ്.

രോഹിണി

ഗോചരാലും വിഷുഫലമനുസരിച്ചും അനുകൂലത എല്ലാ രംഗത്തുമുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ മുഴുവനായും സഫലീകരിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി, വേതന വർദ്ധനവ് ഇവയുണ്ടാവും. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതായിരിക്കും. ജോലി അന്വേഷിച്ചു വിഷമിച്ചവർക്ക് അർഹതയ്ക്കനുസരിച്ചുള്ള പദവി ലഭിക്കുന്നതാണ്. സാമ്പത്തിക ക്ലേശങ്ങളിൽ നിന്നും മുക്തനാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതാണ്. ബിസിനസ്സ് വളരുന്നതിന് സാഹചര്യം ഇണങ്ങും. നവസംരംഭങ്ങൾ തുടങ്ങാനുമാവും. വ്യക്തിസ്വാതന്ത്ര്യം അനുഭവപ്പെടും. ഭൗതിക സംതൃപ്തിക്കൊപ്പം ആത്മീയമായ സൗഖ്യവും പ്രതീക്ഷിക്കാവുന്ന കാലഘട്ടമാണ്.

മകയിരം

വിഷുഫലം അനുകൂലമല്ല. എന്നാൽ ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് ഗുണഫലങ്ങൾ പലതും അനുഭവവേദ്യമാവും.  സ്ഥിരമായ തൊഴിലും വേതനവും വന്നുചേരുന്നതാണ്. നാട്ടിലെ വസ്തുവിറ്റ് ആ പണം ഉപയോഗിച്ച് പട്ടണത്തിൽ ഫ്ളാറ്റ് വാങ്ങാനാവും. വ്യവഹാരങ്ങൾ കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കാൻ കഴിയുന്നതാണ്. പ്രണയികൾ വിവാഹജീവിതത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് ഏതുകാര്യവും വൈകി മാത്രമാവും ഫലവത്താവുക. വ്യപാരത്തിൽ ആദായം കുറയാനിടയുണ്ട്. ധനപരമായ അമളികൾ വരാനിടയുള്ളതിനാൽ കരുതലുണ്ടാവണം. അടുത്ത ബന്ധുക്കളുടെ വേർപാട് മനക്ലേശത്തിന് കാരണമാകുന്നതാണ്. വാഹനം, യന്ത്രം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം.

തിരുവാതിര

വിജയിക്കുന്നതിന് തീവ്രശ്രമം ആവശ്യമായി വരും   സംരംഭങ്ങൾ തടസ്സപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.  ചെയ്തുപോരുന്ന ജോലി ഉപേക്ഷിക്കുന്നതിന് പ്രേരണ വരും. എന്നാൽ മറ്റൊരു ജോലി ലഭിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടാവാതെ നിലവിലെ ജോലി ഉപേക്ഷിക്കരുത്. സ്നേഹബന്ധം ശിഥിലമാവാനിടയുണ്ട്. പണച്ചെലവ് അമിതമാവും. സുഹൃത്തുക്കളുമായി പിണങ്ങിയകലും. അകാരണമായി വിഷാദിക്കും. ക്ഷോഭിക്കുന്ന ശീലമേറുന്നതാണ്. എല്ലാരംഗത്തിലും സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതി. കബളിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ ഏതുകാര്യത്തിലും ജാഗ്രത ആവശ്യമാണ്. രോഗങ്ങൾ ഇടക്കിടെ ഉപദ്രവിക്കാം. നികുതികളും മറ്റും അടയ്ക്കുന്നതിൽ വീഴ്ച വരാനിടയുണ്ട്. വിദേശത്ത് പഠനം / തൊഴിൽ ഇവ സാധ്യമായേക്കും.

പുണർതം

സമ്മിശ്രഫലമുണ്ടാവുന്ന വർഷമാണ്. കാര്യസാധ്യത്തിന് പതിവിലും പ്രയത്നിക്കേണ്ടി വരാം.  ചിലപ്പോൾ സുലഭവസ്തുക്കൾ ദുർലഭമായി തോന്നും. ആഗ്രഹസാഫല്യത്തിന് കൂടുതൽ കാത്തിരിപ്പ് ആവശ്യമാവും. നിർദ്ദേശങ്ങൾ ആജ്ഞകളാക്കി മാറ്റിയാലും പ്രതീക്ഷിച്ച പിന്തുണ കിട്ടിയേക്കില്ല. സുപ്രധാന തീരുമാനങ്ങൾ പുനരാലോചനയിലൂടെ വേണം കൈക്കൊള്ളാനും പ്രവർത്തി പഥത്തിൽ കൊണ്ടുവരാനും. മനസ്സിൻ്റെ ഏകാഗ്രത  ചിലപ്പോൾ എളുപ്പമായേക്കില്ല. നൂതന സംരംഭങ്ങൾ കരുതലോടെ വേണം സമാരംഭിക്കുവാൻ. വായ്പകൾ നേടാൻ കഴിയുന്നതാണ്. തിരിച്ചടവ് ദുഷ്കരമാവും. വിദേശത്ത് പഠിക്കാൻ അവസരം സിദ്ധിക്കുന്നതാണ്. സുഹൃത്തുക്കൾക്കായി കൂടുതൽ സമയം നീക്കിവെക്കുന്നതിന് പകരം സ്വന്തം കാര്യത്തിൽ കുറച്ചുകൂടി ഉത്സുകതയുണ്ടാവുന്നത് അഭികാമ്യം.

പൂയം

ഗോചരഫലം സമ്മിശ്രമാണെങ്കിലും പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് വിഷുഫലം അനുകൂലമാണ്. കാര്യവിഘ്നം ഒഴിഞ്ഞ് കാര്യപ്രാപ്തി ഭവിക്കും. പുതിയ കാര്യങ്ങളിൽ ഉന്മേഷത്തോടെ ഏർപ്പെടുവാനാവും. സാമ്പത്തിക ലാഭം ഉണ്ടാവുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ആലോചനാപൂർവ്വം ചെയ്യുന്ന നിക്ഷേപങ്ങൾ ആദായകരമാവും. വിഭിന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന ദമ്പതികൾക്ക് ഒരിടത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നതാണ്. അവിവാഹിതർക്ക് കുടുംബ ജീവിതത്തിൽ പ്രവേശിക്കാനാവും. കിടപ്പു രോഗികൾക്ക്  ആശ്വാസമുണ്ടാവാൻ സാധ്യത കാണുന്നു. പുതുവാഹനം വാങ്ങുന്നതാണ്. പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം സംജാതമായേക്കും.

ആയില്യം

വിഷുഫലം ആയില്യം നാളുകാർക്ക് നല്ലഫലങ്ങൾക്ക് കാരണമാവും. ഉദ്യമങ്ങൾക്ക് ഉണർവുണ്ടാവുന്നതായിരിക്കും. വിൽക്കാതെ കിടന്ന പൂർവ്വികമായ വസ്തു വിൽക്കാനാവും. ഗൃഹനിർമ്മാണത്തിൽ പുരോഗതി ഭവിച്ചേക്കും. കടബാധ്യതകൾ ഭാഗികമായി വീട്ടാനാവും. മക്കളുടെ ഭാവിസംബന്ധിച്ച ഉൽക്കണ്ഠകൾക്ക് പരിഹാരം തെളിയുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. ധനപരമായ ശോച്യതയ്ക്ക്  ഒട്ടൊക്കെ അയവുണ്ടാവും. സർവ്വീസിൽ നിന്നും പിരിഞ്ഞിട്ടും ആനുകൂല്യങ്ങൾ കിട്ടാത്തവർക്ക് അവ വൈകാതെ കൈവരും. കൃഷികാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. ആത്മീയ സാധനകൾക്ക് അവസരം വന്നുചേരുന്നതാണ്. ചിരകാലമായി ആഗ്രഹിച്ച ക്ഷേത്രങ്ങൾ കാണാനും പ്രാർത്ഥിക്കാനും സാധിച്ചേക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: