scorecardresearch

Shani Rahu Conjunction 2025: ശനിരാഹു യോഗം: ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Shani Rahu Yuti 2025: 'ശനിവത് രാഹു'- ശനിയെപ്പോലെ രാഹു എന്ന ചൊല്ല് പ്രസിദ്ധമാണ്. ശനിരാഹു യോഗം മൂലമുള്ള ഫലങ്ങൾ ഓരോ നാളിലും ജനിച്ചവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഒരു അന്വേഷണം

Shani Rahu Yuti 2025: 'ശനിവത് രാഹു'- ശനിയെപ്പോലെ രാഹു എന്ന ചൊല്ല് പ്രസിദ്ധമാണ്. ശനിരാഹു യോഗം മൂലമുള്ള ഫലങ്ങൾ ഓരോ നാളിലും ജനിച്ചവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഒരു അന്വേഷണം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Shani Rahu Yuti 2025: ശനി രാഹു യോഗം

Shani Rahu Conjunction 2025: മീനം രാശിയിൽ (Pisces) തുടരുകയാണ് കഴിഞ്ഞ ഒന്നേകാൽ വർഷത്തിലധികമായി രാഹു. 2025 മാർച്ച് 29 ന് രാത്രി ശനിയും മീനം രാശിയിലേക്ക് പ്രവേശിച്ചു. മീനം രാശിയിൽ വരുന്ന പൂരൂരുട്ടാതി നാലാംപാദത്തിലാണ് ശനിയും രാഹുവും ഇപ്പോൾ. മേയ് മാസം 18 ന് , അതായത് ഇടവം 4 ന് രാഹു മീനം രാശിയിൽ നിന്നും പിൻഗതിയായി (Anti Clockwise) കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നതുവരെ ശനിരാഹു കൂട്ടുകെട്ട് തുടരുന്നതായിരിക്കും. സാമ്യത ഏറെയുണ്ട്, ശനിക്കും രാഹുവിനും തമ്മിൽ. 

Advertisment

'ശനിവത് രാഹു' / ശനിയെപ്പോലെ രാഹു എന്ന ചൊല്ല് പ്രസിദ്ധമാണ്. പാപഗ്രഹങ്ങളായി പരിഗണിക്കുന്ന ശനിയും രാഹുവും മന്ദസഞ്ചാരികളും അലസരും ദീർഘസൂത്രികളുമാണ്. അശുഭ ഗ്രഹങ്ങൾ, ക്രൂരർ, താമസ പ്രകൃതികൾ എന്നീ വിശേഷണങ്ങളും പൊതുവായുണ്ട്. ശനി ഒരു രാശിയിൽ രണ്ടരവർഷം സഞ്ചരിക്കുന്നു. (30 മാസം). രാഹു ഒരു രാശിയിൽ ഒന്നര വർഷം (18 മാസം) സഞ്ചരിക്കുന്നു. ശനി മുന്നിലേക്ക് നീങ്ങുമ്പോൾ രാഹു പിന്നിലേക്ക് നീങ്ങുകയാണ്. 

ശനി എത്ര കഠിനമായി ഉപദ്രവിച്ചാലും വ്യക്തികളിൽ  ആദ്ധ്യാത്മികമായ അവബോധം ഉണ്ടാക്കും. രാഹുവാകട്ടെ എന്നും ഭൗതികവാദിയാണ്. അങ്ങനെയാണ് ഈ ഇരുഗ്രഹങ്ങൾ തമ്മിലെ വൈജാത്യങ്ങൾ. ഇപ്പോൾ ശനി മീനം രാശിയിൽ പൂരൂരുട്ടാതി നാലാംപാദത്തിലൂടെ ഉത്രട്ടാതി ഒന്നാം പാദത്തെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ രാഹു പൂരൂരുട്ടാതി നാലാംപാദത്തിലൂടെ പൂരൂരുട്ടാതി മൂന്നാം പാദത്തിലേക്ക് നീങ്ങുന്നു. 

ശനിരാഹുയോഗം  സംഭവിച്ചത് കുറെ കൊല്ലങ്ങൾക്ക് മുൻപാണ്. എല്ലാ കൂറുകളിലും ജനിച്ചവരെ ഇപ്പോഴത്തെ ശനിരാഹുയോഗം ഏതെങ്കിലും തരത്തിൽ ബാധിക്കാനിടയുണ്ട്. 'അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ' എന്ന കവിവാക്യം സംഗതമാണ്. ആർക്കും ഈ ഉഗ്രപ്രതാപികളിൽ നിന്നും അകന്നുമാറാനും ഒളിച്ചിരിക്കാനുമാവില്ല. ശനിരാഹു യോഗം മൂലമുള്ള ഫലങ്ങൾ ഓരോ നാളിലും ജനിച്ചവരെ എങ്ങനെ ബാധിക്കുന്നുവെന്ന അന്വേഷണമാണ് ഇവിടെ നിർവഹിക്കുന്നത്.

Advertisment

അശ്വതി

ജന്മരാശിയുടെ പന്ത്രണ്ടിൽ പൂരൂരുട്ടാതി നാലാംപാദത്തിലായി ശനിരാഹു യോഗം ഭവിക്കുന്നു. ആദിത്യനുൾപ്പെടെ മൂന്നുപാപഗ്രഹങ്ങൾ പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നുണ്ട്. കാര്യനിർവഹണത്തിന് കൂടുതൽ അധ്വാനം ആവശ്യമാവുന്ന ഘട്ടമാണിത്. സഹപ്രവർത്തകരിൽ നിന്നും സഹകരണം കുറയുന്നതായിരിക്കും. ഏകോപനത്തിൽ പിഴവുകൾ വരാം.  മുൻപ് തീരുമാനിച്ചവ പിന്നീടത്തേക്ക് മാറ്റിവെക്കേണ്ടി വന്നേക്കാം. നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ട്, മോശം അവസരങ്ങൾക്കായി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവും. ധനം വരും; പക്ഷേ ചെലവധികരിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ദുശ്ശീലങ്ങളുള്ളവർക്ക് അവയിൽ നിയന്ത്രണം കുറയാനിടയുണ്ട്. ചെറുപ്പക്കാരുടെ കൂട്ടുകെട്ടുകൾ അതിരുവിടുന്നതിൽ വീട്ടുകാർ വിഷമിക്കാം. യാത്രകൾ വ്യർത്ഥമാവാൻ ഇടയുള്ളതിനാൽ കൃത്യമായ ആസൂത്രണം നടത്തുക. സഹിഷ്ണുത, മൗനം, ധ്യാനം, യോഗ തുടങ്ങിയവ ശനിരാഹു യോഗത്തിന് നല്ല മറുമരുന്നുകളാണ്.

ഭരണി

മീനം രാശിയിലെ ശനിരാഹുയോഗം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതിൽ മേടക്കൂറും അതിലെ നക്ഷത്രങ്ങളും ഉൾപ്പെടുന്നുണ്ട്. വ്യയം, പതനം, പാപസ്ഥാനം എന്നീ പേരുകളിൽ  അറിയപ്പെടുന്നതാണ് പന്ത്രണ്ടാമെടം. അതിനാൽ ഭരണി നാളുകാർ അധികം ആലോചിക്കാതെ പ്രവൃത്തികളിൽ ഏർപ്പെടുവാനിടയുണ്ട്. തെറ്റും ശരിയും തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. അതിനായി ശ്രമിക്കുകയുമില്ല.  കുഴപ്പങ്ങളിൽ ചെന്നുചാടാനിടയുണ്ട്. പണമെടപാടുകളിൽ ജാഗ്രത വേണം. ആഡംബരങ്ങൾക്കായി ധാരാളം ചെലവുചെയ്യും. ദുശ്ശീലങ്ങളുള്ളവർക്കു നിയന്ത്രണം നഷ്ടമാകും. കൂട്ടുകെട്ടുകൾ ഗുണകരമായേക്കില്ല. കലാവാസന പുഷ്ടിപ്പെടാനുള്ള സാഹചര്യം ഉണ്ടായാലും മനസ്സിന് ഏകാഗ്രത ഇല്ലാതെവരും. ദൂരദേശത്തു കഴിയുന്നവർ നാട്ടിലേക്ക് വരാനാവാതെ കുഴങ്ങുന്നതാണ്.

കാർത്തിക

മേടക്കൂറുകാർക്ക് ഗുണരഹിതമാണ് ശനിരാഹുയോഗം.  പ്രതികൂലതകൾ വരാം. അപ്രസക്ത കാര്യങ്ങൾക്കായി ഊർജ്ജവും സമയവും ചെലവഴിക്കും. പ്രയോജനമില്ലാത്ത യാത്രകൾ ചെയ്യുന്നതാണ്. ഇഷ്ടവസ്തുക്കൾ കളഞ്ഞുപോവാനോ മോഷ്ടിക്കപ്പെടാനോ സാധ്യതയുണ്ട്. ആശുപത്രിച്ചെലവുകൾ ഉണ്ടാവുന്നതാണ്. കലഹസാധ്യതയുണ്ട്. ദുർവ്യയം കൂടും. കടബാധ്യതകൾ വരാം. കാർത്തികയുടെ മുക്കാലിൽ/ ഇടവക്കൂറിൽ ജനിച്ചവർക്ക് ശോഭനമായ സ്ഥിതി ഭവിക്കുന്നതാണ്. ശനിരാഹു യോഗം പതിനൊന്നിലാവുകയാൽ ധനലാഭം പ്രതീക്ഷിക്കാം. നിഗൂഢമായ ധനവും കൈവരാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. സംഘനേതൃത്വത്തിലേക്ക് ഉയർത്തപ്പെടും. സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കും. എതിരാളികളെ അകറ്റുന്നതാണ്. രോഗമുക്തിയുണ്ടാവും. കടബാധ്യത തീർക്കും. പ്രണയ ലബ്ധി, ദാമ്പത്യസൗഖ്യം, ഉദ്യോഗത്തിൽ ഉയർച്ച എന്നിവയും പ്രതീക്ഷിക്കാം.

രോഹിണി

ശനിരാഹുയോഗം അഭീഷ്ടങ്ങളെ നിറവേറ്റുന്ന ഭാവമായ പതിനൊന്നാമെടത്തിലാണ്. പ്രയത്നങ്ങൾക്ക് പൂർണ്ണഫലം കൈവരുന്ന കാലമായിരിക്കും. ഔദ്യോഗികമായി ഉയർച്ചയുണ്ടാവും. ജോലിയിൽ സമ്മർദ്ദങ്ങൾ തീരെയുണ്ടാവില്ല. മേലധികാരികൾ മൃദുസമീപനം കൈക്കൊള്ളും. ദൂരദിക്കിൽ നിന്നും വീട്ടിനടുത്തേയ്ക്ക് സ്ഥലംമാറ്റം കിട്ടിയേക്കാം.  സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. ഭരണരംഗം, രാഷ്ട്രീയം ഇവയിലെ ശത്രുപക്ഷത്തെ നിശബ്ദരാക്കുന്നതാണ്.  ഉചിതമായ നിക്ഷേപങ്ങൾ നടത്താനാവും. വളഞ്ഞവഴികളിലൂടെയും സമ്പാദിക്കാനാവും. പ്രണയികൾക്ക് തടസ്സങ്ങളകലും. മാനസിക സൗഖ്യം, ദാമ്പത്യസംതൃപ്തി എന്നിവയുണ്ടാവും.

മകയിരം

ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് ശനിരാഹുയോഗം നിരവധി അനുകൂല ഫലങ്ങൾക്ക് കാരണമാകും. ധനയോഗം തെളിയുന്നതാണ്. കിട്ടാക്കടങ്ങൾ എന്നുകരുതിയവ മടക്കിക്കിട്ടാം. ജോലി തേടുന്നവരുടെ നിരാശ അകലും. അർഹമായ പദവി വന്നുചേരും. പൊതുപ്രവർത്തകർ ശത്രുക്കളെ നിസ്തേജരാക്കി മുന്നേറും. മാലയോഗവും തെളിഞ്ഞേക്കും. അവിവാഹിതർക്ക് തടസ്സങ്ങൾ നീങ്ങി വിവാഹജീവിതത്തിൽ പ്രവേശിക്കാനാവും. ഉപരിപഠനത്തിന് ആഗ്രഹിച്ച കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കുന്നതാണ്. മിഥുനക്കൂറുകാരായ മകയിരം നാളുകാർ തൊഴിലിടത്തിൽ സമ്മർദ്ദങ്ങളെ നേരിടും. ജോലി ഉപേക്ഷിച്ചാൽ പുതിയത് ലഭിക്കുക എളുപ്പമാവില്ല. നിലവിലെ ബിസിനസ്സ് പണം മുടക്കി വിപുലീകരിക്കാനും പുതിയ പാർട്ണർമാരെ ചേർത്ത് ഉയർത്താനും ഇപ്പോൾ ശ്രമിച്ചാൽ പ്രതീക്ഷിച്ച ഫലം ഉണ്ടായേക്കില്ല. കരുതലും കാത്തിരിപ്പും ക്ഷമയും ആണ് അടുത്ത ഒന്നുരണ്ടു മാസങ്ങളിൽ കരണീയമായിട്ടുള്ള കർമ്മം.

തിരുവാതിര

പത്താം ഭാവത്തിലാണ് ശനിരാഹുയോഗം. തൊഴിലിനെ കാണിക്കുന്ന ഭാവമാണ് പത്താം ഭാവം. ശനി അവിടെ സഞ്ചരിക്കുന്നതിനാൽ കണ്ടകശനിദോഷം ഉണ്ട്. കർമ്മകാണ്ഡം അത്ര ഭാസുരമാവാത്ത കാലമാണ്. തൊഴിലിടത്തിൽ ശാന്തിയും സമാധാനവും കുറയാം. ശത്രുക്കൾ ഉപദ്രവിച്ചേക്കും. കിടമത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. അധികാരികളുടെ അപ്രീതി ഉണ്ടാവാനിടയുണ്ട്. ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടാനിടയില്ല. ഉദ്യോഗസ്ഥർക്ക് പ്രതികൂലമായ സ്ഥലം മാറ്റം വന്നേക്കും. ബന്ധുക്കളുമായി ചേർന്നുനടത്തുന്ന പാർട്ണർഷിപ്പ് ബിസിനസ്സ് പുഷ്ടിപ്പെടുവാൻ ഭഗീരഥ പ്രയത്‌നം വേണ്ടിവരുന്നതാണ്. അവകാശ തർക്കങ്ങൾ ഉടലെടുക്കാം. പുതിയ കാര്യങ്ങൾ തുടങ്ങരുത്.  ജോലിക്കാരെ നിയമിക്കുന്നത് കരുതലോടെ വേണം. സാമ്പത്തിക അച്ചടക്കത്തിൽ വിട്ടുവീഴ്ചയരുത്.

പുണർതം

തൊഴിൽ വളർച്ചയ്ക്ക് കൂടുതൽ പരിശ്രമം ആവശ്യമായി വരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. നവസംരംഭങ്ങൾക്ക് ഇത് ഉചിത സമയമല്ല. സഹപ്രവർത്തകരുടെ പിന്തുണ വേണ്ടത്ര കിട്ടിയേക്കില്ല. വീട്ടിലിരുന്നും അവധി ദിവസത്തിലും പണിയെടുത്താലും ടാർഗെറ്റ് നേടുക എളുപ്പമായേക്കില്ല. ചർച്ചകളിൽ വിരുദ്ധമായ ആശയഗതികൾ ഉയർന്നുവരും. ടീം ലീഡറായി ജോലി നോക്കുന്നവർക്കും പ്രൊജക്ടുകളുടെ തലവന്മാർക്കും മേലധികാരികളുടെ അതൃപ്തി നേരിടേണ്ടി വന്നേക്കും. തെരഞ്ഞെടുപ്പുകളിൽ ജനഹിതം വിരുദ്ധമാവാം. ഏജൻസികളിൽ നിന്നും നാമമാത്രമായ ലാഭം കരഗതമാവും. കൃഷിക്കാർ ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാവും. ആരോഗ്യ സംരക്ഷണത്തിൽ അലംഭാവം നന്നല്ല.

പൂയം

ഒമ്പതാം ഭാവത്തിലാണ്  ശനിരാഹുയോഗം. നല്ലചിന്തകൾക്ക് പകരം അനാവശ്യ ചിന്തകൾ എപ്പോഴും മനസ്സിൽ ഇടംപിടിക്കാം. ഭാഗ്യക്കുറവ് അനുഭവപ്പെടുന്നതാണ്. പ്രതീക്ഷിച്ച നേട്ടങ്ങൾ അനർഹർ കൈവശപ്പെടുത്താം. പിതൃബന്ധുക്കളോട് കലഹിക്കാനിടയുണ്ട്. അപ്രസക്തമായിട്ടുള്ള വ്യവഹാരങ്ങൾക്ക് മുതിരുന്നതാണ്. ന്യായരഹിതമായ ആവശ്യങ്ങൾക്കായി തർക്കത്തിലേർപ്പെടും. വയോജനങ്ങളോട് വിരോധിച്ചേക്കും. ചിന്താപരത കൂടാം. എന്നാൽ ക്രിയാകുശലത കുറയുകയും ചെയ്യും. അവിഹിതമായ സമ്പാദ്യങ്ങൾക്ക് ദുഷ്പ്രേരണ വന്നേക്കും. ഉപാസനകൾ മുടങ്ങാം. പേരക്കുട്ടികളുടെ ഭാവിയെക്കുറിച്ച് ഉൽക്കണ്ഠപ്പെടാനിടയുണ്ട്. കുടുംബാന്തരീക്ഷത്തിൽ സമാധാനം നഷ്ടമാകാതിരിക്കാൻ വിട്ടുവീഴ്ചകൾക്ക് മുതിരണം. ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്.

ആയില്യം

'ഭാഗ്യഭാവം' എന്നറിയപ്പെടുന്ന ഒമ്പതാം ഭാവത്തിലാണ് ശനിരാഹുയോഗം. ഭാഗ്യാനുഭവങ്ങളെ ഈ രണ്ടുപാപഗ്രഹങ്ങൾ കരണ്ടുതിന്നുവാൻ ഇടയുണ്ട്. കൈവശമെത്തിയ നേട്ടങ്ങൾ അനുഭവത്തിൽ എത്താതെ പോകാം. കിട്ടും എന്നുറപ്പിച്ചവ അവസാന നിമിഷം വഴുതാനിടയുണ്ട്. ധനവാഗ്ദാനങ്ങൾ ജലരേഖകളായേക്കും. രോഗാരിഷ്ടർക്ക് ചികിൽസ ഫലിക്കാത്ത സ്ഥിതി ഭവിക്കാം. ഒമ്പതാമെടം പിതാവിനെയും സൂചിപ്പിക്കുന്നുണ്ട്. പിതാവിൻ്റെ സ്വത്തുക്കളിൽ തർക്കമുണ്ടായേക്കും. പിതാവ് ജോലി, പദവി എന്നിവയിൽ, തരംതാഴ്ത്തൽ നേരിടും. പിതാവിന് ആരോഗ്യപരമായും തൃപ്തിക്കുറവുണ്ടാവും. അച്ഛനും മകനും വിരുദ്ധ നിലപാടുകളാൽ തർക്കത്തിലേർപ്പെടാം. ഉപാസനകൾക്കും ആത്മീയ സാധനകൾക്കും തടസ്സം വന്നേക്കും. അറിഞ്ഞോ അറിയാതെയോ അധർമ്മ പ്രവൃത്തികൾ ചെയ്യേണ്ടി വരുന്നതാണ്.

മകം

അഷ്ടമഭാവത്തെ 'അനിഷ്ടഭാവം' എന്നുവിളിക്കുന്നു. മകം നാളുകാർക്ക് മീനം രാശി അഷ്ടമഭാവമാണ്. അതിലാണ് ശനിയും രാഹുവും സംഗമിക്കുന്നത്.  ആഗ്രഹങ്ങൾ മായപ്പൊന്മാനെപ്പോലെ ദൂരേക്കുനയിക്കും. പ്രതീക്ഷകൾ പൂവണിയില്ല. ഏതോ മായാവലയത്തിൽ അകപ്പെട്ട പ്രതീതിയുണ്ടാവും. പുതുസംരംഭങ്ങൾക്ക് തടസ്സമനുഭവപ്പെടും. സാമ്പത്തിക കബളിപ്പിക്കലിന് വിധേയമാവാം. ശത്രുക്കൾ തലപൊക്കും.  വിഷയങ്ങൾ, വ്യക്തികൾ എന്നിവയെ സംബന്ധിച്ച മിഥ്യാധാരണകൾ ഉടലെടുക്കാനിടയുണ്ട്. സാഹസങ്ങൾക്ക് മുതിരരുത്. വാഹനം ഉപയോഗിക്കുന്നതിൽ അതീവ ജാഗ്രത വേണം. പഠനത്തിൽ, കർമ്മത്തിൽ ഏകാഗ്രത കുറയാം. അനർഹരായ സഹപ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നത് വിഷമിപ്പിച്ചേക്കും.  വേർപാടുകൾ മനസ്സിനെ ഉലയ്ക്കാം.

പൂരം

പാപഗ്രഹങ്ങളുടെ ദോഷശക്തി വർദ്ധിക്കുന്ന ഇടമാണ് എട്ടാം ഭാവം. ശനിയും രാഹുവും സൂര്യനും അവിടെ സ്ഥിതിചെയ്യുന്നുണ്ട്. കാര്യവിഘ്നം ഭവിക്കുന്നതാണ്. എത്ര ശ്രമം നടത്തിയാലും  ചിലതൊന്നും മാറില്ലെന്ന സ്ഥിതിയാവും. ചെറിയകാര്യം നേടാൻ ഭഗീരഥപ്രയത്നം ആവശ്യമായി വന്നേക്കും. എതിർപ്പുകൾ തൊഴിലിടത്തിൽ ശക്തമാകും. സ്ഥാപനം നടത്തുന്നവർക്ക് തൊഴിലാളികളുടെ സമരം, നിസ്സഹകരണം എന്നിവയെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാം. അസുഖങ്ങൾ ഉപദ്രവിച്ചേക്കാം. ആശുപത്രീവാസം ഒരു സാധ്യതയാണ്. കടക്കെണിയിലകപ്പെടാതിരിക്കാൻ ജാഗ്രത വേണം. വാഹനം ഓടിക്കുന്നതിൽ, അഗ്നി, ആയുധം ഇവ കൈകാര്യം ചെയ്യുന്നതിൽ ഒക്കെ ജാഗരൂകത അനിവാര്യം.

ഉത്രം

ചിങ്ങക്കൂറുകാർക്ക് അഷ്ടമഭാവത്തിലെ ശനിരാഹുയോഗം ജീവിതത്തിൻ്റെ സുഗമതകളെ പിന്നിലേക്ക് വലിക്കാം. കാര്യവിളംബം ഭവിക്കും. മുൻതീരുമാനങ്ങൾ പലതും പിന്നീടത്തേക്കാക്കും.  പൂരൂരുട്ടാതി നക്ഷത്രവുമായി ഉത്രം നാളിന് വേധമുള്ളതിനാൽ പൂരുരുട്ടാതിയിൽ സഞ്ചരിക്കുന്ന ശനിയുടെയും രാഹുവിൻ്റെയും യോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. മനസ്സിൽ വിഷാദ ഭാവങ്ങൾ പൊട്ടിമുളക്കും. കന്നിക്കൂറിലെ ഉത്രം നാളുകാർക്ക് ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. അനുരഞ്ജനവും പരസ്പര ധാരണയും കുറയും. പ്രണയം ശിഥിലമാവാനും സാധ്യത കാണുന്നു. വിദേശ യാത്രകൾക്ക് അവസരം വരും. വീട് / നാട് വിട്ടുനിൽക്കാം. പങ്കാളിത്ത വ്യാപാരത്തിൽ നിന്നും പിന്തിരിയാൻ ആഗ്രഹിച്ചേക്കും.  ധനപരമായ ഇടപാടുകൾ സുതാര്യമായില്ലെങ്കിൽ ദുരാരോപണങ്ങൾ ഉയരാം.

അത്തം

"നല്ലേഴാമെടമുണ്ടെങ്കിൽ ഇല്ലം താൻ ഇന്ദ്രലോകമാം" എന്നാണ് കവി വാക്യം. നല്ല ഏഴാമെടം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏഴിലെ ശനി -രാഹു-ആദിത്യ യോഗം അത്തം നാളുകാരുടെ ദാമ്പത്യത്തെ പ്രശ്നങ്ങളിലേക്കും സമാധാനക്കേടിലേക്കും തള്ളിവിടുകയാണ്. പരസ്പര വിശ്വാസം, ഹൃദയബന്ധം എന്നിവയുടെ അർത്ഥം മറന്നുപോകും. പ്രണയികൾ കൈകൊടുത്തു പിരിയാനിടയുണ്ട്. ദീർഘകാലമായി പാർട്ണർഷിപ്പ് ബിസിനസ്സിൽ ഏർപ്പെട്ടവർക്കിടയിൽ പോലും വേർപിരിഞ്ഞാലോ എന്ന ആലോചന ഭവിക്കും. വിദേശയാത്ര തരപ്പെടുന്നതാണ്. ദൂരദിക്കിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാനാവാത്ത സാഹചര്യം സംജാതമാകും. വസ്തുക്കൾ വിൽക്കാനും ധനസമാഹരണം നടത്താനും സാധിച്ചേക്കും. പുതുകാര്യങ്ങൾ ആരംഭിക്കാൻ ഉചിതമായ സമയമല്ല.

ചിത്തിര

കന്നി - തുലാം രാശികളിലായി വരുന്ന ചിത്തിര നാളുകാർക്ക് വിഭിന്നമായ ഫലങ്ങളാവും ശനിരാഹു യോഗം മൂലം ഭവിക്കുക. കന്നിക്കൂറുകാരുടെ ഗാർഹസ്ഥ്യം അശാന്തമാവും. ഭാര്യാഭർത്താക്കന്മാർ ചെറിയ കാര്യങ്ങളെച്ചൊല്ലി കലഹിക്കുന്നതാണ്. പാർട്ണർഷിപ്പിൽ വിശ്വാസം നഷ്ടമാകും. പ്രണയികൾക്ക് ഹൃദയൈക്യം ഉണ്ടാവില്ല. മനക്ലേശം മാത്രമല്ല ദേഹക്ലേശവും ഭവിക്കാം. തുലാക്കൂറിലെ ചിത്തിര നാളുകാർക്ക് ഗുണപ്രദമായ കാലഘട്ടമാണ്. കഷ്ടിച്ച് അമ്പത് ദിവസം മാത്രമാണെങ്കിലും ഗുണാനുഭവങ്ങൾ വന്നെത്തും. 'കാലം കുറഞ്ഞദിനമെങ്കിലും അർത്ഥദീർഘം' എന്ന് കവിപാടിയത് തുലാക്കൂറിലെ ചിത്തിര നാളുകാർക്ക് സംഗതമാവും. സാമ്പത്തികമായി ആശ്വാസം, ചിലർക്ക് നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ബിസിനസ്സിൽ വളർച്ചയുണ്ടാവും. ഊരാക്കുടുക്കുകളിൽ നിന്നും മോചനമുണ്ടായേക്കും.

ചോതി

ആറാമെടത്തിലെ പാപഗ്രഹങ്ങൾ ആത്മവിശ്വാസവും ആത്മശക്തിയുമേകും. തടസ്സങ്ങളെ നിസ്സാരശക്തിയാൽ മറികടക്കും. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കാം. മേലധികാരികളുടെ പ്രീതിക്ക് പാത്രമാവും. സ്വാശ്രയ ബിസിനസ്സിൽ ഉയർച്ചക്ക് സാഹചര്യം ഇണങ്ങി വരുന്നതാണ്. ബാങ്ക് വായ്പ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോവാനാവും. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി രേഖ ലഭിക്കുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം ഉണ്ടാവും. കുടുംബത്തിൽ സംതൃപ്തി പുലരും. രോഗക്ലേശിതർക്ക് ആശ്വാസം ഭവിക്കുന്നതാണ്. തൊഴിൽ രഹിതർക്ക് അർഹതയ്ക്കനുസരിച്ചുള്ള നിയമം പ്രതീക്ഷിക്കാം.  തീർത്ഥാടനം, വിനോദയാത്ര ഇവയ്ക്ക് അവസരം ഭവിക്കും. ഭാവിയിലേക്കായി കരുതൽ നിക്ഷേപം നിർവഹിക്കും.

വിശാഖം

തുലാക്കൂറുകാരായ വിശാഖം നാളുകാർക്ക് ശനിരാഹുയോഗം അഭ്യുദയം വരുത്തും. പാപഗ്രഹയോഗം ആറാമെടത്തിലാകയാൽ ബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. ധനാഗമ മാർഗങ്ങൾ തുറന്നുകിട്ടും. ഏജൻസികളിൽ നിന്നും ലാഭമുണ്ടാവും.  ഉദ്യോഗസ്ഥർക്ക് ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. വ്യവഹാരങ്ങൾ വിജയിക്കുന്നതാണ്. സ്വന്തം കഴിവുകളിൽ അഭിമാനമുണ്ടാവും. സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കും. കടബാധ്യത പരിഹരിക്കാൻ വഴിതെളിയുന്നതാണ്. വൃശ്ചികക്കൂറിൽ വരുന്ന വിശാഖം നാളുകാർക്ക് സമ്മിശ്രഫലം അനുഭവപ്പെടും. പലകാര്യങ്ങളിലും അവ്യക്തതയുണ്ടാവും. കലാപരമായി ഉന്നതി വരുന്ന കാലമാണ്. സന്താനങ്ങളെച്ചൊല്ലി സമാധാനം കുറയാം. തലമുറകൾ തമ്മിലുള്ള വിടവ് എന്ന ആശയം സ്വന്തം ജീവിതത്തിൽ അനുഭവത്തിൽ വരാം. ക്ഷമയാണ് ഏറ്റവും വലിയ ഗുരുവെന്നത് മറക്കരുത്.

അനിഴം

അഞ്ചാം ഭാവത്തിലെ ശനിരാഹുയോഗം ചിന്താക്കുഴപ്പം ഉണ്ടാക്കും. ശരിയും തെറ്റും തമ്മിൽ കുഴമറിയുന്നതാണ്. ന്യായവും അന്യായും അവ്യക്തമായ വരമ്പിൻ്റെ അപ്പുറവും ഇപ്പുറവും നിലകൊള്ളും. മക്കളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം. നിർബന്ധ ബുദ്ധിയുടെ മുന്നിൽ ക്ഷമയും മൗനവും ഫലം ചെയ്യാം. കാര്യാലോചനകളിൽ അർഹിക്കുന്ന സ്ഥാനം കിട്ടണമെന്നില്ല. അഭിപ്രായങ്ങൾക്ക് പരിഗണന കിട്ടാത്തത് വിഷമിപ്പിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ചേരാനുള്ള അറിയിപ്പ് വൈകിയേക്കും. ബാങ്കിൽ നിന്നും പ്രതീക്ഷിച്ച വായ്പ നീളുന്നതിനിടയുണ്ട്. സ്ഥാനമാനങ്ങൾ മറ്റാർക്കെങ്കിലും വെച്ചൊഴിയേണ്ട സ്ഥിതിയുണ്ടാവും. ഗൂഢമാർഗങ്ങളിൽ നിന്നും ധനാഗമം വന്നെത്തുന്നതാണ്. സന്താന പ്രതിബന്ധത്തിന് വിദഗ്ദ്ധ ചികിത്സ തേടിയേക്കും.

തൃക്കേട്ട

പഞ്ചമഭാവത്തിലെ രാഹു -ശനി യോഗം എത്ര ഊർജ്ജസ്വലനായ മനുഷ്യനെയും അലസനാക്കും. സ്വയം തിരുത്തണം എന്ന് കരുതും. പക്ഷേ ചെയ്യില്ല. 
പല കാര്യങ്ങളിലും വിചാരിക്കുന്നതാവില്ല പ്രാവർത്തികമാവുക. കൊറച്ചൊക്കെ ഗുണം വരുന്നത് കലാപരമായിട്ടാവും. കലാസൃഷ്ടികൾ സഹൃദയ ശ്രദ്ധ നേടുന്നതാണ്. എന്നാലും കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കും. ചെറുപ്പക്കാരെ മാതാപിതാക്കളും മാതാപിതാക്കളെ ചെറുപ്പക്കാരും മനസ്സിലാക്കിയില്ലെന്ന് വരുന്നതാണ്. ക്ഷിപ്രതീരുമാനങ്ങൾ കൈക്കൊള്ളുവാൻ കഴിയാതെ വിഷമിക്കും. ചുറ്റുപാടുകളോട് അകാരണമായി പിണങ്ങുന്നതാണ്.  നവസംരംഭങ്ങൾ തുടക്കം കുറിക്കാൻ അല്പം കാത്തിരിക്കണം. സഹപ്രവർത്തകരെ അഭിനന്ദിക്കാൻ മനസ്സുണ്ടാവേണ്ടതുണ്ട്. ആസൂത്രണം ചെയ്ത യാത്രകൾ വേണ്ടെന്നുവെച്ചേക്കും.

മൂലം

ശനിരാഹുയോഗം  സുഖസ്ഥാനം എന്നറിയപ്പെടുന്ന നാലാം ഭാവത്തിലാണ്. ദേഹസുഖവും  മനസ്സുഖവും  ബാധിക്കപ്പെടാം. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവയും നാലാം ഭാവം കൊണ്ട് ചിന്തിക്കപ്പെടുകയാൽ ബന്ധുക്കൾ ശത്രുക്കളാവാം. സുഹൃത്തുക്കളിൽ നിന്നും അകലാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ്. അല്ലെങ്കിൽ സുഹൃത്തുക്കൾ തന്നെ തള്ളിപ്പറയുന്ന സ്ഥിതി ഉദിക്കും. അമിതമായ ആത്മവിശ്വാസം പരാജയത്തിലേക്ക് നയിക്കാനിടയുണ്ട്. ശനിയും രാഹുവും തൊഴിൽ സ്ഥാനത്തേക്ക് നോക്കുകയാൽ തൊഴിൽപരമായും തിരിച്ചടികൾക്കിടവരും. ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഗൃഹനിർമ്മാണം ധനമില്ലാത്തതിനാലോ തൊഴിലാളികളെ കിട്ടായ്കയാലോ നീണ്ടുപോകുന്നതാണ്. പഠനത്തിൽ അലസത, പരീക്ഷയിൽ ശോഭിക്കാൻ പറ്റാതെ വരിക ഇവയും ഫലങ്ങളിൽ ഉൾപ്പെടും.

പൂരാടം

ആത്മാർത്ഥമായ പരിശ്രമങ്ങളും ശുഷ്കാന്തിയുള്ള നിർവഹണങ്ങളും വേണ്ടപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കാം. അനർഹർക്ക് അംഗീകാരം, സ്ഥാനക്കയറ്റം, 
വേതന വർദ്ധനവ് ഇവ കൈവരുന്നത് മനശ്ശല്യത്തിനിടവരുത്തും. കിടപ്പ് രോഗികൾ കൂടുതൽ ക്ലേശിച്ചേക്കും. ചികിൽസ വേണ്ടത്ര ഫലിക്കുന്നില്ലെന്ന സ്ഥിതി വരാം. വാഹനം ഉപയോഗിക്കുന്നതിൽ തികഞ്ഞ ജാഗ്രത വേണം. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുമ്പോൾ കരുതൽ വേണ്ടതുണ്ട്. വസ്തുതർക്കങ്ങൾ വ്യവഹാരമായി മാറിയാൽ അത്ഭുതപ്പെടാനില്ല. പൊതുപ്രവർത്തകർക്ക് എതിർപ്പുകൾ അധികരിച്ചേക്കും. വ്യാപാരികൾക്കും വ്യവസായികൾക്കും തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. സ്വന്തം ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. വിട്ടുവീഴ്ചകൾ ദാമ്പത്യസൗഖ്യത്തിന് അനിവാര്യമാണെന്ന സത്യം ഉൾക്കൊള്ളും.

ഉത്രാടം

ധനുക്കൂറുകാരായ ഉത്രാടം നാളുകാർക്ക് പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്താൻ ധാരാളം വിട്ടുവീഴ്ചകൾ ചെയ്യേണ്ടതുണ്ട്. സുഹൃത്തുക്കൾ തെറ്റിദ്ധരിക്കാം. മനസ്സ് ചിലപ്പോൾ കഠിനമായി തീർന്നേക്കും. മനുഷ്യത്വം ഇല്ലാത്ത വ്യക്തിയായി ചിത്രകരിക്കപ്പെടും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുന്നേ സമഗ്രമായി അന്വേഷിച്ചറിയാൻ ശ്രമിക്കേണ്ടതുണ്ട്. വിദേശത്ത് ഉപരിപഠനം നടത്താൻ തുടർ യത്നങ്ങൾ ആവശ്യമാണ്. മകരക്കൂറുകാരായ ഉത്രാടം നാളുകാർക്ക് അഭ്യുദയം ഉണ്ടാകും.  കഴിവിൽ കവിഞ്ഞ മുന്നേറ്റം ഔദ്യോഗികരംഗത്ത് വന്നേക്കും. സ്വകാര്യ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി വളർച്ചയുണ്ടാവും. ഉന്നത വ്യക്തികളുടെ പിന്തുണയുണ്ടാവും. മുൻപ് ശ്രമിച്ചിട്ട് തോറ്റ കാര്യങ്ങളിൽ ഇപ്പോൾ അനായാസ വിജയം നേടുന്നതായിരിക്കും.

തിരുവോണം

ദുരിതപർവ്വങ്ങൾക്ക് ഉപശമനം വരുന്ന കാലമാണ്. ജീവിതം പുരോഗതിയുടെ പാതയിലാണെന്ന് വ്യക്തമാവും. പുച്ഛിച്ചു തള്ളിയ സമൂഹം സ്വയം അംഗീകരിക്കാൻ മുന്നോട്ടു വരുന്നതാണ്. സാമ്പത്തിക കാര്യങ്ങളിലെ അസന്തുലിതത്വങ്ങൾ അവസാനിക്കും. വരുമാന മാർഗങ്ങൾ തുറക്കപ്പെടുന്നതാണ്. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ ഫലം കൊയ്യും. ഉദ്യോഗാർത്ഥികൾക്ക് കഴിവിനനുസൃതമായ ജോലി കിട്ടും. പിണങ്ങിയ ബന്ധങ്ങൾ വീണ്ടും ഇണങ്ങുന്നതാണ്. ദീർഘകാല പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നവർക്ക് ഇക്കാലം അതിനുള്ള സുവർണ്ണ വേളയായിരിക്കും. സ്വന്തം കഴിവുകൾ സ്വയം തിരിച്ചറിയപ്പെടും. പരീക്ഷയിലും തുടർ പഠനത്തിലും തിളങ്ങാൻ കഴിഞ്ഞേക്കും. ന്യായമായ ആഗ്രഹങ്ങൾ തടസ്സങ്ങളില്ലാതെ നിർവഹണത്തിലെത്തുന്നതാണ്. ദേഹസുഖം ഉണ്ടാവും.

അവിട്ടം

മകരക്കൂറിൽ ജനിച്ചവർക്ക് വലിയ തോതിൽ ഗുണാനുഭവങ്ങൾ സംജാതമാകുന്ന കാലഘട്ടമാണ്. മുൻപ് മുഖം തിരിച്ചവർ ഇപ്പോൾ സഹായഹസ്തവുമായി അടുത്തുവരുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ / അനുമതികൾ ലഭിക്കും. നവസംരംഭങ്ങൾ സാക്ഷാല്ക്കരിക്കാൻ സാധിക്കുന്നതാണ്. സഹോദരരുമായുള്ള  വ്യവഹാരങ്ങൾക്ക് ഒത്തുതീർപ്പുണ്ടാവും. സാമ്പത്തികമായ ഞെരുക്കത്തിന് വലിയ തോതിൽ അയവുണ്ടാവും. ജോലിതേടുന്നവർക്ക് ഇണങ്ങുന്ന ഉപജീവനം ലഭിക്കുന്നതാണ്. രോഗക്ലേശിതർക്ക് ആശ്വാസം വന്നുചേരും. കുംഭക്കൂറിൽ ജനിച്ച അവിട്ടം നാളുകാർക്ക് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടും. കുടുംബജീവിതത്തിൽ സ്വസ്ഥത കുറയുവാനിടയുണ്ട്. വായ്പകളുടെ തിരിച്ചടവ് തുടർച്ചയായി മുടങ്ങിയേക്കാം. കർമ്മരംഗത്ത് ആലസ്യം അനുഭവപ്പെടുന്നതാണ്.

ചതയം

വാക്സ്ഥാനം, കുടുംബ സ്ഥാനം എന്നെല്ലാം അറിയപ്പെടുന്ന രണ്ടാംസ്ഥാനത്ത് ശനി-രാഹു-ആദിത്യയോഗം വരികയാൽ വാക്കുകളിലും എഴുത്തിലും അബദ്ധം വരാം. കള്ളം പറയേണ്ട സാഹചര്യം ഉദയം ചെയ്യുന്നതാണ്. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാനും ഇടയുണ്ട്. ധനസ്ഥിതി തൃപ്തികരമെങ്കിലും പാഴ്ച്ചെലവുകൾ ഉണ്ടാവും. കടം വാങ്ങിയ തുക കൊടുക്കാൻ നിർബന്ധിതരാവും. കുടുംബ ബന്ധങ്ങളുടെ സ്വാച്ഛന്ദ്യത്തിന് ശൈഥില്യം വരാനിടയുണ്ട്. പ്രിയപ്പെട്ടവരോട് പിണങ്ങേണ്ട സാഹചര്യം ഭവിക്കാം. വാഹനയാത്രയിൽ ഏറെ ജാഗ്രത വേണം. ജോലിയിൽ കൃത്യനിഷ്ഠ പാലിക്കാൻ കഴിഞ്ഞെന്നു വരില്ല. മേലധികാരികൾക്ക് അപ്രീതിയുണ്ടാവാം. മോഷണം, പറ്റിക്കൽ ഇവയ്ക്ക് വിധേയരാവും. ആത്മസംയമനം, ജാഗ്രത ഇവ അനിവാര്യമായ കാലമാണെന്നത് ഓർമ്മയിലുണ്ടാവണം.

പൂരൂരുട്ടാതി

ശനിയും രാഹുവും പൂരൂരുട്ടാതി നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. അതിനാൽ വലിയ തോതിൽ മാനസിക പിരിമുറുക്കം ഉണ്ടാവുന്നതാണ്. ചിലപ്പോൾ ഒന്നും ചെയ്യാനുണ്ടാവില്ല. ചിലപ്പോൾ അമിതമായ അധ്വാനം വേണ്ടിവരുന്നതാണ്. ലക്ഷ്യത്തിലെത്താൻ വളഞ്ഞ വഴികൾ സ്വീകരിക്കേണ്ട സ്ഥിതി ഭവിക്കും. ഊർജ്ജ നഷ്ടവും സമയനഷ്ടവും വന്നേക്കും. വാഗ്ദാനം ലംഘിക്കുന്നതാണ്. ശനി മുന്നിലേക്കും രാഹു പിന്നിലേക്കും ആയി സഞ്ചരിക്കുന്നതിനാൽ ആശയക്കുഴപ്പം ഉണ്ടാവും. ശരിയും തെറ്റും പ്രവൃത്തികളിൽ ഇടകലർന്നേക്കും. നിയമന ഉത്തരവ് കാലഹരണപ്പെടാം. ആരോഗ്യ കാര്യത്തിൽ ജാഗ്രത കുറയരുത്. ധനസംബന്ധിയായ ആരോപണങ്ങൾ ഉയരാം. ഉപാസനാദികൾക്ക് വിഘ്നം സംഭവിക്കാം. കുടുംബകാര്യങ്ങളിൽ അശ്രദ്ധ വരും. സാമൂഹികമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ അലസരാവുന്നതാണ്.

ഉത്രട്ടാതി

ജന്മരാശിയിലെ ബഹുഗ്രഹയോഗം, വിശേഷിച്ചും ശനിരാഹുയോഗം പ്രതികൂലമായ ഫലങ്ങൾക്ക് കാരണമാകുന്നതാണ്. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് സാധ്യതയുണ്ട്. ഏറ്റവും അടുപ്പക്കാരെപ്പോലും അവിശ്വസിക്കും. എന്നാൽ സ്നേഹത്തിൻ്റെ പൊയ്മുഖം അണിഞ്ഞവരെ ഏറെ വിശ്വസിക്കുകയും ചെയ്യും. ഇഷ്ടവസ്തുക്കൾ ദുർലഭമാകുന്നതാണ്. തിടുക്കത്തിൽ ചെയ്യുന്ന കാര്യങ്ങൾ അബദ്ധത്തിൽ കലാശിക്കാം. അർഹതയുള്ളവയിൽ നീതി നിഷേധിക്കപ്പെടാം. കർമ്മപരാങ്‌മുഖത്വം മറ്റൊരു സാധ്യതയാണ്. ദുഷ്പ്രേരണകൾക്കും പ്രലോഭനങ്ങൾക്കും വേഗം വിധേയരാവും. അന്യനാട്ടിൽ  കഴിയുന്നവർക്ക് നാട്ടിലേക്കുള്ള മടക്കം വൈകുന്നതാണ്. തെറ്റായ നിക്ഷേപങ്ങളാൽ ധനനഷ്ടം വരാനിടയുണ്ട്. മറവി മൂലം സുപ്രധാന രേഖകൾ പുതുക്കാൻ കഴിയാതെ പോകും. സാഹസങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

രേവതി

ജന്മശനിക്കാലം തുടങ്ങിക്കഴിഞ്ഞു. രാഹു, ശനിക്കൊപ്പം സഞ്ചരിക്കുന്നത് പ്രതിബന്ധങ്ങളുടെ ശക്തി വർദ്ധിപ്പിക്കാം. മിഥ്യകളുടെ ലോകത്തിൽ വ്യാപരിക്കും. ഉൺമ എത്രയോ അകലത്താവും. സത്യം ചൂണ്ടിക്കാട്ടിക്കൊടുക്കുന്നവരെ ദ്വേഷിച്ചേക്കും. നേതൃപദവികളിൽ ഉള്ളവർക്ക് വിലക്ക് തുടരുന്നതാണ്. ഉപജാപക സംഘത്തിൻ്റെ പിടിയാലാവും. സ്വന്തം തെറ്റ് തിരിച്ചറിയില്ല. അഥവാ ചൂണ്ടിക്കാട്ടിയാൽ അംഗീകരിക്കയുമില്ല. വിദേശത്ത് പോകാനും ഭോഗസുഖങ്ങളനുഭവിക്കാനും കഴിയുന്നതാണ്.  നിർബന്ധ ബുദ്ധിയും ശാഠ്യശീലങ്ങളും സഹപ്രവർത്തകർക്കു മാത്രമല്ല കുടുംബാംഗങ്ങൾക്കും ക്ലേശകരമാവും. ബിസിനസ്സ് ആവശ്യങ്ങൾക്കായി അലച്ചിലേറുന്നതാണ്. ആരോഗ്യപരമായി അനുകൂലതയില്ല. പതിവ് വൈദ്യപരിശോധനകൾ മുടക്കരുത്. തത്കാലം മത്സരങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാവും കരണീയം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: