scorecardresearch

Saturn Transit In Horoscope: ശനിയുടെ രാശിമാറ്റം 2025: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്? മകം മുതൽ തൃക്കേട്ടവരെ

Saturn Transit In Astrology in Malayalam: 27 നക്ഷത്രങ്ങളിലായി പിറന്നവരെയെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റം പലതരത്തിൽ ബാധിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ശനിയുടെ രാശിമാറ്റവും അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ്

Saturn Transit In Astrology in Malayalam: 27 നക്ഷത്രങ്ങളിലായി പിറന്നവരെയെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റം പലതരത്തിൽ ബാധിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ശനിയുടെ രാശിമാറ്റവും അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Saturn Transit 2025:: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം

Saturn Transit Impact 2025: മന്ദൻ എന്ന പേരിൻ്റെ ആദ്യാക്ഷരം ആയ  'മ' ഉപയോഗിച്ചാണ് ശനിയെ ഗ്രഹനിലയിൽ അടയാളപ്പെടുത്തുക. മന്ദൻ എന്നുപറഞ്ഞാലും ശനി എന്നുപറഞ്ഞാലും അർത്ഥം പതുക്കെ നടക്കുന്നവൻ / സഞ്ചരിക്കുന്നവൻ എന്നാണ്. രണ്ടും  ഒരു ഗ്രഹത്തിൻ്റെ ഇരുപേരുകൾ മാത്രം! 

Advertisment

360 ഡിഗ്രിയായി ചുറ്റപ്പെട്ടു കിടക്കുന്ന രാശിചക്രത്തിൽ 30 ഡിഗ്രി വീതം വരുന്ന 12 രാശികൾ അടങ്ങിയിട്ടുണ്ട്. നവഗ്രഹങ്ങൾ ഈ രാശിചക്രത്തിലൂടെ സഞ്ചരിക്കുകയാണ്. വ്യത്യസ്ത വേഗതയിലാണ് എന്നുമാത്രം. 

ശനി അഥവ മന്ദൻ ആവുമല്ലോ സ്വാഭാവികമായും ഏറ്റവും മെല്ലെ സഞ്ചരിക്കുന്നതെന്ന് ആ പേരിൽ നിന്നും വ്യക്തമാണല്ലോ? ശനി ഇപ്പോൾ സഞ്ചരിക്കുന്നത് കുംഭം രാശിയിലാണ്. ശരാശരി രണ്ടരവർഷക്കാലം അഥവാ മുപ്പതുമാസം ശനി ഒരു രാശിയിൽ സഞ്ചരിക്കും. 

2023 ആദ്യമാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇപ്പോൾ കുംഭം രാശിയിലെ യാത്ര പൂർത്തിയാക്കി ശനി മീനം രാശിയിലേക്ക് സംക്രമിക്കുകയാണ്. മുപ്പതുവർഷം വേണ്ടി വരും, പന്ത്രണ്ടു രാശികൾ അടങ്ങിയ രാശിചക്രം ശനിക്ക് ഒരുവട്ടം ചുറ്റിവരാൻ. (12 രാശികൾ x രണ്ടര വർഷം = 30 വർഷം). ചിലപ്പോൾ ഇതിന് ചെറിയ കുറവുകൾ വരാം. ഇപ്പോൾ ശനി കുംഭം രാശിയിലെ യാത്ര പൂർത്തിയാക്കുകയാണല്ലോ? ഇനി കുംഭം രാശിയിലെത്താൻ ശരാശരി ഇരുപത്തിയേഴര വർഷം വേണ്ടിവരും എന്നതാണ് കണക്ക്! 

Advertisment

ഒരുദാഹരണം പറഞ്ഞാൽ ഇപ്പോൾ 20 വയസ്സുള്ളയാൾക്ക് ശനി കുംഭം രാശിയിൽ വീണ്ടുമെത്തുമ്പോൾ 47 വയസ്സു കഴിയും. 2025 മാർച്ച് 29ന്/ 1200 മീനം 15ന്  ശനിയാഴ്ച രാത്രി 10:39 ന് ആണ് ശനി മീനം രാശിയിൽ പ്രവേശിക്കുന്നത്. 2027 പകുതി വരെ, ശരാശരി രണ്ടരവർഷം ശനി ഇനി മീനം രാശിയിൽ സഞ്ചരിക്കുന്നതാണ്. 

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുള്ള ഫലം (ഗോചര ഫലം അഥവാ ചാരഫലം) പ്രാധാന്യമുള്ളതായി കരുതാറുണ്ട്. പന്ത്രണ്ട് കൂറുകളിൽ, 27 നക്ഷത്രങ്ങളിലായി പിറന്നവരെയെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റം പലതരത്തിൽ - ഗുണമായും ദോഷമായും സമ്മിശ്രമായും - ബാധിക്കുന്നു; സ്വാധീനിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ശനിയുടെ രാശിമാറ്റവും അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ്. 

നവഗ്രഹങ്ങളിൽ ജീവിതത്തെ ഏറ്റവും അധികം മാറ്റിമറിക്കുന്ന ഗ്രഹം ശനിയാണ്. സൂര്യൻ്റെയും ഛായാദേവിയുടെയും പുത്രനാണ് ശനി. ഗ്രഹങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവരോട് ശത്രുതയുണ്ട് ശനിക്ക്. ബുധൻ, ശുക്രൻ എന്നിവർ സുഹൃത്തുക്കൾ. വ്യാഴം സമശീർഷനും. 

പുരാണങ്ങളിലെ കഥകളിൽ ശനി ദേവീദേവന്മാരെയും ഇതിഹാസങ്ങളിലെ അത്ഭുത വിക്രമന്മാരെയും  നിയന്ത്രിക്കുന്ന കാര്യം വിവരിക്കുന്നുണ്ട്. അവരുടെ ഭാഗധേയങ്ങളെ ശനി തൻ്റെ ചലനത്തിന് അനുസരിച്ച് മാറ്റിമറിക്കുന്നു. ശ്രീകൃഷ്ണന് സ്യമന്തകം രത്നം കട്ടവൻ എന്ന ദുഷ്പ്പേരുണ്ടായത്, ശിവന് ഭിക്ഷാടനം നടത്തേണ്ടി വന്നത്, ശ്രീരാമന് കാട്ടിൽ പോകേണ്ടി വന്നത്, യുധിഷ്ഠിരന് ചുതിൽ എല്ലാം നശിച്ചത് -ഒക്കെ ശനിയുടെ ലീലകളാണെന്ന് 'ശനിമാഹാത്മ്യം' കഥകളിൽ നിന്നറിയാം.

ഈ ലേഖനത്തിൽ  2025 മാർച്ച് 29 ന് രാത്രി മുതൽ രണ്ടരവർഷക്കാലം മീനം രാശിയിൽ സഞ്ചരിക്കുന്ന ശനി നമ്മൾ മനുഷ്യരുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന ആരായലാണ്. വസ്തുനിഷ്ഠമായ അപഗ്രഥനമാണ്.

മകം

ഏഴാം ഭാവത്തിൽ സഞ്ചരിച്ചിരുന്ന ശനി ഇനി എട്ടിലേക്ക് നീങ്ങുന്നു. കണ്ടകശനി എന്നനിലയായിരുന്നു, ഇതുവരെ. ഇനി മുതൽ അഷ്ടമശനി എന്ന സ്ഥിതിയിലും. ശനിമാറ്റം മകം നാളുകാർ വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതുണ്ട്.  കാര്യവിഘ്നം, രോഗ ക്ലേശങ്ങൾ, ഉറ്റവരുടെ വിരഹവിയോഗാദികൾ ഇവ അഷ്ടമശനിക്കാലത്ത് സംഭവിച്ചേക്കാം. സാമ്പത്തിക ഇടപാടുകളിൽ ഏറ്റവും കരുതൽ വേണം. സ്വാഭാവികമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കുറഞ്ഞേക്കും. മുൻപ് സമൂഹമധ്യത്തിൽ ഉണ്ടായിരുന്ന സ്വാധീനത അഷ്ടമശനിയിൽ കുറയുന്നതായി തോന്നിയേക്കും. ജോലി ഉപേക്ഷിക്കുന്നത് പുതുജോലി ഉറപ്പിച്ച ശേഷമാവണം. പൊതുപ്രവർത്തകർക്ക് ദുരാരോപണങ്ങളെ നേരിടേണ്ടി വന്നേക്കും. എളുപ്പത്തിൽ നേടിയിരുന്നവ ഇപ്പോൾ പ്രയത്നപൂർവ്വം നേടേണ്ടതായി വരാം.

പൂരം

ഏഴാം ഭാവത്തിൽ ശനി സഞ്ചരിച്ചിരുന്നതിനാൽ ഇതുവരെ കണ്ടകശനിക്കാലം ആയിരുന്നു. ഇനിമേൽ ശനി എട്ടാം  ഭാവത്തിൽ സഞ്ചരിക്കുകന്നതിനാൽ  അഷ്ടമശനിക്കാലമാണ്. എട്ടാമെടം വ്യക്തികളുടെ കഴിവുകളെ തളർത്തുന്ന ഭാവമാണ്. സ്വാശ്രയമായി ജീവിച്ചവർക്ക് പരാശ്രയത്വം ഉണ്ടായേക്കാം. സമൂഹത്തിൻ്റെ പൊതുചിന്തകളെ തനിക്കും തൻ്റെ ചിന്താധാരകളെ സമൂഹത്തിനും ഉൾക്കൊള്ളാൻ കഴിയാത്ത സ്ഥിതിവരും. ആരോഗ്യപരമായി കൂടുതൽ ജാഗ്രത വേണം. ജീവിതശൈലീ രോഗങ്ങൾ ബാധിക്കാനിടയുണ്ട്. സാഹസങ്ങൾക്ക് മുതിരരുത്. സാമ്പത്തികമായി സൂക്ഷ്മതയും കൃത്യതയും പുലർത്തുന്നതാണ് അഭികാമ്യം. കടബാധ്യതകൾ കൂടാതെ നോക്കണം. ബന്ധുമിത്രാദികളുടെ വിരഹവിയോഗങ്ങൾ അഷ്ടമശനിയുടെ ദോഷങ്ങളിൽ ഉൾപ്പെടുന്ന കാര്യമാണ്. പുതുസംരംഭങ്ങൾ തുടങ്ങുന്നത് എല്ലാവശങ്ങളും ആലോചിച്ചിട്ടാവണം. പ്രവാസ ജീവിതത്തിന് സാധ്യതയുള്ള കാലം കൂടിയാണിത്.

ഉത്രം

ചിങ്ങക്കൂറുകാർക്ക് അഷ്ടമശനിക്കാലം തുടങ്ങുന്നു. കന്നിക്കൂറുകാർക്ക് കണ്ടകശനിക്കാലവും. അതിനാൽ ജീവിതത്തിൻ്റെ സ്വാഭാവിക താളത്തിന് ക്രമം നഷ്ടമാകാം. ബന്ധങ്ങളുടെ ദാർഢ്യത്തിൽ വിള്ളൽ വരുന്നതിനിടയുണ്ട്. ബന്ധുവാര് ? ശത്രുവാര് ? എന്ന വിവേകം നഷ്ടപ്പെട്ടേക്കും. തൊഴിൽ തേടുന്നവർക്ക് പൂർണതൃപ്തിയുള്ള ജോലി ലഭിക്കണമെന്നില്ല. അകലങ്ങളിലേക്ക് സ്ഥലംമാറ്റം, വീടുവിട്ടു നിൽക്കേണ്ട സ്ഥിതി എന്നിവ ഭവിക്കാം. പ്രതിമാസമുള്ള ആദായത്തിൽ കുറവ് വരുന്നതാണ്. വാഗ്ദാനങ്ങൾ നൽകിയവർ അവ പാലിക്കാത്തത് മാനസിക സമ്മർദ്ദം സൃഷ്ടിക്കും. പ്രണയത്തിൽ തടസ്സവും ദാമ്പത്യത്തിൽ അലോസരങ്ങളും ഉദയം ചെയ്യാം. കാര്യസാധ്യത്തിന് അലച്ചിൽ ഉണ്ടാവുന്നതാണ്. കൂട്ടുകച്ചവടത്തിൽ അസ്വാരസ്യങ്ങൾ തലപൊക്കും. ക്ഷമയും മൗനവും ആധ്യാത്മിക ചര്യകളും ശനിദോഷത്തിന് പ്രതിരോധം ചമയ്ക്കുന്നതാണ്.

അത്തം

അനുകൂല ഭാവമായിരുന്ന ആറാമെടത്തിൽ നിന്നും പ്രതികൂലമായ ഏഴാമെടത്തിലേക്ക് ശനി മാറുകയാണ്. ജന്മരാശി, 4,7,10 എന്നീ ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലം കണ്ടകശ്ശനിക്കാലമായി വിശേഷിപ്പിക്കപ്പെടുന്നു. ഏഴാം ഭാവത്തിലെ ശനി കൂട്ടുകച്ചവടത്തെ മരവിപ്പിക്കുകയോ ശിഥിലമാക്കുകയോ ചെയ്തേക്കാം. പ്രണയാനുഭവങ്ങൾക്ക് വിരാമചിഹ്നം ഇടേണ്ടി വന്നേക്കും. ദാമ്പത്യത്തിൽ അസംതൃപ്തി പുകയും. പരസ്പര വിശ്വാസം നഷ്ടപ്പെടാനിടയുണ്ട്. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നങ്ങൾ സഫലമാവാൻ തടസ്സങ്ങൾ ഭവിച്ചേക്കാം. അന്യദേശ - വിദേശ യാത്രകൾക്ക് അവസരം തെളിയുന്നതാണ്. വഴിനടന്നുള്ള കച്ചവടം നഷ്ടത്തിലെത്താം. വ്യാപാരസ്ഥാപനം തുടങ്ങാൻ കടം വാങ്ങുന്നത് അഭിലഷണീയമാവില്ല. ജന്മരാശിയിലേക്ക് ശനി നോക്കുന്നതിനാൽ മനോവിഷാദം, ദേഹക്ഷീണം, കർമ്മപരാങ്മുഖത്വം ഇവയുണ്ടാവാൻ സാഹചര്യം രൂപപ്പെടുന്നതാണ്. പലതും സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതെ വരാം.

ചിത്തിര

കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് കണ്ടകശനി ആരംഭിക്കുകയാണ്. ഏഴാം ഭാവത്തിൽ ശനി സഞ്ചരിക്കുകയാൽ പ്രണയവിഘ്നം, പാർട്ണർഷിപ്പുകളിൽ തിരിച്ചടികൾ എന്നിവ ഉണ്ടാവാം. അന്യനാട്ടിൽ/വിദേശത്ത് ഉപരി പഠനത്തിന് അഡ്മിഷൻ ലഭിക്കും. വിദേശ തൊഴിലും സാധ്യതയിൽപ്പെടും. വിലപിടിച്ച വസ്തുക്കൾ നഷ്ടമാകാതിരിക്കാൻ കരുതൽ വേണം. വ്യർത്ഥയാത്രകൾ ഊർജ്ജ ശോഷണത്തിനും പാഴ്ച്ചെലവുകൾക്കും കാരണമാകാം. തുലാക്കൂറിൽ ജനിച്ച ചിത്തിര നാളുകാർക്ക് ശനി അനുകൂലമായ ആറാം ഭാവത്തിൽ വരികയാൽ ധാരാളം നേട്ടങ്ങൾ കരഗതമാവുന്ന കാലമാണ്. നഷ്ടപ്പെട്ട ചിലതൊക്കെ തിരികെ കിട്ടാനിടയുണ്ട്. ഉദ്യോഗത്തിൽ വ്യക്തമായ ഉയർച്ച കൈവരുന്നതാണ്. വിദ്യാഭ്യാസം ഉയർച്ചയിലെത്തും. ധനസ്ഥിതി പുഷ്ടിപ്പെടുന്നതാണ്. ഗാർഹിക രംഗത്ത് മനശ്ശാന്തി അനുഭവപ്പെടും. പരാശ്രയം അനുഭവിച്ചിരുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാനാവും.

ചോതി

ആറാം രാശിയിലേക്കാണ് ചോതി നാളുകാർക്ക് ശനി പ്രവേശിക്കുന്നത്. ശനി നന്മ ചൊരിയുന്നിടമാണ് ആറാം ഭാവം. ന്യായമായ പ്രതീക്ഷകൾ മിക്കതും പൂവണിയും. സ്ഥിരം തൊഴിൽ, സ്ഥിരം വരുമാനം എന്ന സ്വപ്നം സഫലമാവും. വ്യാപാരം തുടങ്ങാൻ ആവശ്യമായ സാമ്പത്തിക സഹായം കരഗതമാവുന്നതാണ്. നിലവിൽ ബിസിനസ്സ് ചെയ്തുപോരുന്നവർക്കും അഭ്യുദയം ഉണ്ടാവും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വസ്തുതർക്കങ്ങൾക്ക് രമ്യമായ പോംവഴി തെളിയുന്നതാണ്. ധനക്ലേശത്താൽ തടസ്സപ്പെട്ട വീടുപണി പൂർത്തീകരിക്കും. കൊതിച്ച വാഹനം വാങ്ങാനാവും. ഭാവിജീവിതത്തിന് പ്രയോജനകരമാവുന്ന നിക്ഷേപങ്ങൾ നടത്താൻ സാധിച്ചേക്കും. ജീവിതം കണ്ണീരുമാത്രമല്ല സന്തോഷവും കൂടി ചേർന്നതാണ് എന്ന ആത്മവിശ്വാസം പകരാനും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും ശനിമാറ്റം സാഹചര്യം സൃഷ്ടിക്കുന്നതാണ്.

വിശാഖം

തുലാക്കൂറിൽ വരുന്ന വിശാഖം നാളുകാർക്ക് ശനി ആറാമെടത്തിൽ സഞ്ചരിക്കുന്നത് പലതരം ഗുണഫലങ്ങൾക്ക് കാരണമാകും. സമൂഹത്തിൽ കൂടുതൽ പരിഗണന കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതലയുള്ള തസ്തികയിലേക്ക് മാറ്റം ലഭിക്കാം. വേതനവർദ്ധനവ് പ്രതീക്ഷിച്ച പോലെ കൈവരും. കടബാദ്ധ്യതയിൽ നിന്നും മോചനം സാധ്യമാകുന്നതാണ്. "ഒന്നും സമ്പാദിച്ചിട്ടില്ല" എന്ന വിഷമമുള്ളവർക്ക് ക്രമേണ നിക്ഷേപങ്ങൾ ഉണ്ടാവുന്നതാണ്. പഠനത്തിൽ അഭ്യുദയം കൈവന്നേക്കും. ആരോഗ്യപരമായും ആശ്വാസകാലമാവും. വൃശ്ചികക്കൂറുകാരായ വിശാഖം നാളുകാർക്ക് കണ്ടകശ്ശനി തീരുന്നത് ആശ്വാസമാണ്. തൊഴിൽ രംഗത്ത് സമ്മർദ്ദം കുറയാം. മക്കളുടെ പഠനം, തൊഴിൽ മുതലായവയിൽ തടസ്സങ്ങളോ വിളംബമോ വന്നേക്കാം. വേണ്ടാത്ത കാര്യത്തിന് ശാഠ്യം കാട്ടുന്നതുമൂലം അല്പം കയ്പുരസം കുടിക്കാൻ നിർബന്ധിതരാവും.

അനിഴം

നാലാം ഭാവത്തിൽ തുടർന്നുവന്ന കണ്ടകശ്ശനി തീരുന്നത് ആശ്വാസകരമാവും. അഞ്ചാമെടത്തിലെ ശനിയുടെ ഭരണകാലമാണിനി. അദ്ധ്വാനം വെറുതെയാവുന്ന  സ്ഥിതിക്ക് ശുഭകരമായ മാറ്റം കണ്ടേക്കും.  എന്തുചെയ്താലും തൻ്റെ കുറ്റം കണ്ടെത്തുന്നവർ മൗനം ഭജിക്കാം. ധനവരവിലെ തടസ്സങ്ങൾ അകലുന്നതാണ്. പുതിയ ജീവനമാർഗങ്ങൾ നേടുന്നതിൽ വിജയിക്കും. വീട്ടിലും - പുറത്തും ഉള്ള മുതിർന്നവരുടെ മതിയായ പിന്തുണ എപ്പോഴും ലഭിക്കും. ഉപരിപഠനത്തിനോ ഉപജീവനത്തിനോ ദൂരദേശങ്ങളെ ആശ്രയിക്കേണ്ടതായി വന്നേക്കും. സംരംഭങ്ങൾ സുഗമമായി നടത്തിക്കൊണ്ടു പോവുന്നതിൽ ചില ക്ലേശങ്ങൾ ഏർപ്പെടാനിടയുണ്ട് എന്നതും പ്രസ്താവ്യമാണ്. ആത്മാർത്ഥമായ പരിശ്രമം ഫലവത്താകാൻ തടസ്സങ്ങൾ ഉണ്ടാകും. ഉപാസനാദികളുടെ ചിട്ടതെറ്റാം.

തൃക്കേട്ട

നാലാമെടമായ മീനം രാശിയിൽ നിന്നും ശനി മാറുകയാണ്. കണ്ടകശ്ശനിയുടെ ക്ലേശങ്ങൾക്ക് അതോടെ വിരാമം വരുകയായി. കർമ്മരംഗത്തെ ആലസ്യം അകലുന്നതാണ്. മുൻഗണന നിശ്ചയിച്ച് കർമ്മനിരതരാവും. ബന്ധുക്കളുടെ പിന്തുണ മുന്നത്തേതിലും കൈവരും. മനസ്സിൻ്റെ വ്രണിതഭാവങ്ങൾ വിടപറയുന്നതാണ്. അഞ്ചാം ഭാവത്തിലാണ് രണ്ടരവർഷക്കാലം ഇനി ശനിയുടെ സഞ്ചാരം. ചിട്ടി, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിൽ നിന്നും ആദായം വരും. പാരമ്പര്യസ്വത്തുക്കൾ നന്നായി സംരക്ഷിക്കും. സർഗ്ഗശക്തി പ്രകടിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ തുറന്നുകിട്ടുന്നതാണ്. വ്യത്യസ്തതയുള്ള കഴിവുകൾക്ക് അംഗീകാരമുണ്ടാവും. കുടുംബത്തിലെ പുതുതലമുറയുമായി ആശയപരമായ അനൈക്യം ഉടലെടുക്കാം. വലിയ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യും. ചെറുകാര്യങ്ങളിൽ ശാഠ്യം പിടിക്കുന്നതാണ്. ആദർശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിൽ വിജയം നേടും. 

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: