/indian-express-malayalam/media/media_files/2025/03/15/shani-horoscope-2025-astrological-predictions-moolam-to-revathi-960426.jpg)
Saturn Transit 2025:: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം
Saturn Transit Impact 2025: മന്ദൻ എന്ന പേരിൻ്റെ ആദ്യാക്ഷരം ആയ 'മ' ഉപയോഗിച്ചാണ് ശനിയെ ഗ്രഹനിലയിൽ അടയാളപ്പെടുത്തുക. മന്ദൻ എന്നുപറഞ്ഞാലും ശനി എന്നുപറഞ്ഞാലും അർത്ഥം പതുക്കെ നടക്കുന്നവൻ / സഞ്ചരിക്കുന്നവൻ എന്നാണ്. രണ്ടും ഒരു ഗ്രഹത്തിൻ്റെ ഇരുപേരുകൾ മാത്രം!
360 ഡിഗ്രിയായി ചുറ്റപ്പെട്ടു കിടക്കുന്ന രാശിചക്രത്തിൽ 30 ഡിഗ്രി വീതം വരുന്ന 12 രാശികൾ അടങ്ങിയിട്ടുണ്ട്. നവഗ്രഹങ്ങൾ ഈ രാശിചക്രത്തിലൂടെ സഞ്ചരിക്കുകയാണ്. വ്യത്യസ്ത വേഗതയിലാണ് എന്നുമാത്രം.
ശനി അഥവ മന്ദൻ ആവുമല്ലോ സ്വാഭാവികമായും ഏറ്റവും മെല്ലെ സഞ്ചരിക്കുന്നതെന്ന് ആ പേരിൽ നിന്നും വ്യക്തമാണല്ലോ? ശനി ഇപ്പോൾ സഞ്ചരിക്കുന്നത് കുംഭം രാശിയിലാണ്. ശരാശരി രണ്ടരവർഷക്കാലം അഥവാ മുപ്പതുമാസം ശനി ഒരു രാശിയിൽ സഞ്ചരിക്കും.
2023 ആദ്യമാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇപ്പോൾ കുംഭം രാശിയിലെ യാത്ര പൂർത്തിയാക്കി ശനി മീനം രാശിയിലേക്ക് സംക്രമിക്കുകയാണ്. മുപ്പതുവർഷം വേണ്ടി വരും, പന്ത്രണ്ടു രാശികൾ അടങ്ങിയ രാശിചക്രം ശനിക്ക് ഒരുവട്ടം ചുറ്റിവരാൻ. (12 രാശികൾ x രണ്ടര വർഷം = 30 വർഷം). ചിലപ്പോൾ ഇതിന് ചെറിയ കുറവുകൾ വരാം. ഇപ്പോൾ ശനി കുംഭം രാശിയിലെ യാത്ര പൂർത്തിയാക്കുകയാണല്ലോ? ഇനി കുംഭം രാശിയിലെത്താൻ ശരാശരി ഇരുപത്തിയേഴര വർഷം വേണ്ടിവരും എന്നതാണ് കണക്ക്!
ഒരുദാഹരണം പറഞ്ഞാൽ ഇപ്പോൾ 20 വയസ്സുള്ളയാൾക്ക് ശനി കുംഭം രാശിയിൽ വീണ്ടുമെത്തുമ്പോൾ 47 വയസ്സു കഴിയും. 2025 മാർച്ച് 29ന്/ 1200 മീനം 15ന് ശനിയാഴ്ച രാത്രി 10:39 ന് ആണ് ശനി മീനം രാശിയിൽ പ്രവേശിക്കുന്നത്. 2027 പകുതി വരെ, ശരാശരി രണ്ടരവർഷം ശനി ഇനി മീനം രാശിയിൽ സഞ്ചരിക്കുന്നതാണ്.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുള്ള ഫലം (ഗോചര ഫലം അഥവാ ചാരഫലം) പ്രാധാന്യമുള്ളതായി കരുതാറുണ്ട്. പന്ത്രണ്ട് കൂറുകളിൽ, 27 നക്ഷത്രങ്ങളിലായി പിറന്നവരെയെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റം പലതരത്തിൽ - ഗുണമായും ദോഷമായും സമ്മിശ്രമായും - ബാധിക്കുന്നു; സ്വാധീനിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ശനിയുടെ രാശിമാറ്റവും അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ്.
നവഗ്രഹങ്ങളിൽ ജീവിതത്തെ ഏറ്റവും അധികം മാറ്റിമറിക്കുന്ന ഗ്രഹം ശനിയാണ്. സൂര്യൻ്റെയും ഛായാദേവിയുടെയും പുത്രനാണ് ശനി. ഗ്രഹങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവരോട് ശത്രുതയുണ്ട് ശനിക്ക്. ബുധൻ, ശുക്രൻ എന്നിവർ സുഹൃത്തുക്കൾ. വ്യാഴം സമശീർഷനും.
പുരാണങ്ങളിലെ കഥകളിൽ ശനി ദേവീദേവന്മാരെയും ഇതിഹാസങ്ങളിലെ അത്ഭുത വിക്രമന്മാരെയും നിയന്ത്രിക്കുന്ന കാര്യം വിവരിക്കുന്നുണ്ട്. അവരുടെ ഭാഗധേയങ്ങളെ ശനി തൻ്റെ ചലനത്തിന് അനുസരിച്ച് മാറ്റിമറിക്കുന്നു. ശ്രീകൃഷ്ണന് സ്യമന്തകം രത്നം കട്ടവൻ എന്ന ദുഷ്പ്പേരുണ്ടായത്, ശിവന് ഭിക്ഷാടനം നടത്തേണ്ടി വന്നത്, ശ്രീരാമന് കാട്ടിൽ പോകേണ്ടി വന്നത്, യുധിഷ്ഠിരന് ചുതിൽ എല്ലാം നശിച്ചത് -ഒക്കെ ശനിയുടെ ലീലകളാണെന്ന് 'ശനിമാഹാത്മ്യം' കഥകളിൽ നിന്നറിയാം.
ഈ ലേഖനത്തിൽ 2025 മാർച്ച് 29 ന് രാത്രി മുതൽ രണ്ടരവർഷക്കാലം മീനം രാശിയിൽ സഞ്ചരിക്കുന്ന ശനി നമ്മൾ മനുഷ്യരുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന ആരായലാണ്. വസ്തുനിഷ്ഠമായ അപഗ്രഥനമാണ്.
- ശനിയുടെ രാശിമാറ്റം 2025: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്?
- ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്? മകം മുതൽ തൃക്കേട്ടവരെ
മൂലം
ശനി സഞ്ചരിച്ചിരുന്നത് അനുകൂലഭാവമായ മൂന്നാമെടത്തിൽ. ഇനി നാലാമെടത്തിൽ സഞ്ചരിക്കും. നാലാംഭാവത്തിലെ ശനി കണ്ടകശനിയാണ്. ആയതിനാൽ സുഖസ്ഥാനമാണ് നാലാമെടം. ദേഹം, മനസ്സ് ഇവയെ സംബന്ധിക്കുന്ന സുഖാനുഭവങ്ങൾക്ക് ലോപം വരാം. വീടുവെക്കുന്നവർ ധനപരമായി ക്ലേശിച്ചാലും കാര്യസാധ്യം ഭവിക്കുന്നതാണ്. ബന്ധുക്കളുടെ ഇടപെടലുകൾ അനിഷ്ടകാരിയായേക്കും. തൊഴിൽ രംഗത്ത് മാറ്റം കൊണ്ടുവരാൻ തീവ്രമായി ആഗ്രഹിക്കുമെങ്കിലും പ്രാവർത്തികമാക്കുക എളുപ്പമല്ലെന്ന് തിരിച്ചറിയും. പഴയ വാഹനം മാറ്റിവാങ്ങാനുള്ള ശ്രമം നീണ്ടേക്കും. ബന്ധങ്ങളുടെ ദൃഢത നിലനിർത്താൻ വിഷമിക്കുന്നതാണ്. വരുമാനം അസ്ഥിരമായിരിക്കും. വസ്തുസംബന്ധിച്ച ക്രയവിക്രയത്തിൽ കബളിപ്പിക്കപ്പെടാം. ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കാണുന്നു.
പൂരാടം
കണ്ടകശനി തുടങ്ങുന്നു. സുഗമമായത് പലതും കൃച്ഛ്രസാധ്യമാവുന്നതാണ്. വാക്കുകളിലും നിലപാടുകളിലും ഉറച്ചുനിൽക്കുവാൻ ക്ലേശിക്കും. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ഭവിക്കാം. സുഹൃൽബന്ധം നിലനിർത്തുക ക്ലേശകരമാവും. ദേഹസുഖം ഓരോ ദിവസം ഓരോ മാതിരിയാവും. പ്രയത്നം ഏറുന്നതാണ്. എന്നാൽ പ്രതിഫലം തക്കതായിരിക്കില്ല. ജന്മദേശത്തിലെ വീടോ വസ്തുവോ വിൽക്കാനിടയുണ്ട്. നിക്ഷേപങ്ങൾ സുരക്ഷിതമാക്കണം. പൊതുപ്രവർത്തകർക്ക് പൂർവ്വരീതിയിലുള്ള പിന്തുണ ലഭിച്ചേക്കില്ല. കരാറുപണികളിൽ കൈനഷ്ടം വരാനുള്ള സാധ്യതയുണ്ട്. ഉപരിവിദ്യാഭ്യാസത്തിന് വിദേശത്ത് സീറ്റ് ലഭിക്കും. മാതാവിൻ്റെ ആരോഗ്യത്തിൽ ജാഗ്രതയുണ്ടാവണം. ബിസിനസ്സ് രംഗത്ത് ശരാശരി പുരോഗതി ദൃശ്യമാകും. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നതിൽ വളരെ കരുതൽ വേണം. അർഹതയ്ക്കും ആഗ്രഹത്തിനും അനുസരിച്ച് പുതിയത് കിട്ടുക എളുപ്പമായേക്കില്ല.
ഉത്രാടം
ധനുക്കൂറിൽ വരുന്ന ഉത്രാടം നാളുകാർക്ക് കണ്ടകശനി (നാലാംഭാവത്തിൽ) തുടങ്ങുന്നു. ജോലിമാറ്റം, സ്ഥലംമാറ്റം, ഗൃഹം മാറ്റം തുടങ്ങിയവ ഭവിക്കുന്നതാണ്. ഇഷ്ടപ്പെടാത്ത കാര്യങ്ങളും നിർവഹിക്കേണ്ടിവരും. സ്വന്തം ആശയങ്ങൾക്കും ആവിഷ്ക്കാരങ്ങൾക്കും ജനപ്രീതി കുറയുന്നതിൽ വിഷമമുണ്ടാവും. സൈബർ തട്ടിപ്പുകൾ, ഭൂമിയിടപാടിൽ നഷ്ടം എന്നിവ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാതാവിന് ക്ലേശാനുഭവങ്ങൾ ഭവിച്ചേക്കാം. മകരക്കൂറുകാർക്ക് ഗുണം കൂടുന്നതാണ്. വ്യാപാരത്തിൽ മുന്നോട്ട് പോകാനാവും. സ്വന്തം തെറ്റുകൾ തിരുത്താൻ കഴിയും. എതിർപ്പുകളെപ്പോലും അനുകൂലമാക്കി മാറ്റാൻ കഴിഞ്ഞേക്കും. മാനസികമായ പിരിമുറുക്കമില്ലാതെ കർമ്മരംഗത്ത് സക്രിയരാവും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾക്ക് മുതിരുന്നതാണ്. കിടപ്പുരോഗികൾക്ക് സമാശ്വാസം വന്നു ചേരും.
തിരുവോണം
കഴിഞ്ഞ ഏഴര വർഷക്കാലമായി 'ഏഴരശനി' ബാധിതരാണ് തിരുവോണം നാളിൽ ജനിച്ചവർ. പ്രസ്തുതദോഷകാലം ഇപ്പോൾ അവസാനിക്കുന്നു. കൂട്ടിൽ നിന്നും തുറന്നുവിടപ്പെട്ട പക്ഷിയുടെ സ്വാതന്ത്ര്യമാണ് ഇവർ അനുഭവിക്കാൻ പോകുന്നത്. മൂന്നാം ഭാവത്തിലേക്ക് മാറുന്ന ശനി ഏറ്റവും അനുകൂലനാണ്. ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കും. നിലവിലെ ജോലിയിൽ ഒരുവിധത്തിലുള്ള ഗുണവും കിട്ടാത്തവർ ഇപ്പോൾ സ്ഥാനക്കയറ്റം, വേതന വർദ്ധനവ് എന്നിവയ്ക്ക് പരിഗണിക്കപ്പെടും. സാമ്പത്തിക ക്ലേശങ്ങൾക്ക് അയവുണ്ടാവും. സമ്പാദ്യശീലം ഉയരുന്നതാണ്. സംരംഭങ്ങൾ തുടങ്ങാനും അവയിൽ വിജയിക്കാനും സാധിച്ചേയ്ക്കും. ജീവിതനിലവാരം ഉയരുന്നതാണ്.. സുഖഭോഗങ്ങൾ നുകരാനാവും. ആരോഗ്യപ്രശ്നങ്ങളെ വ്യായാമം, ഔഷധം ഇവയാൽ നിയന്ത്രിക്കാൻ കഴിയുന്നതാണ്. സമൂഹത്തിൻ്റെ ആദരം ലഭിക്കുന്നതായിരിക്കും.
അവിട്ടം
മകരക്കൂറുകാർക്ക് ഏഴരശ്ശനിക്കാലം അവസാനിക്കുകയാൽ ഈ ശനിമാറ്റം ഗുണകരമാവും. ലക്ഷ്യത്തിലെത്താൻ കുറഞ്ഞ ദൂരം സഞ്ചരിച്ചാൽ മതിയെന്ന നിലവരും. കുടുംബസൗഖ്യം ഭവിക്കും. സാമ്പത്തികമായി സ്ഥിരതയുണ്ടാവും. രോഗദുരിതങ്ങൾക്ക് വലിയ തോതിൽ ആശ്വാസം ലഭിക്കുന്നതാണ്. പഠനം പൂർത്തിയാക്കാനും അർഹമായ ഉദ്യോഗം കിട്ടാനും സാഹചര്യത്തിൻ്റെ അനുകൂല്യതയുണ്ട്. കടബാധ്യതകൾ പരിഹരിച്ചേക്കും. കുംഭക്കൂറിൽ വരുന്ന അവിട്ടം നാളുകാർക്ക് ശനി രണ്ടാം ഭാവത്തിൽ വരുന്നു. ഏഴരശ്ശനി അഞ്ചുവർഷം കഴിഞ്ഞു. ഇനി രണ്ടരവർഷം ബാക്കിയാണ്. അതിനാൽ തീരുമാനങ്ങൾ ആലോചിച്ച് കൈക്കൊള്ളണം. ധനവിഷയമായി അതൃപ്തിക്ക് സാധ്യതയുണ്ട്. പഠനത്തിൽ പിറകിലാവാം. വലിയ മുതൽമുടക്കുകൾ കരുതലോടെ ചെയ്യണം. ആരോഗ്യത്തിൽ ജാഗ്രതയുണ്ടാവണം.
ചതയം
ഏഴരശ്ശനിയിലെ ജന്മശനി മാറുന്നത് അല്പം ആശ്വാസകരമാണ്. ശനി രണ്ടാം ഭാവത്തിലാണിനി. വാക്കും വിദ്യാഭ്യാസവും കുടുംബ ജീവിതവും ധനസ്ഥിതിയും രണ്ടാം ഭാവം കൊണ്ട് വിചിന്തനം ചെയ്യുന്നു. ഇപ്പറഞ്ഞവയ്ക്ക് തിളക്കം കുറയാനിടയുള്ള കാലമാണ്. ഓരോ വാക്കും ശരിക്കും ആലോചിച്ച് പറയണം. എന്തു കേൾക്കണം എന്തു കേൾക്കണ്ടാ എന്നതും പ്രധാനമാണ്. വിദ്യാർത്ഥികൾക്ക് പഠനവൈകല്യം വരാനിടയുണ്ട്. ധനം കരുതലോടെ കൈകാര്യം ചെയ്യണം. വലുതാകട്ടെ, ചെറുതാകട്ടെ വരവത്രയും ചെലവായിപ്പോകുന്ന, ചെലവാക്കിപ്പോകുന്ന കാലമാണ്. കഴിവതും സമ്പാദ്യശീലം വളർത്തണം. കുടുംബ ജീവിതത്തിൽ അലോസരങ്ങൾ ഉദയം ചെയ്യാം. തിടുക്കം ദോഷത്തിനിടവരുത്താം. സമചിത്തതയോടെ അപ്പോഴപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കാൻ സന്നദ്ധതയുണ്ടാവണം. സാഹസ കർമ്മങ്ങൾ ഒഴിവാക്കുകയും കരണീയം.
പൂരൂരുട്ടാതി
കുംഭക്കൂറുകാർ ഏഴരശ്ശനിയിലെ അവസാനത്തെ രണ്ടരവർഷത്തിലേക്ക് കടക്കുന്നു. സാമ്പത്തിക സമ്മർദ്ദങ്ങൾ ഉണ്ടാവും. കടബാധ്യത പരിഹരിക്കാനായി കൂടുതൽ കടം വാങ്ങുന്ന പ്രവണതയ്ക്ക് ശമനം വരുത്തണം. വാക്കുകളിൽ നേർമ്മയും നെറിയും കുറയാം. അറിഞ്ഞോ അറിയാതെയോ കള്ളം പറഞ്ഞും പ്രവർത്തിച്ചും ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. രോഗികൾ സ്വയം ചികിത്സയ്ക്ക് മുതിരരുത്. മീനക്കൂറിൽ വരുന്ന പൂരുരുട്ടാതിക്കാർക്ക് ഏഴരശ്ശനി ജന്മരാശിയിലേക്ക് പകരുകയാണ്. നിർബന്ധശീലവും അനാവശ്യമായ 'ഈഗോ'യും കുടുംബ ഭദ്രതയെ തളർത്താനിടയുണ്ട്. വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കളും ശ്രദ്ധാലുക്കളാവണം. പുതുതലമുറയുടെ കാര്യങ്ങളിൽ മുതിർന്നവർ ജാഗ്രത കാട്ടുന്നത് ഉചിതമായിരിക്കും. ഉപാസനകൾ, മിതവ്യയം, മൗനശീലം, ആരോഗ്യ ജാഗ്രത
ഇവ ഗുണകരമാവും.
ഉത്രട്ടാതി
ഉത്രട്ടാതി ഉൾപ്പെടുന്ന മീനം രാശിയിലേക്കാണ് ശനി സംക്രമിക്കുന്നത്. അതിനാൽ ഇവർക്ക് ഏഴരശ്ശനിയുടെ നടുഭാഗം ആയ ജന്മശ്ശനിയും കണ്ടകശ്ശനിയും ഒരുമിച്ച് വരുന്നു. ജീവിതത്തിലെ പരീക്ഷണ നിർഭരമായ കാലമായിരിക്കും, ഇക്കാലം. വിശ്വാസവഞ്ചനയ്ക്ക് വിധേയരാവാനിടയുണ്ട്. സാമ്പത്തികമായി കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ കരുതലുണ്ടാവണം. ചെറിയ കാര്യങ്ങൾ വിഷാദത്തിലേക്ക് നയിക്കാം. ഉത്രട്ടാതിക്കാരുടെ വേണ്ടപ്പെട്ടവർ മാനസികശക്തി പകരാൻ തയ്യാറാവണം. ദേഹാധ്വാനം കൂടും. പ്രതിഫലം അർഹിച്ചത്ര കിട്ടിയേക്കില്ല. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനക്കേടുണ്ടാവാനിടയുണ്ട്. അസൗകര്യമുള്ള ഷിഫ്റ്റോ ഡ്യൂട്ടിയോ ചുമതലയോ നിർവഹിക്കേണ്ടിവന്നേക്കും. ബിസിനസ്സ് തുടങ്ങുകയാണെങ്കിൽ ധനകാര്യങ്ങളിൽ ജാഗ്രത കൈക്കൊള്ളണം. വാഹനയാത്രയിൽ ഏറെ കരുതൽ വേണ്ടതുണ്ട്.
രേവതി
ശനി ജന്മരാശിയിൽ പ്രവേശിച്ചതിനാൽ ഏഴരശ്ശനിയിലെ ജന്മശനിയും ഒപ്പം കണ്ടകശനിയും ഒന്നായി ബാധിക്കുകയാണ് രേവതി നാളുകാരെ. തൊഴിലിൽ ഇടക്കിടെ തടസ്സങ്ങൾ വരാം. അർഹമായ അവകാശം സ്വാഭാവികമായി വന്നെത്തില്ല. പ്രതിഷേധം വേണ്ടതായി വന്നേക്കും. സമയോചിതമായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നതാണ്. ആലസ്യം അനുഭവപ്പെടും. വിദ്യാർത്ഥികളാവും കൂടുതൽ ബാധിക്കപ്പെടുക. സംഘടനയിൽ ഒറ്റപ്പെടാനിടയുണ്ട്. അവഹേളനത്തിന് പാത്രമാവും. സുലഭവസ്തുക്കൾ ദുർലഭമായി അനുഭവപ്പെട്ടേക്കും. ഭാര്യാഭർത്താക്കന്മാർ മാനസികമായോ സ്ഥലപരമായോ അകലാൻ സാധ്യതയുണ്ട്. കൃത്യമായ ആരോഗ്യപരിശോധന അനിവാര്യമാണ്. സാമ്പത്തിക അച്ചടക്കമില്ലെങ്കിൽ കടക്കെണിയിൽ മുങ്ങും. ധ്യാനം, യോഗ, അദ്ധ്യാത്മിക ചര്യ എന്നിവ ശനിദോഷത്തിനെ ചെറുക്കുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.