/indian-express-malayalam/media/media_files/2025/04/03/vishuphalam-2025-astrological-predictions-makam-to-thriketta-932435.jpg)
Vishu Phalam 2025 Horoscope: വിഷു ഫലം
Vishu Phalam 2025: കൊല്ലവർഷം 1200 ലെ വിഷു, മേടമാസം ഒന്നാം തീയതിയായ ഏപ്രിൽ 14 ന് തിങ്കളാഴ്ചയാണ്. കേരളീയരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. വിഷുക്കണിയും കണിക്കൊന്നയും ഗ്രാമത്തിൻ്റെ മണവും കൈനീട്ടവും വിഷുസ്സദ്യയും മറ്റും ഏതു യന്ത്രവൽകൃത ലോകത്തിൽ ജീവിച്ചാലും നമ്മുടെ മനസ്സിലുണ്ടാവട്ടെ എന്ന് കവികൾ ആശംസിക്കുന്നു.
ആദിത്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നതിനെ വിഷുവെന്നു വിളിക്കുന്നു. വിഷുവത് അഥവാ 'Equinox' ആണ് 'വിഷു' എന്നറിയപ്പെടുന്നത്. ഭൂമിയിൽ രാപ്പകലുകൾ തുല്യമാകുന്നത് എന്നാണ് അതിൻ്റെ വാച്യാർത്ഥം. ഉപോദ്ബലകങ്ങളായ കുറെ ഐതിഹ്യങ്ങളും നിലവിലുണ്ട്.
ആദിത്യൻ്റെ സംക്രമസമയത്തെ നക്ഷത്രത്തെയും ഗ്രഹങ്ങളുടെ ഗോചര ഫലങ്ങളെയും വിഷുഫലത്തിൽ പരിഗണിക്കാറുണ്ട്. വിഷുഫലം സംവത്സരഫലമാണ്. ഒരു വർഷത്തേക്കെന്ന് അർത്ഥം.
മേടം ഒന്നു മുതൽ ഫലം കണക്കാക്കുന്നു. മലയാളി വിഷുഫലത്തിന് ഒരുകാലത്ത് വലിയ പ്രാധാന്യം നൽകിപ്പോന്നു. നാളികേര ഫലം, രാജ്യത്തിൻ്റെ ഒരു വർഷത്തെ ഫലം, നവനായകന്മാരുടെ ഫലം തുടങ്ങിയവയും വിഷുഫലത്തിൽ ഉൾക്കൊള്ളിക്കുന്ന പതിവുണ്ട്.
വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ ആദിത്യൻ്റെ മേടസംക്രമ സമയത്ത് ഏതുരാശിയിൽ നിൽക്കുന്നു എന്നതും ഫലചിന്തയിൽ കടന്നുവരാറുണ്ട്. സൂര്യസംക്രമം നടക്കുന്നത് ഏതു വാരം, നക്ഷത്രം, തിഥി, കരണം, യോഗം എന്നിവയിലാണ് സംഭവിച്ചത് എന്നതും പരിശോധിക്കുന്നു. ഗ്രഹങ്ങളിൽ ശനി, വ്യാഴം എന്നിവയെ സവിശേഷം അടയാളപ്പെടുത്തുന്നു. ഇക്കൊല്ലം 'മീനശ്ശനി ഇടവ വ്യാഴം' നിന്ന കൊല്ലത്തിലാണ് വിഷുദിനം വരുന്നത്.
മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വിഷുഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ ആയില്യം വരെ
മകം
ഗോചരാൽ രാഹുവും ശനിയും മറ്റും അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും വിഷുഫലത്തിൻ്റെ നിയമങ്ങൾ മകത്തിന് അനുകൂലമാണ്. സ്ഥിരമായ ജോലി ലഭിക്കും. കരാർ പണികൾ സ്ഥിരപ്പെടുന്നതാണ്. ഏജൻസി, കമ്മീഷൻ വ്യാപാരം ഇവയിലൂടെ ധനാഗമം ഉയരും. സമ്പാദ്യശീലം വർദ്ധിക്കും. ജീവിതശൈലീ രോഗങ്ങളെ മരുന്നിലൂടെ ക്രമീകരിക്കാനാവും. ശാസ്ത്ര, വൈജ്ഞാനിക രംഗങ്ങളിൽ മികവ് പുലർത്തും. പൂർവ്വകാല സഹപാഠികളെ കാണുവാനും ബന്ധം ദൃഢമാവാനും അവസരം ഭവിക്കും. ചെറുപ്പക്കാരുടെ പ്രണയം സഫലമാവുന്നതാണ്. പുതിയ ബിസിനസ്സിൻ്റെ രൂപരേഖ തയ്യാറാക്കും. എന്നാൽ വലിയ തോതിൽ പണം മുടക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തണം.
പൂരം
ചിങ്ങക്കൂറിൽ വരുന്ന നക്ഷത്രമാണ് പൂരം. ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങൾ ചാരവശാൽ അനിഷ്ട ഭാവങ്ങളിൽ സഞ്ചരിക്കുന്ന വർഷമാണ്. എന്നാൽ വിഷുഫലത്തിൻ്റെ നിയമമനുസരിച്ച് പൂരം നാളിൽ ജനിച്ചവർക്ക് ധാരാളം നേട്ടങ്ങളും ഭൗതികസുഖങ്ങളും അനുഭവത്തിലാവും. സാമ്പത്തികമായ ശോച്യതയ്ക്ക് മാറ്റം വരുന്നതാണ്. അടഞ്ഞുപോയ ആദായമാർഗ്ഗങ്ങൾ തുറന്നുകിട്ടും. തടസ്സങ്ങളെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടന്നേക്കും. പകുതിയിൽ നിന്നുപോയ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് കയറിത്താമസം സാധ്യമാവുന്നതാണ്. വിദേശത്തു പോകാൻ അവസരം സംജാതമാകും. ഉപരിപഠനത്തിന് ആശിച്ച വിഷയത്തിൽ പ്രവേശനം നേടും. ശയ്യാവലംബികളായവർക്ക് ചികിൽസാമാറ്റം കൊണ്ട് ഗുണമുണ്ടാവും.
ഉത്രം
ഗോചരാൽ സമ്മിശ്രഫലങ്ങളാണ് ഉത്രം നാളിനുണ്ടാവുക. എന്നാൽ വിഷുഫലം ഗുണപ്രദമാണ്. തൊഴിൽ രംഗത്ത് വളർച്ച പ്രകടമാവും. നവീകരിച്ച സ്വന്തം സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്. വായ്പ നേടാനുള്ള ശ്രമം വിജയം കാണും. മുൻപ് വാങ്ങിയ കടം ഭാഗികമായി വീട്ടാനാവും. തൊഴിലന്വേഷണം ഫലവത്താകും. സ്വകാര്യ സ്ഥാപനത്തിൽ അർഹതയുള്ള ജോലി ലഭിക്കുന്നതാണ്. പിരിഞ്ഞുകഴിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഇണങ്ങിച്ചേരാനാവും. അയൽതർക്കങ്ങൾ പരിഹരിക്കപ്പെടും. സഹോദരർക്കൊപ്പം കഴിഞ്ഞിരുന്ന മാതാപിതാക്കളെ സ്വന്തം ഭവനത്തിൽ കൊണ്ടുവന്ന് താമസിപ്പിക്കാനാവും. നഷ്ടപ്പെട്ടുവെന്നു കരുതിയ പഴയ രേഖകൾ/ആധാരം എന്നിവ തിരികെക്കിട്ടുന്നതാണ്. പൊതുവേ സമാധാനം അനുഭവപ്പെടും.
അത്തം
കന്നിക്കൂറുകാർക്ക് ശനി, രാഹു, വ്യാഴം മുതലായ ഗ്രഹങ്ങൾ ഈ വർഷം അനുകൂല ഭാവത്തിലല്ല. എന്നാൽ വിഷുഫലം അത്തം നാളുകാർക്ക് ഏറ്റവും ശ്രേയസ്കരമാണ്. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കാൻ സന്നദ്ധത കാട്ടും. ആത്മവിശ്വാസം തുണയായുണ്ടാവും. പുതിയ ഭാഷ, സാങ്കേതിക വിഷയങ്ങൾ എന്നിവ പഠിക്കാൻ സാധിക്കും. അവയുടെ പ്രയോജനം കൈവരും. വിപണന തന്ത്രങ്ങൾ ഫലം കാണുന്നതാണ്. സത്യസന്ധമായ പ്രവർത്തനങ്ങൾ സമാദരിക്കപ്പെടും. വിദേശത്തു പഠിപ്പ് /തൊഴിൽ അവസരം ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിൽ നിന്നും ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാനിടയുണ്ട്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കലാസാഹിത്യ പ്രവർത്തനങ്ങൾ അഭംഗുരമാവും. ആരോഗ്യകാര്യങ്ങളിൽ സാമാന്യം തൃപ്തിയുണ്ടാവും.
ചിത്തിര
കന്നിക്കൂറുകാർക്ക് ചെറിയ നേട്ടങ്ങൾക്ക് പോലും കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായി വരുന്നതാണ്. ആത്മവിശ്വാസം അമിതമാവുന്നതുകൊണുള്ള തിരിച്ചടികളും ഉണ്ടാവും. വിദ്യാർത്ഥികൾക്ക് പഠനവൈകല്യം ഒരു സാധ്യതയാണ്. അക്കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അകാരണമായ ഭയം പിടിപെടാം. പരമ്പരാഗതമായി വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ആദായം കുറയാം. തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് വിദേശത്തുപോകാനുള്ള ശ്രമം ഫലവത്താകും. പ്രമുഖരുടെ പിന്തുണ സഹായകമാവും. വ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. തടസ്സപ്പെട്ടിരുന്ന ഗൃഹനിർമ്മാണം പൂർത്തിയാക്കും. പിതൃ-പുത്ര ബന്ധം രമ്യമാവും. സകുടുംബം വിനോദയാത്ര നടത്തുന്നതാണ്.
ചോതി
ഗോചരഫലം അനുസരിച്ചു ഈ വർഷം ചോതി നാളുകാർക്ക് സമുജ്ജ്വലമാണ്. എന്നാൽ വിഷുഫലം പ്രതികൂലമാണുതാനും. ആകയാൽ ഈയ്യാണ്ട് സമ്മിശ്രമായ ഫലങ്ങൾ അനുഭവിക്കുന്നതാണ്. തൊഴിൽ രഹിതർക്ക് വരുമാനമാർഗം തുറന്നു കിട്ടുന്നതായിരിക്കും. പൂട്ടിയ സ്ഥാപനം അറ്റകുറ്റപ്പണി നടത്തി വീണ്ടും തുടങ്ങുന്നതിന് സാധിക്കും. തുടർവിദ്യാഭ്യാസം ആശയ്ക്കൊത്തവിധം നടക്കും. ബന്ധുവിരോധം പരിഹൃതമാവും. പിതൃ-പുത്രബന്ധം കൂടുതൽ ദൃഢമാവുന്നതാണ്. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിച്ചേക്കും. ചിട്ടി, ഇൻഷ്വറൻസ്, മുൻകുടിശ്ശിക, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ജന്മനാട്ടിലെ വീട് പുതുക്കാനും ഇടക്കിടെ പോയി തങ്ങാനും കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ വന്നെത്തും. അർഹമായ വേതനം ലഭിക്കുന്നതാണ്.
വിശാഖം
വിഷുസംക്രമഫലം അനുസരിച്ച് വിശാഖം നാളുകാർക്ക് ഗുണക്കുറവുള്ള കാലമാണ്. മുൻപെടുത്ത തീരുമാനങ്ങളിൽ നിന്നും പിന്മാറിയേക്കും. വസ്തുക്കൾ സംബന്ധിച്ച വ്യവഹാരം വിചാരിച്ചതുപോലെ പര്യവസാനിക്കണമെന്നില്ല. ആത്മവിശ്വാസത്തിന് കുറവു വരാം.
ചെറിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധം ചെലുത്തേണ്ട സ്ഥിതിയുണ്ടായേക്കും. മേലധികാരികളുടെ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞേക്കില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം. കൂട്ടുബിസിനസ്സുകൾ കരുതിയ പോലെ ആദായകരമാവില്ല. അന്യദേശത്തുനിന്നും ജന്മദേശത്തേക്ക് വരാനും പുതുസംരംഭങ്ങൾ തുടങ്ങാനും കുറച്ചുകൂടി കാത്തിരിപ്പ് ആവശ്യമാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാവും. സുഹൃൽ / ബന്ധു കലഹങ്ങളിൽ മൗനം അവലംബിക്കുക കരണീയം.
അനിഴം
വളരെ നല്ലഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്, വിഷുഫലമനുസരിച്ച്. അധികാരേച്ഛുക്കൾക്ക് ആഗ്രഹിക്കുന്ന പദവികൾ കൈവരും. സംഘടനകളിൽ നേതൃപദവി ലഭിക്കാം. വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാവും. കലാപ്രവർത്തനങ്ങൾ അഭംഗുരമായി നടക്കാൻ സാഹചര്യം ഒത്തിണങ്ങുന്നതാണ്. സന്താനപ്രാപ്തിയില്ലാതെ വിഷമിക്കുന്നവർക്ക് ശുഭഫലങ്ങളുണ്ടാവും. കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും. മക്കളുടെ കാര്യത്തിലുള്ള ചില ഉൽക്കണ്ഠകൾക്ക് വിരാമമാവും. നീണ്ടകാലമായി രോഗശയ്യയിലായവർക്ക് ചികിൽസാ മാറ്റം ഗുണകരമാവും.വീടോ വസ്തുവോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യനാട്ടിൽ ജോലി തേടുന്നവർക്ക് അർഹതയുള്ള അവസരം തുറന്നുകിട്ടുന്നതാണ്.
തൃക്കേട്ട
ഉദ്യമങ്ങൾ വിജയിക്കുന്നതാണ്. ആലസ്യവും കർമ്മപരാങ്മുഖത്വവും നീങ്ങും. ഭൂതകാലത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിന് സന്നദ്ധതയുണ്ടാവും.
സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. ബിസിനസ്സിൽ വിപണനതന്ത്രങ്ങൾ പ്രയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കും. ഭാവനാവിലാസം ഉയരുന്നതാണ്. പൊതുപ്രവർത്തനത്തിൽ വിജയം വരിക്കും. ഉദ്യോഗസ്ഥരുടെ ഏകോപന സിദ്ധിയും സംഘാടന വൈഭവവും അഭിനന്ദിക്കപ്പെടും. കരാറുകൾ സ്ഥിരപ്പെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള അനുമതി കൈവരും. ധനശോച്യതയാൽ നിർത്തിവെച്ച ഗൃഹനിർമ്മാണം പൂർത്തിയാക്കുവാനും കയറിത്താമസിക്കാനും സാധിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ഉപാസനാദികൾ, ദൈവ സമർപ്പണങ്ങൾ ഇവയ്ക്ക് മുടക്കമുണ്ടാവില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.