/indian-express-malayalam/media/media_files/2025/06/09/S0d6m0SpQusrlYS9u4Mm.jpg)
Monthly Horoscope for Midhunam: മിഥുന മാസത്തെ നക്ഷത്രഫലം
Monthly Horoscope Midhunam: ജൂൺ 15 ന് ഞായറാഴ്ചയാണ് മിഥുനമാസം ഒന്നാം തീയതി. അന്നു രാവിലെ 6 മണി 44 മിനിട്ടിന് ഇടവം രാശിയിൽ നിന്നും ആദിത്യൻ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മിഥുനമാസം നീളം കൂടിയ മാസമാണ്. ജൂലൈ 16 ന് ആണ് മിഥുനം 32 വരുന്നത്. മകയിരം, തിരുവാതിര, പുണർതം എന്നിങ്ങനെയുള്ള ഇടവപ്പാതിയുടെ ഉച്ചഘട്ടങ്ങളെ ഉദ്ഘോഷിക്കുന്ന പ്രധാനപ്പെട്ട മൂന്നുഞാറ്റുവേലകൾ മിഥുനമാസത്തിൽ കടന്നുവരുന്നുണ്ട്.
കൃഷ്ണപക്ഷം ആണ് മാസാദ്യം. മിഥുനം 11 ന് ആണ് കറുത്തവാവ്. പിറ്റേന്നു മുതൽ ആഷാഢമാസം തുടങ്ങും. മിഥുനം 26 ന് ആണ് വെളുത്തവാവ് വരുന്നത്. ചൊവ്വ മിഥുനമാസം മുഴുവൻ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നു. മിഥുനം 16 വരെ മകം നക്ഷത്രത്തിലും തുടർന്ന് പൂരത്തിലും സഞ്ചരിക്കും. ശുക്രൻ മിഥുനം 15 വരെ മേടത്തിലും, തുടർന്ന് ഇടവം രാശിയിലും ആണ്. ബുധൻ മിഥുനം 8 വരെ മിഥുനം രാശിയിലും തുടർന്ന് കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളിലൂടെയാണ് ബുധൻ്റെ യാത്ര.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ഇടവം 29 മുതൽ മിഥുനം 23 വരെ വ്യാഴം മൗഢ്യത്തിലുമാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി 3, 2 പാദങ്ങളിലും കേതു ചിങ്ങം രാശിയിൽ ഉത്രം 1, പൂരം നാലാം പാദം എന്നിവയിലുമായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ മാസഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മകം
ആദിത്യനും ബുധനും വ്യാഴവും പതിനൊന്നിൽ സഞ്ചരിക്കുന്നു. ഉദ്യോഗസ്ഥർക്ക് കർമ്മമേഖലയിൽ തിളങ്ങാനാവും. മേലധികാരികളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതാണ്. ദൈവാധീനമുള്ളതായി അനുഭവപ്പെടും. സ്വന്തം തൊഴിലിൽ പുഷ്ടിയും ധനലാഭവും വരും. ബന്ധുക്കളുടെ നാനാപ്രകാരേണയുള്ള പിന്തുണ പ്രതീക്ഷിക്കാം. ഉപരിപഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കലാകാരന്മാർക്ക് അംഗീകാരം സിദ്ധിക്കും. രാഹു ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ പ്രണയശൈഥില്യം സംഭവിക്കാം. ദാമ്പത്യത്തിലും പലതരം സ്വൈരക്കേടുകൾ കടന്നുവരാനിടയുണ്ട്. അഷ്ടമ ഭാവത്തിൽ ശനിയും ജന്മരാശിയിൽ ചൊവ്വ, കേതു എന്നിവയും സഞ്ചരിക്കുന്നത് ആരോഗ്യപരമായി ഒട്ടും നന്നല്ല. വാഹനം, വൈദ്യുതി, അഗ്നി ഇവയുടെ ഉപയോഗത്തിൽ ഏറ്റവും കരുതൽ വേണ്ടതുണ്ട്.
Also Read: മിഥുന മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ
പൂരം
ജന്മത്തിൽ പാപഗ്രഹങ്ങളായ ചൊവ്വ, കേതു, അഷ്ടമത്തിൽ ശനി, ഏഴാമെടത്തിൽ രാഹു എന്നിവ സഞ്ചരിക്കുന്നത് ജീവിതത്തിൻ്റെ സുഗമതയേയും ആരോഗ്യ സൗഖ്യത്തെയും ബാധിക്കാം. രോഗങ്ങൾ പിടിപെടാം. അനുരാഗികൾക്കിടയിൽ പിണക്കം ഏർപ്പെടാനിടയുണ്ട്. ദാമ്പത്യത്തിലും സ്വാച്ഛന്ദ്യം കുറഞ്ഞേക്കും. ദമ്പതിമാർ ജോലിപരമായോ മറ്റുള്ള കാരണങ്ങളാലോ ദൂരദിക്കുകളിൽ വേറെ വെറെ പാർക്കാനിടയുണ്ട്. എന്നാൽ ഏറ്റവും അനുകൂല ഭാവമായ പതിനൊന്നാമെടത്തിൽ വ്യാഴം, ബുധൻ, ആദിത്യൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ജീവിതത്തെ സന്തുലിതമാക്കാൻ പര്യാപ്തമാണുതാനും. തൊഴിൽ മേഖലയിൽ അഭിവൃദ്ധിയുണ്ടാവും. ധനാഗമം അഭംഗുരമായി തുടരുന്നതാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറും. പഠിപ്പിൽ തുടർച്ച ലഭിക്കുന്നതാണ്.
ഉത്രം
തൊഴിലിൽ ഉന്മേഷം ഭവിക്കുന്ന കാലമാണ്. ജോലിയിൽ നിന്നും വിട്ടുനിന്നവർക്ക് തുടർച്ചയായി ജോലി ലഭിക്കും. സ്വാശ്രയ ബിസിനസ്സുകൾക്കും വലിയ തടസ്സമുണ്ടാവില്ല. സാമ്പത്തിക ശോച്യത പരിഹൃതമാവും. കരുത്തുറ്റ തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രാവർത്തികമാക്കാനും സാധിക്കുന്നതാണ്. പുതുസംരംഭങ്ങൾക്ക് കാലം ഉചിതമല്ല. സർക്കാരിൽ നിന്നുമുള്ള അനുമതി ലഭിച്ചേക്കും. ദൈവിക സമർപ്പണങ്ങൾ, തീർത്ഥയാത്രകൾ ഇവ നിശ്ചയിച്ചതുപോലെ നടന്നുകിട്ടും. ബന്ധുക്കളും സുഹൃത്തുക്കളും സന്ദർഭോചിതമായി പെരുമാറുന്നതാണ്. ചിങ്ങക്കൂറുകാർക്ക് ഏഴിലെ രാഹുവും കന്നിക്കൂറുകാർക്ക് ഏഴിലെ ശനിയും പ്രണയം, ദാമ്പത്യം, കുടുംബ ജീവിതം എന്നിവയിൽ അലോസരങ്ങളുണ്ടാവും എന്നതിൻ്റെ സൂചനയാണ്. കേതുവും ചൊവ്വയും ദേഹ- മന ക്ലേശങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. അതിനാൽ കരുതൽ, വിട്ടുവീഴ്ച എന്നിവ അനിവാര്യം.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അത്തം
ആദിത്യനും ബുധനും കർമ്മഭാവത്തിൽ സഞ്ചരിക്കുകയാൽ ഔദ്യോഗികമായി മെച്ചം ഉണ്ടാവും. ബിസിനസ്സിലും പുരോഗതി ദൃശ്യമാവുന്നതാണ്. കലാകാരന്മാർക്ക് സർഗ്ഗവൈഭവം പ്രകടിപ്പിക്കാൻ കഴിയും. ഭൗതികപുരോഗതി വന്നെത്തും. ഉപരിപഠനത്തിന് ഇഷ്ടവിഷയം കൈവരും. ഏഴാമെടത്തിലെ ശനി ദാമ്പത്യത്തിൽ സമ്മർദ്ദങ്ങൾ സൃഷ്ടിക്കാം. രാഹു ആറാം ഭാവത്തിലാകയാൽ ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. കടബാധ്യതയിൽ ആശ്വാസം പ്രതീക്ഷിക്കാം. പന്ത്രണ്ടിലെ കേതുകുജയോഗം ആരോഗ്യകാര്യത്തിൽ, ചെലവിൽ ശ്രദ്ധയുണ്ടാവണം എന്നു സൂചിപ്പിക്കുന്നു. വ്യാഴത്തിന് മൗഢ്യം സംഭവിക്കുന്നതിനാൽ മുതിർന്ന ജ്യേഷ്ഠൻ, ഗുരുനാഥൻ തുടങ്ങിയവർക്ക് രോഗക്ലേശങ്ങൾ വരാനിടയുണ്ട്.
ചിത്തിര
ഗ്രഹങ്ങളുടെ സമ്മിശ്രമായിട്ടുള്ള സ്ഥിതിയാൽ ഗുണവും ദോഷവും ആവർത്തിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് വലിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. തന്മൂലം മാനസിക സമ്മർദ്ദം അനുഭവിക്കും. ബിസിനസ്സ് അല്പം മെല്ലെയാവുന്നതാണ്. സ്റ്റോക്കിനനുസരിച്ച് വ്യാപാരത്തിൽ ഉയർച്ച ഉണ്ടാവില്ല. വായ്പകൾ തിരിച്ചടക്കാൻ ക്ലേശിക്കും. പുതിയ ജോലി തേടുന്നവർക്ക് വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. തുലാക്കൂറുകാർക്ക് ഭൂമിവ്യാപാരം ആദായകരമാവും. വിദേശത്ത് പഠനമോ തൊഴിലോ തേടുന്നവർ നിരാശപ്പെടില്ല. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതി. പിതൃ-പുത്ര ബന്ധത്തിൽ സ്വൈരം കുറയാം. രോഗക്ലേശിതർക്ക് ചികിൽസാ മാറ്റം കൊണ്ട് വലിയ തോതിലുള്ള ആശ്വാസമുണ്ടാവണമെന്നില്ല.
ചോതി
ആദിത്യൻ അഷ്ടമത്തിൽ നിന്നും മാറുന്നത് ആശ്വാസകരമാണ്. എന്നാൽ ഭാഗ്യഭാവത്തിൽ സഞ്ചരിക്കുന്ന വ്യാഴത്തിന് മൗഢ്യം വരുന്നത് നന്നല്ല. പ്രതീക്ഷിച്ച സുഗമത പല കാര്യങ്ങളിലും കിട്ടാനിടയില്ല. തൊഴിൽ രംഗത്ത് സ്വസ്ഥത കുറയാം. കൂട്ടുകച്ചവടത്തിലും പുനശ്ചിന്ത്യ ആവശ്യമായി വരുന്നതാണ്. ആറാം ഭാവത്തിലെ ശനി സ്വനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ആത്മശക്തിയും പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവും സ്വായത്തമാകും. അവിവാഹിതരുടെ ദാമ്പത്യപ്രവേശം നീളുന്നതാണ്. കിട്ടാക്കടങ്ങൾ ഭാഗികമായി കിട്ടാനിടയുണ്ട്. വസ്തുവ്യവഹാരങ്ങൾ അനുകൂലവിധി നേടിയേക്കും. മകൻ്റെ / മകളുടെ പഠനം, പ്രവർത്തനം എന്നിവയിലെല്ലാം ശ്രദ്ധയും കരുതലും ആവശ്യമാണ്.
വിശാഖം
നക്ഷത്രാധിപനായ വ്യാഴത്തിന് മിഥുനമാസം മുക്കാലും മൗഢ്യം ആകയാൽ ആത്മശക്തിക്ക് കുറവുവരാം. നന്നായി അറിയുന്ന കാര്യങ്ങൾ വീണ്ടും മനസ്സിലാക്കേണ്ടതായി വരുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ അനിഷ്ടത്തിന് പാത്രമാകും. തൊഴിൽ മേഖലയിൽ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ സ്വീകാര്യമാവും. പൊതുപ്രവർത്തനത്തിൽ സ്വീകാര്യത കൈവരുന്നതാണ്. ആഡംബര വസ്തുക്കൾ, ഗൃഹോപകരണങ്ങൾ ഇവ വാങ്ങും. ഭൂമിയിൽ നിന്നും ആദായം ലഭിക്കുന്നതാണ്. വാടകവീട്ടിലേക്ക് താമസം മാറാനായേക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ ജോലിമാറ്റം ലഭിക്കാൻ ഇനിയും കാത്തിരിപ്പാവശ്യമാണ്. ബന്ധു സന്ദർശനം, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ എന്നിവ മനസ്സന്തോഷത്തിന് കാരണമാകും.
Also Read: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
അനിഴം
ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ ഔദ്യോഗികമായി വെല്ലുവിളികളുണ്ടാവും. കൃത്യവിലോപം വന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ തടസ്സങ്ങൾ വന്നെത്തുന്നതാണ്. നവസംരംഭങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം വരും. പിതാവുമായി
ആശയ വൈരുധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. മനസ്സമാധാനം കുറയും. രാഹു നാലിൽ സഞ്ചരിക്കുകയാൽ ഗൃഹനിർമ്മാണം തടസ്സപ്പെടാം. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരാനുള്ള സാധ്യതയുമുണ്ട്. അഞ്ചാം ഭാവത്തിലെ ശനി ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ക്രിയാപരത കുറയും. മക്കളുടെ കാര്യത്തിൽ വിഷമങ്ങൾ ഉണ്ടാവാം. ആറ്, ഏഴ് ഭാവങ്ങളിലെ ശുക്രൻ പ്രണയ കാര്യത്തിൽ ദുർഘടത്വമുണ്ടാക്കും. ബുധൻ്റെ അനുകൂലത വാദപ്രതിവാദങ്ങളിൽ വിജയം നൽകും.
തൃക്കേട്ട
ലക്ഷ്യപ്രാപ്തിക്ക് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മിഥ്യാധാരണകളുടെ പുറത്താവും പലപ്പോഴും ജീവിതം. ആദിത്യൻ്റെ അനിഷ്ട സ്ഥിതി കാരണം മേലധികാരിയുടെ അപ്രീതി സമ്പാദിക്കാനിടയുണ്ട്. പരാശ്രയത്വം കോപത്തിനിടയാക്കും. ആദ്ധ്യാത്മിക ചര്യകൾക്ക് ഭംഗം വരാനിടയുണ്ട്. വിദേശയാത്രക്ക് തടസ്സമോ വിളംബമോ വരാവുന്നതാണ്. സഹിഷ്ണുത കൈവിടരുത്. കരാർ ജോലികൾ തുടരപ്പെടുന്നതാണ്. ചെറുസംരംഭങ്ങൾ ഗുണദായകമാവും. ഒരുപാട് മുതൽമുടക്കാൻ കാലം അനുകൂലമല്ല. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ വേണ്ടതുണ്ട്. മത്സരങ്ങളിലും ഇഷ്ടവസ്തുക്കൾ മോഹവില കൊടുത്തുവാങ്ങും.
വീട്ടുകാരുടെ വിമർശനം തൃണവൽഗണിക്കും.
Read More: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us