/indian-express-malayalam/media/media_files/2025/01/20/february-16-to-22-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Horoscope
Weekly Horoscope: ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കറുത്തവാവ് വരുന്നുണ്ട്. ചൊവ്വാഴ്ച ഗ്രീഷ്മ ഋതുവും ഒപ്പം ജ്യേഷ്ഠമാസവും ആരംഭിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്. ബുധൻ ഇടവം രാശിയിൽ കാർത്തിക - രോഹിണി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ഇപ്പോൾ ബുധന് മൗഢ്യവുമുണ്ട്.
വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ രേവതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി മീനത്തിൽ ഉത്രട്ടാതി ഒന്നാം പാദത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും, കേതു ചിങ്ങം രാശിയിൽ ഉത്രത്തിലും തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
മകം
ഗ്രഹനിലകളിൽ ചിലതൊക്കെ അനുകൂലമല്ലെന്നിരുന്നാലും കാര്യസാധ്യം ഭവിക്കുന്നതാണ്. പുതിയ ജോലിയിൽ / പദവിയിൽ പ്രവേശിക്കാനാവും. ധനക്ലേശം കുറയും. മുൻ നിക്ഷേപങ്ങൾ ആവശ്യത്തിന് ഉപകാരപ്പെടും. സമൂഹത്തിൻ്റെ അംഗീകാരം നേടുന്നതായിരിക്കും. മക്കളുടെ പഠനകാര്യത്തിൽ വ്യക്തത കൈവരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാറ്റാൻ തയ്യാറാകാത്തത് ഗൃഹത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകാം. സുഹൃൽ സമാഗമം, ലഘുയാത്രകൾ ഇവയുണ്ടായേക്കും. അമിതസാഹസങ്ങൾക്ക് മുതിരരുത്.
പൂരം
മാറ്റങ്ങൾ ഉൾക്കൊള്ളാൻ മനസ്സ് തയ്യാറാവും. പുതിയ വാടകവീട് കണ്ടെത്തുവാൻ കഴിഞ്ഞേക്കും. ജീവിതത്തിൻ്റെ താളം വീണ്ടും മുഴങ്ങിത്തുടങ്ങും. കലാപ്രവർത്തനത്തിന് സമയം കണ്ടെത്താനാവും. ചെറുപ്പക്കാർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്. വ്യാപാരികൾക്ക് സീസൺ അനുസരിച്ചുള്ള ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം. സാംക്രമിക രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. പണയസ്വർണ്ണം തിരിച്ചെടുക്കാനാവും. ബന്ധുക്കളുടെ സഹായം പ്രയോജനപ്പെടുത്തും.
ഉത്രം
മാറ്റം ആഗ്രഹിക്കും. പക്ഷേ മാറ്റം വരുത്തുവാനാവശ്യമായ പ്രയത്നത്തിന് മനസ്സുണ്ടാവില്ല. ആരാൻ്റെ കാര്യത്തിൽ ഇടപെടാതിരിക്കുക ഉത്തമം. കേതു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധയുണ്ടാവണം. ആരെയും നിസ്സാരന്മാരായി കരുതുകയുമരുത്. നവസംരംഭങ്ങൾ ഒരുവിധം മുന്നോട്ടുപോകും എന്നേ പറയാൻ കഴിയൂ! പുതിയ ചുമതലക്കാരെ നിയമിക്കേണ്ടി വന്നേക്കാം. രോഗഗ്രസ്തതർക്ക് ചികിൽസാച്ചെലവേറും. കുടുംബത്തിൽ സമാധാനം കുറയുന്നതിനിടയുണ്ട്.
അത്തം
ഞായറും തിങ്കളും അഷ്ടമരാശിയാണ്. അതിനാൽ അവയിൽ പുതുകാര്യങ്ങൾ തുടങ്ങരുത്. വാക്കിലും കർമ്മങ്ങളിലും കരുതലുണ്ടാവണം. തീർച്ചെപ്പെടുത്തിയ കാര്യങ്ങളായാലും ഒന്നുകൂടി ആലോചിക്കുന്നതിൽ തെറ്റില്ല. മറ്റു ദിവസങ്ങൾ ഗുണപ്രധാനങ്ങളാണ്. വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടുന്നതായിരിക്കും. ഭോഗ സുഖം അനുഭവിക്കും. വിഷമം പിടിച്ച ദൗത്യങ്ങൾ ഏറ്റെടുക്കുന്നതാണ്. ജന്മനാട്ടിൽ പോകാനും പിതൃബന്ധുക്കളെ സന്ദർശിക്കാനുമാവും. സക്രിയത നിലനിർത്തും. കച്ചവടതന്ത്രങ്ങൾ വിജയം കാണുന്നതാണ്.
ചിത്തിര
പല കാര്യങ്ങളും കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി അനുഭവപ്പെടാം. ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ചോദ്യം ചെയ്യപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. വിദ്യാഭ്യാസ വായ്പ ലഭിച്ചേക്കാം. ഏജൻസി പ്രവർത്തനം ഗുണകരമാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമല്ലാത്ത ഷിഫ്റ്റിൽ പ്രവർത്തിക്കേണ്ടി വരാം. പ്രണയികൾക്ക് തടസ്സങ്ങൾ നീങ്ങാം. സ്ത്രീ സുഹൃത്തിൽ നിന്നും സഹായം സ്വീകരിക്കുന്നതാണ്. ചിലപ്പോൾ കൂടുതൽ നേരം ചിന്തയിൽ മുഴുകും. വസ്തുവിൽ നിന്നും ആദായം ഉണ്ടാവും.
ചോതി
വാരാദ്യവും വാരാന്ത്യവും ഗുണപ്രദമാവും. അഷ്ടമരാശിക്കൂറ് വരുന്നതിനാൽ ചൊവ്വയും ബുധനും കരുതൽ വേണം. വാഗ്വാദങ്ങളിൽ സംയമം പാലിക്കണം. ക്ഷോഭത്തിന് വിധേയമാകരുത്. മറ്റു ദിവസങ്ങളിൽ കരുതിയതൊക്കെ ചെയ്യാനാവും. ആത്മവിശ്വാസം ഉയരും. വിദ്യാഭ്യാസകാര്യങ്ങളിൽ വഴി തെളിഞ്ഞേക്കും. വൃദ്ധജനങ്ങളുടെ പരിചരണത്തിൽ സന്തോഷം കണ്ടെത്തും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. സകുടുംബം സുഹൃൽ ഭവനം സന്ദർശിച്ചേക്കും. ഉദ്യാനപരിപാലനത്തിന് സമയം കണ്ടെത്തും. ഉപാസനാദികൾ മുടങ്ങില്ല.
വിശാഖം
ഉദ്യോഗസ്ഥർക്ക് സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവും. കലഹവാസനയുള്ള സുഹൃത്തുക്കളെ ഉപേക്ഷിക്കുന്നതാണ്. പുതുസംരംഭങ്ങൾ തുടങ്ങാൻ ആദിത്യൻ അനിഷ്ടസ്ഥാനത്ത് തുടരുന്നത് അനുകൂലമല്ല. കേതുവിൻ്റെ അനുകൂലസ്ഥിതി അപ്രതീക്ഷിതമായ ധനാഗമം സൃഷ്ടിക്കും. രാഹുസ്ഥിതി ആശയക്കുഴപ്പത്തിനും കാരണമായേക്കാം. പുതിയ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ഓഫീസിൽ നിന്നും നിർദ്ദേശം വരാം. സമൂഹമാധ്യമങ്ങൾ കാണാൻ കൂടുതൽ സമയം ചെലവഴിക്കുന്നതാണ്. ചൊവ്വ, ബുധൻ, വ്യാഴം മേന്മ കുറഞ്ഞ ദിനങ്ങൾ.
അനിഴം
കർമ്മരംഗത്ത് ഉൽസാഹം ഉണ്ടാവും. ബുദ്ധിയുണർവ്വോടെ പ്രവർത്തിക്കാനാവും. ഒപ്പമുള്ളവരുടെ നിസ്സഹകരണം തളർത്തില്ല. ബിസിനസ്സിൽ അഭിവൃദ്ധി പ്രതീക്ഷിക്കാവുന്ന സന്ദർഭമാണ്. ലക്ഷ്യപ്രാപ്തിക്കായി ആലോചിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതാണ്. ഉന്നതരുമായി കൂടിക്കാഴ്ച സാധ്യമാകും. വഴിനടത്തം മൂലം ക്ലേശങ്ങളുണ്ടാവും. ഊഹക്കച്ചവടത്തിൽ കരുതലുണ്ടാവണം. ഭോഗസുഖം, ഭക്ഷണതൃപ്തി എന്നിവ വാരാദ്യ ദിവസങ്ങളിലെ അനുഭവങ്ങളാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ സുപ്രധാന കാര്യങ്ങൾ ഒഴിവാക്കുക ഉചിതം.
തൃക്കേട്ട
മികച്ച അവസരങ്ങൾക്കായി കാത്തിരിക്കും. വിദ്യാർത്ഥികൾ ഇടക്കാല കോഴ്സുകൾ പഠിക്കാൻ ചേരുന്നതാണ്. ബിസിനസ്സ് കാര്യങ്ങൾക്കായി പകരക്കാരെ നിയോഗിക്കും. സംഘടനാ പ്രവർത്തനം പരിമിതപ്പെടുത്താൻ വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടാവുന്നതാണ്. അയൽ തർക്കങ്ങൾ പരിഹരിക്കും. താലൂക്ക് -വില്ലേജ് ഓഫീസുകളിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാൻ ശ്രമം തുടരും. സാമ്പത്തിക അമളികൾ പറ്റാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്. ജീവകാരുണ്യത്തിൽ താത്പര്യമേറുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വാഗ്ദാനം പാലിക്കാനാകാതെ വിഷമിക്കും. ആരോഗ്യശ്രദ്ധ വേണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us