/indian-express-malayalam/media/media_files/2025/01/20/february-16-to-22-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope
Weekly Horoscope: ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കറുത്തവാവ് വരുന്നുണ്ട്. ചൊവ്വാഴ്ച ഗ്രീഷ്മ ഋതുവും ഒപ്പം ജ്യേഷ്ഠമാസവും ആരംഭിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്. ബുധൻ ഇടവം രാശിയിൽ കാർത്തിക - രോഹിണി നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ഇപ്പോൾ ബുധന് മൗഢ്യവുമുണ്ട്.
വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ രേവതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി മീനത്തിൽ ഉത്രട്ടാതി ഒന്നാം പാദത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും, കേതു ചിങ്ങം രാശിയിൽ ഉത്രത്തിലും തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യംവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
ജന്മനക്ഷത്രത്തിൽ തന്നെയാണ് ആഴ്ച ആരംഭിക്കുന്നത്. പല കാര്യങ്ങളും ആലോചിച്ചുറപ്പിക്കും. ഇഷ്ടസുഹൃത്തുക്കളെ കാണാനാവും. സന്തോഷത്തിനു പിറകെ സന്താപവും, സന്താപത്തിന് പിറകെ സന്തോഷവും ഉണ്ടെന്ന ജീവിത പാഠം അനുഭവിച്ചറിയും. ഔദ്യോഗികമായി കാര്യങ്ങൾ വരുതിയിലാവും. ചിലപ്പോൾ മുൻകൂട്ടി തീരുമാനിച്ചവ പാടേ മാറ്റിവെക്കേണ്ടി വരുന്ന സ്ഥിതി ഭവിക്കും. രാഹുവും കേതുവും തീർക്കുന്ന അർദ്ധവലയത്തിൽ മുഴുവൻ ഗ്രഹങ്ങളും ഉൾപ്പെടുന്ന കാലമാണ്. വേഗത ആഗ്രഹിച്ചാലും വാഹനം മാത്രമല്ല ജീവിതവും മന്ദഗതി കൈക്കൊണ്ടേക്കും. ഞായർ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സാമാന്യമായി സ്വാസ്ഥ്യവും സ്വച്ഛന്ദതയും പ്രതീക്ഷിക്കാം.
ഭരണി
പതിനൊന്നാം രാശി തൊട്ട് അഞ്ചാം രാശി വരെ തുടർച്ചയായി ഗ്രഹങ്ങളുണ്ട്. ആൾക്കൂട്ടത്തിനിടയിൽ പെട്ട പ്രതീതിയാവും. സ്വകാര്യത ഭഞ്ജിക്കപ്പെടാം. കർമ്മനിരതത്വം പ്രതീക്ഷിക്കാവുന്ന സന്ദർഭമാണ്. എന്നാൽ ഉദ്ദേശിച്ച കാര്യങ്ങൾക്കു പകരം മറ്റു ചില പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവും. വീടുവിട്ടുനിൽക്കേണ്ട സ്ഥിതി വരുന്നതാണ്. മനസ്സിലൂടെ വിഷാദ കാർമേഘങ്ങൾ കടന്നുപോകാം. ബുദ്ധിയുണർന്ന് പ്രവർത്തിച്ചേക്കില്ല. വാക്കിൽ പാണ്ഡിത്യവും മാധുര്യവും നിറയും. ജീവിത പങ്കാളിയിൽ നിന്നും പാരിതോഷികം ലഭിക്കുന്നതാണ്.
കാർത്തിക
തിടുക്കവും അമിതോത്സാഹവും കൊണ്ട് കാര്യമൊന്നുമില്ലെന്ന് അനുഭവം കൊണ്ടറിയും. തൊഴിലിടത്തിൽ ഏകോപനം ക്ലേശകരമാവും. ക്ഷോഭം യന്ത്രിക്കപ്പെടണം. പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഔദ്യോഗികയാത്രകൾ ഗുണകരമാവും. ബിസിനസ്സ് നടത്തിപ്പിൽ വിദഗ്ദ്ധോപദേശം തേടുന്നതായിരിക്കും. ആടയാഭരണങ്ങൾ വാങ്ങുന്നതാണ്. വാഹനം മോടിപിടിപ്പിക്കാൻ ചെലവുണ്ടാവും. കുടുംബകാര്യങ്ങളിൽ സ്വയം തീരുമാനം കൈക്കൊള്ളുന്ന രീതി മാറ്റേണ്ടി വന്നേക്കും. തിങ്കൾ, വ്യാഴം, വെള്ളി മെച്ചമുള്ള ദിവസങ്ങൾ.
രോഹിണി
നക്ഷത്രാധിപനായ ചന്ദ്രന് ബലഹാനിയും പരിവർത്തനവും വരുന്നതിനാൽ വാരാദ്യം മനക്ലേശം വരാനിടയുണ്ട്. തീരുമാനങ്ങളിൽ ചാഞ്ചല്യത്തിനും സാധ്യത കാണുന്നുണ്ട്. ആരോഗ്യജാഗ്രത വേണം. തൊഴിൽ രംഗത്ത് അദ്ധ്വാനമേറുന്നതാണ്. വീടിൻ്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. കുടുംബാംഗങ്ങളുടെ സഹകരണം കുറയുന്നതിൽ പരിഭവിക്കും. ശനി - ശുക്ര യോഗം ഭോഗസുഖം, ധനലബ്ധി ഇവയ്ക്ക് കാരണമാകും. വ്യാപാരത്തിൽ ചുമതലക്കാരുണ്ടെങ്കിലും മേൽനോട്ടം ഉദാസീനമാവരുത്. സംഭാഷണത്തിലൂടെ ബഹുമാന്യത നേടും.
മകയിരം
ക്ഷേത്രാടനം, ജീവകാരുണ്യം തുടങ്ങിയ സൽകാര്യങ്ങൾക്കും ഒപ്പം അതിഥി സൽകാരങ്ങൾക്കും സമയം കണ്ടെത്തും. മനസ്സ് ഇടക്കിടെ ചഞ്ചലമായിക്കൊണ്ടിരിക്കും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ സാധിച്ചേക്കില്ല. ആഗ്രഹിക്കാതെ തന്നെ പരാശ്രയത്വം വേണ്ടി വരുന്നതാണ്. സാമ്പത്തികം മോശമാവില്ല. സർക്കാർ കാര്യങ്ങളിൽ ആവർത്തിത ശ്രമം വേണം. ഉപരിവിദ്യാഭ്യാസ കാര്യം ആശയക്കുഴപ്പത്തിൽ തുടരുന്നതാണ്. കടം കൊടുക്കാത്തതിനാൽ ബന്ധു അപവാദം പറയും. രോഗചികിൽസയിൽ ആലസ്യമരുത്. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
തിരുവാതിര
പ്രവർത്തനങ്ങൾ പെരുവഴിയിലാവാതിരിക്കാൻ ലക്ഷ്യബോധവും കഠിനാധ്വാനവും വേണ്ടസമയമാണ്. ആരാണ് മിത്രം? ആരാണ് ശത്രുവെന്ന് അറിയാനാവാതെ കുഴങ്ങിയേക്കും. പെട്ടെന്ന് ചെയ്യേണ്ട കാര്യം മനസ്സിലുദിക്കയുമില്ല. വാഗ്വാദങ്ങൾക്ക് മുതിരരുത്. ചില മാറ്റങ്ങൾ സ്വയം അറിയാതെ തന്നെ സംഭവിക്കുന്നതാണ്. വാരാദ്യം ശുഭവർത്തമാനം കേൾക്കും. തന്നെക്കുറിച്ച് നല്ലവാക്കുകൾ ശ്രവിക്കാനാവും. പണച്ചെലവ് കുറയില്ല. വരുമാനം അല്പാല്പമായിട്ടാവും കരഗതമാവുക. കഫജന്യരോഗങ്ങൾ ഉപദ്രവിക്കാം. പരോക്ഷമായി ആരൊക്കെയോ പിന്തുണക്കുന്നുണ്ടെന്ന് തോന്നിയേക്കും.
പുണർതം
സാഹചര്യങ്ങൾ കുറച്ചൊക്കെ പ്രതികൂലമായി അനുഭവപ്പെടും. സാധാരണ കാര്യങ്ങൾ ഒരുവിധം നടന്നുകിട്ടും. ചുമതലകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ക്ലേശിച്ചേക്കും. മകളുടെ ഉപരിവിദ്യാഭ്യാസത്തിന് ധനം കണ്ടെത്താൻ വിഷമിക്കുന്നതാണ്. സുഹൃൽബന്ധം ദൃഢമായേക്കും. താലൂക്ക് -വില്ലേജ് ഓഫീസുകളിൽ നിന്നും ചില രേഖകൾ ലഭിക്കാൻ പ്രയത്നിക്കേണ്ടി വരും. കുടുംബ ബജറ്റിൻ്റെ താളം തെറ്റാനിടയുണ്ട്. ചെലവുകളുയരുന്നതിൽ അലോസരം ഉണ്ടാവും. വാരാദ്യത്തിന് ശേഷം രോഗം കുറഞ്ഞുതുടങ്ങും. പാരിതോഷികം ലഭിക്കാം.
പൂയം
കാര്യസാധ്യം പ്രതീക്ഷിക്കാവുന്ന വാരമാണ്. ചുമതലപ്പെടുത്തിയവർ കൃത്യനിർവഹണത്തിൽ വിജയിക്കും. സർക്കാർ അനുമതി / ലൈസൻസ് ലഭിക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് അനുയായികളുടെ പിന്തുണയുണ്ടാവും. ഗൃഹത്തിൽ സമാധാനാന്തരീക്ഷം പുലരും. ബന്ധുക്കളെ സന്ദർശിച്ച് പൂർവ്വകാല അനുഭവങ്ങൾ അനുസ്മരിക്കാൻ സാധിക്കുന്നതാണ്. നല്ലകാര്യങ്ങൾക്ക് ചെലവുണ്ടാവും. വായ്പാ തിരിച്ചടവ് സുഗമമായേക്കും. രണ്ടിലെ കേതുസഞ്ചാരം മുഖരോഗങ്ങൾക്ക് കാരണമാകാം. കലാപ്രവർത്തകർ നല്ല അവസരങ്ങൾക്ക് കാത്തിരിക്കേണ്ടി വരാം.
ആയില്യം
സ്വന്തം വാക്കുകളും പ്രവർത്തികളും തനിക്കുനേരെ തന്നെ തിരിയാം. ധനപരമായ ഇടപാടുകളിൽ ശ്രദ്ധവേണം. ജന്മനക്ഷത്രത്തിൽ ചൊവ്വയും രണ്ടാമെടത്ത് കേതുവും സഞ്ചരിക്കുകയാൽ ക്ഷോഭം അധികരിക്കും. വലിയ തോതിൽ പണം മുടക്കി എന്തെങ്കിലും കാര്യങ്ങൾ സമാരംഭിക്കാൻ ഈയാഴ്ച അനുകൂലമല്ല. കരാറുകൾ ഏറ്റെടുക്കുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറക്കരുത്. ഹ്രസ്വയാത്രകൾ മനസ്സിന് സന്തോഷമേകുന്നതാണ്. സുഹൃത്തുക്കളെ അമിതമായി ആശ്രയിക്കുന്നത് ദോഷകരമായേക്കാം. തിടുക്കം ഒഴിവാക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us