/indian-express-malayalam/media/media_files/2025/01/20/february-9-to-15-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope
ആദിത്യൻ ജൂൺ 15 / മിഥുനം 1 ഞായറാഴ്ച് രാവിലെ 6 മണി 44 മിനിട്ടിന് മിഥുനം രാശിയിൽ സംക്രമിക്കുന്നു. മകയിരം ഞാറ്റുവേല ഈയാഴ്ച മുഴുവൻ തുടരുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ ചതുർത്ഥി മുതൽ ഏകാദശി വരെയുള്ള തിഥികളിലാണ്. ഈയാഴ്ച തിരുവോണത്തിൽ തുടങ്ങി അശ്വതി വരെ നക്ഷത്രങ്ങളുമുണ്ട്.
ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ മിഥുനം രാശിയിലാണ്. ഞായറാഴ്ച വരെ തിരുവാതിരയിലും തിങ്കളാഴ്ച മുതൽ പുണർതത്തിലും സഞ്ചരിക്കുന്നു. ശുക്രൻ മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ തുടരുന്നു. ഇപ്പോൾ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു.
ശനി മീനം രാശിയിൽ ഉത്രട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭം രാശി പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലുമാണ്. ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
ഞായർ മുതൽ ബുധൻ വരെ അനുകൂല ഫലങ്ങളാവും, പ്രായേണ. ഇഷ്ടവ്യക്തികളെ സംസാരിക്കാൻ/കാണാൻ കഴിയും. ഔദ്യോഗികമായ തലവേദനകൾ അധികം ഉണ്ടാവില്ല. അഥവാ ഉണ്ടായാലും ലഘുയത്നത്താൽ അവയെ പരിഹരിക്കും. സമ്മർദ്ദം കൂടാതെ തീരുമാനമെടുക്കാനും നടപ്പിലാക്കാനുമാവും. നിക്ഷേപങ്ങൾ, ചിട്ടി, ഇൻഷ്വറൻസ് മേഖലകളിലൂടെ ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. ഗാർഹികമായ അലട്ടും അല്ലലുമൊഴിയും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. മറ്റുചിലർ ചെയ്ത അബദ്ധങ്ങൾക്ക് ഉത്തരം പറയേണ്ടതായി വരും. ശനിയാഴ്ച ജന്മനക്ഷത്രത്തിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ സമ്മിശ്രഫലം.
ഭരണി
ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ നക്ഷത്രാധിപനായ ശുക്രൻ തുടരുകയാൽ ഭോഗസുഖം ഉണ്ടാവും. മനസ്സന്തോഷമേകുന്ന ഒത്തുചേരലുകൾ സാധ്യമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ചന്ദ്രനും 10,11 രാശികളിലായി സഞ്ചരിക്കുകയാൽ ഞായർ മുതൽ ബുധൻ വരെ സാമ്പത്തിക പ്രയോജനം, ദേഹസുഖം എന്നിവ സംജാതമാകും. നടക്കില്ലെന്ന് നിനച്ച കാര്യങ്ങൾ സഫലമാകുന്നതാണ്. തൊഴിൽ രംഗത്ത് ഉണർവ്വുണ്ടാവും. തുടർ പഠനം സംബന്ധിച്ചുള്ള അറിയിപ്പുകൾ കിട്ടാം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലും പണച്ചെലവും ഉണ്ടാവുന്നതാണ്. മാനസിക പിരിമുറുക്കത്തിന് സാധ്യത കാണുന്നു.
Also Read: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
കാർത്തിക
ഇടവക്കൂറുകാർക്ക് തിങ്കൾ മുതൽ വെള്ളി വരെ കാര്യസാധ്യം സുഗമമാകുന്ന വാരമാണ്. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. മേലധികാരികളുടെ അനാവശ്യമായ ഇടപെടലുകൾ ഉണ്ടാവില്ല. ഉത്തരവാദിത്വങ്ങൾ സമയബന്ധിതമായി നിർവഹിക്കുന്നതാണ്. ധനക്ലേശം ഉണ്ടാവില്ല. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ലഭിക്കാം. വ്യാപരികൾക്കും വ്യവസായികൾക്കും വിപണിയിൽ അധീശത്വം നേടാനാവും. മേടക്കൂറുകാർക്ക് ആഴ്ച മധ്യം വരെ അല്പയത്നത്താൽ വിജയം കൈവരും. മറ്റു ദിവസങ്ങളിൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിച്ചാൽ മതിയാകും.
രോഹിണി
അഭീഷ്ട ഫലങ്ങൾ വലിയ തടസ്സം കൂടാതെ കൈവരുന്ന വാരമാണ്. ചന്ദ്രൻ വാരാദ്യം ഏകാന്ത സഞ്ചാരിയാവുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാഹുവിനോടൊപ്പവും വ്യാഴം, വെള്ളി ദിനങ്ങളിൽ ശനിക്കൊപ്പവും, ശനിയാഴ്ച മുതൽ ശുക്രനൊപ്പവും ഇണങ്ങുന്നു. നേരായ വഴികളിലൂടെ മാത്രമല്ല കുമാർഗങ്ങളിലൂടെയും ആദായം വന്നുചേരും. ജീവിതത്തിൻ്റെ സ്വാഭാവിക താളം നിലനിർത്താനാവും. സുഖഭോഗവും വിനോദവും, വിശ്രമവും കുറയില്ല. കൊള്ളക്കൊടുക്കകളിൽ വിജയിക്കുന്നതാണ്. കലാപരമായ സിദ്ധികൾ പോഷിപ്പിക്കാനവസരം സംജാതമാകും. സംഘടനകളിൽ സ്വാധീനം വർദ്ധിക്കുന്നതാണ്.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
മകയിരം
ഇടവക്കൂറുകാർക്ക് ഗുണാധിക്യമുണ്ടാവും. സമസ്ത മേഖലകളിലും സ്വാസ്ഥ്യം ഭവിക്കും. കർമ്മമേഖലയിൽ കൃത്യനിർവഹണം പ്രശംസനീയമാവും. സമയനിഷ്ഠ പാലിക്കും. വ്യാപാരികൾക്ക് ആദായം വർദ്ധിക്കുന്നതാണ്. കുടുംബത്തിലെ അനൈക്യം പരിഹരിക്കാനാവും. വയോജനങ്ങളുടെ രോഗം കുറഞ്ഞുതുടങ്ങും. മിഥുനക്കൂറുകാർക്ക് ഞായർ, തിങ്കൾ ഒഴികെ മറ്റു ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്. പ്രണയലോലുപർക്ക് ആഹ്ളാദിക്കാനാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനായേക്കും. ഊഹക്കച്ചവടം, ചിട്ടി ഇവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. നവീനമായ ഇലക്ട്രോണിക് ഉപകരണം വാങ്ങുവാനിടയുണ്ട്.
തിരുവാതിര
വാരാദ്യദിവസങ്ങൾക്ക് മികവുണ്ടാവില്ല. കാര്യതടസ്സം അനുഭവപ്പെടും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. ബുധനാഴ്ച മുതൽ കാര്യങ്ങൾ വരുതിയിലാവും. കർമ്മഭൂമികയിൽ നിന്നും സംതൃപ്തി കൈവരുന്നതാണ്. ബിസിനസ്സിലെ നിരുന്മേഷം മാറും. നവസംരംഭങ്ങളുടെ ആലോചന തകൃതിയിൽ മുന്നോട്ടു പോകും. പിണങ്ങിയ സുഹൃത്തുക്കൾ ഇണങ്ങുന്നതാണ്. അനുരാഗത്തിലെ കയ്പും ചവർപ്പും നീങ്ങിയേക്കും. പാരിതോഷികങ്ങൾ കിട്ടാനിടയുണ്ട്. ശുഭവാർത്തകൾ കേൾക്കുന്നതാണ്.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
പുണർതം
സങ്കീർണ്ണ വിഷയങ്ങളെ അഭിമുഖീകരിക്കും. അനുഭവജ്ഞാനത്തിൻ്റെ പിൻബലത്തിൽ അവയെ സമവായത്തിലെത്തിക്കാൻ കഴിയും. ആത്മധൈര്യം പ്രശംസിക്കപ്പെടും. പരിഭവങ്ങൾ പറഞ്ഞു തീർക്കും. വിരോധം മനസ്സിൽ കറയായി പറ്റിക്കൂടാൻ അനുവദിക്കില്ല. ചില ദിവസങ്ങളിൽ ഔദ്യോഗികവും വ്യക്തിപരവുമായ അലച്ചിലുണ്ടാവും. ധന വരവ് മോശമാവാനിടയില്ല. ന്യായമായ ആവശ്യങ്ങൾ കൈയയച്ച് നടത്തുന്നതാണ്. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച കോഴ്സിന് ചേരുന്നതിനുള്ള അറിയിപ്പുണ്ടാവും. വസ്തു വിൽപ്പന സംബന്ധിച്ച ആശങ്കകൾ അകലാം.
പൂയം
പന്ത്രണ്ടിലും രണ്ടിലും ഗ്രഹാധിക്യം ഉള്ളതിനാൽ ബഹുവിധ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കാൻ ഇടയുണ്ട്. തിടുക്കം ഒഴിവാക്കേണ്ടതാണ്. എല്ലാക്കാര്യങ്ങളും എല്ലാവരോടും വെളിപ്പെടുത്തണമെന്നില്ല. വാക്കുകൾ അറിയാതെ പരുഷങ്ങളായിപ്പോകാം. ധനവരവ് പ്രതീക്ഷിച്ചത്രയാവണമെന്നില്ല. കുടംബാംഗങ്ങളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കാൻ വിഷമിക്കും. പിടിച്ചു നിൽക്കാനും ജീവിതത്തെ സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന അല്പസുഖങ്ങളും കുറയില്ല. വാക്കുകൾക്ക് കാതോർക്കുന്ന ആരെങ്കിലുമുണ്ടാവും. സുഖഭക്ഷണവും ഭോഗവും വിനോദവും അനുഭവത്തിലെത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നല്ല കരുതൽ വേണം.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ആയില്യം
മനസ്സും ബുദ്ധിയും ഉണർവ്വോടെ പ്രവർത്തിക്കേണ്ട കാലമാണ്. അശ്രദ്ധയ്ക്ക് വലിയ വിലകൊടുക്കേണ്ടി വരാം. പണം സംബന്ധിച്ച കണക്കുകൾ രേഖകൾ സഹിതം കൃത്യമായി സൂക്ഷിക്കണം. ധനസ്ഥാനത്തിലും പന്ത്രണ്ടിലും ഉള്ള ഗ്രഹങ്ങൾ സാമ്പത്തികമായ പ്രശ്നങ്ങളിലേക്ക് തള്ളിവിടാം. കർമ്മമേഖലയിൽ നിലനില്പിന് കഠിനാധ്വാനം വേണ്ടി വരുന്നതായിരിക്കും. വലിയ മുതൽമുടക്കിന് ഇപ്പോൾ അനുകൂലതയില്ല. അമിതമായി ആരെയും വിശ്വസിക്കരുത്. ദേഹാരോഗ്യത്തിലും മാനസികാരോഗ്യത്തിലും ശ്രദ്ധയുണ്ടാവണം. ഉപരി പഠനത്തിന് അന്യനാട്ടിനെ ആശ്രയിക്കേണ്ടി വരാം.
Read More: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.