/indian-express-malayalam/media/media_files/2025/06/11/NqcJ1oVD1iqKSXF7DWe0.jpg)
Monthly Horoscope for Midhunam: മിഥുന മാസത്തെ നക്ഷത്രഫലം
Monthly Horoscope Midhunam: ജൂൺ 15 ന് ഞായറാഴ്ചയാണ് മിഥുനമാസം ഒന്നാം തീയതി. അന്നു രാവിലെ 6 മണി 44 മിനിട്ടിന് ഇടവം രാശിയിൽ നിന്നും ആദിത്യൻ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മിഥുനമാസം നീളം കൂടിയ മാസമാണ്. ജൂലൈ 16 ന് ആണ് മിഥുനം 32 വരുന്നത്. മകയിരം, തിരുവാതിര, പുണർതം എന്നിങ്ങനെയുള്ള ഇടവപ്പാതിയുടെ ഉച്ചഘട്ടങ്ങളെ ഉദ്ഘോഷിക്കുന്ന പ്രധാനപ്പെട്ട മൂന്നുഞാറ്റുവേലകൾ മിഥുനമാസത്തിൽ കടന്നുവരുന്നുണ്ട്.
കൃഷ്ണപക്ഷം ആണ് മാസാദ്യം. മിഥുനം 11 ന് ആണ് കറുത്തവാവ്. പിറ്റേന്നു മുതൽ ആഷാഢമാസം തുടങ്ങും. മിഥുനം 26 ന് ആണ് വെളുത്തവാവ് വരുന്നത്. ചൊവ്വ മിഥുനമാസം മുഴുവൻ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നു. മിഥുനം 16 വരെ മകം നക്ഷത്രത്തിലും തുടർന്ന് പൂരത്തിലും സഞ്ചരിക്കും. ശുക്രൻ മിഥുനം 15 വരെ മേടത്തിലും, തുടർന്ന് ഇടവം രാശിയിലും ആണ്. ബുധൻ മിഥുനം 8 വരെ മിഥുനം രാശിയിലും തുടർന്ന് കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങളിലൂടെയാണ് ബുധൻ്റെ യാത്ര.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ഇടവം 29 മുതൽ മിഥുനം 23 വരെ വ്യാഴം മൗഢ്യത്തിലുമാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി 3, 2 പാദങ്ങളിലും കേതു ചിങ്ങം രാശിയിൽ ഉത്രം 1, പൂരം നാലാം പാദം എന്നിവയിലുമായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളുടെ മാസഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
അശ്വതി
ആദിത്യൻ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുന്നത് അനുകൂലമാണ്. ആയതിനാൽ കർമ്മരംഗം പുഷ്ടിപ്പെടും. മേലധികാരികൾ മുൻകൈയെടുത്ത് സ്വതന്ത്ര ചുമതല അനുവദിച്ചേക്കും. ഏകോപനത്തിൽ വിജയിക്കുന്നതാണ്. ജന്മത്തിലും രണ്ടിലുമായി ശുക്രൻ സഞ്ചരിക്കുകയാൽ ധനപരമായ ക്ലേശങ്ങൾക്കിടയില്ല. ഭോഗസുഖമുണ്ടാവും. വചനങ്ങൾക്ക് വശ്യതയും മൃദുത്വവും ഭവിക്കുന്നതാണ്. പഞ്ചമഭാവത്തിലെ കേതുകുജയോഗം ആശയക്കുഴപ്പങ്ങൾ, സർഗാത്മകമായ അതൃപ്തി എന്നിവ സൃഷ്ടിച്ചു കൊണ്ടിരിക്കും. മക്കളുടെ പഠനം / ജോലി/ വിവാഹം മുതലായ കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കരുതലോടെയാവണം. രഹസ്യനിക്ഷേപങ്ങളിലൂടെ ധനാഗമം ഉണ്ടാവുന്നതാണ്. ശനിയും വ്യാഴവും അനിഷ്ടത്തിലാകയാൽ എത്ര ശ്രമിച്ചാലും ചില കാര്യങ്ങളിൽ പരാജയത്തിൻ്റെ കണ്ണീരുപ്പ് ചുവയ്ക്കാം.
ഭരണി
ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. അപ്പോഴപ്പോഴുള്ള തൊഴിൽപരമായ വെല്ലുവിളികളേയും പരീക്ഷണങ്ങളേയും ധൈര്യപൂർവ്വം നേരിടുന്നതിനാവും. ഉദ്യോഗത്തിൽ ഉയർച്ചയോ പ്രവർത്തന സ്വാതന്ത്ര്യാധിക്യമോ കൈവരുന്നതാണ്. ശുക്രൻ്റെ അനുകൂലതയാൽ കലാപരമായി വിജയിക്കാൻ സാധിക്കും. വിലകൂടിയ മുഖാഭരണങ്ങൾ വാങ്ങുന്നതാണ്. ഉപരി പഠനം സംബന്ധിച്ച അവ്യക്തതകൾക്ക് അറുതിയാവും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയും. ഉല്ലാസയാത്രകൾ സാധ്യതയാണ്. ശനിയുടെ ദുഃസ്ഥിതിയാൽ അലച്ചിലുണ്ടാവും. ചൊവ്വയും കേതുവും ഉപാസനകൾക്ക് ഭംഗം വരുത്താനിടയുണ്ട്. പതിനൊന്നിലെ രാഹുസ്ഥിതി രഹസ്യമായ ആഗ്രഹങ്ങളെ നടത്തിത്തരാം.
കാർത്തിക
ഉന്നമനേച്ഛയുണ്ടാവും. പരിശ്രമിക്കാനുള്ള മനസ്സും ആസൂത്രണ വൈഭവവും പുലർത്തും. ഇടവക്കൂറുകാർക്ക് കർമ്മരംഗത്ത് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ഉചിതമായ വരുമാന സ്രോതസ്സ് കൈവരും. പാരമ്പര്യ വസ്തുക്കളെ സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂല വിധി വരാം. പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം കിട്ടും. എന്നാൽ ദൂരദിക്കിൽ പഠനം തുടരേണ്ടി വന്നേക്കും. പ്രണയികൾക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. ദമ്പതികൾക്കിടയിൽ ഹൃദയബന്ധം ദൃഢമാകുന്നതാണ്. കെട്ടിട നിർമ്മാണത്തിൽ ഇഴച്ചിലനുഭവപ്പെടാം. കൈവയ്പകൾ പ്രയോജനപ്പെടുത്താം. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ വരാനായേക്കും. കുടുംബത്തിലെ വയോജനങ്ങളുടെ സംരക്ഷണത്തിന് നേരം കണ്ടെത്തണം.
രോഹിണി
ഗുണദോഷസമ്മിശ്രമായ ഫലങ്ങളാവും. കുടുംബത്തിൽ സമാധാനം പ്രത്യക്ഷത്തിൽ ഉള്ളതായി തോന്നും. എന്നാൽ ഭാര്യയും ഭർത്താവും, അച്ഛനും മകനും തമ്മിൽ അനൈക്യം വരാം. ബിസിനസ്സുകാർക്ക് പുരോഗതിയുടെ കാലമാണ്. വിപണിയിൽ സാന്നിധ്യം ശക്തമായിരിക്കും. ഭൂമി വ്യവഹാരം നീണ്ടുപോയേക്കും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം. അലസമനസ്സ് ശിഥില ചിന്തകളുടെ കൂടാരമാവുമെന്ന തത്ത്വം ഓർമ്മിക്കുന്നത് നന്നായിരിക്കും. വരവുചിലവുകളിൽ കൃത്യത വേണം. ഭോഗസുഖം, ഭക്ഷണ സംതൃപ്തി, പാരിതോഷിക ലബ്ധി ഇവ പ്രതീക്ഷിക്കാം. മുതിർന്നവരുടെ പ്രീതി സമ്പാദിക്കുന്നതാണ്. അന്യദേശത്തു പോയി പഠിക്കാനുള്ള ശ്രമം വിജയിച്ചേക്കും. സുഹൃത്തുക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുത്വം വേണം.
Also Read: ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകയിരം
മാസാദ്യം മകയിരം ഞാറ്റുവേല തുടരുകയാൽ മാസാദ്യം മാനസിക പിരിമുറുക്കം ഉണ്ടാവും. തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞേക്കില്ല. ഔദ്യോഗികമായി അലച്ചിൽ ഉണ്ടാവും. കൂട്ടുകച്ചവടത്തിൽ തൃപ്തിക്കുറവ് ഭവിക്കുന്നതാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണ കുറയാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുന്നതാണ്. സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. വിമർശിക്കുന്നവരെ തമസ്കരിക്കും. പുതിയ വാഹനം വാങ്ങാൻ തത്കാലം അനുകൂല സമയമല്ല. ഇൻഷ്വറൻസ്, ചിട്ടി ഇവയിൽ നിന്നും ധനാഗമമുണ്ടാവും. രോഗഗ്രസ്തരായവർക്ക് ചികിൽസാ മാറ്റം ഗുണം ചെയ്യുന്നതാണ്. അന്യദേശത്ത് പഠനത്തിന് ആഗ്രഹിക്കും. എന്നാൽ അതിനവസരം കുറവാണ്. സുഹൃൽബന്ധങ്ങൾ ദൃഢമാകാൻ വിട്ടുവീഴ്ച വേണ്ടി വരും.
തിരുവാതിര
ജന്മരാശിയിൽ ആദിത്യൻ, വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പിരിമുറുക്കം ഉണ്ടാവും. ഏകാഗ്രത നഷ്ടമാകാം. തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. ആലസ്യം പിടിപെടാനും സാധ്യതയുണ്ട്. സമയബന്ധിതമായി പ്രവർത്തിക്കാൻ ആഗ്രഹിക്കും. സഹായിക്കാൻ ചിലപ്പോൾ സുഹൃത്തുക്കളല്ലാത്തവരോ അപരിചിതരോ മുന്നോട്ടു വരുന്നതാണ്. ദുസ്സാഹസങ്ങൾക്ക് പ്രേരണയുണ്ടാവും. ദാമ്പത്യത്തിൽ സാമാന്യമായ സൗഖ്യം പ്രതീക്ഷിച്ചാൽ മതിയാകും. ബിസിനസ്സിൽ പണം മുടക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. കടബാധ്യതകൾ പെരുകാതിരിക്കാൻ സാമ്പത്തിക അച്ചടക്കം പുലർത്തണം. ഭൂമിയിടപാടുകൾ വിജയിച്ചേക്കും. ഗൃഹനിർമ്മാണവുമായി മുന്നോട്ടു പോകും. കമ്മീഷൻ / ഏജൻസി ഏർപ്പാടുകളിലൂടെ നേട്ടങ്ങളുണ്ടാവുന്നതാണ്.
പുണർതം
നക്ഷത്രാധിപനായ വ്യാഴത്തിന് മൗഢ്യം വരുന്ന കാലമാണ്. വ്യാഴത്തോടൊപ്പം ബുധനും ആദിത്യനും ജന്മരാശിയിൽ സഞ്ചരിക്കുന്നു. പുതുസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യമില്ലാത്ത കാലമാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സം ഉണ്ടാവും. ഉപരിപഠനത്തിന് പ്രതീക്ഷിച്ച വിഷയത്തിൽ അഡ്മിഷൻ കിട്ടാൻ സാധ്യത കുറവായിരിക്കും. ധനപരമായി മിതത്വം പാലിക്കണം. നിക്ഷേപങ്ങളിൽ അമളി പറ്റരുത്. വസ്തു വ്യവഹാരത്തിൽ വിജയിക്കുന്നതാണ്. ദുർഘടമായിട്ടുള്ള സാഹചര്യങ്ങളെ സമർത്ഥമായി മറികടന്നേക്കും. എതിർപ്പുകളെ പ്രതിരോധിക്കുവാനാവും. വിദേശത്തുള്ളവർക്ക് തൊഴിൽ തടസ്സങ്ങൾ ഏർപ്പെടാനിടയുണ്ട്. ആരോഗ്യപരമായി
ശരാശരിക്കാലമാവും.
പൂയം
മുൻപിൻ ആലോചിക്കാതെ പലതും തുടങ്ങുന്നതാണ്. പിന്നീട് അതെല്ലാം മുടങ്ങുകയും ചെയ്യും. പന്ത്രണ്ടാം ഭാവത്തിൽ മൂന്നുഗ്രഹങ്ങളും രണ്ടാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങളും സഞ്ചരിക്കുകയാൽ വലിയ സമ്മർദ്ദം അനുഭവിക്കും. വീട്ടിലും പുറത്തും, ചെറിയതും വലിയതുമായ പ്രവൃത്തികളിലെല്ലാം ശ്വാസം മുട്ടുന്നതായി തോന്നുന്നതാണ്.
സ്നേഹം നിരസിക്കപ്പെടും. സാമ്പത്തികമായ അമളികൾ വരാം. ഉദ്യോഗസ്ഥർ മേലധികാരികളിൽ നിന്നും ശാസനകേൾക്കും. രോഗഗ്രസ്തർക്ക് ഉപരിചികിൽസ ആവശ്യമായേക്കും. വിവാദങ്ങളിൽ ഏർപ്പെടാം. പരുഷവാക്കുകൾ പറയാൻ നിർബന്ധിതരാവും. വീടുനിർമ്മാണത്തിന് വല്ല തടസ്സവും ഉണ്ടായേക്കും. സ്ഥലംമാറ്റം അനുകൂലമാവില്ല.
ആയില്യം
കാര്യങ്ങൾ വിജയിക്കാൻ ഒട്ടും സുഗമതയില്ലാത്ത കാലമാണ്. ആദിത്യനും വ്യാഴവും ബുധനും പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ സാമ്പത്തിക പരാശ്രയത്വം ഉണ്ടായേക്കും. ഗൃഹനിർമ്മാണം ഇടയ്ക്ക് നിർത്തേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അന്യ ദിക്കിലേക്ക് സ്ഥലംമാറ്റം വരാം. ഭർത്താവും ഭാര്യയും രണ്ടിടത്തായി ജോലി ചെയ്യേണ്ടി വന്നേക്കും. പൈതൃകധനം ചെലവിന് സ്വീകരിക്കേണ്ടി വരാം. പ്രതീക്ഷിച്ച ജോലി കിട്ടാൻ കാത്തിരിപ്പ് തുടരേണ്ട സ്ഥിതിയാവും. വാഹനത്തിൻ്റെ അറ്റകുറപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ദൂരയാത്രയിൽ ധനം കളവുപോകാം. ഉപാസനകൾ ഇടയ്ക്കിടെ മുടങ്ങും. കരാർപണികൾ തുടരപ്പെടുന്നതാണ്. വയോജനങ്ങളുടെ ഉപദേശം സ്വീകരിക്കും. പുറമേ നിന്നും ഭക്ഷണം കഴിക്കുമ്പോൾ കരുതലുണ്ടാവണം.
മകം
ആദിത്യനും ബുധനും വ്യാഴവും പതിനൊന്നിൽ സഞ്ചരിക്കുന്നു. ഉദ്യോഗസ്ഥർക്ക് കർമ്മമേഖലയിൽ തിളങ്ങാനാവും. മേലധികാരികളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതാണ്. ദൈവാധീനമുള്ളതായി അനുഭവപ്പെടും. സ്വന്തം തൊഴിലിൽ പുഷ്ടിയും ധനലാഭവും വരും. ബന്ധുക്കളുടെ നാനാപ്രകാരേണയുള്ള പിന്തുണ പ്രതീക്ഷിക്കാം. ഉപരിപഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കലാകാരന്മാർക്ക് അംഗീകാരം സിദ്ധിക്കും. രാഹു ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ പ്രണയശൈഥില്യം സംഭവിക്കാം. ദാമ്പത്യത്തിലും പലതരം സ്വൈരക്കേടുകൾ കടന്നുവരാനിടയുണ്ട്. അഷ്ടമ ഭാവത്തിൽ ശനിയും ജന്മരാശിയിൽ ചൊവ്വ, കേതു എന്നിവയും സഞ്ചരിക്കുന്നത് ആരോഗ്യപരമായി ഒട്ടും നന്നല്ല. വാഹനം, വൈദ്യുതി, അഗ്നി ഇവയുടെ ഉപയോഗത്തിൽ ഏറ്റവും കരുതൽ വേണ്ടതുണ്ട്.
പൂരം
ജന്മത്തിൽ പാപഗ്രഹങ്ങളായ ചൊവ്വ, കേതു, അഷ്ടമത്തിൽ ശനി, ഏഴാമെടത്തിൽ രാഹു എന്നിവ സഞ്ചരിക്കുന്നത് ജീവിതത്തിൻ്റെ സുഗമതയേയും ആരോഗ്യ സൗഖ്യത്തെയും ബാധിക്കാം. രോഗങ്ങൾ പിടിപെടാം. അനുരാഗികൾക്കിടയിൽ പിണക്കം ഏർപ്പെടാനിടയുണ്ട്. ദാമ്പത്യത്തിലും സ്വാച്ഛന്ദ്യം കുറഞ്ഞേക്കും. ദമ്പതിമാർ ജോലിപരമായോ മറ്റുള്ള കാരണങ്ങളാലോ ദൂരദിക്കുകളിൽ വേറെ വെറെ പാർക്കാനിടയുണ്ട്. എന്നാൽ ഏറ്റവും അനുകൂല ഭാവമായ പതിനൊന്നാമെടത്തിൽ വ്യാഴം, ബുധൻ, ആദിത്യൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ജീവിതത്തെ സന്തുലിതമാക്കാൻ പര്യാപ്തമാണുതാനും. തൊഴിൽ മേഖലയിൽ അഭിവൃദ്ധിയുണ്ടാവും. ധനാഗമം അഭംഗുരമായി തുടരുന്നതാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറും. പഠിപ്പിൽ തുടർച്ച ലഭിക്കുന്നതാണ്.
ഉത്രം
തൊഴിലിൽ ഉന്മേഷം ഭവിക്കുന്ന കാലമാണ്. ജോലിയിൽ നിന്നും വിട്ടുനിന്നവർക്ക് തുടർച്ചയായി ജോലി ലഭിക്കും. സ്വാശ്രയ ബിസിനസ്സുകൾക്കും വലിയ തടസ്സമുണ്ടാവില്ല. സാമ്പത്തിക ശോച്യത പരിഹൃതമാവും. കരുത്തുറ്റ തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രാവർത്തികമാക്കാനും സാധിക്കുന്നതാണ്. പുതുസംരംഭങ്ങൾക്ക് കാലം ഉചിതമല്ല. സർക്കാരിൽ നിന്നുമുള്ള അനുമതി ലഭിച്ചേക്കും. ദൈവിക സമർപ്പണങ്ങൾ, തീർത്ഥയാത്രകൾ ഇവ നിശ്ചയിച്ചതുപോലെ നടന്നുകിട്ടും. ബന്ധുക്കളും സുഹൃത്തുക്കളും സന്ദർഭോചിതമായി പെരുമാറുന്നതാണ്. ചിങ്ങക്കൂറുകാർക്ക് ഏഴിലെ രാഹുവും കന്നിക്കൂറുകാർക്ക് ഏഴിലെ ശനിയും പ്രണയം, ദാമ്പത്യം, കുടുംബ ജീവിതം എന്നിവയിൽ അലോസരങ്ങളുണ്ടാവും എന്നതിൻ്റെ സൂചനയാണ്. കേതുവും ചൊവ്വയും ദേഹ- മന ക്ലേശങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. അതിനാൽ കരുതൽ, വിട്ടുവീഴ്ച എന്നിവ അനിവാര്യം.
അത്തം
ആദിത്യനും ബുധനും കർമ്മഭാവത്തിൽ സഞ്ചരിക്കുകയാൽ ഔദ്യോഗികമായി മെച്ചം ഉണ്ടാവും. ബിസിനസ്സിലും പുരോഗതി ദൃശ്യമാവുന്നതാണ്. കലാകാരന്മാർക്ക് സർഗ്ഗവൈഭവം പ്രകടിപ്പിക്കാൻ കഴിയും. ഭൗതികപുരോഗതി വന്നെത്തും. ഉപരിപഠനത്തിന് ഇഷ്ടവിഷയം കൈവരും. ഏഴാമെടത്തിലെ ശനി ദാമ്പത്യത്തിൽ സമ്മർദ്ദങ്ങൾ സൃഷ്ടിക്കാം. രാഹു ആറാം ഭാവത്തിലാകയാൽ ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. കടബാധ്യതയിൽ ആശ്വാസം പ്രതീക്ഷിക്കാം. പന്ത്രണ്ടിലെ കേതുകുജയോഗം ആരോഗ്യകാര്യത്തിൽ, ചെലവിൽ ശ്രദ്ധയുണ്ടാവണം എന്നു സൂചിപ്പിക്കുന്നു. വ്യാഴത്തിന് മൗഢ്യം സംഭവിക്കുന്നതിനാൽ മുതിർന്ന ജ്യേഷ്ഠൻ, ഗുരുനാഥൻ തുടങ്ങിയവർക്ക് രോഗക്ലേശങ്ങൾ വരാനിടയുണ്ട്.
ചിത്തിര
ഗ്രഹങ്ങളുടെ സമ്മിശ്രമായിട്ടുള്ള സ്ഥിതിയാൽ ഗുണവും ദോഷവും ആവർത്തിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് വലിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. തന്മൂലം മാനസിക സമ്മർദ്ദം അനുഭവിക്കും. ബിസിനസ്സ് അല്പം മെല്ലെയാവുന്നതാണ്. സ്റ്റോക്കിനനുസരിച്ച് വ്യാപാരത്തിൽ ഉയർച്ച ഉണ്ടാവില്ല. വായ്പകൾ തിരിച്ചടക്കാൻ ക്ലേശിക്കും. പുതിയ ജോലി തേടുന്നവർക്ക് വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. തുലാക്കൂറുകാർക്ക് ഭൂമിവ്യാപാരം ആദായകരമാവും. വിദേശത്ത് പഠനമോ തൊഴിലോ തേടുന്നവർ നിരാശപ്പെടില്ല. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതി. പിതൃ-പുത്ര ബന്ധത്തിൽ സ്വൈരം കുറയാം. രോഗക്ലേശിതർക്ക് ചികിൽസാ മാറ്റം കൊണ്ട് വലിയ തോതിലുള്ള ആശ്വാസമുണ്ടാവണമെന്നില്ല.
ചോതി
ആദിത്യൻ അഷ്ടമത്തിൽ നിന്നും മാറുന്നത് ആശ്വാസകരമാണ്. എന്നാൽ ഭാഗ്യഭാവത്തിൽ സഞ്ചരിക്കുന്ന വ്യാഴത്തിന് മൗഢ്യം വരുന്നത് നന്നല്ല. പ്രതീക്ഷിച്ച സുഗമത പല കാര്യങ്ങളിലും കിട്ടാനിടയില്ല. തൊഴിൽ രംഗത്ത് സ്വസ്ഥത കുറയാം. കൂട്ടുകച്ചവടത്തിലും പുനശ്ചിന്ത്യ ആവശ്യമായി വരുന്നതാണ്. ആറാം ഭാവത്തിലെ ശനി സ്വനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ആത്മശക്തിയും പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവും സ്വായത്തമാകും. അവിവാഹിതരുടെ ദാമ്പത്യപ്രവേശം നീളുന്നതാണ്. കിട്ടാക്കടങ്ങൾ ഭാഗികമായി കിട്ടാനിടയുണ്ട്. വസ്തുവ്യവഹാരങ്ങൾ അനുകൂലവിധി നേടിയേക്കും. മകൻ്റെ / മകളുടെ പഠനം, പ്രവർത്തനം എന്നിവയിലെല്ലാം ശ്രദ്ധയും കരുതലും ആവശ്യമാണ്.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
വിശാഖം
നക്ഷത്രാധിപനായ വ്യാഴത്തിന് മിഥുനമാസം മുക്കാലും മൗഢ്യം ആകയാൽ ആത്മശക്തിക്ക് കുറവുവരാം. നന്നായി അറിയുന്ന കാര്യങ്ങൾ വീണ്ടും മനസ്സിലാക്കേണ്ടതായി വരുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ അനിഷ്ടത്തിന് പാത്രമാകും. തൊഴിൽ മേഖലയിൽ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ സ്വീകാര്യമാവും. പൊതുപ്രവർത്തനത്തിൽ സ്വീകാര്യത കൈവരുന്നതാണ്. ആഡംബര വസ്തുക്കൾ, ഗൃഹോപകരണങ്ങൾ ഇവ വാങ്ങും. ഭൂമിയിൽ നിന്നും ആദായം ലഭിക്കുന്നതാണ്. വാടകവീട്ടിലേക്ക് താമസം മാറാനായേക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ ജോലിമാറ്റം ലഭിക്കാൻ ഇനിയും കാത്തിരിപ്പാവശ്യമാണ്. ബന്ധു സന്ദർശനം, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ എന്നിവ മനസ്സന്തോഷത്തിന് കാരണമാകും.
അനിഴം
ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ ഔദ്യോഗികമായി വെല്ലുവിളികളുണ്ടാവും. കൃത്യവിലോപം വന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ തടസ്സങ്ങൾ വന്നെത്തുന്നതാണ്. നവസംരംഭങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം വരും. പിതാവുമായി
ആശയ വൈരുധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. മനസ്സമാധാനം കുറയും. രാഹു നാലിൽ സഞ്ചരിക്കുകയാൽ ഗൃഹനിർമ്മാണം തടസ്സപ്പെടാം. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരാനുള്ള സാധ്യതയുമുണ്ട്. അഞ്ചാം ഭാവത്തിലെ ശനി ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ക്രിയാപരത കുറയും. മക്കളുടെ കാര്യത്തിൽ വിഷമങ്ങൾ ഉണ്ടാവാം. ആറ്, ഏഴ് ഭാവങ്ങളിലെ ശുക്രൻ പ്രണയ കാര്യത്തിൽ ദുർഘടത്വമുണ്ടാക്കും. ബുധൻ്റെ അനുകൂലത വാദപ്രതിവാദങ്ങളിൽ വിജയം നൽകും.
തൃക്കേട്ട
ലക്ഷ്യപ്രാപ്തിക്ക് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മിഥ്യാധാരണകളുടെ പുറത്താവും പലപ്പോഴും ജീവിതം. ആദിത്യൻ്റെ അനിഷ്ട സ്ഥിതി കാരണം മേലധികാരിയുടെ അപ്രീതി സമ്പാദിക്കാനിടയുണ്ട്. പരാശ്രയത്വം കോപത്തിനിടയാക്കും. ആദ്ധ്യാത്മിക ചര്യകൾക്ക് ഭംഗം വരാനിടയുണ്ട്. വിദേശയാത്രക്ക് തടസ്സമോ വിളംബമോ വരാവുന്നതാണ്. സഹിഷ്ണുത കൈവിടരുത്. കരാർ ജോലികൾ തുടരപ്പെടുന്നതാണ്. ചെറുസംരംഭങ്ങൾ ഗുണദായകമാവും. ഒരുപാട് മുതൽമുടക്കാൻ കാലം അനുകൂലമല്ല. സാമ്പത്തിക കാര്യങ്ങളിൽ കരുതൽ വേണ്ടതുണ്ട്. മത്സരങ്ങളിലും ഇഷ്ടവസ്തുക്കൾ മോഹവില കൊടുത്തുവാങ്ങും. വീട്ടുകാരുടെ വിമർശനം തൃണവൽഗണിക്കും.
മൂലം
അമിതമായി അദ്ധ്വാനിച്ചാലും നല്ലഫലം കിട്ടണമെന്നില്ല. ഔദ്യോഗിക യാത്രകൾ കൂടുതലായിരിക്കും. യാത്രാക്ലേശമുണ്ടാവും. കൂട്ടുകച്ചവടത്തിൽ അസംതൃപ്തി വരും. തൊഴിലിടത്തിൽ നീതിലഭിക്കുന്നില്ല എന്ന തോന്നൽ ശക്തമാകും. കരാർ ജോലികൾ മുടങ്ങില്ല. ഏജൻസി പ്രവർത്തനങ്ങൾ കൊണ്ട് ധനലാഭം വന്നുചേരുന്നതാണ്. കടബാധ്യത ചെറിയ തോതിൽ പരിഹരിക്കാൻ കഴിഞ്ഞേക്കും. നല്ല പരിചയമില്ലാത്ത ചിലരുടെ സഹായം ലഭിക്കുന്നതാണ്. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സ് വിപുലീകരിക്കാൻ ആവശ്യമായ സാങ്കേതികജ്ഞാനം നേടുന്നതാണ്. രോഗ ക്ലേശിതർക്ക് ചികിൽസാ മാറ്റം അനിവാര്യമാവും. കുടുംബത്തിലെ, സംഘടനയിലെ ഒക്കെ പുതിയ തലമുറയുമായി ഒത്തുപോകാൻ വിഷമിച്ചേക്കും.
പൂരാടം
ക്രിയാപരതയുണ്ടാവും. അറിവിനെ അനുഭവമാക്കാൻ സാധിക്കും. ഔദ്യോഗികരംഗത്ത് ആലസ്യമനുഭവപ്പെടും. പരാശ്രയത്വം മടുപ്പിക്കാം. സഹാപ്രവർത്തകരിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയേക്കില്ല. മറ്റുള്ളവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവാതെ മാനസിക പിരിമുറുക്കത്തിലാവും. സ്വാശ്രയ ജോലികളിൽ നിന്നും സാമാന്യമായ ആദായം പ്രതീക്ഷിച്ചാൽ മതിയാകും. പാർട്ണർഷിപ്പ് സംരംഭം വിജയിക്കണമെന്നില്ല. ദാമ്പത്യത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. പ്രണയികൾക്ക് തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. ഗൃഹത്തിൽ നവീകരണ പ്രവർത്തനം നടക്കും. ലഘുയാത്രകൾ കൂടും. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതാണ്.
ഉത്രാടം
മകരക്കൂറുകാർക്ക് കർമ്മരംഗത്ത് അഭ്യുദയം പ്രതീക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് ഉണ്ടാവും. സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം കൈവരുന്നതാണ്. നീതിയുക്തമായി പ്രവർത്തിക്കും. രാശ്യധിപനായ ശനി സഹായസ്ഥാനത്ത് തുടരുകയാൽ പലതരം പിന്തുണകൾ ലഭ്യമാകും. കുടുംബത്തിലെ വയോജനങ്ങൾക്ക് ക്ഷേമകാലമാവും. എന്നാൽ അഷ്ടമത്തിലെ കേതു/കുജ യോഗം ദേഹാസ്വാസ്ഥ്യം, മാനസിക പിരിമുറുക്കം ഇവയ്ക്ക് കാരണമായേക്കും. ഉത്രാടം ധനുക്കൂറുകാർക്ക് കർമ്മമേഖലയിൽ തടസ്സങ്ങൾ ഉണ്ടാവും. അദ്ധ്യാത്മിക കാര്യങ്ങളിൽ താല്പര്യം കുറയുന്നതാണ്. ചെറുകിട സംരംഭങ്ങൾ ആദായകരമാവും.
തിരുവോണം
പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അമിതമായ അധ്വാനഭാരം ഉണ്ടാവില്ല. സഹപ്രവർത്തകരുടെ പൂർണ്ണസഹകരണം പ്രതീക്ഷിക്കാം. ഇൻക്രിമെൻ്റോ ലാഭവിഹിതമോ കിട്ടാം. ഗാർഹികമായ സ്വൈരം കുറയാം. വീടുമോടിപിടിപ്പിക്കാനും മറ്റുമായി ധാരാളം പണച്ചെലവുണ്ടാവും. കുട്ടികളുടെ ഉപരിപഠന കാര്യത്തിൽ വ്യക്തത കൈവരുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ കാര്യത്തിൽ കൂടുതൽ കരുതലുണ്ടാവണം. രാഹുവിൻ്റെ രണ്ടാം ഭാവസ്ഥിതിയാൽ, ചെറിയ/ വലിയ കള്ളം പറയേണ്ടതായി വന്നേക്കും. അഷ്ടമത്തിലെ
കുജകേതുയോഗം ആരോഗ്യപ്രശ്നങ്ങൾ, സ്വൈരക്കേടുകൾ എന്നിവ സൃഷ്ടിക്കാം. സാഹസങ്ങൾക്ക് മുതിരരുത്. മനോവാക്കർമ്മങ്ങളിൽ ജാഗ്രത പുലർത്തണം.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അവിട്ടം
ഗ്രഹങ്ങൾ പ്രായേണ പ്രതികൂല ഭാവത്തിലാണ്. കുംഭക്കൂറുകാർക്ക് ശനി പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഉന്മേഷമുണ്ടാവില്ല. ഉറക്കം മതിയായതായി തോന്നില്ല. സമയബന്ധിതമായി ഒരുകാര്യവും പൂർത്തീകരിക്കാൻ കഴിഞ്ഞേക്കില്ല. രാഹുവിൻ്റെ സ്ഥിതി മൂലം സത്യം മറച്ചുപിടിക്കാനുള്ള തോന്നലുണ്ടാവും. ഏഴാം ഭാവത്തിലെ ചൊവ്വയും കേതുവും ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ സൃഷ്ടിക്കാം. മകരക്കൂറുകാർക്ക് കർമ്മരംഗത്ത് ചില നേട്ടങ്ങൾ വന്നുകൂടുന്നതാണ്. ദൗത്യങ്ങളിൽ വിജയം വരിക്കും. വ്യാഴത്തിൻ്റെ മൗഢ്യത്താൽ പണം നഷ്ടപ്പെടാൻ/സാമ്പത്തിക അമളി വരാൻ സാധ്യതയുണ്ട്. കുംഭക്കൂറുകാരുടെ ലോൺ അപേക്ഷ തള്ളപ്പെടാം. കൂടുതൽ കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥിരവരുമാനക്കാർക്ക് ക്ലേശമുണ്ടാവില്ല. ചെറുകിട സംരംഭകരും പ്രതിസന്ധികളെ മറികടക്കും.
ചതയം
പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ക്ലേശിക്കുന്നതാണ്. മനസ്സ് മിക്കപ്പോഴും നിരുന്മേഷ ഭാവത്തിലാവും. ലക്ഷ്യപ്രാപ്തി ഏതോ വിദൂരതുറുമുഖത്തിൽ ആണെന്ന് തോന്നിയേക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച വേതന വർദ്ധവ് വൈകിയേക്കും. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്. ഉപരിപഠനം പ്രതീക്ഷിച്ച വിധത്തിലാവും. പണയം വെച്ച ആഭരണം തിരിച്ചെടുക്കാൻ സമ്മർദ്ദമുണ്ടായേക്കും. മക്കളുടെ കാര്യത്തിൽ ശുഭവാർത്ത വന്നെത്തുന്നതാണ്. കൂട്ടുകച്ചവടം കൊണ്ട് എന്തുനേടി എന്ന് ആത്മപരിശോധന നടത്തും. വിദേശത്തു പോകാനുള്ള ശ്രമം വിജയം കാണുന്നതാണ്. അനുരാഗികൾക്കിടയിൽ തർക്കങ്ങൾ വലുതായേക്കും. ദാമ്പത്യ വിജയത്തിന് അനുരഞ്ജനം അനിവാര്യമാണെന്നത് ഓർമ്മയിലുണ്ടാവണം.
പൂരൂരുട്ടാതി
പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു തുടർക്കഥയാവുമെങ്കിലും അവയെ സവിശേഷമായ മനോധൈര്യം, ജീവിതാനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മറികടക്കാനാവും. പുതുസംരംഭങ്ങളുമായി ഇപ്പോൾ മുന്നോട്ടു പോകുന്നത് ആശാസ്യമായിരിക്കില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികമായേക്കും. പണമെപാടുകളിൽ കവിഞ്ഞ ജാഗ്രത ആവശ്യമാണ്. നക്ഷത്രാധിപനായ വ്യാഴത്തിന് മൗഢ്യം വരുന്നത് ആത്മവിശ്വാസത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കാം. സംഘടനകളിൽ ഉറച്ച നിലപാട് കൈക്കൊള്ളുന്നതാണ്. കുടുംബത്തിലെ അനൈക്യങ്ങളെ പറഞ്ഞുതീർക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാവും. മികച്ച ഓഫറുകൾ ലഭിച്ചാലും തൽകാലം ജോലി വിടുന്നത് ഗുണകരമാവില്ല. മീനക്കൂറുകാർക്ക് കേസിൽ വിജയമുണ്ടാവും.
ഉത്രട്ടാതി
ശനി ജന്മനക്ഷത്രത്തിലൂടെ കടന്നുപോകുന്നു. നാലിൽ ആദിത്യൻ, ബുധൻ, വ്യാഴം ഇവയുണ്ട്. ആലസ്യം ഉണ്ടാവും. പ്രത്യുല്പന്നമതിത്വം ഉണ്ടാവില്ല. സമൂഹത്തിൻ്റെ സദാചാരങ്ങളോട് പൊരുത്തപ്പെട്ടില്ല. വീടും നാടും വിട്ട് അകലെ ജീവിക്കേണ്ടതായി വന്നേക്കാം. രാഹു പന്ത്രണ്ടിലാവുകയാൽ ചെലവധികരിക്കും. നിലവിലെ സ്ഥിതി മാറണമെന്ന് ആഗ്രഹിക്കുമെങ്കിലും അതിന്നായി ഒന്നും ചെയ്യില്ല. വെല്ലുവിളികൾ ഏറ്റെടുക്കില്ല. ബിസിനസ്സിൽ ലാഭം കുറയുന്നതായിരിക്കും. നോക്കാനേല്പിച്ചവർ ചതിക്കാനിടയുണ്ട്. ആറാം ഭാവത്തിലെ ചൊവ്വ ഭൂമി വ്യാപാരത്തെ മെച്ചപ്പെടുത്തും. എതിർപ്പുകളെ തൃണവൽഗണിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണി വേണ്ടി വരാം. വിദഗ്ദ്ധ ചികൽസയിലൂടെ രോഗനിവൃത്തിയുണ്ടാവും.
രേവതി
നക്ഷത്രനാഥനായ ബുധന് ആദിത്യ - ഗുരു യോഗം വരികയാലും സാമൂഹ്യ ജീവിതത്തിലും തൊഴിൽ മേഖലയിലും സൽപ്പേരുണ്ടാവും. കർമ്മകുശലത മേലധികാരികളുടെ അഭിനന്ദനം നേടും. നവം നവങ്ങളായ ആശയങ്ങൾ അവതരിപ്പിച്ച് ബഹുമതി നേടും. ശനിയും രാഹുവും മറ്റും അനിഷ്ട സ്ഥാനങ്ങളിൽ സഞ്ചരിക്കുകയാൽ ഇടക്കിടെ ആലസ്യമോ കർമ്മ പരാങ്മുഖത്വമോ പിടികൂടാം. 'ഇത്രയൊക്കെ മതി' എന്ന തോന്നൽ ശക്തമാകുന്നതാണ്. ബിസിനസ്സുകാർക്ക് നഷ്ടം ഉണ്ടാവില്ല. വിപണിയുടെ തുടിപ്പ് തിരിച്ചറിയും. ഭൂമിവ്യാപാരത്തിൽ നിന്നും വലിയ തുക സമ്പാദിക്കുന്നതാണ്. എന്നാൽ നിയമവശങ്ങൾ വ്യക്തമായി പാലിക്കാൻ ശ്രദ്ധ കാട്ടണം. ബിരുദാനന്തര പഠനത്തിന് അവസരം ലഭിക്കും. അന്യദേശസഞ്ചാരം ഗുണകരമായേക്കും. ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതാണ്.
Read More: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.