/indian-express-malayalam/media/media_files/2025/03/18/april-13-to-april-19-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-578301.jpg)
Weekly Horoscope
ആദിത്യൻ കർക്കടകം രാശിയിൽ ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ പൂർണ്ണമായും വെളുത്തപക്ഷത്തിൽ സഞ്ചരിക്കുന്നു. ആഗസ്റ്റ് 9 ന്/ കർക്കടകം 24ന് ശനിയാഴ്ച വെളുത്തവാവ്/പൗർണ്ണമി ആയിരിക്കും.
ചൊവ്വ കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകം രാശിയിൽ വക്രഗതിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധന് മൗഢ്യാവസ്ഥയുമുണ്ട്. ശുക്രൻ മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ തുടരുന്നു.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലൂടെ കടന്നുപോകുന്നു. ശുക്രനും ഗുരുവും മിഥുനം രാശിയിൽ തിരുവാതിരയിലാണ് എന്നത് പ്രസ്താവ്യം. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം ഒന്നാം പാദത്തിലും ആയി പിൻഗതിയിൽ തുടരുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ ഒരാഴ്ചക്കാലത്തെ സമ്പൂർണ്ണഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
നിലവിലെ സാഹചര്യങ്ങൾ ആവർത്തിക്കുന്നതാണ്. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരോട് ഉള്ളിലുള്ള ആശയങ്ങൾ പറഞ്ഞു ബോധിപ്പിക്കുക ദുഷ്കരമാവും. എങ്കിലും നാലാം ഭാവാധിപനായ ചന്ദ്രന് ബലമുള്ളതിനാൽ മനസ്സിന് പ്രസന്നത കുറയില്ല. പൊതുവെ പറഞ്ഞാൽ സുഖവും സ്വൈരവും അനുഭവപ്പെടുന്നതാണ്. സ്ത്രീകളുടെ/ സുഹൃത്തുക്കളുടെ പിൻബലം പ്രതീക്ഷിക്കാം. ആറാം ഭാവത്തിലെ കുജൻ എതിർസ്വരങ്ങളെ അവഗണിക്കാൻ കരുത്തേകുന്നതാണ്. വീട്ടിലോ വാഹനത്തിലോ അറ്റകുറ്റം നടത്തി വീണ്ടും ഉപയോഗത്തിലാക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണ്ടതുണ്ട്.
ഭരണി
വാരാദ്യ ദിവസങ്ങൾക്ക് മേന്മ കുറയാം. നവാരംഭങ്ങൾക്ക് നല്ല ദിവസങ്ങളല്ല. പണമെടപാടുകളിൽ കരുതലുണ്ടാവണം. ദൗത്യങ്ങളിൽ വിജയിക്കാൻ ആവർത്തിത ശ്രമം ആവശ്യമാണ്. മറ്റുദിവസങ്ങളിൽ പ്രായേണ നേട്ടങ്ങൾ ഭവിക്കും. തൊഴിലിടത്തിൽ അംഗീകാരം സ്വീകാര്യതയേറും. കുടുംബകാര്യങ്ങളിൽ ഔത്സുക്യമുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. പ്രതീക്ഷിച്ച ആദായം വന്നെത്തുന്നതാണ്. ആടയാഭരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങാനിടയുണ്ട്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വിരുന്നുകളിൽ പങ്കെടുക്കാൻ സന്ദർഭം ലഭിക്കും.
കാർത്തിക
ചെറിയ കാര്യങ്ങൾ നേടാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരാം. പുതിയ തലമുറയോട് എങ്ങനെ പെരുമാറണമെന്നറിയാതെ പരിഭ്രമിക്കും. ആത്മവിശ്വാസം കുറയാം. വാഗ്ദാനലംഘനം ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. പ്രതീക്ഷിച്ച ധനം കൈവശം എത്തിയേക്കില്ല. ബുധനാഴ്ച വരെ ഏറെക്കുറെ സ്ഥിതിയിതാവും. മറ്റു ദിവസങ്ങളിൽ മനസ്സമാധാനം ഉണ്ടാവുന്നതാണ്. സംഘടനകളിൽ അധികാരം ലഭിക്കാം. പ്രണയികൾക്ക് കാണാനും ഒത്തുചേരാനും സന്ദർഭം വരുന്നതാണ്. കുടുംബകാര്യങ്ങൾ ഭംഗിയായി നടത്താനാവും.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
രോഹിണി
ആലോചിച്ചുറച്ച കാര്യങ്ങൾ ഒരുവിധം ഭംഗിയായി സാക്ഷാൽക്കരിക്കാനാവും. നക്ഷത്രാധിപനായ ചന്ദ്രന് പൂർണ്ണബലം വരുന്നതിനാൽ മനസ്സിന് തെളിച്ചം ഉണ്ടാവും. ദേഹസുഖവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കായി നന്നായി തയ്യാറെടുക്കാൻ സാധിക്കുന്നതാണ്. കലാകാരന്മാർക്ക് ഉത്സവപരിപാടികൾക്ക് അഡ്വാൻസ് ലഭിക്കാം. ദാമ്പത്യത്തിൽ സമരസം ആവശ്യമായ ഘട്ടമാണെന്നത് ഓർമ്മയിലുണ്ടാവണം. മാസം തോറും അടയ്ക്കേണ്ട വായ്പകൾ മുടങ്ങില്ല. അയൽ തർക്കങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാവുന്നതാണ്. ബുധനും വ്യാഴനും ശുഭകാര്യങ്ങൾ തുടങ്ങരുത്.
മകയിരം
പരാശ്രയത്വം വേണ്ടി വരാം. കൂടിയാലോചനകളിൽ സഹപ്രവർത്തകരുടെ എതിർപ്പ് നേരിടേണ്ടി വന്നേക്കും. മനസ്സമാധാനം കുറയാനിടയുണ്ട്. നാലിൽ കേതു/ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങളേർപ്പെടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നതാണ്. കരാർ പണിയിൽ കിട്ടേണ്ട കുടിശിക തുക കിട്ടാനിടയുണ്ട്. നിക്ഷേപങ്ങൾ പുതുക്കിയേക്കും. ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതാണ്. കൂട്ടരുമൊത്ത് തീർത്ഥാടനത്തിന് പോവും. ഞായർ, തിങ്കൾ, വെള്ളി കൂടുതൽ അനുകൂല ദിനങ്ങൾ.
തിരുവാതിര
പ്രവർത്തനരംഗത്ത് ശുഷ്കാന്തിയുണ്ടാവും. സമയോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾക്ക് വില കല്പിക്കും. ധനപരമായി സംതൃപ്തി തോന്നും. കച്ചവടത്തിൽ ഉണർവ്വ് അനുഭവപ്പെടുന്നതാണ്. പ്രണയികൾക്ക് പിണക്കം മറന്ന് വീണ്ടും ഒരുമിക്കാനാവും. വീടുമാറ്റം സംബന്ധിച്ച് കുടുംബാംഗങ്ങൾ അനുകൂലിച്ചെന്ന് വന്നേക്കില്ല. വസ്തുക്കച്ചവടത്തിൽ പ്രതീക്ഷിച്ചത്രതന്നെ ലാഭം കിട്ടുന്നതാണ്. ഒന്നിച്ചുപഠിച്ചവർ ഒരുമിച്ച് ഗുരുനാഥനെ കാണാനായി പോവും. താത്കാലിക കോഴ്സുകളിൽ ചേരുവാനയേക്കും. ചെലവിൽ ധൂർത്ത് കടന്നുവരാനിടയുണ്ട്.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
പുണർതം
പ്രവർത്തന മികവ് മേലധികാരികളാൽ അഭിനന്ദിക്കപ്പെടും. പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തും. സമയോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. ചുമതലകൾ പകരക്കാരെ ഏൽപ്പിക്കുന്നത് ഗുണകരമാവില്ല. നിക്ഷേപങ്ങളിൽ നിന്നും ധനാഗമമുണ്ടാവും. ഗൃഹകാര്യങ്ങൾക്ക് സമയം കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ആയതിനാൽ പരാതി ഉയരുന്നതാണ്. വീട്/വാഹനം ഇവയുടെ മെയിൻ്റനൻസ് ചെലവ് കൂടിയേക്കും. മകൻ്റെ ശ്രേയസ്സിൽ സന്തോഷമുണ്ടാവും. വെള്ളി, ശനി ദിവസങ്ങളിൽ ജാഗ്രതയുണ്ടാവണം.
പൂയം
പലതും ചിന്തിച്ചു കൊണ്ടിരിക്കും. പ്രവർത്തനോത്സുകത കുറയാം. തുടങ്ങിയ കാര്യങ്ങൾ തടസ്സപ്പെട്ടതിൽ ഉൽക്കണ്ഠയുണ്ടാവാം. ജന്മത്തിൽ ആദിത്യൻ ഉള്ളതിനാൽ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രതയുണ്ടാവണം. സുഹൃത്തുക്കൾക്കായി ജാമ്യം നിൽക്കാൻ നിർബന്ധിക്കപ്പെടും. വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നത് കരുതലോടെ വേണം. ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കയറ്റത്തിന് അപേക്ഷ നൽകുന്നതാണ്.
Also Read: വർഷഫലം; അശ്വതി മുതൽ രേവതി വരെ
ആയില്യം
വാരാദ്യദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. എല്ലാക്കാര്യത്തിലും അസംതൃപ്തിയുണ്ടാവും. അധികാരികളെ ഉപദേശിച്ച് കുഴപ്പത്തിൽ ചാടാനിടയുള്ളതിനാൽ 'മൗനം വിദ്വാന് ഭൂഷണം' എന്ന ചൊല്ല് പിന്തുടരണം. പ്രതീക്ഷിച്ച ധനം കൈവശമെത്തില്ല. ബുധൻ മുതൽ മനസ്സന്തോഷം ഭവിക്കുന്നതാണ്. തടസ്സപ്പെട്ട കെട്ടിട നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞേക്കും. ധനക്ലേശം നീങ്ങും. കമിതാക്കൾക്ക് പരസ്പരം കാണാൻ സൗകര്യമുണ്ടാവും. മെഡിക്കൽ ചെക്കപ്പിൻ്റെ ഫലത്തിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നറിയും. ദാമ്പത്യ ജീവിതത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.