/indian-express-malayalam/media/media_files/2025/03/18/ln7S9uMparQN83ZD80LR.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ഏപ്രിൽ 13 ഞായർ രാത്രി, തിങ്കൾ പുലർച്ചെ 3 മണി 21 മിനിട്ടിന് ആണ് മേടസംക്രമം. ഇതിനെ 'വിഷുവത് പുണ്യകാലമായി'  ആചരിക്കുന്നു. ആദിത്യൻ രേവതി ഞാറ്റുവേലയിൽ നിന്നും അശ്വതി ഞാറ്റുവേലയിലേക്ക് പ്രവേശിക്കുന്ന കാലവുമാണ്. മേടം രാശിക്ക് ആദിത്യൻ്റെ ഉച്ചക്ഷേത്രം എന്ന സവിശേഷതയുമുണ്ട്.
ഏപ്രിൽ 13 ഞായർ മുതൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുന്നു. ചിത്തിര മുതൽ  പൂരാടം വരെയാണ് ഈയാഴ്ചത്തെ നക്ഷത്രങ്ങൾ! ചൊവ്വ നീചക്ഷേത്രമായ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. ശുക്രൻ ഉച്ചക്ഷേത്രമായ മീനം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നുണ്ട്.  
രണ്ടുഗ്രഹങ്ങൾ നീചത്തിലും (ബുധൻ, ചൊവ്വ) രണ്ടുഗ്രഹങ്ങൾ ഉച്ചത്തിലും (ശുക്രൻ, ആദിത്യൻ) സഞ്ചരിക്കുന്നുവെന്ന അപൂർവതയും ഇപ്പോൾ സംഭവിക്കുന്നുണ്ട്. ശനിയും രാഹുവും മീനം രാശിയിൽ പൂരൂരുട്ടാതിയിൽ തന്നെയാണ്. ശനി മുന്നിലേക്ക് സഞ്ചരിക്കുമ്പോൾ രാഹു പിന്നിലേക്ക് നീങ്ങുന്നു എന്ന വ്യത്യാസം മാത്രം. മൂന്നുഗ്രഹങ്ങൾ പൂരൂരുട്ടാതിയിലൂടെ കടന്നുപോവുകയാണ്. 
വ്യാഴം മീനം രാശിയിൽ മകയിരം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്.  ഞായറും, തിങ്കളും ചൊവ്വ ഉച്ചവരെയും മീനക്കൂറുകാർക്ക് അഷ്ടമരാശിയാണ്. തുടർന്ന് വെള്ളി പ്രഭാതം വരെ മേടക്കൂറുകാരുടെയും അതിനുശേഷം ഇടവക്കൂറുകാരുടെയും അഷ്ടമരാശി ഭവിക്കുന്നു. 
ഈ ഗ്രഹസ്ഥിതി മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന്‍റെ എല്ലാ വായനക്കാർക്കും വിഷു ആശംസകൾ..
- Weekly Horoscope Apr 13- Apr 19: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
 - Weekly Horoscope Apr 13- Apr 19: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
 
മൂലം
ആദർശം പറഞ്ഞാലും പ്രവർത്തിക്കുന്നത് തികച്ചും പ്രായോഗികതയെ മുൻനിർത്തിയാവും. വാരാദ്യം ന്യായമായ കാര്യങ്ങളുടെ സഫലീകരണം പ്രതീക്ഷിക്കാം. കൃത്യനിർവഹണം അഭംഗുരമായിട്ടാവും. മേലുദ്യോഗസ്ഥരുടെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടും. തന്മൂലം അവരുടെ വിരോധം സമ്പാദിക്കാനിടയുണ്ട്. സംഘടനാ പ്രവർത്തനം വിപുലീകരിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നത് ദാമ്പത്യത്തിൽ അനൈക്യം ഉണ്ടാക്കും. നാലാം ഭാവത്തിലെ ശനി - രാഹു യോഗം സുഹൃത്തുക്കളുമായി വിരോധത്തിന് വഴിതുറന്നേക്കും. യാത്രയിൽ ശ്രദ്ധയുണ്ടാവണം.
പൂരാടം
കൂടുതൽ സമയവും ഊർജ്ജവും കർമ്മപുരോഗതിക്കായി ചിലവഴിക്കും. ചിലതൊക്കെ ലക്ഷ്യം കാണുകയും ചെയ്യും. ആത്മവിശ്വാസം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. പ്രതീക്ഷിച്ച വ്യക്തികളിൽ നിന്നും സമയോചിതമായ പിന്തുണ കിട്ടിയേക്കില്ല. പരോക്ഷമായ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്. ഗൃഹനിർമ്മാണം മെല്ലെയാവും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് ചെലവ് കൂടും. വിദ്യാഭ്യാസ കാര്യത്തിൽ സമ്മിശ്രതയാവും ഫലം. നവസംരംഭങ്ങളുടെ ലൈസൻസ് ഓൺലൈൻ മൂലം കിട്ടിയേക്കും. ബിസിനസ്സ് യാത്രകൾ പ്രയോജന പ്രദമായി ഭവിക്കുന്നതാണ്.
ഉത്രാടം
നക്ഷത്രാധിപനായ ആദിത്യന് ഉച്ചം ഭവിക്കുന്ന വാരമാണ്. അവഗണിച്ചവർ പരിഗണിക്കും. പല കാരണങ്ങളാൽ പിന്നിലായിപ്പോയവർ മുന്നിലെത്തുന്നതാണ്. രോഗക്ലേശങ്ങൾ വലയ്ക്കുന്നവർക്ക് ഇനി ആശ്വാസ കാലമായിരിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കാം. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണയും സഹായവും കൈവരുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും ആത്മവിശ്വാസം ചോരാതെ പങ്കെടുക്കാനാവും. കടബാധ്യതയ്ക്ക് പോംവഴി തെളിഞ്ഞേക്കും. സുതാര്യമായ പ്രവർത്തന ശൈലി സമാദരിക്കപ്പെടും.
തിരുവോണം
ആലോചിച്ചുറച്ചവ പ്രാവർത്തികമാക്കാൻ കഴിയുന്ന വാരമാണ്. എതിർപ്പുകളെ നിരാകരിക്കും. പ്രതീക്ഷിച്ചതിലുമധികം പിൻതുണ കിട്ടുന്നതാണ്. മുൻപ് ചെയ്ത ചില അബദ്ധങ്ങൾ തിരുത്താൻ സന്ദർഭം വന്നെത്തും. വിപണിയറിഞ്ഞുള്ള നീക്കം മൂലം ഇടപാടുകളിൽ ലാഭം കിട്ടുന്നതായിരിക്കും. "ഉപദേശിച്ചതനുസരിച്ച് പ്രവർത്തിച്ചതിനാൽ ഗുണമുണ്ടായി" എന്നിങ്ങനെയുള്ള നന്ദിവാക്കുകൾ കേൾക്കുവാനിടയുണ്ട്. ഏഴാമെടത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് ദാമ്പത്യത്തെ തെല്ല് കലുഷമാക്കാം. അക്കാര്യത്തിൽ കരുതൽ വേണം. വാരാന്ത്യത്തിലെ ഒന്നുരണ്ടു ദിവസങ്ങളിൽ അലച്ചിലുണ്ടാവും.
അവിട്ടം
പ്രായോഗികബുദ്ധിയും പ്രത്യുല്പന്നമതിത്വവും കൊണ്ട് ഒരുവിധം കാര്യങ്ങൾ വരുതിയിലാക്കും. അനാവശ്യമായ തിടുക്കവും, ഒന്നാം സ്ഥാനം നേടാനുള്ള വ്യഗ്രതയും തത്കാലം ദോഷകരമായേക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഗുണകരമാവും. അവിട്ടം മകരക്കൂറിന് ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്ന ചൊവ്വ പ്രണയത്തിൽ കയ്പുരസം നിറയ്ക്കാം. അവിട്ടം കുംഭക്കൂറിന് ശത്രുബാധയെ തടയാൻ കഴിയുന്നതാണ്. സാമ്പത്തികമായി സമാശ്വാസമുണ്ടാവും. ആലോചിച്ചു പ്രവർത്തിച്ചാൽ സ്വൈരം ഭവിക്കുന്ന വാരമാണ്.
ചതയം
മൂന്നാം ഭാവത്തിൽ ആദിത്യൻ ഉച്ചസ്ഥനാവുന്നത് പലതരം നേട്ടങ്ങൾക്ക് കാരണമാവും. രാഷ്ട്രീയക്കാരുടെ പിന്തുണ കിട്ടിയേക്കും. എതിർപ്പിന് മൂർച്ച കുറയും. സർക്കാർ കാര്യങ്ങൾ അലച്ചിൽ കൂടാതെ നേടാൻ കഴിയുന്നതാണ്. മത്സരങ്ങളിൽ വിജയം അനായാസമാവും. ബിസിനസ്സിലെ സ്തംഭനാവസ്ഥ നീങ്ങുന്നതാണ്. വില കൂടിയ ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ നാട്ടിലെത്തുവാൻ കഴിയുന്നതാണ്. കുടുംബ പ്രശ്നങ്ങൾ കൂടിയാലോചന മൂലം പരിഹരിച്ചേക്കും. ഒപ്പമുള്ളവരുടെ അഭിപ്രായം അംഗീകരിക്കുന്നതാണ്.
പൂരൂരുട്ടാതി
മനസ്സംഘർഷം തുടരപ്പെടും. ആരും സഹായിക്കാനില്ലെന്ന തോന്നൽ ശക്തമാകും. കർമ്മരംഗത്ത് പൂർണമായും മുഴുകാനായേക്കില്ല. തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം കൈക്കൊള്ളണം. കലഹസാഹചര്യങ്ങളെ ഒഴിവാക്കേണ്ടതാണ്. രോഗാരിഷ്ടകൾ ആക്രമിക്കാനിടയുണ്ട്. ആദിത്യൻ ഉച്ചസ്ഥിതിയിലെത്തുന്നത് ആശ്വാസകരമാണ്. തടസ്സങ്ങൾ ഒഴിയാം. പിണങ്ങിയവർ ഇണങ്ങിയേക്കും. പുതുക്കാര്യങ്ങൾ തുടങ്ങാനാവശ്യമായ അനുമതി ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതിയുണ്ടാവും. മീനക്കൂറുകാർക്ക് ഞായറും തിങ്കളും ശുഭകരമല്ല.
ഉത്രട്ടാതി
സ്വസ്ഥത അത്രയുണ്ടാവില്ല. എന്നാൽ പൂർണ്ണമായും അസ്വസ്ഥരാണെന്ന് പറയാനും കഴിയില്ല. വേണ്ടത്ര കരുതൽ എടുത്തില്ലല്ലോ എന്ന് ഖേദിക്കാനിടയുണ്ട്. ധനവിനിയോഗത്തിൽ നല്ല ജാഗ്രത വേണം. സുഖിക്കാനാവും, കുറച്ചൊക്കെ. ആഢംബര വസ്തുക്കൾ വാങ്ങും. നിശ്ചയദാർഢ്യത്തിന് ഇളക്കം വരുന്നതാണ്. സാഹിത്യം, കലകൾ ഇവയുടെ പഠനത്തിന് സമയം മാറ്റിവെക്കും. രണ്ടാമെടത്ത് ആദിത്യൻ ഉച്ചസ്ഥനാവുകയാൽ വാക്കുകളിൽ ആജ്ഞാശക്തി സ്ഫുരിക്കുന്നതാണ്. കിട്ടാനുള്ള പണം ഭാഗികമായി കിട്ടാം. ചിലപ്പോൾ ആലസ്യം, അകർമ്മണ്യത എന്നിവ പിടികൂടാം.
രേവതി
നക്ഷത്രനാഥനായ ബുധന് മൗഢ്യം ഇല്ലാത്തത് ആശ്വാസകരമാണ്. എന്നാൽ ബുധൻ നീചത്തിൽ തുടരുന്നത് അത്ര സുഖകരവുമാവില്ല. ജന്മരാശിയിലെ പാപഗ്രഹങ്ങളും സമ്മർദ്ദം ഉണ്ടാക്കും. പ്രാധാന്യമുള്ള കൂടിയാലോചനകളിൽ പങ്കെടുക്കാനാവും. പക്ഷേ കൈക്കൊള്ളുന്ന നിലപാടുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചേക്കില്ല. ഇപ്പോഴത്തെ തൊഴിൽ അതൃപ്തിക്ക് കാരണമായേക്കും. എന്നാൽ അതുപേക്ഷിക്കുന്നത് ആശാസ്യമല്ല. നവസംരംഭങ്ങളുടെ രൂപരേഖ തയ്യാറാക്കാം. പക്ഷേ അതിനായി മുതൽമുടക്കാൻ അല്പം കൂടി കാത്തിരിക്കണം. ബന്ധങ്ങൾ ദൃഢമാവാൻ കുറുക്കുവഴികളില്ലെന്നത് മറക്കരുത്. ഭോഗസുഖം അനുഭവിക്കാനാവും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us