/indian-express-malayalam/media/media_files/2025/03/18/april-13-to-april-19-2025-weekly-horoscope-astrological-predictions-makam-to-thriketta-750763.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ഏപ്രിൽ 13 ഞായർ രാത്രി, തിങ്കൾ പുലർച്ചെ 3 മണി 21 മിനിട്ടിന് ആണ് മേടസംക്രമം. ഇതിനെ 'വിഷുവത് പുണ്യകാലമായി' ആചരിക്കുന്നു. ആദിത്യൻ രേവതി ഞാറ്റുവേലയിൽ നിന്നും അശ്വതി ഞാറ്റുവേലയിലേക്ക് പ്രവേശിക്കുന്ന കാലവുമാണ്. മേടം രാശിക്ക് ആദിത്യൻ്റെ ഉച്ചക്ഷേത്രം എന്ന സവിശേഷതയുമുണ്ട്.
ഏപ്രിൽ 13 ഞായർ മുതൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുന്നു. ചിത്തിര മുതൽ പൂരാടം വരെയാണ് ഈയാഴ്ചത്തെ നക്ഷത്രങ്ങൾ! ചൊവ്വ നീചക്ഷേത്രമായ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. ശുക്രൻ ഉച്ചക്ഷേത്രമായ മീനം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നുണ്ട്.
രണ്ടുഗ്രഹങ്ങൾ നീചത്തിലും (ബുധൻ, ചൊവ്വ) രണ്ടുഗ്രഹങ്ങൾ ഉച്ചത്തിലും (ശുക്രൻ, ആദിത്യൻ) സഞ്ചരിക്കുന്നുവെന്ന അപൂർവതയും ഇപ്പോൾ സംഭവിക്കുന്നുണ്ട്. ശനിയും രാഹുവും മീനം രാശിയിൽ പൂരൂരുട്ടാതിയിൽ തന്നെയാണ്. ശനി മുന്നിലേക്ക് സഞ്ചരിക്കുമ്പോൾ രാഹു പിന്നിലേക്ക് നീങ്ങുന്നു എന്ന വ്യത്യാസം മാത്രം. മൂന്നുഗ്രഹങ്ങൾ പൂരൂരുട്ടാതിയിലൂടെ കടന്നുപോവുകയാണ്.
വ്യാഴം മീനം രാശിയിൽ മകയിരം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ഞായറും, തിങ്കളും ചൊവ്വ ഉച്ചവരെയും മീനക്കൂറുകാർക്ക് അഷ്ടമരാശിയാണ്. തുടർന്ന് വെള്ളി പ്രഭാതം വരെ മേടക്കൂറുകാരുടെയും അതിനുശേഷം ഇടവക്കൂറുകാരുടെയും അഷ്ടമരാശി ഭവിക്കുന്നു.
ഈ ഗ്രഹസ്ഥിതി മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന്‍റെ എല്ലാ വായനക്കാർക്കും വിഷു ആശംസകൾ..
Read More: Weekly Horoscope Apr 13- Apr 19: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
മകം
നിരുത്തരവാദപരമായ സമീപനത്തിൻ്റെ പേരിൽ കൗമാരക്കാരെ മാതാപിതാക്കൾ ശാസിച്ചേക്കും. ധനം ദുർവ്യയം ചെയ്യാനിടയുണ്ട്. ദുശ്ശീലങ്ങൾ അധികരിക്കാം. പിതാവിന് ഗുണാനുഭവങ്ങൾ ഉണ്ടാവുന്ന കാലഘട്ടമാണ്. പൊതുപ്രവർത്തകർക്ക് തിരക്കേറും. ഹ്രസ്വമായ പഠനങ്ങൾക്ക് ചേർന്നേക്കും. ബാല്യസുഹൃത്തുക്കളെ കാണാൻ കഴിയുന്നതാണ്. കരാർ പണികളിൽ തുടർച്ച ലഭിക്കുന്നത് ആശ്വാസമാവും. നഷ്ടപ്രണയം വിഷാദിപ്പിക്കും. പതിവ് വൈദ്യപരിശോധനയിൽ തൃപ്തിയുണ്ടാവും. ഭാവികാര്യങ്ങളെക്കുറിച്ച് ധാരാളം സ്വപ്നം കാണുന്നതാണ്.
പൂരം
സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതാണ്. ചുറ്റുപാടുമുള്ള നീതികേടുകളെ നിശിതവിമർശനം നടത്തുന്നതിന് മടിക്കില്ല. രാശിനാഥനായ ആദിത്യന് ഉച്ചം ഭവിക്കുകയാൽ ആത്മശക്തി വർദ്ധിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. നറുക്കെടുപ്പ്, ചിട്ടി, ഇൻഷ്വറൻസ് എന്നിവകളിൽ നിന്നും ധനാഗമമുണ്ടാവും. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തടസ്സം നീങ്ങിക്കിട്ടും. മേലധികാരിയുടെ അനുകൂലത പ്രതീക്ഷിക്കാം.
പിതൃവഴിക്കുള്ള ബന്ധുക്കളെ സന്ദർശിച്ചേക്കും. ലേഖനം, സാഹിത്യം , ഗവേഷണ പ്രബന്ധം ഇവ പൂർത്തിയാക്കും.
ഉത്രം
ഉത്രം നക്ഷത്രത്തിൻ്റെ അധിപനായ ആദിത്യൻ തൻ്റെ ഉച്ചരാശിയിൽ പ്രവേശിച്ചിരിക്കുന്നത് ഉത്രം നാളുകാർക്ക് ഗുണപ്രദമാണ്. എതിർത്തവർ ബഹുമാനിച്ചേക്കും. പൊതുരംഗത്ത് സ്വീകാര്യത വന്നുചേരുന്നതാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയുവാനാവും. അവസരങ്ങൾ തേടിവരുന്നതാണ്. കന്നിക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. വ്യവഹാരത്തിൽ വിജയിക്കുന്നതിന് സാധിക്കുന്നതാണ്. കുടുംബാംഗങ്ങൾ തമ്മിലെ അനൈക്യം പറഞ്ഞുതീർക്കും. ചിങ്ങക്കൂറുകാർക്ക് അലച്ചിലുണ്ടാവും. വാഗ്ദാനലംഘനം വിഷമിപ്പിക്കും. വാഹനം ഉപയോഗിക്കുന്നതിൽ കരുതലുണ്ടാവണം.
അത്തം
തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുക അഭികാമ്യം. ചില പരിശ്രമങ്ങൾ പകുതിയിൽ ഉപേക്ഷിക്കേണ്ടി വരും. സുഹൃത്തുക്കളുടെ പിന്തുണ പ്രതീക്ഷിക്കും. എന്നാൽ നിരാശപ്പെടേണ്ടിവരും. പ്രണയികൾക്ക് ആശ്വസിക്കാവുന്ന സാഹചര്യം പുലരും. കച്ചവടത്തിൽ പകരക്കാരെ വെക്കുന്നത് ഗുണമാവില്ല. പിന്നീടത് ദോഷകരമായേക്കും. സഹോദരാനുകൂല്യം സമയോചിതമാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. പാരമ്പര്യ കലകൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് അറിയാൻ ഔത്സുക്യം ഉണ്ടാവും. വാരാദ്യ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ ഒഴിവാക്കുക ഉചിതം.
ചിത്തിര
ബിസിനസ്സ് സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാത്രകളുണ്ടാവും. ധനസമാഹരണ ശ്രമം വിജയിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. സംഘടനാ പ്രവർത്തനത്തിൽ താല്പര്യം കുറഞ്ഞേക്കും. എന്നാൽ യോഗങ്ങളിൽ സംബന്ധിക്കേണ്ടി വരുന്നതാണ്. വരവുചെലവു കണക്കുകൾ സൂക്ഷിക്കാൻ മറക്കരുത്. ചൊവ്വയുടെ നീചസഞ്ചാരത്താൽ ദേഹസുഖം കുറയുന്നതായിരിക്കും. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. രോഗശയ്യയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കുന്നതാണ്. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതിനിടയുണ്ട്.
ചോതി
അന്വേഷണം ഫലപ്രദമാവില്ല. പല കാര്യങ്ങളിലും വീണ്ടും പ്രയത്നം ആവശ്യമാവും. സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതിൽ ഖേദിക്കും. സ്വന്തമായി നടത്തുന്ന ബിസിനസ്സിൽ ശരാശരി വളർച്ചയുണ്ടാവും. വിപണന തന്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവും. തറവാട്ടിലെ ഉത്സവാദികളിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോവും. വയോജനങ്ങളുടെ പിന്തുണ ലഭിക്കും. അവരിൽ നിന്നും ജീവിതാനുഭവങ്ങൾ മനസ്സിലാക്കും.
വിശാഖം
പ്രവർത്തനങ്ങൾക്ക് സുഗമതയുണ്ടാവും. കരുതിയ കാര്യങ്ങൾ ഒട്ടുമിക്കതും പൂർത്തിയാക്കും. സർക്കാരിൽ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കപ്പെടും. മട്ടുപ്പാവ് കൃഷിയിൽ നിന്നും വിളവെടുക്കും. അത്യാവശ്യ ചിലവുകൾ വന്നുപെടാനിടയുണ്ട്. സ്വർണ്ണപ്പണയത്തെ ആശ്രയിക്കുന്നതാണ്. തൻ പ്രമാണിത്തം കാട്ടുന്നവരോട് പിണങ്ങും. വാക്കുകൾ പരുഷമാവാനിടയുണ്ട്. മത്സരാധിഷ്ഠിത ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്നും അവസാന നിമിഷം പിന്മാറിയേക്കും. ജന്മ ഗ്രാമത്തിലെ ഉത്സവത്തിൽ സകുടുംബം പങ്കെടുക്കും. ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്.
അനിഴം
ചില അവ്യക്തതകളും ആശയക്കുഴപ്പങ്ങളും തുടരുന്നതാണ്. നക്ഷത്രാധിപൻ ശനിക്ക് രാഹുവുമായുള്ള യോഗം ഞെരുങ്ങിയ സ്ഥിതിയിൽ ആകയാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. വ്യക്തിബന്ധങ്ങളിൽ കാലുഷ്യങ്ങൾ വരാം. ആദിത്യൻ ആറാം ഭാവത്തിൽ ഉച്ചനാവുകയാൽ കർമ്മരംഗത്ത് അദൃുദയം വരാതിരിക്കില്ല. എതിർപക്ഷത്തിൻ്റെ നീക്കങ്ങൾ തിരിച്ചറിയും. പുതിയ ചുമതലകൾ ലഭിക്കുന്നതാണ്. രോഗാർത്തന്മാർക്ക് ചികിൽസാമാറ്റം ഗുണകരമാവും. അമിതമായ ചിലവുകൾ കുറയ്ക്കേണ്ടതുണ്ട്. ബുധനാഴ്ച മുതൽ മെച്ചപ്പെട്ട സ്ഥിതിയുണ്ടാവും.
തൃക്കേട്ട
ഉന്നത വ്യക്തികളുമായി പരിചയപ്പെടുന്നതിന് അവസരം സംജാതമാകും. അവരുടെ ജീവിതദർശനവും പ്രതിസന്ധികൾ തരണം ചെയ്യാൻ കൈക്കൊണ്ട മാർഗങ്ങളും വഴികാട്ടിയായേക്കും. ഉദ്യോഗസ്ഥർക്ക് അംഗീകാരമുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അധികച്ചുമതല ലഭിക്കുന്നതാണ്. ബിസിനസ്സിൽ നിന്നും ലാഭം കിട്ടിത്തുടങ്ങും. വിപണിയെക്കുറിച്ച് വ്യക്തമായ ധാരണ നേടുവാൻ കഴിയുന്നതാണ്. ഗവേഷകർക്ക് നൂതനമായ ആശയങ്ങൾ ആവിഷ്കരിക്കാൻ സന്ദർഭം വന്നെത്തും. വ്യക്തിപരമായ കാര്യങ്ങളിൽ സമാധാനം ഭവിക്കും. കുടുംബത്തിൻ്റെ പൂർണ്ണമായ പിന്തുണ പ്രതീക്ഷിക്കാം.
Read More
- Daily Horoscope April 11, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ
- ഈ നാളിലാണോ ജനനം? ശനിദശ എപ്പോൾ തുടങ്ങുമെന്ന് അറിയാം
- ഈ നാളുകാരുമായിട്ടാണോ പ്രണയം? തേച്ചിട്ടു പോകുമോ എന്നറിയാം
- എന്താണ് മുന്നാൾ? ആരൊക്കെ ഭയക്കണം?
- ഏപ്രിൽ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us