scorecardresearch

Weekly Horoscope Apr 13- Apr 19: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

Weekly Horoscope, April 13 - April 19: ഏപ്രിൽ 13 ഞായർ മുതൽ ഏപ്രിൽ 19 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, April 13 - April 19: ഏപ്രിൽ 13 ഞായർ മുതൽ ഏപ്രിൽ 19 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ഏപ്രിൽ 13 ഞായർ രാത്രി, തിങ്കൾ പുലർച്ചെ 3 മണി 21 മിനിട്ടിന് ആണ് മേടസംക്രമം. ഇതിനെ 'വിഷുവത് പുണ്യകാലമായി'  ആചരിക്കുന്നു. ആദിത്യൻ രേവതി ഞാറ്റുവേലയിൽ നിന്നും അശ്വതി ഞാറ്റുവേലയിലേക്ക് പ്രവേശിക്കുന്ന കാലവുമാണ്. മേടം രാശിക്ക് ആദിത്യൻ്റെ ഉച്ചക്ഷേത്രം എന്ന സവിശേഷതയുമുണ്ട്.

ഏപ്രിൽ 13 ഞായർ മുതൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുന്നു. ചിത്തിര മുതൽ  പൂരാടം വരെയാണ് ഈയാഴ്ചത്തെ നക്ഷത്രങ്ങൾ! ചൊവ്വ നീചക്ഷേത്രമായ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. ശുക്രൻ ഉച്ചക്ഷേത്രമായ മീനം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നുണ്ട്.  

രണ്ടുഗ്രഹങ്ങൾ നീചത്തിലും (ബുധൻ, ചൊവ്വ) രണ്ടുഗ്രഹങ്ങൾ ഉച്ചത്തിലും (ശുക്രൻ, ആദിത്യൻ) സഞ്ചരിക്കുന്നുവെന്ന അപൂർവതയും ഇപ്പോൾ സംഭവിക്കുന്നുണ്ട്. ശനിയും രാഹുവും മീനം രാശിയിൽ പൂരൂരുട്ടാതിയിൽ തന്നെയാണ്. ശനി മുന്നിലേക്ക് സഞ്ചരിക്കുമ്പോൾ രാഹു പിന്നിലേക്ക് നീങ്ങുന്നു എന്ന വ്യത്യാസം മാത്രം. മൂന്നുഗ്രഹങ്ങൾ പൂരൂരുട്ടാതിയിലൂടെ കടന്നുപോവുകയാണ്. 

വ്യാഴം മീനം രാശിയിൽ മകയിരം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്.  ഞായറും, തിങ്കളും ചൊവ്വ ഉച്ചവരെയും മീനക്കൂറുകാർക്ക് അഷ്ടമരാശിയാണ്. തുടർന്ന് വെള്ളി പ്രഭാതം വരെ മേടക്കൂറുകാരുടെയും അതിനുശേഷം ഇടവക്കൂറുകാരുടെയും അഷ്ടമരാശി ഭവിക്കുന്നു. 

ഈ ഗ്രഹസ്ഥിതി മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുകയാണ്.

Advertisment

ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന്‍റെ എല്ലാ വായനക്കാർക്കും  വിഷു ആശംസകൾ..

അശ്വതി

രാശിയുടെ അധിപനായ ചൊവ്വ നാലാമെടത്തിൽ നീചരാശിയിൽ സഞ്ചരിക്കുന്നത് മേടക്കൂറുകാരുടെ മനശ്ശക്തിയെ ബാധിച്ചേക്കാം. തീരുമാനങ്ങളിൽ ഉറപ്പില്ലായ്മ ഉണ്ടാവും. ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചു തുടങ്ങാൻ പതിവിലും സമയമെടക്കും. എന്നാൽ വ്യാഴത്തിൻ്റെ സുസ്ഥിതി അനുകൂലമാണ്. വാക്കുകളുടെ നേർമ്മയും സുതാര്യതയും മറ്റുള്ളവർക്ക് ബോധ്യമാവും. ആദിത്യൻ ജന്മരാശിയിൽ പ്രവേശിക്കുന്നത് അലച്ചിലുണ്ടാക്കാം. ബന്ധുകലഹങ്ങളിൽ മാധ്യസ്ഥത്തിന് മുതിരരുത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ കൂടുതൽ കരുതലുണ്ടാവണം.

ഭരണി

കാര്യസാധ്യത്തിന് പൂർവ്വാധികം പ്രയത്നം ആവശ്യമായി വരുന്നതാണ്. അവ്യക്തയുണ്ടാവും.  മാനസികമായി വല്ല ക്ലേശങ്ങളും ഉണ്ടായെന്നുവരാം. ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടേക്കും. പെട്ടെന്ന് ചില ഔദ്യോഗിക യാത്രകൾ ആവശ്യമായി വരുന്നതാണ്. സ്വാശ്രയ ബിസിനസ്സിൽ നിന്നും ആദായം കുറയില്ല. വായ്പയുടെ തിരിച്ചടവ് സുഗമമായേക്കും. സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ മുഴുവനായി ഉൾക്കൊള്ളരുത്. ദാമ്പത്യജീവിതത്തിൽ  അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വാഹന യാത്രയിൽ കൂടുതൽ കരുതലുണ്ടാവണം.

Advertisment

കാർത്തിക

പ്രതീക്ഷാനിർഭരമാവും ദിവസങ്ങൾ. ചില പ്രതിജ്ഞളൊക്കെ കൈക്കൊള്ളും. വിവാദങ്ങളിലും തർക്കങ്ങളിലും തലയിടാതിരിക്കുവാൻ ശ്രദ്ധിക്കുന്നതാണ്. സമയനിഷ്ഠ പാലിക്കാനാവും. ആലസ്യവും ലക്ഷ്യബോധമില്ലായ്മയുമാണ് ശത്രുക്കളെന്ന് തിരിച്ചറിയുന്നതാണ്. ഔദ്യോഗികമായി ചില മെച്ചങ്ങൾ ഉണ്ടാവുന്നതാണ്. സഹോദരരുടെ കാര്യങ്ങളിൽ തലയിടുന്നത് സ്വൈരക്കേടിനിടയാക്കാം. പരമ്പരാഗതമായ തൊഴിലുകൾക്കുള്ള വിപണന മേളയിൽ സ്വന്തം ഉല്പന്നങ്ങളുമായി പങ്കെടുക്കും. ഭോഗസുഖമുണ്ടാവും. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.

രോഹിണി

കാത്തിരിപ്പ് സഫലമാവും.  ശുഭവാർത്ത കേൾക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുന്നതാണ്. നിലവിലെ ജോലിയിൽ അധികച്ചുമതല കൈവന്നേക്കാം. ഇഷ്ടപ്പെട്ട വ്യക്തിയുമായി സല്ലാപസമാഗമാദികൾ സാധ്യതയാണ്. മൂന്നാം ഭാവത്തിൽ  ചൊവ്വ സഞ്ചരിക്കുകയാൽ പ്രശ്നങ്ങളെ സധൈര്യം നേരിടും. ഭൂമി വാങ്ങാനോ വിൽക്കാനോ ഉണ്ടായിരുന്ന തടസ്സം നീങ്ങിയേക്കും.  സഹോദരരുടെ സഹായം സ്വീകരിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ശുഭാരംഭം ഗുണകരമാവില്ല.

മകയിരം

ഭോഗസുഖമുണ്ടാവും. ആവശ്യത്തിന് വിശ്രമം ലഭിക്കും. വിരുന്നുകളിലും മംഗളകർമ്മങ്ങളിലും പങ്കെടുക്കുവാനാവും. ബന്ധുക്കളുടെ പ്രീതിക്ക് പാത്രമാവുന്നതാണ്. ധനസ്ഥിതി ഉയരുന്നതായിരിക്കും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ വ്യക്തതയോടെ പ്രാവർത്തികമാക്കും. നക്ഷത്രാധിപനായ ചൊവ്വ നിചത്തിലാവുകയാൽ തടസ്സങ്ങളും ഇടക്കിടെ വരുന്നതാണ്.  മനസ്സിനെയും ചാഞ്ചല്യം അല്പാല്പം ബാധിക്കാം.  
പുലർത്തുന്ന നിലപാടുകൾക്ക് എതിർപ്പുകൾ ഉണ്ടാവും.  അവ മയപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചടിയാവാനിടയുണ്ട്. തീർത്ഥാടനത്തിന് ഒരുക്കമാരംഭിക്കും.

തിരുവാതിര

വാക്സ്ഥാനത്തായി സഞ്ചരിക്കുന്ന ചൊവ്വ വാക്കുകൾ മൂലം ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിച്ചേക്കും. ധനവരവ് മന്ദഗതിയിലാവുന്നതായി അനുഭവപ്പെടും. കാര്യങ്ങൾ ചോദിച്ചറിയാനും പുതിയവ ഗ്രഹിക്കാനും ഉള്ള മനസ്സ് ഉണർന്ന് പ്രവർത്തിച്ചേക്കില്ല. നക്ഷത്രനാഥനായ രാഹുവും ശനിയും അടുത്തടുത്തായി സഞ്ചരിക്കുന്നതിനാൽ കാര്യനിർവഹണം മെല്ലെയാവും. ഉൽക്കണ്ഠ വളരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ മറവിയേർപ്പെടാനും ഇടയുണ്ട്. കുടുംബകാര്യങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനം കൈക്കൊള്ളുകയും അരുത്.

പുണർതം

വേണ്ടത്ര ആത്മവിശ്വാസം ഉണ്ടാവില്ല.  ഹൃദയചാഞ്ചല്യം വരും. തീരുമാനങ്ങൾ എടുക്കുന്ന ചുമതല മറ്റാരെയെങ്കിലും ഏല്പിക്കുന്നതാണ്. സൽകാര്യങ്ങൾ ചെയ്യുവാനവസരം കിട്ടുന്നതായിരിക്കും. ആരോഗ്യം നിലനിർത്താനാവും. മേലധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളുന്നതിനാൽ സമ്മർദ്ദം കുറയും. ഓഫീസ് മീറ്റിംഗുകളിൽ വിമർശിക്കപ്പെടാനിടയുണ്ട്. ഔദ്യോഗിക കൃത്യങ്ങൾക്കായി സഞ്ചാരമുണ്ടാവും. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ കരുതൽ വേണ്ടതാണ്. ബുധനാഴ്ച മുതൽ കൂടുതൽ അനുകൂല ഫലങ്ങൾ വന്നെത്താം.

 പൂയം

ചിലതൊക്കെ നേടിയെടുക്കാൻ സാമദാനഭേദദണ്ഡാദികളായ ചതുരുപായങ്ങൾ ആവശ്യമാവും. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ക്ഷോഭം ഒഴിവാക്കപ്പെടണം. പ്രകോപിതരാവാൻ കാരണങ്ങളുണ്ടാവും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന്ന് കൂടുതൽ പൈസ ചെലവാകുന്നതാണ്. സ്ത്രീകളിൽ നിന്നും പിന്തുണ, ധനസഹായം ഇവ പ്രതീക്ഷിക്കാം. പത്താം ഭാവത്തിൽ സൂര്യൻ പ്രവേശിക്കുന്നത് കർമ്മരംഗം ഉണരുവാൻ കാരണമാകും. 
നല്ല അവസരങ്ങൾ വന്നെത്തും. അവയെ പ്രയോജനപ്പെടുത്താൻ സന്നദ്ധത വേണ്ടതുണ്ട്. വാരാന്ത്യ ദിവസങ്ങൾ കൂടുതൽ ശോഭനമാവും.

ആയില്യം

തൊഴിൽ അന്വേഷണം സാർത്ഥകമാവും. പുതിയ ജോലിയോ, നിലവിലെ ജോലിയിൽ ഉയർച്ചയോ കരഗതമാവും. പിതാവിനും ക്ഷേമകാലമാണ്. രാഷ്ട്രീയ സ്വാധീനം വർദ്ധിക്കാം. ഉപരിപഠന കാര്യത്തിൽ ദിശാബോധം കൈവരും. അന്യനാട്ടിൽ പഠനം നടത്താൻ സാഹചര്യം തെളിഞ്ഞു കിട്ടിയേക്കും.  കുടുംബ ജീവിതത്തിലെ മ്ലാനതയ്ക്ക് മാറ്റം വരുന്നതാണ്. യാഥാർത്ഥ്യം ജീവിത പങ്കാളിയോട് തുറന്നു പറയാനാവും. പരസ്പരധാരണ പുലരും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മയേറും.

Read More

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: