scorecardresearch

June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

June Monthly Horoscope 2025: മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂൺ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

June Monthly Horoscope 2025: മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂൺ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

June Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം

ജൂൺ 14 വരെ മലയാളമാസമായ ഇടവവും 15 മുതൽ മലയാള മാസമായ മിഥുനവുമാണ്. ആദിത്യൻ ഇടവം, മിഥുനം രാശികളിലൂടെ സഞ്ചരിക്കുന്നു. രോഹിണി, മകയിരം, തിരുവാതിര എന്നീ മഴക്കാലത്തിൻ്റെ മാദകഭംഗികൾ നിറഞ്ഞതും, കർഷകകേരളത്തിന് അവിഭാജ്യവുമായ മൂന്നു ഞാറ്റുവേലകൾ ജൂൺമാസത്തിലുണ്ട്.
 
ജൂൺ10-11 തീയതികളിലായി വെളുത്തവാവും ജൂൺ 25 ന് കറുത്തവാവും ഭവിക്കുന്നു. ഗ്രീഷ്മ ഋതുവിൻ്റെ കാലമാണിത്. ചാന്ദ്രമാസങ്ങളിൽ ജ്യേഷ്ഠവും ആഷാഢവും ഭാഗികമായി ജൂണിൽ വരുന്നുണ്ട്. 

Advertisment

വ്യാഴം ഇപ്പോൾ മിഥുനരാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ജൂൺ 14 മുതൽ തിരുവാതിരയിൽ സഞ്ചരിക്കും. പതിവിലും വേഗസഞ്ചാരത്തിലാണ്, വ്യാഴം.
ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമാണ്. രാഹുകേതുക്കൾ അപസവ്യഗതിയിൽ anti clock wise motion ൽ ആണെന്ന് ഓർമ്മിക്കാം.

ചൊവ്വ ജൂൺമാസം 7 ന് കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കാവും. ആയില്യത്തിൽ നിന്നും മകത്തിലേക്കും പകരുന്നതാണ്. ജൂൺ 6 ന് ബുധൻ സ്വക്ഷേത്രമായ മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ജൂൺ 22 ന് കർക്കടകത്തിലേക്കും സംക്രമിക്കുന്നതാണ്. മകയിരം മുതൽ പൂയം വരെ നക്ഷത്രങ്ങളിൽ ഇക്കാലയളവിൽ ബുധൻ നീങ്ങും.

ജൂൺ 8 വരെ ബുധന് മൗഢ്യവുമുണ്ട്. മേയ് 31 മുതൽ ജൂൺ 29 വരെ ശുക്രൻ മേടം രാശിയിൽ, അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നതാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് 2025 ജൂൺ മാസത്തിലെ മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.

Advertisment

മൂലം

ജീവിതം സ്വസ്ഥതയിലേക്ക് നീങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾ സാമാന്യം അനുകൂലതയിലെത്തും. ചെയ്തുപോരുന്ന തൊഴിൽ തുടരാൻ തീരുമാനിക്കും. ജോലിയില്ലാതെ വിഷമിച്ചവർക്ക് അർഹതക്കനുസരിച്ച് നിയമനം കിട്ടും. ദൂരദിക്കിലായിരുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം ഉണ്ടായേക്കാം. സംരംഭങ്ങൾക്ക് ലൈസൻസ്  ലഭിക്കുന്നതാണ്. മക്കളുടെ ഭാവി കാര്യം സംബന്ധിച്ച ഉൽക്കണ്ഠകൾക്ക് പരിഹാരം പ്രതീക്ഷിക്കാം. രാഹുവിൻ്റെ മൂന്നാം ഭാവത്തിലെ ഇഷ്ടസ്ഥിതി നാലാം ഭാവത്തിലെ കണ്ടകശനിദോഷത്തെ തടയാൻ പര്യാപ്തമാണ്. ഗൃഹനിർമ്മാണത്തിനാവശ്യമായ ധനം സ്വരൂപിക്കാൻ കഴിഞ്ഞേക്കും. ഒമ്പതിലെ കുജകേതുസംഗമം  പിതാവിന് ക്ലേശങ്ങൾ സൃഷ്ടിക്കുന്നതാണ്.

പൂരാടം

ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. കർമ്മരംഗത്തെ ബാധിച്ചിരുന്ന ഉദാസീനത നീങ്ങും. അടഞ്ഞ വരുമാന മാർഗം തുറന്നു കിട്ടുന്നതാണ്. നവസംരംഭങ്ങളുടെ ആസൂത്രണം പുരോഗമിക്കും.  പുതിയ സാങ്കേതിക മേഖലയിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാധ്യമാകുന്നതാണ്. കുടുംബ പ്രശ്നങ്ങൾ എല്ലാവരുമായി കൂടിയാലോചന നടത്തി പരിഹരിക്കാൻ ശ്രമിക്കും. സാമ്പത്തിക പരാശ്രയത്വത്തിൽ നിന്നും ഭാഗികമായി മോചനം കിട്ടുന്നതാണ്. എന്നാൽ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കാതിരിക്കാൻ ശ്രദ്ധ വേണം. പഴയ വീട് പുതുക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതാണ്. സഹോദരർ, മാതാവ് എന്നിവർക്ക് സുഖം കുറഞ്ഞ കാലമായിരിക്കും. മക്കളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളിൽ ശുഭഫലങ്ങൾ ഉണ്ടാവുന്നതാണ്.

ഉത്രാടം

നക്ഷത്രാധിപനായ ആദിത്യന് ബുധവ്യാഴയോഗം വരുന്നതിനാൽ മാനസിക നിലവാരം ഉയരാനും ജീവിതാവസ്ഥകൾ മെച്ചപ്പെടാനും സാധ്യതയുണ്ട്. തിബോധത്തോടെ കാര്യനിർവഹണത്തിൽ മുഴുകാനാവും. തൊഴിലിടത്തിൽ സമാധാനം പ്രതീക്ഷിക്കാം. ധനുക്കൂറുകാർക്ക്  മാസാദ്യ പകുതിയും, മകരക്കൂറുകാർക്ക് രണ്ടാം പകുതിയും  ഗുണകരമായിരിക്കും. ഊഹക്കച്ചവടത്തിൽ മെച്ചം ഭവിക്കുന്നതാണ്. വൃദ്ധജനങ്ങളുടെ പരിചരണത്തിന് സമയം കണ്ടെത്തും. ബന്ധുകലഹത്തിൽ ഇടപെടുന്നത് ചീത്തപ്പേരുണ്ടാക്കാം. പാപഗ്രഹങ്ങൾക്ക് സ്വാധീനം കൂടുന്ന കാലമാകയാൽ സർവ്വകാര്യങ്ങളിലും കരുതലുണ്ടാവണം. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്താൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. കലാപ്രവർത്തനം അംഗീകരിക്കപ്പെടും.

തിരുവോണം

ഗ്രഹനിലയുടെ ദുർഘടത്വം സൂചിപ്പിക്കുന്നതിനെക്കാൾ നല്ലഫലം ജീവിതം കൊണ്ടുണ്ടായെന്നു വരാം. ശനിയുടെയും ശുക്രൻ്റെയും അനുകൂലത പല കാര്യങ്ങളും ഉള്ളംകൈയിലെത്തിക്കാൻ പര്യാപ്തമാണ്. തടസ്സങ്ങളകറ്റപ്പെടും. വാക്സ്ഥാനത്തെ രാഹു സ്ഥിതി മനപ്പൂർവ്വമല്ലെങ്കിൽ കൂടി കളവുപറയിപ്പിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ആദിത്യൻ കൂടുതൽ അനുകൂലനാണ്. വ്യാഴം ആറാം ഭാവത്തിലാവുകയാൽ സമൂഹം അംഗീകരിക്കുന്നവർ ശത്രുവാകാനിടയുണ്ട്. ബുധസഞ്ചാരം തെളിഞ്ഞും മറഞ്ഞുമാണ്. ഉപരിപഠനത്തിൽ വ്യക്തതയുണ്ടാവില്ല. മാസാദ്യം ഏഴിൽ സഞ്ചരിക്കുന്ന ചൊവ്വ എട്ടിലേക്ക് മാറി ശിഖിയുമായി ചേരുന്നത് ശുഭഫലങ്ങൾ സൃഷ്ടിക്കില്ല. ആരോഗ്യജാഗ്രത അനിവാര്യമാണ്.

അവിട്ടം

നക്ഷത്രാധിപൻ ചൊവ്വ ആദ്യ ആഴ്ച കഴിയുമ്പോൾ നീചക്ഷേത്രത്തിൽ നിന്നും മാറുന്നത് ആശ്വാസമാണ്. എന്നാൽ കേതുവുമായി യോഗം ചേരുകയാൽ ദുർജ്ജനങ്ങളുമായി കൂട്ടുണ്ടാവും.  അക്കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വാഹനം കൈകാര്യം ചെയ്യുന്നതിലും ജാഗ്രത ആവശ്യമാണ്. വ്യാപരികൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രം ആവിഷ്കരിക്കും. അധികവായ്പ ബിസിനസ്സിൽ സ്വീകരിക്കുന്നത് ആസന്നഭാവിയിൽ ദോഷമുണ്ടാക്കാം. കുടുംബ ഭദ്രതക്കായി ചിലതൊക്കെ ചെയ്യുവാനാവും.  മകന് പരീക്ഷാവിജയത്തിനായുള്ള ഉപഹാരം എന്ന നിലയിൽ വാഹനം വാങ്ങിനൽകും. കൂടുത്തരവാദിത്വത്തിൽ വീഴ്ച വരുത്തുന്ന സഹപ്രവർത്തകരോട് പിണങ്ങും. ആഢംബരച്ചെലവുകൾ നിയന്ത്രിക്കണം. പാരമ്പര്യ വസ്തുവിൽക്കാൻ ശ്രമം തുടരുന്നതാണ്.

ചതയം

ജന്മരാഹുവിൻ്റെ പ്രവർത്തനങ്ങൾ ചില പ്രശ്നങ്ങളെ സങ്കീർണ്ണമാക്കും. രണ്ടാമെടത്തിലെ ശനി മനപ്പൂർവ്വമായിട്ടോ അല്ലാതെയോ കള്ളം പറയിപ്പിക്കുന്നതാണ്. ധനപരമായി കൃത്യതയുണ്ടാവണം. ഏഴാം ഭാവത്തിലായി ജൂൺ രണ്ടാം ആഴ്ച മുതൽ ചൊവ്വയും കേതുവും ഇണങ്ങുന്നത് പ്രണയത്തിൽ ഭിന്നസ്വരങ്ങൾ ഉയർത്തും. ശാഠ്യവും പിടിവാശിയും കുടുംബ ജീവിതത്തിൽ സ്വൈരക്കേടുണ്ടാക്കും. പാർട്ണർഷിപ്പ് ബിസിനസ്സുകളിൽ നിന്നും പിൻവാങ്ങും. ശത്രുക്കളുടെ ഉപജാപങ്ങൾ ഫലിക്കുന്നതാണ്.  അഞ്ചാം ഭാവത്തിലെ വ്യാഴ സഞ്ചാരം ദുരിതങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതാണ്. ആഗ്രഹിച്ച വിഷയങ്ങൾ പഠിക്കാനവസരം കിട്ടാം. രോഗക്ലേശിതർ പാരമ്പര്യ ചികിൽസ പ്രയോജനപ്പെടുത്താൻ സന്നദ്ധരാവും. ധ്യാനം, യോഗ മുതലായവ ശീലിക്കണം.

പൂരൂരുട്ടാതി

രാഹു കുംഭരാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നതിനാൽ ദേഹാലസ്യമുണ്ടാവും. സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കില്ല. ഏകാഗ്രത ശിഥിലമാവാനിടയുണ്ട്. യാഥാർത്ഥ്യബോധം കുറയുന്നതാണ്. ചിലപ്പോൾ കഠിനമായ ചുമതലകൾ ഏറ്റെടുക്കും. പകുതിയിൽ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ജോലിയിൽ അസംതൃപ്തിയുണ്ടാവുന്ന കാലമാണ്. കഴിവതും ജോലി ഉപേക്ഷിക്കരുത്. വരുമാന മാർഗത്തിൽ കുറവ് വന്നേക്കും. ബന്ധങ്ങളുടെ ദാർഢ്യത്തിൽ അയവുണ്ടാകുന്നതാണ്. വ്യാഴൻ്റെ സൽഭാവസ്ഥിതി ജീവിതത്തെ സന്തുലിതമാക്കും. മക്കളുടെ ശ്രേയസ്സ് ആശ്വാസമേകുന്നതാണ്. ഉപാസനകൾ തടസ്സപ്പെട്ടേക്കില്ല. വിവാഹാലോചനകൾശുഭതീരുമാനത്തിലെത്താൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്.

ഉത്രട്ടാതി

ശനി ജന്മരാശിയിൽ, ജന്മനക്ഷത്രത്തിലാണ്. രാഹു പന്ത്രണ്ടിൽ സഞ്ചരിക്കുന്നു. ഈ ഗ്രഹസ്ഥിതി രണ്ടും അനുകൂലമല്ല. അനാവശ്യയാത്രകൾ, ദുർവ്യയം, പതനഭയം എന്നിവയ്ക്ക് രാഹു കാരണമാകും. ദേഹ- മനക്ലേശങ്ങൾ, ആലസ്യം, നേട്ടങ്ങൾ ഇല്ലാതാവുക തുടങ്ങിയവ ശനി മൂലം ഭവിക്കാം. മൂന്നിലെ ആദിത്യസഞ്ചാരം മാസാദ്യം ഉദ്യോഗസ്ഥർക്ക് ഗുണകരമാവും. മേലധികാരികൾ നിലപാടുകളെ അംഗീകരിക്കും. ആറാംഭാവത്തിലെ കേതുവും ചൊവ്വയും പല തടസ്സങ്ങളെ മറികടക്കുന്നതിന് കരുത്താകും. സംഘടനകളിൽ സ്വാധീനമുറപ്പിക്കാൻ കഴിയുന്നതാണ്.. നല്ലരീതിയിൽ നടക്കുന്ന സ്ഥാപനങ്ങൾ ഏറ്റെടുക്കുവാനാവും. വിൽക്കാതെ കിടക്കുന്ന ഭൂമിവിൽക്കാനാവും. വ്യവഹാരത്തിൽ വിജയം വരുന്നതാണ്.

രേവതി

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഭാഗികമായി വിജയിക്കും. കർമ്മരംഗത്ത് സമാധാനം പ്രതീക്ഷിക്കാം. പ്രോജക്ടുകളുടെ നടത്തിപ്പിൽ വിജയമുണ്ടാവുന്നതാണ്. പൊതുപ്രവർത്തകർ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകും. കൂടുതൽ ആദായം ലഭിക്കുന്ന  നിക്ഷേപങ്ങൾക്ക് മുതിരുന്നതിന് മുന്നേ അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. ജന്മത്തിലെ ശനിയും പന്ത്രണ്ടിലെ രാഹുവും പ്രവർത്തനങ്ങളിൽ ഇടക്കിടെ തടസ്സങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. ആരോഗ്യപരമായി ശ്രദ്ധ പുലർത്തണം. ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ അധികരിക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണം വേണ്ടതുണ്ട്. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ  തടസ്സങ്ങൾ വരാം. ചൊവ്വയും കേതുവും ആറാമെടത്തിൽ യോഗം ചെയ്യുന്നത് പലനിലയ്ക്കും ഗുണകരമാണ്. വ്യവഹാര വിജയവും ഭൂമിലാഭവും ഫലങ്ങളിൽ ഉൾപ്പെടും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: