scorecardresearch

June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

June Monthly Horoscope 2025: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂൺ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

June Monthly Horoscope 2025: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂൺ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

June Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം

ജൂൺ 14 വരെ മലയാളമാസമായ ഇടവവും 15 മുതൽ മലയാള മാസമായ മിഥുനവുമാണ്. ആദിത്യൻ ഇടവം, മിഥുനം രാശികളിലൂടെ സഞ്ചരിക്കുന്നു. രോഹിണി, മകയിരം, തിരുവാതിര എന്നീ മഴക്കാലത്തിൻ്റെ മാദകഭംഗികൾ നിറഞ്ഞതും, കർഷകകേരളത്തിന് അവിഭാജ്യവുമായ മൂന്നു ഞാറ്റുവേലകൾ ജൂൺമാസത്തിലുണ്ട്.
 
ജൂൺ10-11 തീയതികളിലായി വെളുത്തവാവും ജൂൺ 25 ന് കറുത്തവാവും ഭവിക്കുന്നു. ഗ്രീഷ്മ ഋതുവിൻ്റെ കാലമാണിത്. ചാന്ദ്രമാസങ്ങളിൽ ജ്യേഷ്ഠവും ആഷാഢവും ഭാഗികമായി ജൂണിൽ വരുന്നുണ്ട്. 

Advertisment

വ്യാഴം ഇപ്പോൾ മിഥുനരാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ജൂൺ 14 മുതൽ തിരുവാതിരയിൽ സഞ്ചരിക്കും. പതിവിലും വേഗസഞ്ചാരത്തിലാണ്, വ്യാഴം.
ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമാണ്. രാഹുകേതുക്കൾ അപസവ്യഗതിയിൽ anti clock wise motion ൽ ആണെന്ന് ഓർമ്മിക്കാം.

ചൊവ്വ ജൂൺമാസം 7 ന് കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കാവും. ആയില്യത്തിൽ നിന്നും മകത്തിലേക്കും പകരുന്നതാണ്. ജൂൺ 6 ന് ബുധൻ സ്വക്ഷേത്രമായ മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ജൂൺ 22 ന് കർക്കടകത്തിലേക്കും സംക്രമിക്കുന്നതാണ്. മകയിരം മുതൽ പൂയം വരെ നക്ഷത്രങ്ങളിൽ ഇക്കാലയളവിൽ ബുധൻ നീങ്ങും.

ജൂൺ 8 വരെ ബുധന് മൗഢ്യവുമുണ്ട്. മേയ് 31 മുതൽ ജൂൺ 29 വരെ ശുക്രൻ മേടം രാശിയിൽ, അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നതാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് 2025 ജൂൺ മാസത്തിലെ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.

Advertisment

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകം

ആദിത്യൻ 10, 11 ഭാവങ്ങളിലും വ്യാഴം 11 ലും സഞ്ചരിക്കുന്നത് തൊഴിൽപരമായി വളർച്ചയും നേട്ടങ്ങളും ഉണ്ടാവും എന്നതിൻ്റെ സൂചനയാണ്. ശുക്രനും ബുധനും കൂടി അനുകൂലത്തിലാണ്. അതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്താനാവും. ബിസിനസ്സ് വിപുലീകരിക്കാൻ സാധിച്ചേക്കും.  ഉദ്യോഗസ്ഥർക്ക് രമ്യമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനാവും. കരാർപണികൾ നീട്ടിക്കിട്ടുന്നതാണ്. പഠനകാര്യങ്ങളിൽ തുടർച്ച വന്നെത്തും. രാഹു, ശനി, എന്നീ ഗ്രഹങ്ങൾ ഏഴിൽ സഞ്ചരിക്കുന്നത് പ്രണയം, ദാമ്പത്യം എന്നിവയെ സാരമായി ബാധിക്കാം. നവദമ്പതികൾക്കിടയിൽ കലഹമുണ്ടാവാം. ചൊവ്വയും കേതുവും ജന്മരാശിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ, വൈകാരിക പിരിമുറുക്കങ്ങൾ എന്നിവയും സാധ്യതകൾ.

പൂരം

ഗ്രഹങ്ങൾ രണ്ടുചേരികളായി തിരിഞ്ഞതുപോലെ തോന്നും. ആദിത്യൻ, ബുധൻ, ശുക്രൻ, വ്യാഴം  എന്നിവ ഗുണഫലങ്ങൾ നൽകും. തൊഴിൽ, വരുമാനം മുതലായവ മെച്ചപ്പെടുന്നതാണ്. ജോലി തേടുന്നവർക്ക് വരുമാന മാർഗ്ഗം തരപ്പെടുന്നതാണ്. ഔദ്യോഗികമായി സ്വതന്ത്ര ചുമതല ലഭിച്ചേക്കും. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് വേതനം ഉയരുന്നതാണ്. വിപണന തന്ത്രങ്ങൾ ആവിഷ്കരിച്ച് ഉപഭോക്താക്കളെ സ്വാധീനക്കാൻ വ്യാപാരികൾക്കാവും. വിദ്യാർത്ഥികളുടെ ഉപരിപഠന കാര്യങ്ങൾക്ക്  മുടക്കം വരില്ല. വിദേശസ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിഞ്ഞേക്കും. ചൊവ്വയും കേതുവും ജന്മരാശിയിൽ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. വൈദ്യസഹായം വേണ്ടിവന്നേക്കും. എട്ടിലും ഏഴിലും സഞ്ചരിക്കുന്ന ശനിയും രാഹുവും പലതരം തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ്. പ്രണയഭംഗം, ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ  ഇവ സംഭവിക്കാം.

ഉത്രം

നക്ഷത്രനാഥനായ ആദിത്യന് ശുഭഗ്രഹങ്ങളായ ബുധൻ, വ്യാഴം എന്നിവയുടെ യോഗം വരുന്നത് ഗുണകരമാണ്. മനസ്സാക്ഷിയുള്ളവരുടെ സഹകരണം കൈവരുന്നതായിരിക്കും. തൊഴിലിടത്തിൽ ആശ്വാസം ഭവിക്കും. സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കാം. ചെയ്യുന്ന തൊഴിലിൽ ചിങ്ങക്കൂറുകാർ നേട്ടങ്ങളുണ്ടാക്കും. പദവിയുയരാം. വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. കന്നിക്കൂറുകാർ അക്കാര്യത്തിൽ പൂർണവിജയം നേടിയേക്കില്ല. ജന്മരാശിയിലെ കേതുവും ചൊവ്വയും ചിങ്ങക്കൂറുകാരെ അസ്വസ്ഥരാക്കും. രോഗങ്ങൾ വരാൻ / മൂർച്ഛിക്കാൻ ഇടയുണ്ട്. അക്കാര്യത്തിൽ നല്ല കരുതൽ വേണം. പ്രണയികൾ കലഹിക്കാനിടയുണ്ട്. കന്നിക്കൂറുകാരുടെ ദാമ്പത്യത്തിലും സ്വൈരമുണ്ടാവില്ല. രാഹു അനുകൂല ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ കന്നിക്കൂറുകാർക്ക് ശത്രുബാധ, കടക്കെണി എന്നിവയിൽ ആശ്വസിക്കാനാവും.

അത്തം

തൊഴിൽപരമായി മാസത്തിൻ്റെ ആദ്യപകുതിയിൽ സാധാരണ പോലെയാവും കാര്യങ്ങൾ. വ്യാപാരരംഗത്ത് വലിയ ഉന്മേഷം പ്രതീക്ഷിക്കേണ്ടതില്ല. സീസൺ ബിസിനസ്സുകാർക്ക് നേട്ടമുണ്ടായേക്കും. ശുക്രൻെറ അഷ്ടമ ഭാവത്തിലെ സഞ്ചാരം ഭൗതിക സുഖങ്ങൾക്ക് കാരണമാകാം. സുഹൃൽബന്ധം ദൃഢമാകുന്നതാണ്. പരീക്ഷാഫലം ഒട്ടൊക്കെ പ്രതീക്ഷിച്ചതുമാതിരി  തന്നെയാവും. ആറാം ഭാവത്തിലെ രാഹു രോഗചികിത്സ ഫലപ്രദമാക്കും. കടബാധ്യത കുറയും. കേതുവും ചൊവ്വയും പന്ത്രണ്ടിൽ ഒരുമിക്കുന്നത് ചെലവുകൾ വർദ്ധിപ്പിക്കുന്നതാണ്. ഇഷ്ടത്തോടുകൂടിയല്ലാത്ത സഞ്ചാരം വേണ്ടിവരാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിലിടത്തിൽ സമാധാനമുണ്ടാവും. സാമാന്യമായ പുരോഗതി ദൃശ്യമാകും.

ചിത്തിര

തുലാക്കൂറുകാർക്ക് വ്യാഴത്തിൻ്റെ ഭാഗ്യസ്ഥിതിയാൽ കാര്യനിർവഹണം സുഗമമാവുന്നതാണ്. ആദിത്യന് അനുകൂലമല്ലാത്ത സ്ഥിതി വരുകയാൽ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ലൈസൻസ്, അനുമതി രേഖകൾ എന്നിവ  വൈകാനിടയുണ്ട്. മേലുദ്യോഗസ്ഥരുടെ അനിഷ്ടം വരാം. ചൊവ്വയും കേതുവും പതിനൊന്നിൽ വരുന്നത് നിഗൂഢമായ ധനപ്രാപ്തി, ഭൂമിയിൽ നിന്നും ആദായം എന്നിവയ്ക്ക് കാരണമാകും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. സഹോദരാനുകൂല്യം ഭവിക്കുന്നതാണ്. കന്നിക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതി ഒട്ടൊക്കെ ഗുണകരമായേക്കും. സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കാം. ഭോഗാനുഭവങ്ങൾ, പാരിതോഷിക ലബ്ധി, നവസംരംഭങ്ങളിൽ വിജയം എന്നിവ ഭവിക്കുന്നതാണ്.

ചോതി

ആദിത്യൻ അനിഷ്ടസ്ഥാനത്ത് സഞ്ചരിക്കുകയാൽ തൊഴിലിടത്തിൽ അലോസരവും ഈർഷ്യയും ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് ഓഫീസിൽ തന്നെ വിരോധികൾ വരാനിടയുണ്ട്. പല കാര്യങ്ങളും സ്വന്തം അറിവു കൂടാതെയാവും ഒപ്പമുള്ളവർ ചെയ്യുക. ജൂൺ 14 നു ശേഷം തൽസ്ഥിതിയിൽ മാറ്റം വന്നേക്കും. കുടുംബകാര്യങ്ങൾക്ക് നേരം കണ്ടെത്തും. മക്കളുടെ/പേരക്കുട്ടികളുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനാവും. അഞ്ചിലെ രാഹു ചില കാര്യങ്ങളിൽ അവ്യക്തത വരുത്താം. സന്ദിഗ്ദ്ധതയും ഉണ്ടാവുന്നതാണ്. ശനിയുടെ സുസ്ഥിതിയാൽ നേട്ടങ്ങൾ അനുഭവിക്കാനാവും. കടബാധ്യത കുറക്കാനാവുന്നതാണ്. പതിനൊന്നാമെടത്തിലെ കേതു- ചൊവ്വ സംഗമം വളരെയധികം ഗുണം ചെയ്യും. തീവ്രമായി ആഗ്രഹിക്കാത്തവ പോലും സഫലമാവാനിടയുണ്ട്.

വിശാഖം

തുലാക്കൂറുകാർക്ക് പറഞ്ഞുവെച്ചിരുന്ന അവസരങ്ങൾ ലഭിക്കാം. ഉപരി വിദ്യാഭ്യാസത്തിന് അവസരങ്ങളുണ്ടാവും. ഉദ്യോഗസ്ഥർക്ക് സമ്മിശ്രമായ അനുഭവങ്ങൾ ഭവിക്കുന്നതാണ്. അഞ്ചാം ഭാവത്തിലെ രാഹു ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. ഭൂമി വ്യാപാരം ലാഭകരമാവുന്നതാണ്. വൃശ്ചികക്കൂറുകാർ കബളിപ്പിക്കലിന് വിധേയരായേക്കാം. വാഗ്ദാനങ്ങൾ ജലരേഖകളാവും. സുഹൃൽബന്ധങ്ങളെ പൂർണമായി വിശ്വസിക്കരുത്. തൊഴിൽ മാറാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നതോർക്കണം. വിശാഖം നാളുകാർ നിലവിലെ തൊഴിലിൽ കഴിയുന്നേടത്തോളം തുടരാൻ ശ്രമിക്കണം. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതിയാകും. രോഗീപരിചരണം, ജീവകാരുണ്യം തുടങ്ങിയവയ്ക്ക് സമയം കണ്ടെത്തും.

അനിഴം

പ്രത്യക്ഷത്തിൽ ഗ്രഹങ്ങളൊന്നും അനുകൂലമല്ലാത്ത നിലയിലാണ്. അതിനാൽ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കേണ്ടാത്ത സ്ഥിതിയാണുണ്ടാവുക. അവരവരുടെ ജാതകം അനുസരിച്ചും ദശാപഹാരാദികൾ അനുസരിച്ചും ഉള്ള ഫലമാവും ഇപ്പോൾ ലഭിക്കുന്നത് എന്നും പറയാം. ഓഫീസിൽ അധ്വാനം കൂടുന്നതാണ്. പുതിയ ദൗത്യങ്ങൾ നിറവേറ്റുക ശ്രമകരമായേക്കും. ബിസിനസ്സു യാത്രകളാൽ ചെറിയ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്. കമ്മീഷൻ വ്യാപാരത്തിൽ ആദായമുണ്ടാവും. പണയ വസ്തുക്കൾ മേൽപ്പണയം വെച്ച് ചില അത്യാവശ്യങ്ങൾ നടത്തിയെടുക്കുന്നതാണ്. വിദേശത്ത് പോകാനവസരം ഭവിക്കും. മകൻ്റെ പഠനാവശ്യങ്ങൾക്കുള്ള അപേക്ഷ ബാങ്കിൽ പരിഗണിക്കപ്പെടാം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം.

തൃക്കേട്ട

സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട രേഖകൾ എളുപ്പം കിട്ടിയേക്കില്ല. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥലംമാറ്റം വൈകുന്നതാണ്. തന്മൂലം ഭാര്യയും ഭർത്താവും രണ്ടുദിക്കിൽ ജോലി ചെയ്യുന്ന സ്ഥിതി തുടർന്നേക്കും. കൂട്ടുകച്ചവടത്തിൽ ഏർപ്പെട്ടവർക്കിടയിൽ തർക്കങ്ങൾ വരാം. നാലും അഞ്ചും ഭാവങ്ങളിൽ 
രാഹുവും ശനിയും സഞ്ചരിക്കുകയാൽ മനസ്സ് ചഞ്ചമാവും. ആലോചനകൾ തീരുമാനമായി രൂപപ്പെടുകയില്ല. അപക്വമായ തീർപ്പുകൾ കൈക്കൊള്ളാം. അതും സാധ്യതയാണ്. സാമ്പത്തിക ബാധ്യതകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കണം. പഴയ കടങ്ങൾ സ്വൈരക്കേടുണ്ടാക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപിന്തുണ കുറയാം. നവസംരങ്ങളുടെ കാര്യത്തിൽ ക്ഷമ ആവശ്യമാണ്.

Read More

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: