scorecardresearch

June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

June Monthly Horoscope 2025: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂൺ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

June Monthly Horoscope 2025: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂൺ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

June Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം

ജൂൺ 14 വരെ മലയാളമാസമായ ഇടവവും 15 മുതൽ മലയാള മാസമായ മിഥുനവുമാണ്. ആദിത്യൻ ഇടവം, മിഥുനം രാശികളിലൂടെ സഞ്ചരിക്കുന്നു. രോഹിണി, മകയിരം, തിരുവാതിര എന്നീ മഴക്കാലത്തിൻ്റെ മാദകഭംഗികൾ നിറഞ്ഞതും, കർഷകകേരളത്തിന് അവിഭാജ്യവുമായ മൂന്നു ഞാറ്റുവേലകൾ ജൂൺമാസത്തിലുണ്ട്.
 
ജൂൺ10-11 തീയതികളിലായി വെളുത്തവാവും ജൂൺ 25 ന് കറുത്തവാവും ഭവിക്കുന്നു. ഗ്രീഷ്മ ഋതുവിൻ്റെ കാലമാണിത്. ചാന്ദ്രമാസങ്ങളിൽ ജ്യേഷ്ഠവും ആഷാഢവും ഭാഗികമായി ജൂണിൽ വരുന്നുണ്ട്. 

Advertisment

വ്യാഴം ഇപ്പോൾ മിഥുനരാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ജൂൺ 14 മുതൽ തിരുവാതിരയിൽ സഞ്ചരിക്കും. പതിവിലും വേഗസഞ്ചാരത്തിലാണ്, വ്യാഴം.
ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമാണ്. രാഹുകേതുക്കൾ അപസവ്യഗതിയിൽ anti clock wise motion ൽ ആണെന്ന് ഓർമ്മിക്കാം.

ചൊവ്വ ജൂൺമാസം 7 ന് കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കാവും. ആയില്യത്തിൽ നിന്നും മകത്തിലേക്കും പകരുന്നതാണ്. ജൂൺ 6 ന് ബുധൻ സ്വക്ഷേത്രമായ മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ജൂൺ 22 ന് കർക്കടകത്തിലേക്കും സംക്രമിക്കുന്നതാണ്. മകയിരം മുതൽ പൂയം വരെ നക്ഷത്രങ്ങളിൽ ഇക്കാലയളവിൽ ബുധൻ നീങ്ങും.

ജൂൺ 8 വരെ ബുധന് മൗഢ്യവുമുണ്ട്. മേയ് 31 മുതൽ ജൂൺ 29 വരെ ശുക്രൻ മേടം രാശിയിൽ, അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നതാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് 2025 ജൂൺ മാസത്തിലെ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.

Advertisment

അശ്വതി

ശുക്രൻ ഏറെക്കുറെ മാസം മുഴുവൻ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ജീവിതാസക്തിക്കും ഭൗതികമായ നേട്ടങ്ങൾക്കും കാരണമാകുന്നതാണ്. ശനിയും വ്യാഴവും അനിഷ്ടത്തിൽ തുടരുകയാൽ സാമ്പത്തിക കാര്യങ്ങളിൽ, പ്രത്യേകിച്ചും ചെലവിനങ്ങളിൽ  ശ്രദ്ധയുണ്ടാവണം. കടബാധ്യത വരാം.  അക്കാര്യത്തിലും കരുതൽ ആവശ്യം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യ പരിരക്ഷ നിസ്സാരമാക്കരുത്. ശനി സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ രാഹുവിൻ്റെ അനുകൂലതയാൽ ഒട്ടൊക്കെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. യാത്രകൾ കുറയ്ക്കുക ഉത്തമം. ജൂൺ 14 ന് ശേഷം ജോലിയിൽ മെച്ചവും സ്വാസ്ഥ്യവും പ്രതീക്ഷിക്കാം. പഠനത്തിലും മുന്നേറാനാവും. ജൂൺ 7 ന് ശേഷം പഞ്ചമഭാവത്തിൽ കുജ - കേതു യോഗം വരുന്നതിനാൽ അനാവശ്യമായ ആലോചനകൾക്കും മക്കളുടെ കാര്യത്തിൽ മനക്ലേശത്തിനും ഇടയുണ്ട്.

ഭരണി

കുറച്ചധികം സമാശ്വാസങ്ങളും കുറച്ചു സമ്മർദ്ദങ്ങളും ഉണ്ടാവും. വ്യാഴം മൂന്നിലാകയാൽ തീരുമാനിച്ച കാര്യങ്ങൾ നന്നായി നിർവഹിക്കാൻ കഴിഞ്ഞേക്കില്ല. പന്ത്രണ്ടിലെ ശനി പലപ്പോഴും ആലസ്യത്തിനും കർമ്മഭംഗത്തിനും കാരണമാകുന്നതാണ്. ചെലവ് കൂടാനിടയുണ്ട്. അഞ്ചാം ഭാവത്തിലെ കുജ - കേതു യോഗം വേണ്ടാത്ത കാര്യങ്ങൾക്ക് പിടിവാശി കൂട്ടും. ഭാവന കാടുകയറാം. ദൈവികകാര്യങ്ങൾക്ക് തടസ്സം വരാനും സാധ്യതയുണ്ട്. മാസപ്പകുതിക്കുശേഷം ചെയ്യുന്ന തൊഴിലിൽ അഭിവ്യദ്ധി വരാം. തൊഴിലില്ലാത്തവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനുമിടയുണ്ട്. രാഹുവിൻ്റെ സ്ഥിതിയാൽ രഹസ്യ വരുമാനം വന്നെത്തും. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുന്നത് പ്രണയപുഷ്ടി, ദാമ്പത്യസൗഖ്യം, ഭോഗസിദ്ധി ഇവയ്ക്ക് കാരണമാകുന്നതാണ്. ജീവിതത്തോടു തോന്നിയ അനിഷ്ടം, ഇഷ്ടമായി മാറാം.

കാർത്തിക

പരിഭവങ്ങളും പരാതികളും ഉണ്ടാവും. വേണ്ടപ്പെട്ട ചിലരുടെ അവഗണന മനസ്സിനെ നീറ്റിക്കൊണ്ടിരിക്കും. എങ്കിലും ജീവിതത്തിൻ്റെ താളവും ഒഴുക്കും അഭംഗുരമായി തുടരുകതന്നെ ചെയ്യും. കൂടിയാലോചനകളിൽ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരാം. വാക്കുകൾ പരുക്കനാവാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതാണ്. മേടക്കൂറുകാർക്ക് രാഹുവും, ഇടവക്കൂറുകാർക്ക് ശനിയും ഹിതകാരികളാണ്. കീറാമുട്ടിയായിട്ടുള്ള പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം തെളിഞ്ഞേക്കും. സ്വാശ്രയ വ്യാപാരത്തിൽ നിന്നും മോശമല്ലാത്ത വരുമാനം ഉണ്ടാവുന്നതാണ്. മേലധികാരികളുടെ അപ്രീതി ഉദ്യോഗസ്ഥരെ വിഷമിപ്പിക്കാം. വീട്ടമ്മമാർക്ക് നവീന ഗൃഹോപകരണങ്ങൾ ലഭിക്കാം. അതിഥികളുടെ പ്രശംസാവചനങ്ങൾ കേൾക്കുന്നതാണ്.

രോഹിണി

ജന്മത്തിലും രണ്ടാം ഭാവത്തിലുമായി ആദിത്യൻ സഞ്ചരിക്കുകയാൽ ദേഹക്ലേശവും അലച്ചിലുമുണ്ടാവും. ശുക്രൻ പന്ത്രണ്ടിലും വ്യാഴം രണ്ടിലും ബുധൻ രാശിയിലും സഞ്ചരിക്കുകയാൽ സാമ്പത്തികോന്നതി, സാമൂഹികാംഗീകാരം, തൊഴിൽ വളർച്ച എന്നിവ പ്രതീക്ഷിക്കാം. ഉള്ളിലെ വികാരവിചാരങ്ങൾ എന്തായാലും അവയെ തേച്ചുമിനുക്കി അവതരിപ്പിക്കുന്നതാണ്. സദസ്സുകളിൽ ബഹുമാനിക്കപ്പെടും. പതിനൊന്നിലെ ശനി പാരമ്പര്യമഹിമകളാൽ  അംഗീകാരത്തിനും ധനോന്നതിക്കും കാരണമാകുന്നതാണ്. സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. തുടർ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതാണ്. ചൊവ്വയും കേതുവും രണ്ടാം ആഴ്ച മുതൽ നാലാമെടത്തിൽ ഒത്തുചേരുകയാൽ വാഹനം വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കണം. ഗൃഹസൗഖ്യം കുറയാം.

മകയിരം

മാസത്തിൻ്റെ പകുതി വരെ വ്യാഴം ജന്മനക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നു. ആകയാൽ പലതരം സമ്മർദ്ദങ്ങൾ വരാം. ജൂൺ എട്ടുമുതൽ മകയിരം ഞാറ്റുവേല തുടങ്ങുന്നതാണ്. ദേഹസ്വാസ്ഥ്യം കുറയുന്ന കാലമാവും. ജൂൺ 7നു ശേഷം ജന്മനക്ഷത്രാധിപനായ ചൊവ്വയുടെ നീചം തീരുന്നതിനാൽ ആത്മവിശ്വാസം ഉയരുന്നതാണ്. ന്യായമായ ആവശ്യങ്ങൾ ചോദിച്ചുവാങ്ങാൻ മടിയുണ്ടാവില്ല. മിഥുനക്കൂറുകാർക്ക് പ്രബലന്മാരുടെ പിന്തുണ കിട്ടുന്നതാണ്. ഭൂമിയിൽ നിന്നും ധനവരവ് പ്രതീക്ഷിക്കാം. പ്രവാസ ജീവിതം നയിക്കുന്നവർക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതാണ്. ഇടവക്കൂറുകാർക്ക് ശനി കാര്യതടസ്സം ഒഴിവാക്കി ലക്ഷ്യം നേടിക്കൊടുക്കും.മിഥുനക്കൂറുകാർക്ക് ശനി-രാഹു യോഗം തൊഴിലിൽ ആലസ്യം സൃഷ്ടിച്ചേക്കും.

തിരുവാതിര

വ്യാഴം, ശനി, ആദിത്യൻ എന്നിവ അനുകൂലത്തിൽ അല്ലാത്തതിനാൽ വ്യക്തിപരമായും തൊഴിൽപരമായും പിരിമുറുക്കം ഉണ്ടാവും. ലഘു നേട്ടങ്ങൾക്ക് കൂടുതൽ പ്രയത്നം ആവശ്യമാവുന്നതാണ്. സംഘടനകളിൽ മുന്നേറ്റം ഉണ്ടാക്കാനാവില്ല. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ വിരോധമുണ്ടാവും. ബിസിനസ്സിൽ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനാണ് ശ്രമിക്കേണ്ടത്. തത്കാലം കൂടുതൽ പണം മുടക്കരുത്. ശുക്രൻ, ബുധൻ, ചൊവ്വ, കേതു തുടങ്ങിയ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ സഞ്ചരിക്കുന്നത് പിടിച്ചുനിൽക്കാൻ കരുത്തുപകരും. തുടർ വിദ്യാഭ്യാസത്തിൽ ആഗ്രഹം നേടാനാവും. ശത്രുക്കളുടെ പ്രവർത്തനത്തെ അതിജീവിക്കും.വ്യവഹാരത്തിൽ വിജയിക്കുവാനാവും. പ്രണയ ജീവിതത്തിൽ സ്വച്ഛന്ദത വരും.  കുടുംബ സമാധാനം സാമാന്യമായിരിക്കും.

പുണർതം

തൊഴിൽ രംഗത്ത് പലതരം ആശങ്കകളുണ്ടാവും. പ്രായോഗികമായി ചില തടസ്സങ്ങൾ വരുന്നതാണ്. ലക്ഷ്യം നേടാനായി കൂടുതൽ അധ്വാനം ആവശ്യമായേക്കും. സഹപ്രവർത്തകരുടെ ഉപദേശം ഗുണം ചെയ്യാം.  ഭൂമിയോ വീടോ വാങ്ങുക / വിൽക്കുക തുടങ്ങിയവയിൽ പുരോഗതി ദൃശ്യമാകും. കടം വാങ്ങി കച്ചവടത്തിൽ നിക്ഷേപിക്കുന്നത് വിപരീതഫലം സൃഷ്ടിക്കുന്നതാണ്. ചടുലമായ നീക്കങ്ങളെക്കാൾ ക്ഷമാപൂർവ്വമായ കാത്തിരിപ്പാവും ഗുണം ചെയ്യുന്നത്.  രോഗങ്ങളാൽ വലയുന്നവർക്ക് തെല്ല് ആശ്വാസം ഉണ്ടാവും. സർക്കാരിൽ നിന്നുമുള്ള അനുമതി വൈകിയേക്കും. സഹോദരരെക്കൊണ്ട് ഗുണമുണ്ടാവും. വില കൂടിയ ആടയാഭരണങ്ങൾ, സുഗന്ധലേപനങ്ങൾ തുടങ്ങിയവ വാങ്ങാനിടയുണ്ട്.

പൂയം

പുതിയ കാര്യങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. മാസത്തിൻ്റെ ആദ്യപകുതിയിൽ തൊഴിൽ രംഗത്ത് വളർച്ച പ്രതീക്ഷിക്കാം.വിപുലീകരണത്തിന് മുതിരരുത്. നിലവിലെ സ്ഥിതി മുടക്കാതെ കൊണ്ടുപോയാൽ മതി. വാക്സ്ഥാനത്ത് ചൊവ്വ - ശിഖി യോഗം വരികയാൽ സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. കുടുംബത്തിൽ സ്വൈരം കുറയും. ജീവിത പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ വരാനിടയുണ്ട്. ജോലി ഉപേക്ഷിച്ചാൽ പുതിയ ജോലികിട്ടാൻ വിഷമിച്ചേക്കും. ചെലവ് ചെയ്യുന്നതിൽ മിതത്വം വേണ്ട സന്ദർഭമാണ്. വിദേശ യാത്രകൾക്ക് അവസരം ഉണ്ടാവും. പഠന താല്പര്യങ്ങൾ തടസ്സപ്പെടുകയില്ല. രാഹുവിൻ്റെ അഷ്ടമസ്ഥിതി വിഷാദചിന്തകൾ സൃഷ്ടിക്കുന്നതാണ്. സ്വന്തം കഴിവുകളിൽ വിശ്വാസം കുറയുകയും പരാജയഭീതി കൂടുകയും ചെയ്യും.

ആയില്യം

നക്ഷത്രനാഥനായ ബുധൻ്റെ അനുകൂല സഞ്ചാരം ഗുണഫലങ്ങൾ സൃഷ്ടിക്കാം. ജൂൺ പകുതിവരെ ആദിത്യൻ ലാഭഭാവത്തിൽ സഞ്ചരിക്കുന്നതു മൂലം വ്യാപാരത്തിൽ കരുനീക്കങ്ങൾ ഫലവത്താകും. ഔദ്യോഗികമായ ഗുണമുണ്ടാവുന്ന കാലവുമായിരിക്കും. എന്നാൽ രാഹുകേതുക്കളും ചൊവ്വയും പ്രതികൂലത്തിലാവുക കാരണം ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. വാക്കും കർമ്മവും പൊരുത്തപ്പെടുത്താൻ വിഷമിക്കുന്നതാണ്. കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും കയർക്കേണ്ട സന്ദർഭങ്ങൾ സംജാതമാകും. സിവിൽ വ്യവഹാരങ്ങൾ പിന്നെയും നീളുന്നതാണ്. പുതിയ ജോലിക്കായി കാത്തിരിപ്പ് അനിവാര്യമാകും. തീർത്ഥാടന യോഗമുണ്ട്. വയോജനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: