/indian-express-malayalam/media/media_files/U1D5ovFU8QlNhzcxtFaY.jpg)
ചിത്രം: ഫ്രീപിക്
നല്ല ചൂടൻ ദിവസങ്ങളിൽ എസി നൽകുന്നത്ര ആശ്വാസം മറ്റെവിടെയും കിട്ടില്ല. നിങ്ങളും ദിവസം മുഴുവൻ എസി മുറിയിലാണോ ഇരിക്കാറുള്ളത്?. ഈ ശീലം ശരീരത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ?.
ചൂടിൽ നിന്നും ആശ്വാസം നേടാൻ എസി ഗുണകരമാണ്. എന്നാൽ അത് ശീലമാകുമ്പോൾ ശരീരത്തിൻ്റെ ആരോഗ്യത്തേയും അത് ബാധിച്ചേക്കാം. ആരോഗ്യം സംരക്ഷിച്ച് എങ്ങനെ എസി ഉപയോഗിക്കാം എന്ന വിദഗ്ധ അഭിപ്രായം അറിഞ്ഞിരിക്കൂ. ഓഫീസിലും, വീട്ടിലുമായി ദീർഘനേരം എസിയിൽ ചിലവഴിക്കുന്നതിൻ്റെ ഗുണങ്ങളും ദോഷങ്ങളും ഡോ. സതീഷ് സി റെഡ്ഡി ( കൺസൾട്ടൻ്റ് പൾമനോളജിസ്റ്റ്, കെയർ ഹോസ്പിറ്റൽ, ഹൈദരാബാദ്) പറയുന്നു. മുറിക്കുള്ളിലെ തണുപ്പ് നിലനിർത്തിക്കൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കാനുള്ള നുറുങ്ങുവിദ്യകളും അദ്ദേഹം വിശദീകരിക്കുന്നു.
ചൂടുള്ള കാലാവസ്ഥയിൽ മുറിക്കുള്ളിലെ താപനില നിയന്ത്രിക്കുന്നതിനും വായുവിൻ്റ ഗുണനിലവാരം വർധിപ്പിക്കുന്നതിനും എയർ കണ്ടീഷ്ണർ സഹായിക്കുന്നു. ഇത് ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകരണം എന്നിവ തടയാൻ സഹായിക്കും. എസിയുടെ ഉള്ളിലുള്ള ഫിൽറ്ററുകളാണ് പൊടി നീക്കം ചെയ്ത് ഉള്ളിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം എന്ന് ഡോ. റെഡ്ഡി പറയുന്നു.
എന്നാൽ ഇത് എല്ലായിപ്പോഴും ആരോഗ്യത്തിന് ഗുണം ചെയ്തുവെന്ന് വരില്ല. സ്ഥിരമായി തണുപ്പമുള്ള മുറിയിൽ ഇരിക്കുന്നതിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് ഡോ. റെഡ്ഡി പറയുന്നതിങ്ങനെയാണ്.
നിർജ്ജലീകരണം: മുറിക്കുള്ളിലെ വായുവിലെ ഈർപ്പം ഇല്ലാതാക്കാൻ എസിക്കു കഴിയും. ഇത് വരണ്ട വായുവിന് കാരണമാകും. ശരീരത്തിലെ ദ്രാവകാംശം നഷ്ട്ടപ്പെടുത്തുന്നതിന് ഇത് കാരണമായേക്കാം. അതിനാൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
ഈർപ്പ നഷ്ടം: മുറിക്കുള്ളിലെ വായു വരണ്ടതാകുമ്പോൾ അത് ചർമ്മത്തേയും ബാധിക്കും. ചർമ്മത്തിലെ ജലാംശം കുറയുന്നു, കണ്ണിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നു, കഫം, എന്നിവയ്ക്കു കാരണമായേക്കാം.
പ്രതിരോധശേഷി: നിരന്തരം തണുപ്പ് ഏൽക്കുന്നത് പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തിയേക്കാം. ജലദോഷം, കഫം ഇവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ: മുറിക്കുള്ളിലെ പൊടിയും പൂപ്പലും ആഗിരണം ചെയ്തെടുക്കാനുള്ള ഫിൽറ്റർ സംവിധാനം എയർ കണ്ടീഷ്ണറിൽ ഉണ്ട്. എന്നാൽ കൃത്യമായി അത് വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ അലർജി സാധ്യതകളുണ്ടാകുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിലേയ്ക്കു വരെ ഇത് വഴിതെളിച്ചേക്കാം.
പേശികളുടെ ആരോഗ്യം: തണുത്ത താപനില പേശികളുടെയും സന്ധികളുടെയും ശരിയായ പ്രവർത്തനത്തിന് തടസ്സം സൃഷ്ട്ടിച്ചേക്കാം. തണുത്ത താപനിലയിൽ അനങ്ങാതെ അധിക സമയം ഇരിക്കുന്നത് അവയുടെ കാഠിന്യം വർദ്ധിപ്പിക്കുന്നു.
അന്തരീക്ഷ താപനിലയുമായി പൊരുത്തപ്പെടൽ: സ്ഥിരമായി എസി മുറിയിൽ തന്നെ സമയം ചിലവഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം നിയന്ത്രിതമായ ആ താപനിലയുമായി പൊരുത്തപ്പെടുന്നു. ഇത് പിന്നീട് സ്വാഭാവിക അന്തരീക്ഷ താപനിലയിലെ മാറ്റങ്ങൾ കൈകാര്യം ചെയ്യാൻ ശരീരത്തിന് ബുദ്ധിമുട്ടുള്ളതാക്കി തീർക്കുന്നു.
എസി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
പൂർണ്ണമായി എസി ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്തേണ്ടതില്ല. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ എസിയുടെ ഗുണം അനുഭവിക്കാം.
ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. അതിനാൽ മതിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. ഹ്യുമിഡിഫയർ ഉപയോഗിച്ച് എസി ഉപയോഗിക്കുന്നത് മുറിയിലെ ഈർപ്പം നിലനിർത്താൻ സാധിക്കും. മുഴുവൻ സമയവും എയർ കണ്ടീഷൻ ചെയ്ത് മുറിയിൽ സമയം ചിലവഴിക്കാതെ ഇടവേളകളിൽ പുറത്തേക്കിറങ്ങി വായുസഞ്ചാരമുള്ള ഇടങ്ങളിൽ അൽപ്പം സമയം നിൽക്കുക. ഇത് ശരീരത്തിന് അന്തരീക്ഷത്തിലെ സ്വഭാവിക താപനില തിരിച്ചറിയുന്നതിന് സഹായിക്കും.
എസി യൂണിറ്റുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ മറക്കേണ്ട. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും പേശികളുടെ ബലവും നിലനിർത്തുന്നതിന് അനുയോജ്യമായ താപനിലയിൽ എസി ക്രമീകരിക്കുക.
Read More
- എസി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
- ചായക്കൊപ്പം ബിസ്കറ്റ് കഴിക്കരുത്, എന്തുകൊണ്ട്?
- പാഷൻ ഫ്രൂട്ടിൻ്റെ പോഷക ഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാമോ?
- ദിവസവും നാരങ്ങ കഴിക്കാറുണ്ടോ? ഈ ആരോഗ്യ ഗുണങ്ങൾ അറിയാം
- ഉറക്കം ഉണർന്നതും ആദ്യം വെള്ളം കുടിക്കണം, എന്തുകൊണ്ട്?
- ശരീരത്തിലെ വിറ്റാമിൻ്റെ കുറവ്, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.