/indian-express-malayalam/media/media_files/2025/02/03/FIaaVaiYWFkLuW6PsATj.jpg)
ട്രംപിന്റെ ലക്ഷ്യം ആഗോള വ്യാപാര യുദ്ധമോ?
ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് വഴി തെളിക്കുകയാണ്. വിവിധ കാരണങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്ന ട്രംപിന്റെ നടപടി കാരണം വിവിധ രാജ്യങ്ങളിലെ പണത്തിന്റെ മൂല്യം ഇടിഞ്ഞു. നിലവിൽ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും സർവ്വകാല റെക്കോർഡ് ഇടിവാളുണ്ടായത്.
ലോകത്തിലെ പ്രധാന ഉത്പാദക രാജ്യമായ ചൈനയ്ക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരിക്കുകയാണ്. പത്ത് ശതമാനം ഇറക്കുമതി ചുങ്കമാണ് അമേരിക്ക ചൈനയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ഇറക്കുമതി ചുങ്കം ഇരുരാജ്യങ്ങളെയും ബാധിക്കുന്നത് എങ്ങനെ ട്രംപിന്റെ നടപടി അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ പരിശോധിക്കാം
എന്ത് കൊണ്ട് ചൈനയ്ക്ക് ഇറക്കുമതി ചുങ്കം
അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കും രേഖകളില്ലാത്ത കുടിയേറ്റക്കാരെയും തടയാനാണ് താരിഫുകൾ ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു. ചൈന, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഫെൻറനിൽ വരുന്നതെന്ന് ട്രംപ് ആരോപിച്ചു. കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നാണിത്.
ഹെറോയിനേക്കാൾ 50 മടങ്ങും മോർഫിനേക്കാൾ 100 മടങ്ങും വീര്യമുള്ളതാണ് ഈ മരുന്ന് ലഹരിയാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ നിന്ന് വ്യാപകമായി ഈ മരുന്ന് എത്തുന്നുണ്ട്. ഇത് തടയാൻ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അമേരിക്കയുടെ നടപടി.
ചൈനയെ എങ്ങനെ ബാധിക്കും
കരുതലോടെയാണ് അമേരിക്കയുടെ നടപടി ചൈന നോക്കികാണുന്നത്. രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് പ്രതികരിച്ച ചൈനയുടെ വിദേശകാര്യ മന്ത്രാലയ മാവോ നിങ് വ്യാപാരയുദ്ധത്തിൽ വിജയികളുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നൽകി. വ്യാപാര തർക്കങ്ങളിൽ ആർക്കും കോട്ടംതട്ടാത്ത ഒത്തുതീർപ്പാണ് രാജ്യം കാംക്ഷിക്കുന്നതെന്ന് ചൈനയുടെ ഉപപ്രധാനമന്ത്രി ഡിങ് ഷുഷിയാങ് ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു. അമേരിക്ക അന്താരാഷ്ട്ര വ്യാപാര നിയങ്ങൾ ലംഘിക്കുന്നുവെന്ന് ആവർത്തിച്ച ചൈന താരിഫിനെതിരെ ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യുമെന്നും വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ചൈന. രാജ്യത്തിന്റെ പ്രധാന വിപണികളിലൊന്നാണ് അമേരിക്ക. ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം ചൈനയുടെ വ്യാപാര മേഖലയിൽ പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ, ട്രംപ് ആദ്യമായി അധികാരത്തിലെത്തിയപ്പോൾ ചൈനയ്ക്ക് മുപ്പതിനായിരം കോടി ഡോളർ നികുതി ചുമത്തിയിരുന്നു. പിന്നീട് ബൈഡൻ അധികാരത്തിൽ എത്തിയപ്പോഴാണ് ഇത് ഒഴിവാക്കിയത്.
അമേരിക്കയെ എങ്ങനെ ബാധിക്കും
ലോകത്ത് ഏറ്റവും കൂടുതൽ ചരക്ക് ഇറക്കുമതിചെയ്യപ്പെടുന്ന രാജ്യമാണ് അമേരിക്ക. തീരുവ ചുമത്തുന്നതിലൂടെ രാജ്യത്തിൻറെ വരുമാനം കൂട്ടാനാകുമെന്നും ട്രംപ് ഭരണകൂടം കരുതുന്നു. അതേസമയം, അധിക ചുങ്കം നിമിത്തം അമേരിക്കയിൽ രൂക്ഷമായ വിലക്കയറ്റത്തിന് സാധ്യതയുണ്ട്.
ലോകം വ്യാപാര യുദ്ധത്തിലേക്കോ
ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും തീരുവ ചുമത്തുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് താരിഫുകൾ ഏർപ്പെടുത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയതോടെ ആഗോള വ്യാപാര യുദ്ധത്തിന് സാധ്യത ഏറുകയാണ്.
27 രാജ്യങ്ങൾ അടങ്ങുന്ന യൂണിയന് താരിഫ് പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ- ഞാൻ യൂറോപ്യൻ യൂണിയനിൽ താരിഫ് ചുമത്താൻ പോകുകയാണോ? നിങ്ങൾക്ക് സത്യസന്ധമായ ഉത്തരമോ രാഷ്ട്രീയ ഉത്തരമോ വേണോ? തീർച്ചയായും എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. യൂറോപ്യൻ യൂണിയൻ തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ട്രംപ് ആരോപിച്ചു.
2018-ൽ വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിൽ യൂറോപ്യൻ സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ ട്രംപ് താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിനു പകരമായി യുഎസ് നിർമിത ഇത് വിസ്‌കി, മോട്ടോർസൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയനും താരിഫ് ഏർപ്പെടുത്തി തിരിച്ചടിച്ചു.
Read More
- മഖാന ബോർഡ് എന്തുകൊണ്ട് ബിഹാറിൽ; ബജറ്റ് പ്രഖ്യാപനത്തിലെ വസ്തുകൾ അറിയാം
- കേന്ദ്ര ബജറ്റിലെ ചില അറിയാകാര്യങ്ങൾ
- ഇന്ത്യക്കാരുടെ മേൽ സർക്കാർ അമിത നികുതി ചുമത്തുന്നുണ്ടോ?
- എന്താണ് ഡീപ് സീക്ക് ? എഐ സാങ്കേതിക വിദ്യയെ മറിക്കടക്കുമോ ചൈനയുടെ പുതിയ താരം
- കുടിയേറ്റം, വാണിജ്യം, കാലാവസ്ഥ, ആരോഗ്യം, ഭീകരവാദം;നാല് വർഷം കൊണ്ട് ട്രംപ് ഉന്നം വെക്കുന്ന ലക്ഷ്യങ്ങൾ എന്തൊക്ക?
- സ്ക്രാംജെറ്റ് പരീക്ഷണം ;ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന് നേട്ടമാകുന്നത് എങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.