/indian-express-malayalam/media/media_files/2025/02/02/xECUCwTvihh2f3e0LS6l.jpg)
മഖാന ശേഖരിക്കുന്ന കർഷകൻ
ബിഹാറിൽ മഖാന ബോർഡ് പ്രഖ്യാപിച്ചത് കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു. എന്താണ് മഖാന? ഇതെങ്ങനെ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടതായി? സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. കുറച്ച് കാലങ്ങളായി ഫിറ്റ്‌നസ് പ്രേമികളുടെ അടുക്കളകളിലെ സ്ഥിരം വിഭവമാണിത്.
പോഷകങ്ങളാൽ സമ്പുഷ്ടമായ മഖാന നിരവധി ആരോഗ്യഗുണങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്.മഖാനയിൽ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതിലെ ഫൈബർ വിശപ്പ് നിയന്ത്രിക്കും.
മഖാനയിൽ പൂരിത കൊഴുപ്പും കൊളസ്‌ട്രോളും കുറവാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും നല്ലതാണ്. മഖാനയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കും.പ്രോട്ടീൻ മാത്രമല്ല കാർബോഹൈഡ്രേറ്റ് ഫൈബർ പൊട്ടാസ്യം മഗ്‌നീഷ്യം ഇരുമ്പ് തുടങ്ങിയത് ധാതുക്കൾ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണമാണിത്. കോശങ്ങളുടെ നാശത്തിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളമായി മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഖാന കഴിക്കുന്നത് നിങ്ങളെ യുവത്വത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
എന്തുകൊണ്ട് മഖാന ബോർഡ് ബീഹാറിൽ
മഖാനയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ബജറ്റിൽ ഒരു ബോർഡ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുകയാണ് ബോർഡിൻറെ രൂപീകരണത്തിലൂടെ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മഖാനയുടെ 90 ശതമാനവും ബിഹാറിലാണ് എന്നതിനാലാണ് ബോർഡ് ബീഹാറിൽ സ്ഥാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൻറെ ആവശ്യം ഇത്തവണത്തെ ബജറ്റിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ചൈന, മലേഷ്യ, ബംഗ്ലാദേശ്, കാനഡ എന്നിവിടങ്ങളിലും മഖാന ഉത്പാദിപ്പിക്കുന്നുണ്ട്.
ബീഹാറിൽ 15000 ഹെക്ടറിലാണ് മഖാന കൃഷി ചെയ്യുന്നത്.മിഥിലാഞ്ചിലെ മധുബനിയിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യുന്നത്. ഏകദേശം 10000 ടണ്ണോളം മഖാനയാണ് ബീഹാർ ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത്.രാജ്യത്ത് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന മഖാനയുടെ 90 ശതമാനവും ബീഹാറിൽ നിന്നാണ്.
വടക്കൻ ബീഹാറിലെ മിഥില പ്രദേശത്താണ് മഖാന വളരുന്നത്.മിഥില പ്രദേശത്തെ എട്ട് മുതൽ 10 ജില്ലകളിൽ വരെ മഖാന കൃഷി ചെയ്യുന്നു.വംഗ, മധുബനി, സഹർസ, മധേപുര, സുപൗൾ, പൂർണ്ണിയ, കതിഹാർ, കിഷൻ ഗഞ്ച്, അരാന എന്നീ ജില്ലകളിലാണ് മഖാന കൃഷി ചെയ്യുന്നത്.മധുബനിയിൽ നിന്നുള്ള മിഥില മഖാന എന്ന പ്രത്യേക ഇനം വിത്തിന് ജിഐ ടാഗും ലഭിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഏകദേശം പത്ത് ലക്ഷം കുടുംബങ്ങൾ ഇതിന്റെ കൃഷി, വിളവെടുപ്പ്, സംസ്‌കരണം എന്നിവയിൽ നേരിട്ട് പങ്കാളികളാകുന്നുണ്ട്.ഇവരുടെ പ്രധാന ഉപജീവന മാർഗമാണ് മഖാന കൃഷി.ബിഹാറിനെ കൂടാതെ പശ്ചിമ ബംഗാൾ, അസാം, മണിപ്പൂർ, ത്രിപുര, മിസോറാം എന്നിവടങ്ങളിലും ചെറിയ തോതിൽ മഖാന കൃഷി ചെയ്യുന്നുണ്ട്.
മഖാനയുടെ രാഷ്ട്രീയം
ബീഹാറിൽ ഏകദേശം പത്തുലക്ഷം കുടുംബങ്ങൾ മഖാന കൃഷിയിൽ ഏർപ്പെടുന്നുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ആറ് ശതമാനം വരും ഇത്. മത്സ്യത്തൊഴിലാളി-പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള ഇവർ കാലാകാലങ്ങളായി ജനതാ പാർട്ടികളെ പിന്തുണയ്ക്കുന്നവരാണ്. ബിഹാറിൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ഈ വിഭാഗത്തിൽ ഉൾപ്പട്ടവരുടെ വോട്ട് തങ്ങൾക്ക് അനുകൂലമാക്കുകയെന്ന് ലക്ഷ്യവും ബിജെപി മുന്നോട്ട് വെക്കുന്നു. കൂടാതെ ഹിന്ദുമത വിശ്വാസികൾക്കിടയിൽ മഖാനക്ക് സുപ്രധാന സ്ഥാനവുമുണ്ട്. ഇതും വോട്ടാകുമന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
നിലവിൽ നിതീഷ് കുമാറിൻറ ജെഡിയുവായി സംഖ്യത്തിലുള്ള ബിജെപി ബീഹാറിൽ ഭരണപക്ഷത്താണ്. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് തങ്ങളുടെ പാളയത്തിൽ ഉറപ്പിക്കാമെന്ന് കണക്കുകൂട്ടലിലാണ് ബിജെപി.
Read More
- കേന്ദ്ര ബജറ്റിലെ ചില അറിയാകാര്യങ്ങൾ
- ഇന്ത്യക്കാരുടെ മേൽ സർക്കാർ അമിത നികുതി ചുമത്തുന്നുണ്ടോ?
- എന്താണ് ഡീപ് സീക്ക് ? എഐ സാങ്കേതിക വിദ്യയെ മറിക്കടക്കുമോ ചൈനയുടെ പുതിയ താരം
- കുടിയേറ്റം, വാണിജ്യം, കാലാവസ്ഥ, ആരോഗ്യം, ഭീകരവാദം;നാല് വർഷം കൊണ്ട് ട്രംപ് ഉന്നം വെക്കുന്ന ലക്ഷ്യങ്ങൾ എന്തൊക്ക?
- സ്ക്രാംജെറ്റ് പരീക്ഷണം ;ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന് നേട്ടമാകുന്നത് എങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.