/indian-express-malayalam/media/media_files/uploads/2020/06/sachy-fi.jpg)
സച്ചിയുടെ മിക്കവാറും എല്ലാ ചിത്രങ്ങളിലും ശക്തിയും സാന്നിദ്ധ്യവുമായി അവരുണ്ടായിരുന്നു - പൃഥ്വിരാജും ബിജു മേനോനും. നടനും സംവിധായകനും എന്നതിലുപരി കൂട്ടുകാരായി തീര്‍ന്നവര്‍. സമകാലിക മലയാള സിനിമയിലെ വിജയ സമവാക്യങ്ങള്‍ രചിച്ചവര്‍. ഇന്ന് സച്ചി യാത്രയാവുമ്പോള്‍ ബാക്കിയാവുന്നത് ഒരുപക്ഷേ ഇവര്‍ ഒന്നിച്ചു കണ്ട സ്വപ്നങ്ങളും കൂടിയാണ്.
'അയ്യപ്പനും കോശിയും' എന്ന, ഇവര്‍ മൂവരും ഒന്നിച്ച ചിത്രം മലയാളത്തിനു നല്‍കിയ സന്തോഷവും ഉണര്‍വ്വും ചെറുതല്ല. ആ സന്തോഷം പെയ്തു തീരും മുന്‍പേ, സങ്കടമഴയായി പെയ്യുകയാണ് സച്ചിയുടെ വിയോഗം.
Read Here: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു
/indian-express-malayalam/media/media_files/uploads/2020/06/when-sachy-joined-hands-with-prithviraj-and-biju-menon-385924-999x1024.jpg)
'ചോക്ക്ളേറ്റ്' മുതൽ 'അയ്യപ്പനും കോശിയും' വരെ
ബോക്സ് ഓഫീസിൽ വിജയം നേടിയ നിരവധി ചിത്രങ്ങളുടെ അമരത്ത് സച്ചിയുണ്ടായിരുന്നു. 'ചോക്ക്ളേറ്റ്' മുതൽ 'അയ്യപ്പനും കോശിയും' വരെ നീളുന്ന സിനിമാജീവിതത്തിനിടെ ഏറ്റവും കൂടുതല്‍ സിനിമകൾ സച്ചി എഴുതിയിരിക്കുന്നത് പൃഥ്വിരാജിനു വേണ്ടിയാണ്. പൃഥ്വിയുടെ ആറോളം സിനിമകൾക്കാണ് സച്ചി തിരക്കഥ ഒരുക്കിയത്. സച്ചി സ്വതന്ത്രസംവിധാനം നിര്‍വ്വഹിച്ച രണ്ടു ചിത്രങ്ങളിലെ നായകനും പൃഥ്വിരാജ് ആയിരുന്നു.
സച്ചി- സേതു ടീമിന്റെ ആദ്യ തിരക്കഥയായ 'ചോക്ലേറ്റി'ൽ തുടങ്ങിയ സൗഹൃദമാണ് സച്ചിയും പൃഥ്വിയും തമ്മിൽ. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന വുമൺസ് കോളേജിൽ പഠിക്കാനെത്തുന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ചിത്രം ഗംഭീരവിജയമാണ് അന്ന് ബോക്സ് ഓഫീസിൽ നേടിയത്. ആ ചിത്രം സച്ചി- സേതു ടീമിന് ഗംഭീരതുടക്കം സമ്മാനിച്ചതിനൊപ്പം തന്നെ പൃഥ്വിരാജിന്റെ കരിയറിനും വലിയ മുതല്‍ക്കൂട്ടായി. സച്ചിയുടെ എഴുത്തിലുള്ള വിശ്വാസം വീണ്ടും അദ്ദേഹത്തിനൊപ്പം കൈക്കോർക്കാൻ പൃഥ്വിയേയും പ്രേരിപ്പിച്ചു.
'ചോക്ക്‌ളേറ്റ്,' 'റോബിൻഹുഡ്,' 'അനാർക്കലി,' 'ഡ്രൈവിംഗ് ലൈസൻസ്,' 'അയ്യപ്പനും കോശിയും,' തുടങ്ങിയ സച്ചിയുടെ ചിത്രങ്ങളിലെല്ലാം പൃഥ്വി നായകനായി. ജയറാം നായകനായ, സച്ചി-സേതു ടീമിന്റെ 'മേക്കപ്പ്മാൻ' എന്ന ചിത്രത്തിലും അതിഥി വേഷത്തിൽ പൃഥ്വിരാജ് എത്തിയിരുന്നു. നവാഗത സംവിധായകനായ ജയൻ നമ്പ്യാരുടെ പുതിയ ചിത്രത്തിന്റെ തിരക്കഥ രചനയിലായിരുന്നു സച്ചി. ഈ ചിത്രത്തിലും പൃഥ്വിരാജിനെയാണ് നായകനായി തീരുമാനിച്ചത്. 'ലൂസിഫറി'ൽ പൃഥ്വിരാജിന്റെയും 'അയ്യപ്പനും കോശിയും' ചിത്രത്തിൽ സേതുവിന്റെയും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ.
Read Here: അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ; സച്ചിയ്ക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം
ബിജു മേനോനുമായുള്ള സൗഹൃദം
പൃഥ്വിരാജിനൊപ്പം തന്നെ ബിജു മേനോനുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്നു സച്ചി. 'അനാർക്കലി,' 'സീനിയേഴ്സ്,' 'റൺ ബേബി റൺ,' 'ചേട്ടായീസ്,' 'ഷെർലക് ടോംസ്,' 'അയ്യപ്പനും കോശിയും' തുടങ്ങിയ ആറു ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ബിജു മേനോൻ, ഷാജൂൺ കാര്യൽ, പി സുകുമാർ, സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം ചേർന്ന് നിർമ്മാണരംഗത്തേക്കും സച്ചി ചുവടു വെച്ചിരുന്നു. ഇവരുടെ തക്കാളി ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച ചിത്രമായിരുന്നു 'ചേട്ടായീസ്'.
ഈ വര്‍ഷം മലയാളം കണ്ട ഏറ്റവും വലിയ സൂപ്പര്‍ഹിറ്റാണ് പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചു പറ്റിയ 'അയ്യപ്പനും കോശിയും'. രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രം ബിജു മേനോനും പൃഥ്വിരാജിനും മികച്ച രണ്ടു കഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്. പൃഥ്വിരാജും സച്ചിയുമായുള്ള അടുത്ത സൗഹൃദമാണ് 'അയ്യപ്പനും കോശി'യിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ തന്നെ സഹായിച്ചതെന്ന് ബിജു മേനോൻ തന്നെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്പതു കോടിയിലേറെ രൂപയാണ് ചിത്രം തിയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തത് എന്നാണു റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കൊറോണ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടക്കേണ്ടി വന്നപ്പോഴാണ് പിൻവലിച്ചത്. ഹിന്ദി ഉള്‍പ്പടെയുള്ള അന്യഭാഷാ പതിപ്പുകള്‍ക്കായുള്ള റൈറ്റ്സും വിറ്റുപോയിരുന്നു.
Read Here: അയ്യപ്പനും കോശിയും: ആണ്‍ ഈഗോയുടെ പോരാട്ടങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.