Prithviraj-Suraj Venjaramoodu Starrer ‘Driving License’ Review and Rating: വാഹനം ഓടിക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യമുള്ള രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. രേഖകള്‍ക്കെല്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സിനുള്ള വില എത്രത്തോളമാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ? ഒരു ഡ്രൈവിങ് ലൈസന്‍സിനെ ചുറ്റിപ്പറ്റി ലാല്‍ ജൂനിയര്‍ (ജീന്‍ പോള്‍ ലാല്‍) സംവിധാനം ചെയ്ത സിനിമയാണ് ‘ഡ്രൈവിങ് ലൈസന്‍സ്.’
ഡ്രൈവിങ് ലൈസന്‍സില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രന്‍. അയാള്‍ ആയിരക്കണക്കിന് ആരാധകരുള്ള താരമാണ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കുരുവിള അയാളുടെ കടുത്ത ആരാധകരില്‍ ഒരാളാണ്. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രന്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പിന്നെ എന്താണ് പ്രയാസം?
Driving License Plotline: കഥയിലേക്ക്
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കുരുവിളയ്ക്ക് തന്റെ സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനെ ഒന്നു കാണണം, ഒന്നിച്ചു നിന്നു ഒരു ഫോട്ടോ എടുക്കണം. വേറെ ആഗ്രഹങ്ങളൊന്നുമില്ല. അത്രയും തന്നെ സാധിച്ചാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമായെന്നാണ് കുരുവിള പറയുന്നത്. മറുവശത്ത് ഏത് കാര്യവും സെക്കന്‍ഡ് കൊണ്ട് സാധിച്ചുകിട്ടുന്ന, എല്ലാ പ്രിവില്ലേജുകളുമുള്ള സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍. ഡ്രൈവിങ് ലൈസന്‍സ് പെട്ടന്ന് ലഭ്യമാകണമെങ്കില്‍ ഹരീന്ദ്രന്‍ കുരുവിളയുടെ സഹായം വേണ്ടിവരുന്നു. ഇവിടെ നിന്നാണ് സിനിമ കഥ പറയുന്നത്.
ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള ഹരീന്ദ്രന്റെ ശ്രമങ്ങളും അതില്‍ കുരുവിള ഇടപെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ ആദ്യം മുതല്‍ പറയുന്നത്. അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ സൂപ്പര്‍താരത്തിനും ആരാധകനും ഇടയില്‍ ഉണ്ടാകുന്നു. ഇവിടെനിന്ന് കഥ വികസിക്കുന്നു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നു. അതിനിടയിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങള്‍. ഇതാണ് ഒറ്റനോട്ടത്തില്‍ ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമ.
Driving License Actors Performance: പ്രകടനം
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിളയായാണ് സുരാജ് വേഷമിടുന്നത്. ഏത് കഥാപാത്രവും തന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടന് അരക്കിട്ടുറപ്പിക്കുന്നു. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നതില്‍ അദ്ദേഹം പുലര്‍ത്തി വരുന്ന സൂക്ഷമത ‘ഡ്രൈവിങ് ലൈസന്‍സിലും’ കാണാന്‍ സാധിക്കുന്നു. സൂപ്പര്‍താരം എന്തു ചെയ്താലും അതെല്ലാം കണ്ടു കയ്യടിക്കുന്ന ആരാധകനായും ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥനായും ഉത്തരവാദിത്തമുള്ള കുടുംബനാഥനായും സുരാജ് ആദ്യാവസാനം മികച്ച പ്രകടനം കാഴ്ചവച്ചു. പൃഥ്വിരാജിനൊപ്പമുള്ള കോംബിനേഷന്‍ സീനുകളെല്ലാം വളരെ മികച്ചതായിരുന്നു. ഒരു ഹാസ്യതാരമെന്ന ലേബലില്‍നിന്ന് പുറത്തുകടന്നുള്ള സുരാജ് വെഞ്ഞാറമൂടിന്റെ നിരവധി മികച്ച പ്രകടനങ്ങളില്‍ കുരുവിള എന്ന കഥാപാത്രവും എണ്ണപ്പെടും.
മുന്‍പും ചെയ്തിട്ടുള്ള മാനറിസങ്ങളാണ് പൃഥ്വിരാജിന് ഈ സിനിമയിലുള്ളത്. പൃഥ്വിരാജിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍. എങ്കിലും, വളരെ പക്വമായി തന്നെ ആ കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചു. ഇമോഷണല്‍ സീനുകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള പൃഥ്വിരാജിന്റെ കഴിവ് ‘ഡ്രൈവിങ് ലൈസന്‍സിലും’ പ്രകടമാണ്.
സൈജു കുറുപ്പ് അവതരിപ്പിച്ച ജോണ്‍ പെരിങ്ങോടന് എന്ന രാഷ്ട്രീയക്കാരന്റെ വേഷം മികച്ചതായിരുന്നു. ആരെ കണ്ടാലുമുള്ള രാഷ്ട്രീയക്കാരുടെ ‘വൈറ്റ് വാഷ് ചിരി’ നന്നായി തന്നെ സ്ക്രീനിലേക്ക് പകര്‍ത്താന്‍ സൈജു കുറുപ്പിന് സാധിച്ചിട്ടുണ്ട്. സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
Read Here: ഒപ്പമൊരു ഫോട്ടോയെടുക്കാൻ ലാലേട്ടനു പിന്നാലെ നടന്നത് വർഷങ്ങൾ: സുരാജ് വെഞ്ഞാറമൂട്
Driving License Crew: അണിയറയില്‍
‘ഹണി ബീ’ എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലാല്‍ ജൂനിയറാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ സംവിധാനം ചെയ്തിരിക്കുന്നത്. എന്റർടെയ്നർ എന്ന നിലയില്‍ മാത്രം ‘ഡ്രൈവിങ് ലൈസന്‍സിനെ’ സമീപിച്ച ലാല്‍ ജൂനിയര്‍ ഒരു പരിധി വരെ അതില്‍ വിജയിക്കുന്നു. പല സീനുകളും വളരെ നാടകീയമാക്കിയത് സംവിധാനത്തിലെ പോരായ്മയായി തോന്നി. സൂപ്പര്‍സ്റ്റാര്‍ ആയതിനാല്‍ തന്നെ ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തിന് വല്ലാത്തൊരു മാസ് പരിവേഷം നല്‍കാനുള്ള ശ്രമമാണ് സംവിധാനത്തിലെ പോരായ്മ.
പൃഥ്വിരാജിനെ തന്നെ നായകനാക്കി ‘അനാര്‍ക്കലി’ എന്ന ചിത്രം സംവിധാനം ചെയ്ത സച്ചിയുടേതാണ് കഥയും തിരക്കഥയും. സിനിമയില്‍ പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന പൃഥ്വിരാജ്-സുരാജ് കോംബിനേഷന്‍ സീനുകളില്‍ തിരക്കഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരം സീനുകളെല്ലാം കയ്യടക്കത്തോടെ വിവരിക്കാന്‍ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. അതിഗംഭീരമെന്ന് അവകാശപ്പെടാനില്ലാത്ത എന്നാല്‍, ശരാശരിക്ക് മുകളില്‍ നില്ക്കുന്ന തിരക്കഥയാണ് സച്ചി ഒരുക്കിയിരിക്കുന്നത്.
പ്ലോട്ടിനോട് നീതി പുലര്‍ത്തുന്നതായിരുന്നു സിനിമയിലെ ദൃശ്യങ്ങള്‍. അലക്സ് ജെ.പുളിക്കല്‍, റണദിവെ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയിലെ ഗാനങ്ങളൊന്നും പ്രേക്ഷകന്റെ ഓര്‍മയില്‍ തങ്ങി നില്ക്കുന്നവ അല്ലായിരുന്നു.
Driving License Movie Response: ‘ഡ്രൈവിങ് ലൈസന്‍സ്’ പ്രേക്ഷകന് നല്കുന്ന അനുഭവം
പല രംഗങ്ങളിലും അതിനാടകീയത കയറി വന്നത് സിനിമയുടെ പോരായ്മയാണ്. നിര്‍ബന്ധമായും കാണേണ്ട ഒരു സിനിമയുടെ കാറ്റഗറിയില്‍ ‘ഡ്രൈവിങ് ലൈസന്‍സ്’ ഉള്‍പ്പെടുന്നില്ല. സാധാരണ ഒരു എന്റർടെയ്നർ എന്ന നിലയില്‍ ഒരിക്കല്‍ കാണാവുന്ന ശരാശരി അനുഭവമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ സമ്മാനിക്കുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി പോലും നടക്കാന്‍ സാധ്യതയില്ലാത്ത സംഭവങ്ങള്‍, അതിനെ അതിനാടകീയമായി അവതരിപ്പിച്ച രീതിയും സിനിമയുടെ പോരായ്മയായി തോന്നി. അപ്പോഴും ഒരു നേരംപോക്കിന് സിനിമ കാണാന്‍ ടിക്കറ്റെടുക്കുന്നവരാണ് നിങ്ങളിലെ പ്രേക്ഷകനെങ്കില്‍ ‘ഡ്രൈവിങ് ലൈസന്‍സ്’ നിങ്ങളെ തൃപ്തിപ്പെടുത്തും.
മമ്മൂട്ടി എന്തു കൊണ്ട് ‘ഡ്രൈവിങ് ലൈസന്‍സ്’ ഉപേക്ഷിച്ചു?
മമ്മൂട്ടിയും ലാലുമാണ് ‘ഡ്രൈവിങ് ലൈസന്‍സി’ലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. മമ്മൂട്ടിയോട് താന്‍ സിനിമയുടെ കഥ പറഞ്ഞെന്നും ആദ്യം മമ്മൂട്ടി സമ്മതം മൂളിയെന്നും ലാല്‍ ജൂനിയര്‍ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. അതിനുള്ള കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. മമ്മൂട്ടി ഒഴിഞ്ഞതോടെയാണ് സിനിമ പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും എത്തുന്നത്.
പ്രത്യക്ഷമായും പരോക്ഷമായും മമ്മൂട്ടിയെയും മോഹൻലാലിനെയും ഉദ്ദേശിച്ചുള്ള പല സീനുകളും സിനിമയില്‍ കയറി വരുന്നുണ്ട്. അത് ബോധപൂര്‍വമുള്ള റഫറന്‍സുകളാണ്. ‘നരസിംഹ’ത്തിലെ ഇന്ദുചൂഡന്, മമ്മൂട്ടിയുടെ ‘സിബിഐ,’ രണ്ട് താരങ്ങളിലുമുള്ള പ്രത്യേകതകള്‍ ഇവയെയെല്ലാം പല സീനുകളിലും ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്.
ഒരുപക്ഷേ, പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുകയും നിലവിലെ കഥയിലും തിരക്കഥയിലും മാറ്റങ്ങളൊന്നും വരുത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ‘ഡ്രൈവിങ് ലൈസന്‍സ്’ തീര്‍ച്ചയായും മലയാളി ചര്‍ച്ച ചെയ്യാന്‍ പോകുന്ന ഒരു വിവാദ വിഷയമാകുമായിരുന്നു.
നടന് സുരേഷ് കൃഷ്ണയുടെ സൂപ്പര്‍സ്റ്റാര്‍ ഭരതന് എന്ന കഥാപാത്രവും പൃഥ്വിരാജിന്റെ സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രവും താരസംഘടനയായ അമ്മയും ഇടവേള ബാബു അടക്കമുള്ള കഥാപാത്രങ്ങളും ബോധപൂര്‍വമുള്ള സൃഷ്ടികളാണ്. അതിലൂടെയെല്ലാം സംവിധായകന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വര്‍ഷങ്ങളായി മലയാള സിനിമ കാണുന്നവര്‍ക്ക് പെട്ടന്ന് ബോധ്യപ്പെടും. ഇത്തരം വിഷയങ്ങളായിരിക്കാം ഒരുപക്ഷേ, മമ്മൂട്ടിയെ ഇങ്ങനെയൊരു സിനിമയില്‍ നിന്ന് പിന്തിരിപ്പിക്കാന് കാരണമെന്ന് ഏതൊരു പ്രേക്ഷകനും തോന്നിപ്പോകും!