Latest News

സച്ചിയ്ക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി

‘നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത മറ്റൊരു നഷ്ടം കൂടി,’ സച്ചിയ്ക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി

sachy dead, sachy passes away, sachi, writer sachi, sachi films, sachi prithviraj, sachi critical, sachi sethu films, സച്ചി, സച്ചി സേതു, അയ്യപ്പനും കോശിയും

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് വിട നൽകി ചലച്ചിത്ര ലോകം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്കും മസ്തിഷ്ക മരണത്തിലേക്കും നയിക്കുകയായിരുന്നു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. സച്ചിയുടെ അകാലവിയോഗത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായവര്‍ അനുശോചനം രേഖപ്പെടുത്തി.

‘പോയി’ എന്ന ഒറ്റവാക്കിലാണ് നടന്‍ പൃഥ്വിരാജ് തന്റെ സങ്കടവും അനുശോചനവുമെല്ലാം ഒതുക്കിയത്.  സച്ചിയുടെ ആദ്യ ചിത്രമായ ‘ചോക്ക്ലേറ്റ്’ (സേതുവായി ചേര്‍ന്ന് എഴുതിയത്) മുതല്‍ അവസാന ചിത്രമായ ‘അയ്യപ്പനും കോശിയും’ വരെയുള്ള കാലത്തെ പ്രവര്‍ത്തനപരിചയവും സൗഹൃദവുമാണ് ഇരുവര്‍ക്കുമിടയില്‍.

 

കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യന്‍

‘തീയറ്ററുകളെ പ്രേക്ഷകർ ആർത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാൻ നിസ്സരാമായി കഴിയുന്ന മാന്ത്രികനായിരുന്നു, സച്ചി. ഒരു പക്ഷേ, അയാളോളം, ജനപ്രിയ സിനിമയുടെ രസക്കൂട്ട്‌ അറിയുന്ന , അതിനെ അതിവിദഗ്ധമായി പാക്ക്‌ ചെയ്യുന്ന മറ്റൊരു എഴുത്തുകാരൻ ഇന്നില്ല എന്ന് തന്നെ പറയാം. അയാളുടെ പേരിന്‌ പത്തരമാറ്റുള്ള മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. As a screenwriter/ Director, he is the undisputed numero uno in the Malayalam Film Industry today.

നായകനാരെന്നും പ്രതിനായകനാരെന്നും തിരിച്ചറിയാൻ കഴിയാത്ത, എന്നാൽ, ഉടനീളം ഈ രണ്ടു കഥാപാത്രങ്ങൾക്കും ഇടയിൽ ത്രസിപ്പിക്കുന്ന ഒരു സംഘർഷം നിലനിറുത്തുന്ന, ആരുടെ പക്ഷം ചേരണമെന്നറിയാതെ കുഴങ്ങുമ്പോഴും, പ്രേക്ഷകർ ആഖ്യാനത്തിൽ സ്വയം മറന്ന് മുഴുകിപ്പോവുന്ന, കഥാന്ത്യത്തിൽ പൂർണ്ണ തൃപ്തിയോടെ തീയറ്ററുകളിൽ നിന്ന് കൈയടിച്ച്‌ ഇറങ്ങിപ്പോവുന്ന അസാധാരണമായ ഒരു തിരക്കഥയായിരുന്നു, അയ്യപ്പനും കോശിയും. One of its kind എന്ന് നിസ്സംശയം പറയാവുന്ന ഒരൊന്നൊന്നര തിരക്കഥ.അത്തരത്തിലൊന്നെഴുതാൻ ഇന്ന് മലയാള സിനിമയിൽ സച്ചിയെ ഉള്ളൂ. തന്റെ കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴാണ്‌ അയാൾ അരങ്ങു വിട്ടൊഴിയുന്നത്‌.

ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. തീഷ്ണവും ഗാഡവുമായ സൗഹൃദങ്ങളിലായിരുന്നു അയാൾ എന്നും ആനന്ദിച്ചിരുന്നത്‌. സച്ചിയുടെ സുഹൃത്തുക്കൾക്ക്‌ താങ്ങാവുന്നതിനപ്പുറമാണ്‌ ഈ വിയോഗം. സച്ചിയുടെ ഈ കടന്ന് പോക്ക്‌ മലയാള സിനിമയ്ക്ക്‌ ഈ കൊറോണാ കാലത്ത്‌ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്‌. പ്രിയ സുഹൃത്തേ, വിട,’ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്‍ കുറിച്ചു.

Read Here

 

 

സച്ചീ, നിങ്ങളുടെ ചീരു ഭാഗ്യവതിയാണ്. അവൾക്കറിയില്ലല്ലൊ ഈ വേർപാടിന്‍റെ ആഴം

‘അയാൾ അന്ന് എന്നെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വരുമ്പോൾ കാറിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ടായിരുന്നു. ഫ്ലാറ്റിൽ ഒറ്റപ്പെട്ടു പോകും എന്നു കരുതി കൂടെ കൂട്ടിയതായിരുന്നു. മഴ ഉണ്ടായിരുന്നു. കാറിനകത്തെ ഏസിയുടെ തണുപ്പിൽ അത് ചെറുതായി വിറച്ചിരുന്നു.

വയനാട്ടിൽ മൂന്നു നാലു ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായി. അയ്യപ്പനും കോശിയും എന്ന പുതിയ പടത്തിൻ്റെ പാട്ടെഴുത്തിനാണ് എന്നെ കൂട്ടിയത്. പട്ടെഴുത്തൊന്നും അപ്പോൾ നടന്നില്ല. ആദിവാസി ഊരുകളിലേക്ക് പോകാം എന്ന് പ്ലാനിട്ടിരുന്നു. അപ്രതീക്ഷിതമായ കനത്ത മഴയിൽ അതും നടന്നില്ല. പക്ഷെ ആ മൂന്നു നാലു ദിവസങ്ങളിൽ സച്ചി മഴ പോലെ തിമിർത്തു പെയ്യുന്ന ഒരു സാന്നിധ്യമായി.

രണ്ടാം പ്രളയത്തിൻ്റെ തുടക്കമായിരുന്നു അത്. ഭവാനിപ്പുഴ ചവിട്ടു പടവോളം കയറി. ഞങ്ങൾ രാത്രി തന്നെ കെട്ടുകെട്ടി. പൂച്ചക്കുട്ടി ഉന്മേഷവതിയായിക്കഴിഞ്ഞിരുന്നു. ഞങ്ങളവൾക്ക് ചീരു എന്നു പേരിട്ടിരുന്നു. തിരിച്ച് എന്നെ വീട്ടിലിറക്കുമ്പോൾ ഞാൻ ചോദിച്ചു ചീരുവിനെ ഇവിടെ തന്നു പോകുന്നോ. സച്ചി സമ്മതിച്ചില്ല.

‘റൺ ബേബി റൺ’ എന്ന സിനിമയുടെ കഥ സച്ചി ആയിരുന്നു. ‘ആറ്റുമണൽപ്പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ’ എന്ന അതിലെ പാട്ട് സത്യത്തിൽ ആ സിനിമയ്ക്ക് അത്യാവശ്യമായ ഒന്നായിരുന്നില്ല. ആ സിനിമയ്ക്ക് അത്രകണ്ട് യോജിച്ചതും ആയിരുന്നില്ല. പാട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാടും പാട്ടിനോടുള്ള ഇഷ്ടവുമാണ് ആ പാട്ടിൻ്റെ സൃഷ്ടിയ്ക്ക് പ്രേരകമായത്.

ഒടുവിൽ കണ്ടത് പൊന്നാനിയിലെ ശംഭു നമ്പൂതിരിയുടെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വെച്ചായിരുന്നു. സിനിമ ഉദ്ദേശിച്ചതു പോലെ വന്നതിലുള്ള ഉത്സാഹത്തിലായിരുന്നു അയാൾ. വിളിച്ചിട്ട് കുറച്ചായല്ലൊ ഒന്നു വിളിക്കണം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വാർത്ത എത്തിയത്.

സച്ചീ, നിങ്ങളുടെ ചീരു ഭാഗ്യവതിയാണ്. അവൾക്കറിയില്ലല്ലൊ ഈ വേർപാടിൻ്റെ ആഴം,’ സച്ചിയുടെ വേര്‍പാടിനെക്കുറിച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമദ് എഴുതിയത് ഇങ്ങനെ.

 

 

 

ഞാന്‍ താങ്കളുടെ വലിയ ആരാധകനായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

‘വരനെ ആവശ്യമുണ്ട്,’ എന്ന എന്‍റെ ചിത്രത്തിന്റെയും ‘അയ്യപ്പനും കോശിയും’ എന്ന താങ്കളുടെ ചിത്രത്തിന്റെയും ഡബ്ബിംഗ് ഒരേ സമയത്ത് ഒരേ സ്റ്റുഡിയോയില്‍ നടന്നത്, നമ്മള്‍ തമ്മില്‍ കണ്ടത് എല്ലാം ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. സംവിധായകനായതോട് കൂടി താങ്കള്‍ ഒരു നിര്‍ണ്ണായക ശക്തിയായി മാറി. ഞാന്‍ താങ്കളുടെ വലിയ ആരാധകനായിരുന്നു.

ഒന്നൊന്നിനേക്കാള്‍ മെച്ചപ്പെട്ടതാണ് താങ്കളുടെ ഓരോ ചിത്രവും. മലയാള സിനിമാ ലോകത്തിനു വലിയ നഷ്ടം. താങ്കളെ അറിയുന്ന, സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്റെ പ്രാര്‍ത്ഥനകളും അനുശോചനങ്ങളും,’ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Shocked to hear the sudden demise of Sachy ettan. Indeed a big loss to Malayalam cinema. May his soul rest in peace!

Posted by Nivin Pauly on Thursday, 18 June 2020

Sachiiiiii……….

Posted by Jayasurya on Thursday, 18 June 2020

മലയാള സിനിമക്ക് മറ്റൊരു നഷ്ട്ടം കൂടി…
May his soul rest in peace! എടാ കൊച്ചുചേർക്ക എന്നവിളി !!!

Posted by Asif Ali on Thursday, 18 June 2020

വാക്കുകളുടെ തച്ചന് വിട

‘വാക്കുകളുടെ തച്ചനോട് വിട പറയുമ്പോൾ ഒരാൾ എന്താണ് എഴുതേണ്ടത്? രാജുവിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും എന്നതിലുപരി വ്യക്തിപരമായി എനിക്ക് നിങ്ങളെ അറിയില്ലായിരുന്നു. അടുത്തിടെ ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സിനിമയ്ക്കായി സഹകരിച്ച വേളയില്‍ നിങ്ങളുമായി നിരവധി തവണ സംവദിക്കാനും നിങ്ങളിലെ പ്രതിഭയെ അറിയാനും സാധിച്ചു. എത്രയോ കഥകളുടെ ഉറവിടമായിരുന്നു നിങ്ങള്‍, ഇനിയുമെത്രയോ മനോഹരങ്ങളായവ പറയാന്‍ ബാക്കിയും…

നിങ്ങളുടെ വേര്‍പാട് മലയാള സിനിമയ്ക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും വലിയ നഷ്ടമാണ്. നിങ്ങളുടെ അതിശയിപ്പിക്കുന്ന കഥകൾ‌, അവയിലേക്ക് നിങ്ങള്‍ ചാലിച്ച് ചേര്‍ത്ത കഥാപാത്രങ്ങൾ‌, ആഹ്ലാദം നിറഞ്ഞ നിങ്ങളുടെ ചിരി എന്നിവ ഞങ്ങൾ‌ എല്ലായ്‌പ്പോഴും ഓർക്കും! നിങ്ങള്‍ മിസ്സ്‌ ചെയ്യപ്പെടും സച്ചി, പ്രത്യേകിച്ച് നിങ്ങളുടെ ഇളയ സഹോദരനായി നിങ്ങൾ‌ കരുതുന്ന നിങ്ങളുടെ സുഹൃത്ത് രാജുവിനാല്‍. മനോഹരമായ ഗദ്യത്തിൽ നിങ്ങള്‍ ഒഴുകിയ ആ വാക്കുകളെല്ലാം പ്രകാശമായി പരക്കും. പ്രിയ സച്ചി സമാധാനത്തോടെ വിശ്രമിക്കുക. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇത് താങ്ങാനുള്ള ശക്തിയുണ്ടാവട്ടെ,’ സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്റെ പത്നിയുമായ സുപ്രിയാ മേനോന്‍ സച്ചിയെ ഓര്‍ത്തത് ഇങ്ങനെ.

 

 

ആ ചിത്രത്തിനായി കാത്തുനിൽക്കാതെ സച്ചി പോയി

തമിഴ്, തെലുങ്ക് റീമേക്കുകൾക്ക് പിറകെ ‘അയ്യപ്പനും കോശിയും’ എന്ന സച്ചി ചിത്രത്തിന് ഹിന്ദിയിലും റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തയാണ് ലോക്ക്‌ഡൗൺ കാലത്ത് ബോളിവുഡിൽ നിന്നും കേട്ട സന്തോഷമുള്ള വാർത്തകളിൽ ഒന്ന്. ബോളിവുഡ് താരം ജോൺ എബ്രഹാമാണ് ചിത്രത്തിന്റെ പകർപ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. തന്റെ നിർമാണകമ്പനിയായ ജെഎ എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ജോൺ എബ്രഹാം ചിത്രം നിർമ്മിക്കുക. ‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം താൻ സ്വന്തമാക്കിയ വിവരം ജോൺ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ സച്ചി വിട പറയുമ്പോൾ, ആ വിയോഗം സമ്മാനിച്ച ഞെട്ടലിലാണ് ജോൺ എബ്രഹാമും. “അതുപോലൊരു പ്രതിഭയുടെ നഷ്ടം തകർത്തുകളഞ്ഞിരിക്കുന്നു,” എന്നാണ് ജോൺ കുറിക്കുന്നത്.

ആ പേരിന് ഇത്രയേറെ അർത്ഥങ്ങളുണ്ടായിരുന്നോ സച്ചിയേട്ടാ?

സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ് എന്ന സ്വപ്നം കൂടി ബാക്കി വച്ചിട്ടാണ് സച്ചി യാത്ര പറയുന്നത്. ആ സ്വപ്നത്തെ കുറിച്ച് പറയുകയാണ് സച്ചിയുടെ സുഹൃത്തും ആർട്ട് ഡയറക്ടറുമായ മനു ജഗത്ത്.

“തുരുമ്പിച്ച നമ്മുടെ സ്വപ്‌നങ്ങൾ, അല്ലേ സച്ചിയേട്ടാ? സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ്… ഒരുപാട് പേരുകൾ മാറിമാറി അവസാനം സച്ചിയേട്ടൻ തന്നെ തിരഞ്ഞെടുത്തൊരു പേര്. ‘ eika ‘ അനന്തത (A symbol of infinity, which leads to the Next Life) അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര… ഈ പേരിനു ഇത്രയും അർത്ഥങ്ങളുണ്ടായിരുന്നോ?,” മനു ജഗത്ത് ഫേസ്ബുക്കിൽ കുറിക്കുന്നു.

എന്നും കൂടെ നിന്ന സഹോദരൻ

എന്നും ഒരു സഹോദരനെ പോലെ കൂടെ നിൽക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്ത സച്ചിയെ ഓർക്കുകയാണ് നടി മിയ. ചേട്ടായീസ്, അനാർക്കലി, ഷെർലക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് എന്നിങ്ങനെ സച്ചിയുടെ നാലു ചിത്രങ്ങളിൽ മിയ അഭിനയിച്ചിരുന്നു.

“സച്ചിയേട്ടൻ മറ്റൊരു ലോകത്തേക്ക് യാത്രയായെന്ന സത്യം ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല. എന്റെ കരിയറിന്റെ തുടക്കം മുതൽ അവസാനചിത്രം വരെ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എനിക്കൊപ്പമുണ്ടായിരുന്നു. ചേട്ടായീസ്, അനാർക്കലി, ഷെർലക് ടോംസ് എന്നു തുടങ്ങി അവസാനം റിലീസ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് വരെ. ഓരോ ചിത്രങ്ങളും ഞാനെന്ന വ്യക്തിയിലും എന്റെ കരിയറിലും പ്രത്യേക സ്വാധീനം ചെലുത്തിയിരുന്നു. സച്ചിയേട്ടൻ എന്നെ എപ്പോഴും ഒരു ഇളയ സഹോദരിയെ പോലെയാണ് പരിഗണിച്ചിരുന്നത്. ഡ്രൈവിംഗ് ലൈസൻസിന്റെ പ്രീമിയറിനായി നമ്മൾ കണ്ട ആ ദിവസം ഞാനോർക്കുന്നു, അദ്ദേഹം സന്തുഷ്ടനായിരുന്നു ആ ചിത്രത്തിൽ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് സീൻ അദ്ദേഹം ഫോണിൽ കാണിച്ചു തന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫോണിൽ സംസാരിക്കുമ്പോഴും അദ്ദേഹം ഉത്സാഹവാനായിരുന്നു. അതു നമ്മുടെ അവസാന സംഭാഷണമാണെന്ന് അറിഞ്ഞില്ല, ഇപ്പോഴും അദ്ദേഹത്തിന്റെ ശബ്ദമെനിക്ക് കേൾക്കാം. കിലുക്കാംപെട്ടി എന്നുള്ള നിങ്ങളുടെ വിളി ഞാനൊരിക്കലും മറക്കില്ല സച്ചിയേട്ടാ… ഈ ദിവസങ്ങളിൽ നിങ്ങൾ യുദ്ധം ചെയ്യുകയായിരുന്നു. ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥനയിൽ മുഴുകിയിരുന്നു, പക്ഷേ അതിനൊന്നും നിങ്ങളെ രക്ഷിക്കാനായില്ല. നിങ്ങൾ ഒരു സിനിമാക്കാരൻ മാത്രമായിരുന്നില്ല ഞങ്ങൾക്ക്, അതിലുമപ്പുറമായിരുന്നു….ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. മിസ് യൂ…”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam film industry mourns the death of sachy

Next Story
സച്ചി- പൃഥ്വി- ബിജു മേനോൻ: ഹിറ്റുകളുടെ കൂട്ടുകാർsachi, writer sachi, sachi films, sachi prithviraj, sachi critical, sachi sethu films, സച്ചി, സച്ചി സേതു, അയ്യപ്പനും കോശിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express