Ayyapanum Koshiyum Movie Review and Rating: കുറച്ചു കാലങ്ങൾക്കു ശേഷം സിനിമ നഗരങ്ങളെ വിട്ട് ഗ്രാമങ്ങളിലെ കഥകൾ തേടിപ്പോകുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്ന സിനിമ. അട്ടപ്പാടിയുടെ പ്രാചീനമായ ഭൂമിയാണ് ഫ്രെമിൽ എപ്പോഴും. അവിടുത്തെ മനുഷ്യർ, സംഗീതം അങ്ങനെ എന്തൊക്കെയോ ഉണ്ട് ഇതില്‍.
‘അനാർക്കലി’ക്ക് ശേഷം സച്ചി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘അയ്യപ്പനും കോശി’യും രണ്ടു മനുഷ്യരുടെ വാശിയുടെയും പകയുടെയും കഥ പറയുന്നു. അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ് ഐ ആയ അയ്യപ്പൻ നായരും ആർമിയിലെ റിട്ടയേർഡ് ഹവീൽദാർ കോശി കുര്യനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ചെറിയ നിയമ ലംഘനവും അതിനെ തുടർന്നുണ്ടാകുന്ന കേസുകളുടെ പരമ്പരകളുമാണ് ചിത്രത്തിന്റെ പ്രമേയം. പതിനേഴു വർഷം ഹവീൽദാർ ഉദ്യാഗത്തിലിരുന്ന കോശി കുര്യനും വിരമിക്കാൻ രണ്ടു വർഷം മാത്രം സർവീസിൽ ബാക്കിയുള്ള അയ്യപ്പൻ നായരും ഒരു തരി പോലും വിട്ടു വീഴ്ച ചെയ്യാത്തവരും.വാശിക്കാരുമാണ്. ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നതും ആ വഴി തന്നെയാണ്. ഒരേസമയം രണ്ടു കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇഷ്ടപ്പെട്ടു പോകുന്ന അവസ്ഥ.
ഒരഡാർ സിനിമ എന്ന് ഒറ്റവാക്കില്‍ പറയാം. മുഴുനീളൻ എന്റർടെയ്ൻമെന്റ് പ്രതീക്ഷിച്ചെത്തിയ പൃഥ്വിരാജ്-ബിജു മേനോന് ആരാധകരെ ‘അയ്യപ്പനും കോശി’യും നിരാശരാക്കില്ല.
Read Here: അയ്യപ്പനും കോശിയും: ആണ് ഈഗോയുടെ പോരാട്ടങ്ങൾ
Ayyapanum Koshiyum Movie Review: പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിന്റെ വിജയം
‘അയ്യപ്പനും കോശി’യിലെയും രണ്ടു പ്രധാന കഥാപാത്രങ്ങളായ എസ് ഐ അയ്യപ്പൻ നായരായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജുമാണ് വേഷമിടുന്നത്. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് ബിജു മേനോൻ അയ്യപ്പൻ നായരെ അവിസ്മരണീയമാക്കുന്നുണ്ട്. അധികം ചെയ്തു ശീലമില്ലാത്ത തരം റോൾ ആണെങ്കിലും പൃഥ്വിരാജ് തന്റെ വേഷത്തിൽ മികച്ച പകർന്നാട്ടം തന്നെയാണ് കാഴ്ച്ച വയ്ക്കുന്നത്. മലയാളത്തിലെ മികച്ച നടന്മാരായ രണ്ടു പേരുടെയും അഭിനയം അവരുടെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.
ഒരു സെമി-വില്ലൻ സ്വഭാവം ഈ രണ്ടു കഥാപാത്രങ്ങളിലും പരോക്ഷമായി നിലനിൽക്കുന്നുണ്ട്. തങ്ങൾ തമ്മിലുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ കഴിയാത്ത വിധം പെട്ടു പോകുകയാണ് ഈ രണ്ടു കഥാപാത്രങ്ങളും. ഓരോ മനുഷ്യന്റെയും ഉള്ളിലെ ഈഗോയുടെ ആവിഷ്കാരമാണ് ഈ മത്സര ബുദ്ധിയെന്ന് വേണമെങ്കിൽ അനുമാനിക്കാം. ഈ കഥാപാത്രങ്ങള്‍ പറയുന്ന മൂർച്ചയുള്ളതും, എന്നാൽ രാഷ്ട്രീയശരി ആണെന്നു പറയാൻ കഴിയാത്തതുമായ നിരവധി ഡയലോഗുകൾ ഒരുപക്ഷേ സാധാരണ പ്രേക്ഷകനെ കയ്യിലെടുത്തേക്കാം.
‘മുന്നറിയിപ്പ്,’ ‘ഞാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് നിർമ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും കൂടി ‘അയ്യപ്പനും കോശി’ക്കുമുണ്ട്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറില്‍ പി എം ശശിധരനോപ്പമാണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ ഒരു പ്രധാന വേഷം കൂടിതന്നെ രഞ്ജിത് ചെയ്യുന്നുണ്ട്. ഒരു മികച്ച നടനെന്ന രീതിയിൽ അദ്ദേഹം ഒരിക്കല്‍ കൂടി അടയാളപ്പെടുകയാണ് ഈ ചിത്രത്തിലും. അന്ന രാജൻ, സാബുമോൻ, ജോണി ആന്റണി, ഗൗരി നന്ദ എന്നിവരും പ്രധാന വേഷങ്ങളെ അവിസ്മരണീയമാക്കുന്നുണ്ട്.
Ayyapanum Koshiyum Movie Review: സച്ചിയുടെ തിരക്കഥ ഹിറ്റുകൾ
‘ചോക്ലേറ്റ്,’ ‘റോബിൻഹുഡ്,’ ‘സീനിയേഴ്സ്’ മുതൽ ‘അനാർക്കലി,’ ‘ഡ്രൈവിങ് ലൈസൻസ്’; വരെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ആളെന്ന നിലയിലും , തന്റെ മിക്ക തിരക്കഥയിലെയും നായക കഥാപാത്രത്തെ അവതരിപ്പിച്ച ആളെന്ന നിലയിലും പൃഥ്വിരാജിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി നൽകിയ മികച്ച തിരക്കഥയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ശക്തി. സിനിമക്ക് അതിന്റെ ആഴം നൽകാൻ സച്ചിയുടെ തിരക്കഥയ്ക്ക് കഴിഞ്ഞു.
ജേക്സ് ബിജോയിയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം. അട്ടപ്പാടിയുടെ തനത് ഗോത്ര പൈതൃകം പേറുന്ന നഞ്ചമ്മ എന്ന തദ്ദേശീയ സ്ത്രീ പാടിയ ഗോത്ര ഗാനം ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. ചിത്രത്തിലെ സംഗീതത്തിൽ വന്യമായ ഭൂമിശാസ്ത്ര സ്വഭാവത്തെക്കൂടി ആവിഷ്കരിക്കാൻ സാധിച്ചിട്ടുണ്ട്. സാങ്കേതികമായി വളരെ മികവു പുലർത്തുന്ന ചലച്ചിത്രത്തിന്റെ ഓരോ ഫ്രെയിമും വ്യത്യസ്തമായ കാഴ്ചാനുഭവമാകും എന്നത് ഉറപ്പാണ്. സുധീപ് ഇളമൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
Read Here: Varane Avashyamund Movie Review: കണ്ടിരിക്കാവുന്ന കുടുംബ ചിത്രം: വരനെ ആവശ്യമുണ്ട് റിവ്യൂ