/indian-express-malayalam/media/media_files/J9i8f4y8UZPDgqOYLbFJ.jpg)
Vishesham Movie Review
വിവാഹാനന്തര ജീവിതവും ഗർഭധാരണവും തമ്മിലുള്ള ഇടവേള ഉണ്ടാക്കുന്ന വൈകാരിക സാമൂഹ്യ പ്രത്യാഘാതങ്ങൾ പൊതുവെ ഇന്ത്യൻ സിനിമ പറയുന്ന ഒരു രീതിയുണ്ട്... ആ രീതിയെ അതു പോലെ പിൻപറ്റി കഥ പറയുന്ന, പുതുതായി ഒന്നും ശേഷിപ്പിക്കാത്ത സിനിമയാണ് 'വിശേഷം.' ഇവിടെ ദമ്പതികൾക്ക് കുഞ്ഞുണ്ടാവുകയെന്നത് അവരുടെ മാത്രം തീരുമാനം ആവാറില്ല പലപ്പോഴും... അതു പോലെ തന്നെ കുഞ്ഞുണ്ടാവുകയെന്നത് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ ഇവിടെ ദമ്പതികൾക്ക് സ്വാതന്ത്ര്യമില്ല.
ഒരു കുഞ്ഞുണ്ടാവാത്തത്തിന്റെ പേരിൽ സ്വയം അനുഭവിക്കുന്ന സംഘർഷത്തിന്റെ ഒപ്പം തന്നെ ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തലിന്റെ ഭാരവും അവർ പേറുന്നുണ്ട്... ഇതിൽ ഏതാണ് അവരുടെ വൈകാരിക, ശാരീരിക, മാനസിക സംഘർഷങ്ങൾക്ക് കാരണമെന്ന് സംവിധായകനും തിരക്കഥയ്ക്കും തുടക്കം മുതൽ അവസാനം വരേ ആശയക്കുഴപ്പമുള്ളതായി തോന്നി. ആ ആശയക്കുഴപ്പം 'വിശേഷം' തുടങ്ങി അവസാനിക്കും വരേ, കാണുന്ന ഓരോ പ്രേക്ഷകരിലേക്കും പടരുന്നത് പോലെ തോന്നി.
കണ്ടന്റ് മാത്രമാണ് 'വിശേഷ'ത്തിന്റെ ഒരേയൊരു ശ്രദ്ധാകേന്ദ്രം. പല നിലക്ക് പറയാവുന്ന പല വിഷയങ്ങൾ സിനിമയിൽ പറയുന്നുണ്ട്. 'കമിങ് ഓഫ് ഏജ്' (Coming of Age) ഗണത്തിൽ പെടുത്താവുന്ന ഒരു അടരിനൊപ്പം ഒരാളുടെ രൂപത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമുള്ള സമൂഹത്തിന്റെ വിധിയെഴുത്തുകളും, അതിൽ കയറിയുള്ള ഇടപെടലുകൾ, മിഡ് ലൈഫ് ക്രൈസിസ്, വിവാഹ മോചനം, പുനർ വിവാഹം, ലൈംഗിക ജീവിതത്തിലെ ബുദ്ധിമുട്ടുകൾ, കുട്ടികൾ, ഫേർട്ടിലിറ്റി ആശുപത്രികളുടെ മറവിലുള്ള തട്ടിപ്പുകൾ തുടങ്ങി ചെറുതും വലുതുമായ ഒരുപാട് വിഷയങ്ങൾ ഒന്നിന് പുറകെ ഒന്നായി 'വിശേഷ'ത്തിൽ കടന്ന് വരുന്നു.
ഇതിനിടയിൽ വളരുന്ന പ്രണയ സിനിമ കൂടിയാണ് 'വിശേഷം' എന്ന് പറയാം. ഈ വിഷയ ബാഹുല്യം തന്നെയാണ് 'വിശേഷ'ത്തെ ഒരു സിനിമയെന്ന നിലയിൽ പുറകോട്ട് നയിക്കുന്നത്. പല വിഷയങ്ങൾ ഒന്നിന് പുറകെ ഒന്നായി ഡോക്യുമെന്റ് ചെയ്ത് തിടുക്കപ്പെടും പോലെയൊരനുഭവമാണ് സിനിമ തരുന്നത്. 'കമിങ് ഓഫ് ഏജ്' സ്വഭാവമുണ്ടെങ്കിലും തിരക്കഥയുടെ ക്ലംസി സ്വഭാവം അതിനെ പൂർണതയിൽ എത്തിക്കാതെ മാറ്റി നിർത്തി.
സാധാരണക്കാരനായ നായകൻ, കഷണ്ടിയുള്ള നായകൻ, താടിയുള്ള നായിക ഒക്കെ ഇപ്പോഴും മലയാള സിനിമക്ക് വിശേഷണങ്ങൾ തന്നെയാണ്. നിങ്ങളിൽ ഒരാളായ നായകനും നായികയും എന്ന മുൻകൂർ ജാമ്യമില്ലാതെ ഇപ്പോഴും മലയാള സിനിമകളിൽ മിക്കവയും പുറത്തിറങ്ങാറില്ല. വിശേഷവും അങ്ങനെ തന്നെയാണ്. ബാഹ്യ രൂപത്തിൽ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന അവകാശ വാദം ഇപ്പോഴും തുടരുന്നു. പിന്നെ ഇത്തരം സിനിമകൾക്കുള്ള മോട്ടിവേഷൻ സ്വഭാവം വളരെയധികം ആവർത്തന വിരസമാവുന്നുണ്ട്. വിശേഷത്തിനും ആ മോട്ടിവേഷൻ സ്വഭാവമുണ്ട്. പരുന്ത് എന്ന മെറ്റഫറും കുഞ്ഞെങ്ങനെ അത്ഭുതമാവുന്നു എന്ന ക്‌ളാസുമൊക്കെ ഒരു മോട്ടിവേഷൻ ക്ലാസിലിരിക്കുന്ന പ്രതീതിയുണ്ടാക്കി. നായകൻ ഒരു മോട്ടിവേഷൻ സ്പീക്കർ ആണെന്ന് പറയാമെങ്കിലും മോട്ടിവേഷന്റെ അതിപ്രസരം പോലെ തോന്നി പലയിടങ്ങളിലും... തമാശക്ക് ശേഷം കണ്ട അത്തരമൊരു ഗണം സിനിമകളുടെ വളരെ വൈകി വന്ന ആവർത്തനമായി തോന്നി വിശേഷം.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വിജയ സാധ്യത ഹാസ്യത്തെ കൂടി ആശ്രയിച്ചായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും മറ്റും അത്തരമൊരു സാധ്യതയുടെ സൂചനകൾ തന്നിരുന്നു. 'വിശേഷ'ത്തിന്റെ ആദ്യത്തേ കുറച്ച് ഭാഗങ്ങളും ആ സാധ്യതയെ ഉപയോഗിക്കും പോലെ തോന്നി. പക്ഷെ പിന്നീട് വളരെ ബ്ലാങ്ക് ആയി സിനിമ മുന്നോട്ട് നീങ്ങി.
സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആണ് കഥ, തിരക്കഥ, ഗാന രചന, സംഗീത സംവിധാനം എന്നിവക്കൊപ്പം 'വിശേഷ'ത്തിലെ നായകനാവുന്നത്. ചിന്നു ചന്ദ്നി നായികയാവുന്നു. സൂരജ് ടോം സംവിധാനം ചെയ്യുന്ന വിശേഷത്തിൽ അൽത്താഫ് സലിം, ജോണി ആന്റണി, ജിലു ജോസഫ്, ബൈജു എഴുപുന്ന, വിനീത് തട്ടിൽ, ഭാനുമതി പയ്യനൂർ, മാല പാർവതി തുടങ്ങി ഒരുപാട് താരങ്ങളുണ്ട്. സ്വന്തം റോളുകൾ ഇവർ പരുക്കുകൾ ഇല്ലാതെ ഭംഗിയാക്കിയെന്നതിൽ സംശയമൊന്നുമില്ല. പക്ഷെ നായകനും നായികയുമൊഴിച്ച് ആർക്കും ഒന്നും ചെയ്യാനില്ല. പാട്ടുകൾ മ്യൂസിക്കൽ സിനിമ പോലെ ഇടക്കിടക്ക് കയറി വരുന്നതും അരോചകമായി തോന്നി.
നല്ല പ്രമേയവും പരീക്ഷിക്കാൻ ഉള്ള ധൈര്യവും കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കലുമൊക്കെ സിനിമ എന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള കലാരൂപത്തിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണ്. പക്ഷെ അത് കാണുന്നവരുടെ മനസ്സിൽ നിൽക്കണമെങ്കിൽ കെട്ടുറപ്പുള്ള തിരക്കഥകളും ആദിമധ്യന്ത പൊരുത്തമുള്ള ദൃശ്യഭാഷയും വേണമെന്ന യാഥാർഥ്യത്തെ 'വിശേഷ'ത്തിന്റെ അലസമായ ഒഴുക്കിലായ്മ ഒന്ന് കൂടി ഓർമിപ്പിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.