/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2024/11/19/trwcG8jgT2d0Tyne3E5r.jpg)
Sookshmadarshini Movie Review & Rating
Sookshmadarshini Movie Review & Rating: സിസി ടിവിയെ പോലും തോൽപ്പിക്കുന്ന നിരീക്ഷണ പാടവമുള്ള അയൽക്കാരെ കുറിച്ച് പൊതുവെ മലയാളികൾ കളി പറയാറുണ്ട്. അയൽപ്പക്കത്തെ വീട്ടിൽ എന്തു നടക്കുന്നു എന്നു ഒളിഞ്ഞും തെളിഞ്ഞും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതാണ് അവരിൽ പലരുടെയും പ്രധാന ഹോബി. അത്തരമൊരു അയൽപ്പക്കത്തിന്റെ കഥയാണ് സൂക്ഷ്മദർശിനി പറയുന്നത്. എന്നാൽ വെറുതെ ഒരു അയൽപ്പക്കത്തിന്റെ കൊച്ചുവിശേഷങ്ങൾ പറഞ്ഞുപോവുകയല്ല, പതിയെ പതിയെ ഒരു മിസ്റ്ററിയുടെ കുരുക്ക് അഴിക്കുന്നുമുണ്ട് സൂക്ഷ്മദർശിനി. പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തി ഒടുക്കം വരെ വളരെ എൻഗേജിംഗായി കഥ പറഞ്ഞു പോവുകയാണ് സൂക്ഷ്മദർശിനി.
മൈക്രോ ബയോളജി ബിരുദധാരിയാണ് പ്രിയദർശിനി. ഭർത്താവിനും മകൾക്കുമൊപ്പം അൽപ്പം ഗ്രാമാന്തരീക്ഷമുള്ള ഒരു നാട്ടിലാണ് പ്രിയദർശിനിയുടെ താമസം. അതിബുദ്ധിയും നിരീക്ഷണപാടവുമൊക്കെ ഒരു പൊടിയ്ക്ക് കൂടുതലാണ് പ്രിയദർശിനിയ്ക്ക്. അയൽപ്പക്കത്തുള്ളവരായി നല്ല ബന്ധത്തിലാണ് പ്രിയദർശിനിയും കുടുംബവും. അയൽക്കാരികൾക്കൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പിലും സജീവസാന്നിധ്യമാണ് പ്രിയദർശിനി.
ആയിടയ്ക്ക്, പ്രിയദർശിനിയുടെ വീടിനോട് തൊട്ടുകിടക്കുന്ന വീട്ടിൽ പുതിയ താമസക്കാർ എത്തുന്നു. വർഷങ്ങൾക്കുമുൻപു നാട്ടുവിട്ടുപോയ മാനുവലും പ്രായമായ അമ്മച്ചിയും തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. നാട്ടുകാരുമായി വളരെ എളുപ്പത്തിൽ മാനുവൽ അടുക്കുന്നു, എല്ലാവർക്കിടയിലും നല്ല കുട്ടി ഇമേജാണ് മാനുവലിന്. എന്നാൽ പ്രിയദർശിനിയ്ക്ക് മാനുവലിൽ എന്തോ ഒരു അസ്വാഭാവിക തോന്നുന്നു. അൽപ്പം സംശയദൃഷ്ടിയോടെയാണ് പ്രിയദർശിനി പിന്നീടങ്ങോട്ട് മാനുവലിനെ നിരീക്ഷിക്കുന്നത്. പ്രിയദർശിനിയുടെ സൂക്ഷ്മദർശിനി കണ്ണുകൾ വിടാതെ മാനുവലിനെ നിരീക്ഷിക്കുന്നു.
ശരിക്കും എന്താണ് മാനുവൽ ഒളിപ്പിക്കുന്നത്? പ്രിയദർശിനിയുടെ ഇന്റ്യൂഷനുകളിൽ എന്തെങ്കിലും കാര്യമുണ്ടോ? അതോ, പ്രിയദർശിനിയ്ക്ക് തോന്നിയ സംശയങ്ങളെല്ലാം വെറും തോന്നലുകളാണോ? ചിത്രം കണ്ടിരിക്കെ നിരവധി സംശയങ്ങൾ പ്രേക്ഷകരിൽ ഉടലെടുക്കും. ഈ സംശയങ്ങളും ജിജ്ഞാസയും ക്ലൈമാക്സ് വരെ അതുപോലെ തന്നെ നിലനിർത്തി കൊണ്ടാണ് സംവിധായകൻ എംസി 'സൂക്ഷ്മദര്‍ശിനി'യുടെ കഥ പറയുന്നത്.
ഡിറ്റക്ടീവ് ബുദ്ധിയുള്ള പ്രിയദർശിനിയായി നസ്രിയ എത്തുമ്പോൾ, അൽപ്പം ഡാർക്ക് ഷേഡിലുള്ള മാനുവൽ എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. പ്രിയദർശിനിയായി മറ്റൊരാളെ സങ്കൽപ്പിക്കാനാവാത്ത രീതിയിൽ മനോഹരമായി തന്നെ നസ്രിയ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരേസമയം നല്ലവനും കെട്ടവനുമാകുകയും നിഗൂഢതകൾ പേറുകയും ചെയ്യുന്ന മാനുവൽ എന്ന കഥാപാത്രം ബേസിലിന്റെ കയ്യിൽ ഭദ്രമാണ്. നായകൻ, സഹനടൻ, ഡാർക്ക് ഷേഡ് കഥാപാത്രങ്ങൾ എന്നിങ്ങനെ എല്ലാതരം വേഷങ്ങളും ഒരുപോലെ തിരഞ്ഞെടുക്കുന്ന ബേസിലിന്റെ സിനിമാ സെലക്ഷൻ പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്.
സിദ്ധാർത്ഥ് ഭരതൻ, ദീപക് പറമ്പോല്‍, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. പ്രധാന കഥാപാത്രങ്ങൾക്കു മാത്രമല്ല, ചിത്രത്തിൽ വന്നുപോവുന്ന ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ക്യാരക്ടർ ആർക്കും ഡീറ്റെയിലിംഗും നൽകാൻ സംവിധായകൻ എംസി ശ്രമിച്ചിട്ടുണ്ട്.
സൂക്ഷ്മദർശിനിയുടെ നട്ടെല്ല് അതിന്റെ തിരക്കഥ തന്നെയാണ്. ലിബിൻ ടിബിയും അതുൽ രാമചന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. തുടക്കം മുതൽ ക്ലൈമാക്സ് വരെ, ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്തുന്നുണ്ട് അണിയറപ്രവർത്തകർ. മാനുവലിനു പിന്നാലെ തന്റെ അന്വേഷണവുമായി പ്രിയദർശിനി മുന്നോട്ടു പോവുമ്പോൾ, എന്താണ് യഥാർത്ഥ പ്രശ്നം, എന്താണ് മാനുവൽ ഒളിപ്പിക്കുന്നത് എന്ന അന്വേഷണത്വരയിലാണ് പ്രേക്ഷകരും എത്തിച്ചേരുക.
ഒരു സസ്പെൻസ് ത്രില്ലർ ആവശ്യപ്പെടുന്ന അന്തരീക്ഷവും മൂഡുമൊക്കെ ഒരുക്കുന്നതിൽ ചിത്രത്തിന്റെ ടെക്നിക്കൽ ഡിപ്പാർട്ട്മെന്റുകളും വിജയിച്ചിട്ടുണ്ട്. ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും ക്രിസ്റ്റോ സേവ്യറുടെ സംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
വളരെ കൺവീൻസിംഗായി അവതരിപ്പിക്കപ്പെട്ട കെട്ടുറപ്പുള്ള ഒരു തിരക്കഥ, അഭിനേതാക്കളുടെ മികച്ച പ്രകടനം, ചിത്രത്തിന്റെ ക്രാഫ്റ്റ് എന്നിവയെല്ലാം സൂക്ഷ്മദർശിനിയെ ഒരു മസ്റ്റ്- വാച്ച് ചിത്രമാക്കി മാറ്റുന്നു. തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട ഉദ്വേഗം നിറഞ്ഞൊരു സസ്പെൻസ് ത്രില്ലറാണ് സൂക്ഷ്മദർശിനി.
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
- ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.