scorecardresearch

ബുസാന്‍ രാജ്യാന്തരചലച്ചിത്രമേളയിലേക്ക് ജനല്‍പ്പാളികള്‍ തുറന്ന് സഞ്ജു സുരേന്ദ്രന്റെ 'ഖിഡ്കി ഗാവ്'

അതീവലളിതമായി, യാതൊരു നാടകീയതയുമില്ലാതെ, ഡയലോഗുകളുടെ ഭാരമില്ലാതെ, ആരുടെ സംവിധാനമികവ്, അഭിനയമികവ്, എഡിറ്റിങ് മികവ് എന്നൊന്നും ആലോചിക്കാനിടം നല്‍കാതെ അനായാസഭംഗിയോടെയാണ് ഈ ചിത്രത്തിന്റെ ചലനം

അതീവലളിതമായി, യാതൊരു നാടകീയതയുമില്ലാതെ, ഡയലോഗുകളുടെ ഭാരമില്ലാതെ, ആരുടെ സംവിധാനമികവ്, അഭിനയമികവ്, എഡിറ്റിങ് മികവ് എന്നൊന്നും ആലോചിക്കാനിടം നല്‍കാതെ അനായാസഭംഗിയോടെയാണ് ഈ ചിത്രത്തിന്റെ ചലനം

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
If on a Winters Night Khidki Gaav

റോഷനും ഭാനുപ്രിയയും ഇഫ് ഒണ്‍ എ  വിന്റേഴ്‌സ് നൈറ്റിൽ (ഖിഡ്കി ഗാവ്)

സഞ്ജു സുരേന്ദ്രന്‍ എന്ന സംവിധായകന്റെ രണ്ടാമത്തെ ഫീച്ചര്‍ഫിലിം 'ഖിഡ്കി ഗാവ് ' അഥവാ  'ഇഫ് ഒണ്‍ എ  വിന്റേഴ്‌സ് നൈറ്റ് 'കണ്ടിരിക്കുമ്പോള്‍ ഒരു മെട്രോനഗരത്തിന്റെ ഉള്‍ത്താളുകള്‍ മറിയുന്നതുപോലയാണ് തോന്നുക. ഒരു പക്ഷേ, ഏതു മെട്രോനഗരവുമാവാം അത്. ഇക്കഥയിലത് ദില്ലിയാണ്. ശരിക്കു പറഞ്ഞാല്‍ ദില്ലിയിലെ ഖിഡ്ക്കിഗാവ്.

Advertisment

എസ് ഹരീഷിന്റെ മൂന്നു ചെറുകഥകളെ ആധാരമാക്കി 2017ല്‍ സംവിധാനം ചെയ്ത 'ഏദന്‍' അഥവാ 'ഗാര്‍ഡന്‍ ഓഫ് ഡിസയര്‍' എന്ന ഫീച്ചര്‍ഫിലിമിലൂടെ  സംസ്ഥാന-ദേശീയ തലത്തില്‍ നിരവധി ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ സഞ്ജു സുരേന്ദ്രന്‍  ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് മറ്റൊരു സിനിമയായി  പ്രത്യക്ഷപ്പെടുന്നത്.

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

'ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്  എ ട്രാവലെര്‍ '- ഇറ്റാലോ കാല്‍വിനോയുടെ ഒരു നോവലാണ്. ആ ടൈറ്റിലില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ ഇംഗ്‌ളീഷ് ടൈറ്റില്‍. 'ഖിഡ്കി ഗാവ് ' എന്ന പേരാവട്ടെ ജീവന്‍വച്ചത്, പേരില്‍ ജാലകമുള്ള ഒരു നാടിനോടുള്ള സംവിധായകന്റെ കൗതുകത്തില്‍ നിന്നാണ് .

നാലു മലയാളി ചെറുപ്പക്കാരാണ് സിനിമയുടെ ചിത്രപടം നീര്‍ത്തുന്നത്. അവരാരും കോളേജ് പഠനം കഴിഞ്ഞിട്ടധികനാളായിക്കാണില്ല. ജോലി തേടി, ജീവിതം തേടി, താവളം തേടി കേരളത്തില്‍നിന്ന്  ദില്ലിയിലെത്തി, ദില്ലിയുടെ തിരക്കും തണുപ്പും ഹിന്ദിയും ഗലികളും മാര്‍ക്കറ്റുകളും ഈരടികളും അനുഭവിക്കുകയാണ് അഭിയും സാറയും സൈമണും ഗോപികയും.

Advertisment

If on a Winters Night Khidki Gaav 2

കുടുംബപശ്ചാത്തലങ്ങള്‍ കഥയില്‍ സൂചനകള്‍ മാത്രമാണ്. സ്വജീവിതം സ്വയം ഒരുക്കൂട്ടുന്ന പുതുതലമുറയുടെ പ്രതിനിധികളാണ് നാലുപേരും. അവര്‍ ദില്ലിയിലാണ് എന്നുള്ളതില്‍ കവിഞ്ഞ് അവരെന്തുകൊണ്ട് എങ്ങനെ ദില്ലിയില്‍, എങ്ങനെ അവര്‍ സൗഹൃദക്കണ്ണികളായി എന്നൊന്നും കഥ പുറകോട്ട് പോകുന്നില്ല എന്നതാണ് ഈ സിനിമയിലെ കൗതുകം. 

Also Read:  Vala movie review:  തിളങ്ങി ലുക്മാനും രവീണയും, മെച്ചപ്പെട്ട് ധ്യാൻ ശ്രീനിവാസൻ, വള റിവ്യൂ

ഈ സിനിമ എപ്പോഴും മുന്നോട്ടാണ് പോകുന്നത്. അവരോരുത്തരും അവരവരുടെ ഇടങ്ങള്‍ കണ്ടുപിടിക്കുന്നതിന്റെ തത്രപ്പാടിലും നിസ്സഹായതയിലുമാണ്. ഇടം എന്നു പറയുമ്പോള്‍ ഇക്കഥയിലത് ഒരാള്‍ക്ക് താമസസ്ഥലമാണെങ്കില്‍ മറ്റൊരാള്‍ക്ക്  വൈകാരികസുരക്ഷിതത്വമാണ്, ഇനിയുമൊരാള്‍ക്കത് സാമ്പത്തികഭദ്രതയാണ്.

ഇതിലേറ്റവും  പ്രധാന കഥാപാത്രം തെക്കന്‍ ദില്ലിയുടെ പളപളപ്പില്‍ മുങ്ങിനിവരുമ്പോഴും പൗരാണികതയുടെ മുഖഛായ മുറുകെ പിടിക്കുന്ന ഖിഡ്ക്കിഗാവ് തന്നെയാണ്. ഈ ഇടമാണ് കഥയിലേക്കും സിനിമയിലേക്കുമുള്ള 'ജാലകങ്ങള്‍' തുറക്കുന്നത്. അതീവലളിതമായി, യാതൊരു നാടകീയതയുമില്ലാതെ, ഡയലോഗുകളുടെ ഭാരമില്ലാതെ, ആരുടെ സംവിധാനമികവ്, അഭിനയമികവ്, എഡിറ്റിങ് മികവ് എന്നൊന്നും ആലോചിക്കാനിടം നല്‍കാതെ അനായാസഭംഗിയോടെയാണ് ഈ ചിത്രത്തിന്റെ ചലനം. നമ്മളെയും കൂടെ കൂട്ടി, നമ്മുടെ തോളത്ത് കൈയിട്ട്, നമ്മുടെയൊക്കെ ജീവിതത്തിലൂടെയും ഒന്നു കേറിയിറങ്ങി- വളരെ സ്വാഭാവികമാണ് അംഗോപാംഗം ഈ സിനിമ.

അതൊക്കെ കൊണ്ടാവാം സഞ്ജുവിന്റെ ഈ സിനിമ, സെപ്റ്റംബര്‍ 17 മുതല്‍ 26 വരെ ദക്ഷിണകൊറിയയില്‍ നടക്കുന്ന ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ വിഷന്‍ ഏഷ്യ വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കാന്‍ ചലച്ചിത്രമേളയില്‍  'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് 'എന്ന ചലച്ചിത്രത്തിന്  ഗ്രാന്‍ഡ് പ്രീ നേടിയ പായല്‍ കപാഡിയ ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായതിനു പിന്നിലും  ഇക്കാരണങ്ങള്‍ തന്നെയാവാം.

Also Read:  Mirage Review: ആദ്യാവസാനം സസ്പെൻസ് നിലനിർത്തി, ത്രില്ലടിപ്പിച്ച് മിറാഷ്; റിവ്യൂ

കഥയില്‍, ഫിലിം ഫെസ്റ്റിവലിനോട് ബന്ധപ്പെട്ട ദില്ലി ഓഫീസില്‍ ജോലി, സാറയ്ക്ക്.   ചിത്രംവര കൊണ്ട് ജീവിതം വരയ്ക്കാമെന്ന വഴിയേ പോകുന്ന  അവളുടെ കൂട്ടുകാരന്‍ അഭി. അവരുടെ പ്രണയം, അവരുടെ വാടക അപ്‌സ്റ്റെയര്‍. അവര്‍ ദില്ലിയില്‍ വന്നിറങ്ങുമ്പോള്‍ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്ന സൈമണ്‍, അവരുടെ ആ കുഞ്ഞുതാമസയിടത്തില്‍ വന്നുപോകുന്നതും അതവന്റെ വീടാണെന്ന് അവന്റെ പ്രണയിനിയെ വിശ്വസിപ്പിക്കുന്നതും ആ നുണ പൊളിയുന്നതും കഥയിലെ ഒരിഴ. 

If on a Winters Night Khidki Gaav 3

അവരുടെ താമസയിടത്തിലേക്ക് പറഞ്ഞും പറയാതെയും ചോദിക്കാതെയും വിളിക്കാതെയും കയറിവരുന്ന ഉത്സാഹപ്പെണ്‍കുട്ടി ഗോപിക, മറ്റൊരിഴ.
ആ അപ്‌സ്റ്റെയര്‍-ഇടത്തിന്റെ ഇലക്ട്രിസിറ്റി വാടക, വാട്ടര്‍ബില്‍ എന്നൊക്കെ കണക്കുനിരത്തുന്ന താഴത്തെ നിലയിലെ വയസ്സു ചെന്ന മക്കാന്‍മാലിക്കും മാലിക്കിനും എന്ന രണ്ടു കഥാപാത്രങ്ങള്‍, പിന്നെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെയായി അവര്‍ ചൊരിയുന്ന  ഇടപെടലുകളും ഉപദേശങ്ങളും എന്നിങ്ങനെ  അവര്‍  ചേര്‍ന്നു തുന്നുന്ന  വേറൊരിഴ.

Also Read:  സൽമാൻ ഖാന്റെ ഐബാഗുകൾ മറയ്ക്കാൻ വിഎഫ്എക്സിനു നൽകിയത് 8 ലക്ഷം: വെളിപ്പെടുത്തി സംവിധായകൻ

ഇത്രയൊക്കെ ഇഴകളേയുള്ളു  ഈ സിനിമയുടെ പ്രത്യക്ഷത്തിലുള്ള പോക്കില്‍. പൈസയും താമസയിടവും ഭാഷയും  പ്രശ്‌നഭരിതമാക്കുന്ന  ഒരപരിചിതനഗരം എങ്ങനെയാണ്  ജീവിതം കൊടും തണുപ്പായിത്തീരുന്ന ചില ഭീകരനിമിഷങ്ങളിലും വാലെന്റൈന്‍ പ്രതീക്ഷയുടെ വലിയ ഹോര്‍ഡിങ്ങിനു ചാരെയിരുത്തി മിഠായിമധുരമുള്ള ഒരു ജീവിതവാഗ്ദാനമാവുന്നതെന്ന് കാണിച്ചുതരുന്നുണ്ട്  ഈ സിനിമ അതിന്റെ ഉള്ളുകള്ളികളിലൂടെ.

തിരക്കഥ ഒരുക്കിയിരിക്കുന്നത് സോഷ്യല്‍ ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ രേഖാരാജാണ്. എവിടെയും കനം തോന്നാത്ത വിധത്തില്‍ ലളിതസുന്ദരമായാണ് രേഖ, ഈ യുവത്വനിമിഷങ്ങളെ സിനിമയിലേക്ക് പിടിച്ചെടുത്തിരിക്കുന്നത്.

Khidki Gaav
If on a Winter's Night (Khidki Gaav)

Also Read:  വിജയത്തേക്കാൾ പ്രധാനം ആളുകളാണെന്ന് ദീപിക; ഇത് കൽക്കി നിർമാതാക്കൾക്കുള്ള മറുപടിയല്ലേ എന്ന് ആരാധകർ

റോഷന്‍ അബ്ദുല്‍ റഹൂഫും ഭാനുപ്രിയയുമാണ് യഥാക്രമം അഭി, സാറ എന്നീ പ്രധാനകഥാപാത്രങ്ങള്‍ക്ക് മിഴിവ് നല്‍കുന്നതെങ്കിലും സിനിമയ്ക്ക് പ്രസാദാത്മകത നല്‍കുന്നതില്‍ സൈമണിനെ അവതരിപ്പിച്ച ജിതേഷ് റേച്ചല്‍ സാമുവലിനും ഗോപികയെ അവതരിപ്പിച്ച ആരതിയ്ക്കും ഉള്ള പങ്ക് ചെറുതല്ല. ഭാനു, റേഡിയോ മാംഗോയുടെ ആര്‍ ജെയാണ്, കുച്ചിപ്പുഡി നര്‍ത്തകിയുമാണ്, കൂടാതെ സിനിമാഭിനയവുമുണ്ട്.

റോഷന്‍ , 'ഒരു അഡാര്‍  ലവി 'ലും 'റോന്തി'ലും അഭിനയിച്ചിട്ടുണ്ട്. ആരതി, മുംബൈയിലെ  വിസിലിങ് വുഡ്‌സ് ഫിലിം സ്‌ക്കൂളിന്റെ പ്രോഡക്റ്റാണ്. ജിതേഷ്, കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍,  സംവിധായകന്‍ സഞ്ജുവിന്റെതന്നെ വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്നവരേക്കാള്‍, ഇനി നിലനില്‍ക്കാനിടയുള്ളവരെ തന്റെ സിനിമയ്ക്കുവേണ്ടി തെരഞ്ഞുപിടിക്കുന്നതിലെ സഞ്ജുവിന്റെ പരീക്ഷണാത്മകമായ നീക്കങ്ങള്‍ വിജയത്തിലെത്തുന്നത് ഞാന്‍ ഇതില്‍ മാത്രമല്ല 'ഏദനി 'ലും കണ്ടിട്ടുണ്ട്.

If on a Winters Night Khidki Gaav 1

കൂടിയാട്ടം അടിസ്ഥാനമാക്കി  ചെയ്ത 'കപില' എന്ന ഡോക്യുമെന്ററിയ്ക്ക് ലഭിച്ച  നാഷണല്‍ അവാര്‍ഡിലൂടെയാണ്  സഞ്ജു ശ്രദ്ധേയനായത് എങ്കിലും  'ഏദന്‍ ' എന്ന ഫീച്ചര്‍ഫിലിമിലൂടെ കൈവന്ന സംസ്ഥാന, ദേശീയ ഫിലിം അവാര്‍ഡുകളാണ് സഞ്ജുവിന്റെ സംവിധാനമികവിന് അടിവരയായത് എന്നു ഇന്റര്‍നെറ്റ്.

Also Read:  New Release: സീ5ൽ കാണാം 10 ഹിറ്റ് ചിത്രങ്ങൾ

എനിയ്ക്ക് പക്ഷേ ഇതിനെല്ലാംമുമ്പേ, അതായത് ഏതാണ്ട് ഇരുപതുകൊല്ലമായി  ഈ സഞ്ജു സുരേന്ദ്രനെ  അറിയാം. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (FTII) പഠനകാലത്ത് സഞ്ജു ചെയ്ത 'തീരം' എന്ന സ്റ്റുഡന്റ് ഫിലിമിന്  'അച്ഛന്‍ ' എന്ന എന്റെ  ചെറുകഥ അവലംബമായതോടെ തുടങ്ങിയ സൗഹൃദമാണിത്. FTIIയിലെ കൂട്ടുകാരായി  അക്കാലത്തും തുടര്‍ന്നും  ഞാന്‍ നിരന്തരം സഞ്ജുവില്‍നിന്നു കേട്ടിരുന്ന ചില പേരുകള്‍ ഈ സിനിമയുടെ പശ്ചാത്തലവിവരങ്ങളില്‍ തെളിയുന്നുണ്ട് -  എഡിറ്ററായി പ്രവീണ്‍ എം കെയും  ചീഫ് അസോസിയേറ്റ് ഡയറക്റ്ററായി  ഡേവിസ് മാനുവലും സിനിമാറ്റോഗ്രഫറായി മനേഷ്  മാധവനും. രണ്ടുതവണ കേരളാ സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടിയ സിനിമാറ്റോഗ്രഫറാണ് മനേഷ്.

Khidki Gaav 1
ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനും സംഘവും

സിനിമയെടുക്കുമ്പോള്‍ ഒരിയ്ക്കലും തന്റെ സങ്കല്പങ്ങളില്‍, സമീപനങ്ങളില്‍, തെരഞ്ഞെടുപ്പുകളില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊരുങ്ങാത്ത സഞ്ജുവിനെ കൃത്യമായറിയുന്ന കൂട്ടുകാരാണ് സഞ്ജുവിന്റെ ബലം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തുടക്കത്തില്‍ 'തീര'ത്തു നിന്നിരുന്ന ഒരാള്‍, ഏഷ്യയിലെ ഏറ്റവും പ്രസ്റ്റീജിയസായ സിനിമാഫെസ്റ്റിവലുകളില്‍ ഒന്നായ ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് പറന്നിരിക്കുകയാണ്.  'ഖിഡ്ക്കിഗാവ്' അംഗീകാരങ്ങളിലേക്ക് അതിന്റെ ജനല്‍പ്പാളികള്‍ തുറക്കുന്നത്, എന്റെ ജനലോരത്തിരുന്ന് ഞാന്‍ സ്വപ്‌നം കാണുന്നു.

Also Read:  ലാലേട്ടൻ കൊടുത്ത ആ വാക്ക് സത്യമായി; സിനിമയിൽ അരങ്ങേറ്റം കുറിച്ച് അർജുൻ

Film Festival Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: