/indian-express-malayalam/media/media_files/3QXcypAGiDXCpW7Xojtz.jpg)
Photo. Facebook/Mohanlal
'നേര്' കണ്ടിറങ്ങി വന്നു മോഹൻലാലിന്റെ ആരാധകർ ആവേശപ്പെടുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്തേണ്ട കാര്യമില്ല. അദ്ദേഹത്തിലെ നടൻ ചെയ്യുന്ന മാജിക് ആണ് ഓരോ ആരാധകന്റെയും സന്തോഷമായി, ആവേശമായി തിയേറ്ററിൽ നമ്മൾ കാണുന്നത്. എന്നാൽ 'നേര്' കണ്ടിറങ്ങി വന്ന്, 'ഞാൻ ലാലേട്ടന്റെ കട്ട ഫാനാണ്, അഭിനയം സൂപ്പറാണ്, ' എന്ന് കൊല്ലം സ്വദേശി വിഷ്ണു ഇത് പറയുമ്പോൾ അത് നമ്മളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ചയായി. കാരണം വിഷ്ണു കാഴ്ച്ച പരിമിതിയുള്ള ആളാണ്. കടുത്ത മോഹൻലാൻ ആരാധകനായ ഇദ്ദേഹം 'ഒടിയൻ' സിനിമയ്ക്ക് ശേഷം തിയേറ്ററിൽ എത്തുന്നത് 'നേര്' കാണാൻ ആയിരുന്നു.
മോഹൻലാലിനെ ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹുമുണ്ട് എന്ന് വിഷ്ണു പറയുന്നത് വിഡിയോയിൽ കാണാം. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനു പിന്നാലെയാണ് ഇത് മോഹൻലാലിന്റെ ശ്രദ്ധയിൽ പെടുന്നതും വിഷ്ണുവിനെ നേരിട്ട് കാണാം എന്ന് മോഹൻലാൽ തീരുമാനിക്കുന്നത്.
അങ്ങനെ 'നേരിന്റെ' സക്സസ് സെലിബ്രേഷൻ വേളയിൽ വിഷ്ണുവിന് ക്ഷണം കിട്ടി. ലാലേട്ടനൊപ്പം സെൽഫിയെടുക്കണമെന്ന ആഗ്രഹവും വിഷ്ണുവിന് സാധിക്കാനായി. 'നേരിലെ' അഭിനയം മികച്ചതാണെന്നും ഇന്ത്യയിൽ ഇതു പോലെ അഭിനയിക്കുന്ന മറ്റൊരു നടൻ ഉണ്ടാവുമോ എന്ന് സംശയമാണെന്നും വിഷ്ണു പുഞ്ചിരിച്ചു കൊണ്ട് പറയുമ്പോൾ മോഹൻ ലാൽ മാത്രമല്ല ഒപ്പമുള്ളവരെല്ലാം അത്ഭുതം കൂറി.
വ്യാഴാഴ്ചയാണ് 'നേര്' തിയേറ്ററുകളിൽ എത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിനു നല്ല പ്രേക്ഷക-നിരൂപക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഒരിടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം വിജയിക്കുന്നതിന്റെ ത്രില്ലിൽ ആണ് ലാൽ ഫാൻസ്.
പരാജയങ്ങളെയെല്ലാം എഴുതിത്തള്ളുന്ന വിജയം; 'നേര്' റിവ്യൂ
സാറ എന്ന പെൺകുട്ടി ഒരു ദിവസം അജ്ഞാതനായ ഒരു ചെറുപ്പക്കാരനാൽ റേപ്പ് ചെയ്യപ്പെടുകയാണ്. ദൃക്സാക്ഷികളൊന്നുമില്ലാത്ത ആ കേസിൽ പ്രതിയിലേക്കു നയിക്കുന്ന നിർണായകമായ സൂചന നൽകുന്നത് സാറ തന്നെയാണ്. സംശയാസ്പദമായ സാഹചര്യം പരിഗണിച്ച് ആ ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ ഇവിടെ പ്രതി നിസ്സാരക്കാരനല്ല, സ്വാധീനമുള്ളയാളാണ്. മൈക്കിളിനെ രക്ഷിച്ചെടുക്കാനായി പേരുകേട്ട വക്കീൽ തന്നെ എത്തുന്നു. സാറയുടെ കേസ് ആര് ഏറ്റെടുക്കും? എന്നത് ചോദ്യചിഹ്നമാവുന്നിടത്തേക്കാണ് അഡ്വക്കേറ്റ് വിജയമോഹൻ എത്തുന്നത്. നീതി തേടിയുള്ള സാറയുടെയും അഡ്വക്കേറ്റ് വിജയമോഹൻ്റെയും ശ്രമകരമായ യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്.
ആത്മവിശ്വാസം നഷ്ടപ്പെട്ട, താൻ ഈ ജോലിയ്ക്ക് ഫിറ്റല്ലെന്നു വിശ്വസിച്ച് ഒതുങ്ങികൂടി കഴിയുന്ന വിജയമോഹനിൽ നിന്നും സത്യം തെളിയിക്കാനായി സാധ്യമായ എല്ലാ വഴികളിലൂടെയും സഞ്ചരിക്കുന്ന മിടുക്കൻ അഭിഭാഷകനായി മോഹൻലാൽ കത്തികയറുകയാണ്. മിതത്വത്തോടെയും വളരെ കൺവീൻസിംഗായുമാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ നിർമിതി. ഇതുവരെ കാണാത്തൊരു മോഹൻലാലിനെ കൂടിയാണ് നേര് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മറ്റൊരാൾ അനശ്വര രാജനാണ്. കാഴ്ചപരിമിതിയുള്ള ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥകളും കടന്നുപോവുന്ന ഇമോഷൻസും അവളിലെ പോരാട്ടവീര്യവുമൊക്കെ മനോഹരമായി തന്നെ അനശ്വര പോർട്രൈ ചെയ്തിട്ടുണ്ട്. അനശ്വരയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് നേരിലെ സാറ. എതിർഭാഗം വക്കീലായി എത്തുന്ന സിദ്ദിഖാണ് പ്രകടനം കൊണ്ട് ശ്രദ്ധ കവരുന്ന മറ്റൊരാൾ. പ്രേക്ഷകർക്ക് അങ്ങേയറ്റം ദേഷ്യവും വെറുപ്പും തോന്നുന്ന രീതിയിൽ ഒരു ക്രൂക്കഡ് വക്കീലായി അഴിഞ്ഞാടുകയാണ് സിദ്ദിഖ്. ജഗദീഷ്, ശ്രീധന്യ, പ്രിയാമണി, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങി ചിത്രത്തിലെ മറ്റു അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
എന്താണ് സാറയ്ക്ക് സംഭവിച്ചത്? ആരാണ് പ്രതി? ആരുടെ ഭാഗത്താണ് നീതി? എന്നൊക്കെ കൃത്യമായി സിനിമയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കി കൊണ്ടാണ് ജീത്തു ജോസഫും സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകൽ പോലെ തെളിച്ചമുള്ള സത്യത്തെ, ക്രിമിനൽ ബുദ്ധിയുള്ള രാജശേഖരന്റെ വാദങ്ങളെയും പ്രതിയുടെ സ്വാധീനത്തെയും മറികടന്ന് വിജയമോഹൻ എങ്ങനെ കോടതിയ്ക്കു മുന്നിൽ തെളിയിക്കും എന്നിടത്താണ് ചിത്രത്തിന്റെ എസെൻസ് കിടക്കുന്നത്.
Read Here
- ഭര്ത്താവിനെ ഇന്സ്റ്റയില് ഫോളോ ചെയ്യാറില്ല, കാരണം തമന്ന; രംഭ
- ഇടിയോ ആക്ഷനോ, എന്തിനും തയ്യാർ: ടൊവിനോ ചിത്രത്തിൽ ജോയിൻ ചെയ്ത് തൃഷ
- അണ്ണനും തമ്പിയും ഒത്തുച്ചേർന്നാൽ; ആരാധകർക്കതിൽപരം എന്തുവേണം!
- ഉടൽ ഒടിടിയിലേക്ക്; കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്നറിയാൻ പോലും ഇത്രയും കാത്തിരുന്നിട്ടില്ലെന്ന് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.