/indian-express-malayalam/media/media_files/8Ko0g5fdRrPzNk95tqNL.jpg)
Marivillin Gopurangal Movie Review
Marivillin Gopurangal Movie Review: "മാരിവില്ലിൻ ഗോപുരങ്ങൾ വെണ്ണിലാവാൽ മച്ചകങ്ങൾ" സമ്മർ ഇൻ ബാത്‌ലഹേമിലെ അതിപ്രശസ്തമായ പാട്ടിലെ ഈ വരികളിൽ നിന്നാണ് അരുൺ ബോസ്സിന്റെ പുതിയ സിനിമക്ക് പേരിട്ടത്. ആദ്യ കേൾവിയിൽ രജിസ്റ്റർ ചെയ്യുന്ന പേര് എന്നതിലുപരി സിനിമയുടെ കഥാഗതിയുമായി ചേർന്ന് നിൽക്കുന്ന പേരാണിത്.
ലൂക്കക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമ കുടുംബ ബന്ധങ്ങൾ, ദാമ്പത്യം, അതിജീവനം, അതിലെ പല അടരുകൾ ഒക്കെ ചർച്ച ചെയ്യുന്നു. ചർച്ച തിരക്കഥയായി വികസിപ്പിക്കുന്നതിനിടയിൽ സിനിമക്ക് വ്യക്തത നഷ്ടപ്പെട്ടതായി പലയിടത്തും തോന്നി. ലൂക്ക വളരെ തീവ്രമായ പ്രണയകഥയായിരുന്നു. മാരിവില്ലിൻ ഗോപുരങ്ങൾ പ്രണയാനന്തര ജീവിതത്തെ കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നത്. ആശയവ്യക്തതക്കുറവാണ് പക്ഷെ മാരിവില്ലിൻ ഗോപുരങ്ങളുടെ ആകെത്തുക.
പ്രണയിച്ചു വിവാഹം ചെയ്തവരാണ് ഷിന്റോയും ഷെറിനും. ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനുമാണ് ഈ വേഷങ്ങളിലെത്തുന്നത്. സാമ്പത്തിക അസ്ഥിരതയും കരിയറിൽ എവിടെയും എത്താത്തതുമൊക്കെ ഇവരെ നന്നായി അലട്ടുന്നുണ്ട്. സിനിമാ മോഹിയായ ഷിന്റോയും ബിസിനസിൽ തുടക്കക്കാരിയായ ഷെറിനും കനത്ത മാനസിക സംഘർഷമനുഭവിക്കുന്നുണ്ട്. അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് ഷിന്റോയുടെ അനുജനും പങ്കാളിയുമെത്തുന്നു. പിന്നീട് ഉണ്ടാവുന്ന സംഭവങ്ങളിലൂടെ കഥ നീങ്ങുന്നു. ഫീൽ ഗുഡ് മൂഡിൽ കഥ പറയുന്ന സിനിമ പിന്നീട് ഇവരുടെ പല വിധ വൈകാരിക സംഘർഷങ്ങളിലൂടെ കടന്നു പോവുന്നു. ആ സംഘർഷങ്ങൾ കടന്ന് വരുന്നതിനപ്പുറം തിരക്കഥക്കുള്ളിൽ തന്നെ ആശയവ്യക്തതക്കുറവ് നിഴലിച്ചു കാണാം.
വിവാഹാനന്തരം കുട്ടികൾ വേണ്ടെന്നു വെക്കുന്നതും വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിച്ചു കുട്ടികൾ ഉണ്ടാവുന്നതും വ്യക്തിപരമായ തീരുമാനങ്ങളാണെന്നൊക്കെ പറയുമെങ്കിലും അതിനെ അത്തരം തീരുമാനങ്ങളെടുക്കുന്നവരെ ചുറ്റുമുള്ള സമൂഹം എങ്ങനെ കാണുന്നുവെന്നത് വളരെയധികം പ്രധാനപ്പെട്ട വിഷയമാണ്. ഈ വിഷയത്തിലൂടെയാണ് മാരിവില്ലിൻ ഗോപുരങ്ങൾ ചിലയിടങ്ങളിൽ കടന്നു പോകുന്നത്. പക്ഷെ അതിൽ സംവിധായകനും തിരക്കഥക്ക് തന്നെയും ആശയക്കുഴപ്പമുള്ളതായി തോന്നി. സമയത്ത് കല്യാണം കഴിക്കണമെന്നും കല്യാണം കഴിച്ചു നിയതമായ കാലങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങൾ ഉണ്ടാവണമെന്നും തോന്നി സിനിമയുടെ ചില ഭാഗങ്ങൾ കാണുമ്പോൾ... മറ്റ് ചില ഭാഗങ്ങൾ നേരെ തിരിച്ച് മനുഷ്യർക്ക് ഒന്നിച്ചു ജീവിക്കാൻ ഇതിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നു. ഇത്തരം വിഷയങ്ങൾ പറയുമ്പോൾ ഏത് ഭാഗത്ത് നിൽക്കണമെന്ന പൊതുബോധത്തിന്റെ വ്യക്തതക്കുറവ് സിനിമക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഉള്ള പോലെ തോന്നി.
സിനിമയിലെ നാല് പ്രധാന കാഥാപാത്രങ്ങളും വളരെയധികം മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ്. കുട്ടിക്കാല ട്രോമ മുതൽ ഫിനാൻഷ്യൽ ഡിപ്രെഷൻ വരെ അനുഭവിക്കുന്ന മനുഷ്യരെ ഡോക്യുമെന്റ് ചെയ്യാൻ സിനിമ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. വളരെ സ്വാഭാവികമായും പലരുടെയും നിത്യജീവിതകാഴ്ചയായിട്ടും എംപതി ഈ കഥാപാത്രങ്ങളോട് കാണുന്നവർക്ക് തോന്നുന്നില്ല. ഇത് സിനിമയുടെ ആത്യന്തികമായ ഒഴുക്കില്ലായ്മയിൽ നിന്നും ഉണ്ടായതാണ്. മുരടിച്ച ഒരവസ്ഥ കഥാപാത്രങ്ങളുടെ ജീവിതഗതി പോലെ സിനിമക്കും പലയിടങ്ങളിലും ഉള്ളത് പോലെ തോന്നി.
സിനിമക്കുള്ളിലെ സിനിമ, സിനിമയിൽ കഥകൾ പറയാൻ അവസരം തേടുന്ന നായകൻ ഒക്കെ മലയാള പോപ്പുലർ സിനിമയിൽ കാലാകാലങ്ങളായി തുടരുന്ന ഒരു കഥാഗതിയാണ്. ഇക്കഴിഞ്ഞ ആഴ്ചകളിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷവും നടികരും വരെ സിനിമക്കുള്ളിലെ അവസരം തേടി കഷ്ടപ്പെടുന്നവരുടെ, അതിനുള്ളിൽ അതിജീവിക്കുന്നവരുടെ ഒക്കെ കഥകൾ പറയുന്നുണ്ട്. അതിനൊക്കെയൊരു പൊതു രീതിയുണ്ട്. പറഞ്ഞും പഴകിയും കാലങ്ങളായി സിനിമ പിന്തുടരുന്ന ക്‌ളീഷേകളുടെ തുടർച്ച തന്നെയാണ് മാരിവില്ലിൻ ഗോപുരങ്ങളിലും കാണുന്നത്. അടഞ്ഞു കിടക്കുന്ന ജീവിതത്തിൽ നിന്നും അതിജീവിച്ചു കരകയറുന്നവരുടെ മോട്ടിവേഷൻ കഥക്കും ഒരേ രീതി തന്നെയാണ്. വളരെ ലളിതമായി ഇത്തരം കഥാപാത്രങ്ങൾക്ക് മുന്നിൽ ഒരു സന്ദർഭം കടന്നു വരുന്നു. അവർ ലളിതമായി അതിലേക്ക് നടന്നു കയറുന്നു. ഈ രീതി തന്നെയാണ് മാരിവില്ലിൻ ഗോപുരങ്ങളും പിന്തുടരുന്നത്. സ്വാഭാവികത ഈ ഭാഗങ്ങളിലൊന്നും കടന്നു വരുന്നേയില്ല.
ഇന്ദ്രജിത്തും വിൻസി അലോഷ്യസും നല്ല പ്രകടനം കൊണ്ടു പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. പക്ഷെ സിനിമയുടെ ഇഴച്ചിൽ ഈ രസചരട് പൊട്ടിക്കുന്നു. സിനിമക്ക് പിന്നിലുള്ള എല്ലാ വിഭാഗങ്ങളുടെയും ആകെത്തുക ഇത് തന്നെയാണ്. പലതും പറയാൻ ആത്മാർത്ഥമായി ശ്രമിച്ച് അതിനൊരു ആദിമധ്യാന്ത പൊരുത്തമില്ലാത്ത അനുഭവമാണ് മാരിവില്ലിൻ ഗോപുരങ്ങൾ.
Read More Entertainment Stories Here
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
- ബാഹുബലി പ്രെമോഷൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.