/indian-express-malayalam/media/media_files/WdDZSIFC3WxkfZJM8qiw.jpg)
രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം 150 കോടിയിലേറെ കളക്റ്റ് ചെയ്ത് തിയേറ്ററുകളിൽ മികച്ച വിജയം നേടിയതിനു പിന്നാലെ ഇപ്പോൾ ഒടിടിയിലും എത്തിയിരിക്കുകയാണ്. കംപ്ലീറ്റ് ഫഫ ഷോ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ആവേശം. രംഗണ്ണൻ എന്ന കഥാപാത്രമായി ചിത്രത്തിൽ ഫഹദ് അഴിഞ്ഞാടുകയായിരുന്നു.
ഫഹദിനൊപ്പം തന്നെ ശ്രദ്ധ നേടിയ പ്രകടനമായിരുന്നു സജിൻ ഗോപുവിന്റെ അമ്പാൻ എന്ന കഥാപാത്രവും കാഴ്ചവച്ചത്. രംഗണ്ണന്റെ വിശ്വസ്തനായ അനുയായിയാണ് അമ്പാൻ. രംഗയോടുള്ള അമ്പാൻ്റെ സ്നേഹം ആരുടെയും കണ്ണു നനയിക്കും. ഫഹദ്- സജിൻ കോമ്പിനേഷൻ സീനുകളെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവർന്നവയാണ്. "തങ്കം സാർ അവർ", "അമ്പാൻ മുത്തല്ല പവിഴമാണ്" എന്നൊക്കെയാണ് പ്രേക്ഷകർ അമ്പാനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.
സജിനെ കുറിച്ച് ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഈ സിനിമയുടെ സെക്കന്റ് പാർട്ട് ചെയ്യാൻ എനിക്ക് ആഗ്രഹം തോന്നുന്നുണ്ടെങ്കിൽ അതിന്റെ ഒറ്റ കാരണം എനിക്ക് അദ്ദേഹത്തിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്. എനിക്ക് പുള്ളിയെ ഇഷ്ടപ്പെട്ടു, എന്തൊരു പെർഫോമൻസാണ്," രംഗയുടെ സ്വന്തം അമ്പാനായെത്തി ചിരിപ്പിക്കുകയും കണ്ണുനനയിപ്പിക്കുകയും ചെയ്ത സജിൻ ഗോപുവിനെ കുറിച്ച് ഫഹദിന്റെ വാക്കുകളിങ്ങനെ. .
പരസ്പരം ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നടന്മാരാണ് ഫഹദും സജിനുമെന്ന് ഇരുവരുടെയും അഭിമുഖങ്ങളിൽ നിന്നും വ്യക്തം. ഒന്നിച്ച് ജോലി ചെയ്യാൻ ഇരുവർക്കുമുള്ള ആ ആവേശവും ഇഷ്ടവും തന്നെയാവും ചിലപ്പോൾ രംഗ- അമ്പാൻ കോമ്പിനേഷനെ ഇത്രയേറെ ആകർഷകമാക്കിയ ഘടകം.
"എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. സിനിമയിൽ വന്നപ്പോൾ മുതൽ അദ്ദേഹത്തോടൊപ്പം എന്നെങ്കിലും അഭിനയിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിത്ര പെട്ടെന്ന് നടക്കുമെന്നും അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കാൻ കഴിയുമെന്നും കരുതിയില്ല. ഫഹദ് ഫാസിലുമായി സ്ക്രീൻ ഷെയർ ചെയ്യാൻ കഴിയും എന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആവേശമാണ്. അദ്ദേഹം അപാര റേഞ്ച് ഉള്ള നടനാണ്. ഞങ്ങൾ തമ്മിലുള്ള റാപ്പോ കറക്ടായിരുന്നു. ഒരുമിച്ചുള്ള സീനുകൾ ചെയ്യുമ്പോൾ തമ്മിൽ ചർച്ച ചെയ്തിട്ടാണ് ചെയുക. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ നല്ല കംഫര്‍ട്ട് ആയിരുന്നു. അദ്ദേഹം തകർത്തഭിനയിക്കുകയല്ലേ അപ്പോൾ അദ്ദേഹത്തിന്റെ എനർജി നമുക്ക് കൂടി കിട്ടും, അദ്ദേഹം ചെയ്യുമ്പോൾ റിയാക്‌ഷൻ കൊടുത്ത് കൂടെ നിൽക്കുക അതാണ് ചെയ്തത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനോടൊപ്പം ഒരു സിനിമയിൽ മുഴുവൻ അഭിനയിക്കാൻ കഴിഞ്ഞു," ഫഹദിനൊപ്പമുള്ള അനുഭവം അമ്പാൻ പങ്കിട്ടതിങ്ങനെ.
ജിത്തു മാധവൻ എന്ന സംവിധായകൻ അമ്പാൻ എന്ന കഥാപാത്രത്തെ കുറിച്ച് തനിക്ക് എങ്ങനെയാണ് വിവരിച്ചു തന്നതെന്നും സജിൻ പറയുന്നു. "വളരെ എക്സൻട്രിക്കും വെകിളിയുമായ കഥാപാത്രമാണ് അമ്പാൻ. രംഗനുമതെ, രണ്ടാളും വളരെ ലൗഡ് ആയ കഥാപാത്രങ്ങളാണ്. അമ്പാൻ ലൗഡാവുമ്പോൾ രംഗ ഒന്നു ഡൗണായി കൊടുക്കും, രംഗ ലൗഡാവുമ്പോൾ അമ്പാനും. ഇങ്ങനെ ബാലൻസ് ചെയ്താണ് സിനിമ മൊത്തം പോവുന്നത്."
"രംഗയാണ് അമ്പാന്റെ റോൾ മോഡൽ. രംഗയെപ്പോലെ മീശയും കൃതാവും വച്ച് നടക്കുകയാണ്. രംഗണ്ണനാണ് അമ്പാന്റെ എല്ലാമെല്ലാം, അതുപോലെ തന്നെ രംഗയുടെ കാര്യത്തിൽ അമ്പാൻ പൊസ്സസ്സീവ് ആണ്. രംഗയ്ക്കു വേണ്ടിയാണെങ്കിൽ കൊല്ലാനും ചാവാനും മടിയില്ല. എന്തും ചെയ്യാൻ മടിക്കാത്ത അമ്പാൻ, പക്ഷേ രംഗ പിണങ്ങിയാൽ കരയുകയും ചെയ്യും. രംഗ വെട്ടിക്കൊന്നാലും അമ്പാന് പരാതിയില്ല. വേദനിച്ചിരിക്കുമ്പോഴും കോമഡി പറയുന്ന ഒരു കഥാപാത്രം," മായാവിയിലെ വിക്രമനെ ഓർമിപ്പിക്കുന്ന ടീഷർട്ടുമണിഞ്ഞ് ആവേശത്തിൽ അങ്ങോളം നിറഞ്ഞുനിൽക്കുന്ന അമ്പാനെ കുറിച്ച് സജിൻ പറയുന്നു.
Read More Entertainment Stories Here
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
- ബാഹുബലി പ്രെമോഷൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.