scorecardresearch

പ്രാതിനിധ്യമല്ല, അർഹതപ്പെട്ടയിടം; മേളയുടെ ചരിത്രം മാറ്റിയെഴുതുന്ന നാല് സ്ത്രീകൾ

നാല് മലയാളി സ്ത്രീകൾ അവർ സംവിധാനം ചെയ്ത ചിത്രങ്ങളുമായി മേളയുടെ ഭാഗമാവുമ്പോൾ  29-ാമത് ഐ എഫ് എഫ് കെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്

നാല് മലയാളി സ്ത്രീകൾ അവർ സംവിധാനം ചെയ്ത ചിത്രങ്ങളുമായി മേളയുടെ ഭാഗമാവുമ്പോൾ  29-ാമത് ഐ എഫ് എഫ് കെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
IFFK 2024 Women Directors film

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) 29-ാമത് പതിപ്പ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെടും. നാല് മലയാളി സ്ത്രീകൾ, അവർ സംവിധാനം ചെയ്ത ചിത്രങ്ങളുമായി മേളയുടെ ഭാഗമാവുകയാണ് എന്നത് കൊണ്ടാണത്.  നാലു പേരിൽ ഒരാളുടെ ചിത്രം രാജ്യാന്തര മത്സര വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.

Advertisment

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളെ കേന്ദ്രീകരിച്ചുള്ള മേള, വിവിധ വിഭാഗങ്ങളിലായി 200-ലധികം സിനിമകൾ അവതരിപ്പിക്കുന്നുണ്ട്. 'ഇന്ത്യൻ സിനിമ ഇപ്പോൾ' (Indian Cinema Now), 'മലയാളം സിനിമ ഇന്ന്' (malayalam Cinema Today) എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് പ്രാദേശിക സിനിമകളുടെ പ്രാതിനിധ്യം.  2024 ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന മേളയുടെ ഏറ്റവും പുതിയ പതിപ്പിൽ രാജ്യാന്തര മത്സര വിഭാഗത്തിൽ ഇന്ദു ലക്ഷ്മിയുടെ 'അപ്പുറം', മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ  ആദിത്യ ബേബിയുടെ 'കാമദേവൻ നക്ഷത്രം കണ്ടു,' ശോഭന പടിഞ്ഞാറ്റേലിന്റെ 'ഗേൾ ഫ്രണ്ട്സ്,' ശിവരഞ്ജിനിയുടെ 'വിക്ടോറിയ' എന്നിവ പ്രദർശിപ്പിക്കും. 

കേരളത്തിന്റെ സാംസ്കാരികോത്സവങ്ങളിൽ പ്രധാനപ്പെട്ട ഈ മേള മൂന്നു പതിറ്റാണ്ട് തികയ്ക്കുമ്പോൾ സ്ത്രീ ശബ്ദങ്ങൾ സജീവമായി കേട്ട് തുടങ്ങുന്നതിന്റെ പിന്നിൽ സമകാലിക മലയാള സിനിമ ഇപ്പോൾ കടന്നു പോകുന്ന ഒരു 'churning' ഉണ്ട്.  ഹേമാ കമ്മിറ്റി റിപ്പോർട്ടും സിനിമയിലെ വനിതാ കൂട്ടായ്മയും (WCC) ചൂണ്ടിക്കാട്ടിയ ലിംഗ അസമത്വങ്ങൾ, ഈ മേഖലയിലെ വനിതാ തൊഴിലാളികൾ നേരുന്ന അനിതരസാധാരണമായ പ്രതിസന്ധികളുണ്ട്. ഇവയൊക്കെ കടന്നാണ്, അല്ലെങ്കിൽ ഇതിന്റെയൊക്കെ ആകെത്തുകയായി വേണം ഈ നാല് ചിത്രങ്ങൾ മേളയിൽ എത്തിയതിനെ വായിക്കാൻ.

'ഗ്ലാസ് സീലിംഗ്' തകരുമ്പോൾ

“നേരത്തെ, സംവരണം നൽകുന്നത് പോലെ ഒരു ടോക്കണിസ്റ്റിക് പ്രാതിനിധ്യമായിരുന്നു പലപ്പോഴും സ്ത്രീകൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ അങ്ങനെയല്ല,” ഐഎഫ്എഫ്‌കെയുടെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ പറയുന്നു.  

Advertisment

സ്ത്രീകൾ സംവിധാനം ചെയ്ത സിനിമകൾ ഉൾപ്പെടുത്താനുള്ള ചില ശ്രമങ്ങൾ  മുൻകാലങ്ങളിലും നടന്നിട്ടുണ്ട് എങ്കിലും, പലപ്പോഴും 'പ്രൊഡക്ഷൻ വാല്യൂ' കുറവാണെന്ന കാരണത്താൽ അവ നിരസിക്കപ്പെട്ടതായും അവർ ഓർത്തു.

“ഇപ്പോൾ കാഴ്ചപ്പാടുകളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്, സമകാലിക വിഷയങ്ങളിൽ സെൻസിറ്റീവ് ആയി സമീപിക്കുന്ന സിനിമകൾ ഫെസ്റ്റിവലിൽ എത്തുന്നത് സന്തോഷകരമാണ്,” ബീനാ പോൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Bina Paul
ബീനാ പോൾ

'പ്രതിഭാശാലികളായ ഈ സ്ത്രീകൾ അവരുടെ കഥകൾ പങ്കിടുന്നതിന് എണ്ണമറ്റ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണെന്നും ഈ സിനിമകൾ അവരുടെ ആന്തരിക ശക്തിയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും തെളിവാണ്' എന്നുമാണ്  ബീനാ പോൾ കൂടി സ്ഥാപക അംഗമായ വിമൻ ഇൻ സിനിമാ കളക്ടീവ് ഈ നേട്ടത്തെ നോക്കി കാണുന്നത്. 

ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’ (രാജ്യാന്തര മത്സരവിഭാഗം)

"എന്നെ സംബന്ധിച്ച് ഒരു മധുരപ്രതികാരമാണിത്. ഇതിനു മുൻപ് കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച 'നിള' എന്ന ചിത്രം ഞാൻ സംവിധാനം ചെയ്തിരുന്നു. സ്ത്രീയെന്ന രീതിയിൽ കടുത്ത ഹരാസ്മെന്റും ഭീഷണികളും നേരിടേണ്ടി വന്നൊരു അനുഭവമായിരുന്നു അത്. കെ.എസ്.എഫ്.ഡി.സി  ചെയർമാൻ ഷാജി എൻ കരുൺ അന്നെന്നോട് നേരിട്ടും അല്ലാതെയും പറഞ്ഞ ഒരു കാര്യം, ഇനി ഒരു സിനിമ ഇവിടെ ചെയ്യിക്കില്ലെന്നാണ്. അതൊരു വെല്ലുവിളിയായിരുന്നു. അതിനാൽ തന്നെ 'നിള' എന്റെ അവസാന സിനിമയാവരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു," ഇന്ദു ലക്ഷ്മി പറയുന്നു.

സംവിധായിക സ്വയം പ്രൊഡ്യൂസ് ചെയ്ത സിനിമയാണ് 'അപ്പുറം'. പ്രതികൂലമായ ഒരു സാഹചര്യമായതിനാൽ രഹസ്യസ്വഭാവത്തോടെയാണ് ഈ സിനിമ പൂർത്തിയാക്കിയത് എന്നും സിനിമയുടെ ടൈറ്റിൽ പോലും  പുറത്തേക്ക് വിട്ടിരുന്നില്ല എന്നും ഇന്ദു ലക്ഷ്മി പറയുന്നു.

Indu Lakshmi Director IFFK
ഇന്ദു ലക്ഷ്മി

"വേട്ടയാടപ്പെടുക എന്നത് എല്ലാ അർത്ഥത്തിലും ഞാൻ അറിഞ്ഞിട്ടുണ്ട്. കെ.എസ്.എഫ്.ഡി.സി യും ഷാജി കരുണും വലിയ ബുദ്ധിമുട്ടുകൾ എനിക്ക് തന്നിട്ടുണ്ട്. ആ സാഹചര്യത്തിൽ നിന്നാണ് 'അപ്പുറം' രാജ്യാന്തര മത്‌സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിനെ ഒരു മധുരപ്രതികാരമായി കാണാനാണ് ഇഷ്ടം. നമ്മളെ നശിപ്പിക്കാനായി ചില ആളുകൾ അപ്പുറത്തു നിൽക്കുമ്പോൾ അവരുടെയൊന്നും സഹായമില്ലാതെ സ്വതന്ത്രമായി ഇതു ചെയ്യാൻ പറ്റിയത് വലിയ സന്തോഷമുള്ള കാര്യമാണ്. എന്റെ കൂടെ നിന്ന ടീമംഗങ്ങളുടെ മാത്രം പിന്തുണ കൊണ്ടാണ്  എനിക്കിതു ചെയ്യാനായത്."

ജഗദീഷ്, സംവിധായിക കൂടിയായ മിനി ഐജി, അനഘ രവി എന്നിവരാണ് ചിത്രത്തിലെ ഇന്ദുവിന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ശോഭന പടിഞ്ഞാറ്റിലിന്റെ 'ഗേൾ ഫ്രണ്ട്സ്' (മലയാളം സിനിമ ഇന്ന്)

തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു ട്രാൻസ് വുമൺ, അഞ്ചു പെൺകുട്ടികൾ ഇവരുടെ ജീവിതമാണ് ശോഭന പടിഞ്ഞാറ്റിലിന്റെ ചിത്രത്തിന്റെ പ്രമേയം. കോംപ്ലിക്കേറ്റഡായ സെക്ഷ്വൽ ഓറിയെന്റേഷൻ, ജീവിതം എക്സ്പ്ലോർ ചെയ്യുന്ന രീതികൾ എന്നിവയൊക്കെ മൾട്ടി നരേറ്റീവായ രീതിയിൽ കാണിക്കുകയാണ് ചിത്രം. 

"കഥാപാത്രങ്ങളുടെ പ്രണയം, ബ്രേക്ക് അപ്പ്, അവർക്കിടയിലെ സൗഹൃദം, കലഹം, പ്രശ്നങ്ങൾ എന്നിവയൊക്കെ ചിത്രം സംസാരിക്കുന്നുണ്ട്," 'ഗേൾഫ്രണ്ട്സി'ന്റെ പ്രമേയത്തെ കുറിച്ച് ശോഭന പറയുന്നു.

"വളരെ ഓപ്പണായി സെക്സിനെ കുറിച്ച് സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. സ്ത്രീകൾ തന്നെ, അവരുടെ ശരീരത്തെ കുറിച്ചു സംസാരിക്കുന്നതിൽ വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഒരു സ്ത്രീ വജൈന എന്നു പറയുന്നതിനെ സമൂഹം എങ്ങനെയാണ് നോക്കി കാണുന്നത് എന്നു നമുക്കറിയാം.  അതേ സമയം, ഒരു ട്രാൻസ് വുമൺ വജൈന എന്നു പറയുമ്പോൾ അത് വേറൊരു അനുഭവമാണ്, ജീവിതത്തിൽ അവരുടെ വലിയൊരു ആഗ്രഹമാണത്. അത് കേൾക്കുന്ന നമ്മൾ അങ്ങനെ തന്നെയാണോ അതിനെ മനസ്സിലാക്കുക? ഇത്തരം കാര്യങ്ങളിലെ  വൈരുധ്യം, സർകാസം ഒക്കെയാണ് ചിത്രം പറയുന്നത്."

Shobhana Padinjhattil Director IFFK
ശോഭന പടിഞ്ഞാറ്റിൽ

വ്യത്യസ്തമായ സ്ത്രീ അനുഭവങ്ങളുടെ ഒരു പ്രദർശനമെന്ന രീതിയിലാണ് തന്റെ സിനിമയെ നോക്കി കാണുന്നതെന്ന് ശോഭന കൂട്ടിച്ചേർത്തു. 

"സ്ത്രീകൾക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന പല പടങ്ങളും കണ്ടപ്പോൾ എനിക്കു തോന്നിയത്, സ്ത്രീ അനുഭവം എന്താണെന്നു മനസ്സിലാവാതെയാണ് അവർ പല ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് എന്നാണ്."

ഐഎഫ്എഫ്കെയിലേക്ക് കൂടുതൽ സ്ത്രീ സംവിധായകരുടെ പടങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം ശോഭന മറച്ചുവയ്ക്കുന്നില്ല. 

"കാലത്തിന്റെ മാറ്റമായി തോന്നുന്നു ഇപ്പോഴത്തെ ഈ സെലക്ഷൻ. പിന്നെ, ഈ സമയത്ത് സർക്കാരിനും അക്കാദമിയ്ക്കുമൊക്കെ മുഖം രക്ഷിക്കുക എന്നൊരു കാര്യം കൂടിയുണ്ട്. അവർക്ക് കുറേക്കൂടി 'പ്രോ വുമൺ' ആയൊരു നിലപാട് എടുക്കേണ്ട ആവശ്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒക്കെ ഈ സെലക്ഷനെ നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്നാണ് എനിക്കു തോന്നുന്നത്."

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ ലൈബ്രേറിയനാണ് ശോഭന.

ശിവരഞ്ജിനിയുടെ 'വിക്ടോറിയ' (മലയാളം സിനിമ ഇന്ന്)

ഒരു ലേഡീസ് ബ്യൂട്ടി ബാർലറിന്റെ  പശ്ചാത്തലത്തിൽ നടക്കുന്ന സിനിമയാണ് 'വിക്ടോറിയ'.  ജെ ശിവരഞ്ജിനിയുടെ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് (കെ.എസ്.എഫ്.ഡി.സി).

"വിക്ടോറിയയുടെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.  ഞാൻ കുറച്ചു നാളുകൾക്കു മുൻപു എഴുതി വച്ചൊരു വൺലൈൻ ആയിരുന്നു. കെ.എസ്.എഫ്.ഡി.സി  സ്ത്രീ സംവിധായകരുടെ പ്രൊജക്റ്റുകൾ ക്ഷണിക്കുന്നു എന്നു കേട്ടപ്പോൾ അയച്ചുകൊടുത്തു. സെലക്റ്റ് ചെയ്യപ്പെടുകയും ചെയ്തു. സിനിമയാക്കണം എന്നൊന്നും കരുതിയിരുന്നതല്ല,  കെ.എസ്.എഫ്.ഡി.സി സെലക്ഷൻ കിട്ടിയതു കൊണ്ടു മാത്രമാണ് ഇത് സിനിമയായത്," ശിവരഞ്ജിനി പറയുന്നു.

എഞ്ചിനീയറിംഗ് രംഗത്തു നിന്നുമാണ് സിനിമയിലേക്ക് ശിവരഞ്ജിനി എത്തുന്നത്. എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിനു ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിന്റെ ഭാഗമായി ചില ഡോക്യുമെന്ററികൾ ചെയ്ത പരിചയമുണ്ട് ശിവരഞ്ജിനിക്ക്. 

"ഒരേ വർഷം നാലു സ്ത്രീ സംവിധായകരുടെ പടം വരുന്നു എന്നതിൽ വളരെ എക്സൈറ്റഡാണ്, അക്കൂട്ടത്തിൽ ഒരാളാവാൻ കഴിഞ്ഞതിൽ സന്തോഷം. സിനോപ്സിസ് വായിച്ചപ്പോൾ മുതൽ, അവരുടെയെല്ലാം പടങ്ങൾ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്," ശിവരഞ്ജിനി കൂട്ടിച്ചേർത്തു.

ആദിത്യ ബേബിയുടെ 'കാമദേവന്‍ നക്ഷത്രം കണ്ടു' (മലയാളം സിനിമ ഇന്ന്)

കഴിഞ്ഞ വർഷം ഐഎഫ്എഫ്കെയിൽ പ്രേക്ഷകർ തെരെഞ്ഞെടുക്കപ്പെട്ട 'നീല മുടി' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച  ആദിത്യ ബേബി, ഇത്തവണ മേളയിലേക്ക് എത്തുന്നത്''കാമദേവന്‍ നക്ഷത്രം കണ്ടു' എന്ന സിനിമയുടെ സംവിധയികയായിട്ടാണ്.

"ഹൈപ്പോ സെക്ഷ്വലായിട്ടുള്ള ഒരു സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. വാർത്തകളിലും മറ്റും നമ്മൾ കാണുന്ന തലക്കെട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടുവന്നത്.  ഹൈപ്പോ സെക്ഷ്വലായ രണ്ടു ചെറുപ്പക്കാർ. അവരുടെ ലോകത്തിലൂടെയാണ് കഥയുടെ സഞ്ചാരം. ഒരു ഘട്ടത്തിൽ ഇവർക്കിടയിലേക്ക് ഒരു സ്ത്രീ കഥാപാത്രം കടന്നുവരുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് പിന്നീട് കഥയെ മുന്നോട്ടു കൊണ്ടുപോവുന്നത്. 'നീലമുടി’യുടെ അതേ ടീം തന്നെയാണ് ഇതിലും അഭിനയിച്ചിരിക്കുന്നത്."

Adithya Baby Director IFFK
ആദിത്യ ബേബി

സാമ്പത്തികമായ പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് ഐഫോൺ 14 പ്രോയിൽ ആണ് 'കാമദേവന്‍ നക്ഷത്രം കണ്ടു' എന്ന ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആശയങ്ങളും കാലിബറുള്ള ആർട്ടിസ്റ്റുകളും ക്രൂവുമൊക്കെ കൂടെയുള്ളപ്പോൾ, ചിത്രങ്ങൾ എങ്ങനെയെങ്കിലുമൊക്കെ ചെയ്തെടുക്കാം എന്നാണ് ചെറുപ്പക്കാരിയായ ഈ സംവിധായിക വിശ്വസിക്കുന്നത്.  എന്നാൽ പലപ്പോഴും പ്രദർശിപ്പിക്കാനും  കൃത്യമായി കാഴ്ചക്കാരിലേക്ക് എത്തിക്കാനുമുള്ള വേദികളാണ് ലഭിക്കാതെ പോവുന്നത് എന്നും, ആ സാഹചര്യത്തിൽ ഐഎഫ്എഫ് കെ പോലുള്ള ഒരു പ്ലാറ്റ്ഫോം കിട്ടുക എന്നത് തന്നെ പോലുള്ള സ്വതന്ത്ര സിനിമാപ്രവർത്തകർക്ക് വലിയ ആശ്വാസവും അനുഗ്രഹവുമാണ് എന്നും ആദിത്യ ബേബി പറയുന്നു.

"എന്നെ സംബന്ധിച്ച്, ഈ സിനിമയുടെ ചിത്രീകരണവേളയിൽ, സ്ത്രീയെന്ന നിലയിൽ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. നല്ലൊരു ടീം കൂടെ ഉണ്ടായിരുന്നു എന്നതാണ് ഈ സിനിമയുടെ നേട്ടമായി തോന്നുന്നത്. അതുൽ സിംഗ്, ഡിഒപിയായ ന്യൂടൺ എന്നിവരാണ് പ്രൊഡക്ഷൻ കൈകാര്യം ചെയ്തത്. നമ്മുടെ കൂട്ടത്തിൽ നിന്നു തന്നെ രണ്ടു പേർ പ്രൊഡക്ഷൻ ഏറ്റെടുത്തു എന്നതു കൊണ്ടാണ് ഈ സിനിമ സംഭവിച്ചത്. പുറത്തു നിന്ന് വേറെ പ്രൊഡ്യൂസേഴ്സിനെ കിട്ടുന്നുണ്ടായിരുന്നില്ല. നിർമാതാവിനെ കണ്ടെത്തുക എന്നതാണ് പലപ്പോഴും നേരിടുന്ന ബുദ്ധിമുട്ട്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുൻപു ചെയ്ത രണ്ടു ഡോക്യുമെന്ററികളുടെ വർക്ക് മുടങ്ങി കിടക്കുകയാണ്." 

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ആദിത്യ. നാടകവും സിനിമയും ഒന്നിച്ച് കൊണ്ടു പോവുക എന്നതാണ് ആദിത്യയുടെ സ്വപ്നം.

Read More

Iffk Hema Committee Report Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: