/indian-express-malayalam/media/media_files/BUBod65jEo7ZtE1mq5mO.jpg)
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ വേതനവുമായി ബന്ധപ്പെട്ടു അഭിനേതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന 'കൂലിക്ക് 'വേല' പരമ്പരയിലെ നാലാം ഭാഗം, നടി അഭിജ ശിവകല സംസാരിക്കുന്നു...
സിനിമയിലെ പ്രശ്നങ്ങളുടെ കാര്യം പറയുമ്പോൾ വേതനത്തിന്റെ വിഷയത്തിൽ, ചെയ്ത സിനിമകളുടെ പ്രതിഫലം നേടിയെടുക്കുന്നതിൽ ഒക്കെയാണ് ഞാൻ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത്. വർഷങ്ങൾക്കിപ്പുറവും നമ്മളിത്രയെ ഡിസർവ് ചെയ്യുന്നുള്ളോ എന്നൊക്കെ തോന്നിപ്പോകും.
തുടക്കക്കാലത്ത് പ്രതിഫലം പ്രതീക്ഷിക്കാൻ കൂടി പറ്റില്ലായിരുന്നു. ആരും പ്രതിഫലം പറയില്ലായിരുന്നു, തന്നാൽ തന്നു എന്നു മാത്രം. തരുന്നതിൽ തൃപ്തിപ്പെടുക എന്നതായിരുന്നു കരിയറിന്റെ തുടക്കത്തിൽ ചെയ്തു കൊണ്ടിരുന്നത്. പക്ഷേ ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ പ്രതിഫലം ചോദിക്കാൻ തുടങ്ങി. ഈ വർക്കിന് എനിക്കെന്തു പ്രതിഫലം കിട്ടും? അതിനൊരു തീരുമാനമായിട്ടേ വർക്ക് ചെയ്യുന്നുള്ളൂ എന്ന കാര്യത്തിൽ ഞാനും സ്വയം പ്രതിജ്ഞ എടുത്തു. അങ്ങനെ ചെയ്തില്ലെങ്കിൽ ചൂഷണം ചെയ്യപ്പെടുമെന്നും ഇവർക്ക് ഇത്ര കൊടുത്താൽ മതിയെന്ന് ചുറ്റുമുള്ളവർ തീരുമാനത്തിലെത്തുമെന്നും എനിക്കു തോന്നി.
അഭിനയമെന്നത് ഒരു തൊഴിൽ കൂടിയാണ്. പക്ഷേ ഇതൊരു പ്രൊഫഷനായിട്ടല്ല ട്രീറ്റ് ചെയ്യപ്പെടുന്നത്. പ്രതിഫലത്തെ കുറിച്ചു പറയേണ്ടിടത്ത്, 'നിങ്ങൾക്ക് എക്സ്പോഷർ കിട്ടും' എന്നൊക്കെയാണ് വാഗ്ദാനം ചെയ്യുന്നത്. 'ഞാനൊരു ട്രെയിൻഡ് ആർട്ടിസ്റ്റാണ്, അങ്ങനെ എക്സ്പോഷർ മാത്രം തന്ന് എന്നെയങ്ങ് ചുളിവിൽ വിൽക്കാൻ നിന്നു കൊടുക്കേണ്ട' എന്നൊരു തീരുമാനത്തിൽ ഞാനെത്തി.
ഞാൻ എല്ലാ പടത്തിലും പ്രതിഫലം ചോദിച്ച് വാങ്ങും. അതല്ലാതെ സ്വാഭാവികമായി പ്രതിഫലത്തെ കുറിച്ചുള്ള ചർച്ച സംഭവിക്കാറേയില്ല എന്നു പറയാം. ഒരു സിനിമ എഗ്രി ചെയ്തുകഴിഞ്ഞാൽ കഥാപാത്രത്തെ കുറിച്ചു സംസാരിക്കാൻ, കോസ്റ്റ്യൂമിന്റെ കാര്യം പറയാൻ എന്നു തുടങ്ങി പല വിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും വിളിക്കും. അപ്പോഴും പ്രതിഫലത്തെ കുറിച്ച് ആരുമൊന്നും മിണ്ടിയിട്ടുണ്ടാവില്ല. ഞാൻ അങ്ങോട്ട് ചോദിക്കുമ്പോൾ, 'എത്രയാ അഭിജ പ്രതീക്ഷിക്കുന്നത്?' എന്നാവും ചോദ്യം. ഇത്രയാണ് എന്റെ ശമ്പളം എന്നു ഞാൻ പറയും, എത്ര തരും എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഇതെല്ലാം കരിയറിന്റെ തുടക്കത്തിലാണ് കൂടുതലും അഭിമുഖീകരിച്ചത്.
അദ്ദേഹത്തിന്റെ പടത്തിൽ അഭിനയിക്കുന്നതേ പ്രിവിലേജ് അല്ലേ!
ഒരു പ്രശസ്ത സംവിധായകന്റെ പടത്തിൽ നിന്നും എനിക്ക് ഓഫർ വന്നു. അദ്ദേഹം വിളിച്ചു പ്രൊജക്റ്റിനെ കുറിച്ചു പറഞ്ഞു, ഡേറ്റ് ചോദിച്ചു. അതിനു ശേഷം പ്രൊഡക്ഷനിൽ നിന്നു വിളി വന്നു. പക്ഷേ പ്രൊഡക്ഷൻ മാനേജർ പ്രതിഫലത്തെ കുറിച്ച് മാത്രം മിണ്ടുന്നില്ല. ഒടുവിൽ ഞാൻ അങ്ങോട്ട് കയറി ചോദിച്ചു.
"ഈ സംവിധായകന്റെ പടത്തിൽ അഭിനയിക്കാൻ അങ്ങനെ പ്രതിഫലം കൊടുക്കാറില്ല. അദ്ദേഹത്തിന്റെ പടത്തിൽ അഭിനയിക്കുന്നതു തന്നെ പ്രിവിലേജ് ആയി കാണണം എന്നായിരുന്നു," കിട്ടിയ മറുപടി.
"സോറി. എനിക്ക് അങ്ങനെ കാണാൻ പറ്റില്ല. കാരണം ഇതാണ് എന്റെ ഉപജീവനമാർഗം. ചെയ്യുന്ന തൊഴിലിന് ചെറുതാണെങ്കിലും എനിക്കു പ്രതിഫലം കിട്ടണം," എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു.
പിന്നെ ആ പടത്തിൽ നിന്നും എനിക്ക് കോൾ വന്നതേയില്ല. വേറെ ആരെയോ വച്ച് അവർ ആ സിനിമ ചെയ്തു.
ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം, എന്തു കൊണ്ട് ആ ചിത്രത്തിൽ നിന്നു ഞാൻ ഒഴിവാക്കപ്പെട്ടു എന്നതിനു പിന്നിലെ യഥാർത്ഥ കാരണം ആ സംവിധായകൻ അറിഞ്ഞിട്ടേയുണ്ടാവില്ല എന്നതാണ്. ആ സംവിധായകൻ കലാമൂല്യമുള്ള സിനിമകൾ ചെയ്തിട്ടുള്ള ആളാണ്. എന്നെ അദ്ദേഹം അറിയുന്നത്, എന്റെ ചില ആർട്ട് ഹൗസ് സിനിമകൾ ശ്രദ്ധിച്ചതു കൊണ്ടാണ്. പക്ഷേ, ഇവിടെ ആ തീരുമാനം എടുത്തത് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആണ്. അയാളാണ് ഞാൻ ആ പടത്തിൽ വേണ്ടെന്നു തീരുമാനിച്ചത്. അയാൾ സംവിധായകനോട് അതിനു എന്തു കാരണമാണ് പറഞ്ഞിട്ടുണ്ടാവുക എന്നറിയില്ല. 'അഭിജയ്ക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ താൽപ്പര്യമില്ല' എന്നാവും ചിലപ്പോൾ. ഞാൻ പ്രതിഫലം ചോദിച്ചതാണ് പ്രൊഡക്ഷൻ കൺട്രോളറുടെ പ്രശ്നം.
എനിക്കറിയാം, പ്രതിഫലം ചോദിച്ചാൽ ഇതു പോലെ പ്രൊജക്റ്റുകളിൽ നിന്നും ഒഴിവാക്കപ്പെട്ടേക്കാം എന്ന്. പക്ഷേ ഞാൻ ചോദിക്കും, കിട്ടിയില്ലെങ്കിൽ ആ സിനിമ ചെയ്യില്ലെന്നു തീരുമാനിക്കും.
ആളുകൾ എപ്പോഴും എന്നോട് പറയും, "ചെറുതാണെങ്കിലും അങ്ങനെ വരുന്ന പ്രൊജക്റ്റ് ഏറ്റെടുക്കണം. എപ്പോഴും സ്ക്രീനിൽ നിൽക്കണം. അല്ലെങ്കിൽ നിങ്ങൾ ഔട്ടായി പോവും. അതു കൊണ്ട് ചെറിയ തുകയ്ക്ക് ആണെങ്കിലും ചെയ്യണമെന്ന്." എനിക്ക് അതിനോട് യോജിക്കാൻ പറ്റുന്നേയില്ല, നമ്മുടെ അധ്വാനത്തെ മറ്റുള്ളവർ താഴ്ത്തി കെട്ടുന്നുണ്ടാവാം, പക്ഷേ നമ്മുടെ കഷ്ടപ്പാടിനെ നമുക്ക് കാണാതിരിക്കാനാവില്ലല്ലോ. നമ്മുടെ വില നമുക്കറിയാം.
കുറച്ചു പ്രതിഫലമേ തരുന്നുള്ളൂ, അതു കൊണ്ട് കുറച്ച് അഭിനയിച്ചാൽ മതി, കുറച്ച് ഇമോഷൻസ് ഇട്ടാൽ മതി എന്നു വയ്ക്കാൻ പറ്റില്ലല്ലോ! നമ്മുടെ 100 ശതമാനം അധ്വാനമിട്ടിട്ടാണ് അഭിനയിക്കുന്നത്. എടുക്കേണ്ട പണി എടുത്തേ പറ്റൂ. അല്ലെങ്കിൽ നാളെ നമ്മൾ തന്നെയാണ് ജഡ്ജ് ചെയ്യപ്പെടുക. കാരണം നമ്മുടെ പേരിലാണ് ആ കഥാപാത്രം പുറത്തു വരുന്നത്. അവിടെ നല്ല പ്രതിഫലത്തിലാണോ ചെറിയ പ്രതിഫലത്തിലാണോ ആ നടി അഭിനയിച്ചത് എന്നു ആളുകൾ നോക്കില്ല. ഇവരെന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത് എന്നേ വിലയിരുത്തൂ. അതെന്റെ തൊഴിലിനെയും അവസരങ്ങളെയുമാണ് ബാധിക്കുക.
ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത് തിരിച്ചു വന്നതിനു ശേഷം എനിക്കു കുറച്ചു നല്ല സിനിമകൾ കിട്ടി. സ്ഥിതി കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ ഞാൻ അർഹിക്കുന്ന പണം കിട്ടി എന്നു പറയാവുന്ന ചിത്രങ്ങൾ വളരെ കുറവാണ്. 13 കൊല്ലമായി നടിയെന്ന രീതിയിൽ ഇവിടെയുണ്ട്. എന്നിട്ടു പോലും സീനിയോരിറ്റിയിലേക്ക് എത്തിയെന്നോ അർഹതപ്പെട്ട പ്രതിഫലം കൈപ്പറ്റി തുടങ്ങിയെന്നോ പറയാൻ ആയിട്ടില്ല. അടുത്തിടെ ചെയ്ത ഏതാനും ചിത്രങ്ങളിലാണ് അൽപ്പമെങ്കിലും ആ രീതിയിൽ എന്നെ പരിഗണിച്ചത്. അതു തന്നെ, ആ കഥാപാത്രത്തിനു ഞാൻ തന്നെ വേണമെന്ന് നിർബന്ധത്തോടെ വന്ന പ്രൊജക്റ്റ് ആയതിനാലാണ്. നിങ്ങളല്ലെങ്കിൽ മറ്റൊരാൾ, നിങ്ങൾ റീപ്ലെയ്സബിൾ ആണെന്ന ഫീലിംഗ് ഇവർ തന്നെ നമുക്ക് തന്നു കൊണ്ടിരിക്കും. പ്രതിഫലം ചോദിച്ചാൽ നിങ്ങളെയങ്ങ് മാറ്റും.
പലപ്പോഴും ഇത്തരം കാര്യങ്ങളിൽ സംവിധായകനു പോലും ഒന്നും ചെയ്യാനാവില്ല. ഇന്ന ആർട്ടിസ്റ്റ് മതി ഈ കഥാപാത്രത്തിനു എന്നു തീരുമാനിക്കാനുള്ള പവർ സംവിധായകർക്കും കുറവാണ്. പണം മുടക്കുന്ന ആൾ കൂടിയാവും ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. അപൂർവ്വമായി ചില സംവിധായകർക്ക് മാത്രമേ അത്തരത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള കമാൻഡിംഗ് പവർ കാണൂ.
നിങ്ങൾ റീപ്ലെയ്സബിൾ ആണെന്ന ഫീലിംഗ് സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുമ്പോൾ അതു കലാകാരിയെന്ന രീതിയിലും വല്ലാതെ ബാധിക്കും. എന്നെയും അതൊരുപാട് തരത്തിൽ ബാധിച്ചിട്ടുണ്ട്. ഞാൻ അതിനെ മറികടക്കുന്നത്, എന്നെത്തന്നെ എല്ലായ്പ്പോഴും ട്രെയ്ൻ ചെയ്ത് സൂക്ഷിച്ചു കൊണ്ടാണ്. ഞാൻ പണിയെടുക്കുന്ന സ്ഥലത്ത് പണിയറിയില്ല എന്ന രീതിയിൽ മാറി നിൽക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. എല്ലാ കാലത്തും എന്നിലെ ആർട്ടിസ്റ്റിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ട്രെയിനിംഗ് ഒക്കെ കൈ കൊണ്ടിട്ടുണ്ട്. മറ്റൊന്നും നമുക്ക് കാപിറ്റലായി ഇല്ലെങ്കിൽ, ഇതാണെന്റെ കാപ്പിറ്റൽ എന്നു വിശ്വസിച്ചു നമ്മുടെ കലയെ മുറുക്കെ പിടിച്ച് അഭിമാനത്തോടെ നിന്നെ പറ്റൂ. എന്നെ കൊണ്ട് അതു ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസത്തോടെ നമ്മളെ നിലനിർത്തുക എന്നതാണ് പ്രധാനം.
ബുദ്ധിയുള്ള സ്ത്രീകളെ അവർക്കിഷ്ടമില്ല
ഫിനാൻഷ്യൽ അബ്യൂസ് മാത്രമല്ല, ഇന്റലക്ച്വൽ അബ്യൂസും നേരിടേണ്ടി വന്നിട്ടുണ്ട്. നമുക്ക് ബുദ്ധിയുണ്ടെന്ന് തോന്നുന്നത് ഇഷ്ടമില്ലാത്ത മനുഷ്യന്മാരുണ്ട്.
അടുത്തിടെ ഒരു സംവിധായകൻ സ്ക്രിപ്റ്റുമായി വന്നു. അദ്ദേഹം പഴയൊരു ഹിറ്റ് മേക്കറാണ്. ഇപ്പോൾ അത്ര സജീവമല്ല. പുതിയൊരു പടമെടുക്കാനുള്ള പ്ലാനിലാണ്, എന്നെ കാസ്റ്റ് ചെയ്യാൻ ആഗ്രഹിച്ച് കഥ പറയാൻ വിളിച്ചതായിരുന്നു. എന്നോട് കഥ പറഞ്ഞപ്പോൾ എനിക്ക് കുറെ സംശയങ്ങൾ തോന്നി. നമ്മുടെ കോമൺസെൻസിനു നിരക്കാത്തൊരു കഥയായിരുന്നു അത്, ഐഎസ്ആർ ഒയിൽ ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞയായാണ് ഞാൻ അഭിനയിക്കേണ്ടത്. ഒരു ശാസ്ത്രജ്ഞയാണ് ആ കഥാപാത്രമെങ്കിൽ അവർക്കു അടിസ്ഥാനപരമായി ഉണ്ടാവേണ്ട കോമൺസെൻസ് ഉണ്ടാവുമല്ലോ, അത് ആ കഥാപാത്രത്തിനില്ലായിരുന്നു.
'അത്രയൊക്കെ ബുദ്ധിമതിയായ ഒരു സ്ത്രീ കഥാപാത്രമാണെങ്കിൽ അവർക്കെന്താണ് ആ സിറ്റുവേഷൻ മനസ്സിലാകാത്തത്?' എന്നു ഞാൻ ചോദിച്ചു. എന്റെ കഥാപാത്രത്തെ മനസ്സിലാക്കാൻ വേണ്ടി ഞാൻ ചോദിച്ച ചോദ്യമായിരുന്നു അത്. അദ്ദേഹത്തിന് അതിഷ്ടമായില്ല. ഞാനിതിനെ കുറിച്ച് വേണ്ടത്ര റിസർച്ചൊക്കെ ചെയ്തതാണെന്നു പറഞ്ഞു, ഇതിനെ കുറിച്ച് കൂടുതൽ ചോദ്യം ചോദിക്കേണ്ട എന്നാണ് ആളുടെ ഭാവം. നോക്കിയിട്ട് പറയൂ എന്നു പറഞ്ഞ് ആ സംസാരത്തിന് അദ്ദേഹം ഫുൾസ്റ്റോപ്പിട്ടു.
കുറച്ചു കഴിഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ട്, "അഭിജ, അദ്ദേഹത്തോട് ഒത്തിരി ചോദ്യങ്ങൾ ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞല്ലോ," എന്നു പറഞ്ഞു.
"ഒത്തിരി ചോദ്യങ്ങളൊന്നും ചോദിച്ചില്ല. രണ്ടു ചോദ്യം ചോദിച്ചു, ഒന്ന് എന്റെ കഥാപാത്രത്തെ കുറിച്ച് അറിയാനും, അടുത്തത് സിനിമയെ പറ്റി അറിയാനും. ഇതു ഞാനാണല്ലോ പോയി പ്ലേ ചെയ്യേണ്ടത്. കാര്യം മനസ്സിലാവേണ്ടേ, അതിനു വേണ്ട, അത്യാവശ്യമുള്ള രണ്ടു ചോദ്യങ്ങളെ ഞാൻ ചോദിച്ചിട്ടുള്ളൂ," എന്നു ഞാൻ പറഞ്ഞു.
"അദ്ദേഹത്തോട് ആരും സാധാരണ ചോദ്യങ്ങൾ ചോദിക്കാറില്ല, അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ല" എന്നായി കൺട്രോളർ.
ഞാൻ പറഞ്ഞു, "സോറി. കാര്യം മനസ്സിലാക്കി അഭിനയിക്കുന്ന ഒരു അന്തരീക്ഷത്തിൽ വർക്ക് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ ഇത്തരം സംശയങ്ങൾ ആർട്ടിസ്റ്റിനുണ്ടായാൽ അതു ചോദിക്കേണ്ട ആൾ തന്നെയാണ് സംവിധായകൻ. ഒരു കൊളാബറേഷൻ എന്ന രീതിയിലാണ് ഞാൻ എപ്പോഴും ജോലി ചെയ്യാറുള്ളത്. അടുത്തിടെ വന്ന പ്രൊജക്റ്റുകളിലെല്ലാം ആളുകൾ നമ്മളുമായി ഡിസ്കഷൻ നടത്താറും നമ്മുടെ അഭിപ്രായങ്ങൾ കേൾക്കാറുമുണ്ട്. നല്ലതാണെങ്കിൽ എടുക്കും, അല്ലെങ്കിൽ തള്ളികളയും. ഹെൽത്തിയായൊരു സംഭാഷണമാണത്. അത് അടിസ്ഥാനപരമായ കാര്യമല്ലേ. അങ്ങനെ ഒരു അന്തരീക്ഷമില്ലെങ്കിൽ പിന്നെ വർക്ക് ചെയ്യാൻ ഞാനില്ല."
"ശരി അഭിജാ..." എന്നും പറഞ്ഞ് അയാൾ പോയി. ഇതാണ് ഈഗോയുടെ ലെവൽ. ആരോഗ്യകരമായൊരു ആശയവിനിമയം പോലും സാധ്യമല്ല.
പുതിയ കാലത്തെ ചെറുപ്പക്കാരിലൊന്നും ഇത്ര സങ്കുചിതമായ രീതികൾ കണ്ടിട്ടില്ല. അവർ തുറന്ന ചർച്ചകൾക്കു തയ്യാറാണ്, ചേച്ചി എന്തെങ്കിലും സജഷൻ ഉണ്ടെങ്കിൽ പറഞ്ഞോ, നല്ലതാണെങ്കിൽ നമുക്ക് റീവർക്ക് ചെയ്യാം എന്നൊക്കെ പറയുന്ന കുട്ടികളാണ് ന്യൂജനറേഷനിൽ ഏറെയും. ഓൾഡ് സ്കൂൾ തിങ്കിംഗ് ഉള്ളവർക്കാണ് ഇതൊക്കെ വലിയ പ്രശ്നം. അതൊരു തരം അപമാനിക്കൽ കൂടിയാണ്. നമ്മളിതിനെ കുറിച്ചൊന്നും അറിയേണ്ടവരല്ല, ഒന്നും മനസ്സിലാക്കേണ്ട എന്നൊക്കെയാണ് അവരുടെ തീരുമാനം. അവരുടെ ഈഗോയെ വേദനിപ്പിക്കാതെ നോക്കണം.
എന്നെ സംബന്ധിച്ച്, അത്തരം മനുഷ്യന്മാരെ പ്ലീസ് ചെയ്ത് നിർത്തിയിട്ട് കിട്ടുന്ന പണിയെനിക്ക് വേണ്ട എന്നതാണ്. അല്ലെങ്കിലും 13 വർഷത്തോളം സിനിമയിൽ നിന്നിട്ട് ഞാൻ ചെയ്ത പ്രൊജക്റ്റുകളുടെ എണ്ണം വളരെ കുറവാണ്. എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടോ, ചെയ്യാൻ പറ്റില്ലാഞ്ഞിട്ടോ അല്ല. ആരോഗ്യകരമായ അന്തരീക്ഷത്തിൽ വർക്ക് ചെയ്യണമെന്ന എന്റെ ആഗ്രഹം കൊണ്ടാണ് ആ പ്രൊജക്റ്റ് വേണ്ടെന്ന് തീരുമാനിക്കേണ്ടി വരുന്നത്.
'ഫീൽഡ് ഔട്ടായി' എന്ന വാക്കിൽ പോലുമുണ്ട് പ്രശ്നം
പ്രൊഫഷണലിസം എന്ന വാക്കിനെ സിനിമാലോകം എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നറിയില്ല. സിനിമാമോഹം എന്നാണല്ലോ പൊതുവെ പറയുക. സിനിമാമോഹി ആയതു കൊണ്ട് സിനിമയിൽ എത്തിപ്പെടുകയും, വഞ്ചിതരാവുകയും, ഉദ്ദേശിച്ച പോലെ നായികാ പദവി കിട്ടാതെ പോവുകയും, പിന്നീട് ഫീൽഡ് ഔട്ടായി പോവുകയും ചെയ്തു എന്നിങ്ങനെ സിനിമയിൽ സ്ഥിരമായി പറയുന്ന ചില ടേംസ് ഉണ്ട്.
യഥാർത്ഥത്തിൽ ആരും ഫീൽഡ് ഔട്ടായി പോവുന്നതല്ല. ബേസിക് മര്യാദ പോലും കാണിക്കാത്ത സ്ഥലത്ത് എനിക്കു വർക്ക് ചെയ്യേണ്ട എന്നു തീരുമാനിച്ച് തിരിച്ചു പോവുന്നവരാവും കൂടുതൽ. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും കാണും അങ്ങനെ. അത് ആ വ്യക്തിയുടെ ചോയ്‌സ് ആണ്, അല്ലാതെ ഫീൽഡ് ഔട്ട് ആവൽ അല്ല. പക്ഷേ സിനിമയുടെ ഭാഷ അതാണ്, 'സിനിമാലോകം വേണ്ടെന്നുവച്ച് എടുത്തെറിഞ്ഞു' എന്ന രീതിയിലാണ് പ്രസന്റ് ചെയ്യപ്പെടുക. അഭിനേതാക്കൾക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവുമുണ്ട് എന്ന കാഴ്ചപ്പാട് അവർക്കില്ല.
ചിലപ്പോൾ നമ്മൾ പട്ടിണി കിടക്കുന്നുണ്ടാവും. എനിക്കിത്ര മതിയെന്നു തീരുമാനിച്ചിട്ടുണ്ടാവും. അതു മറ്റൊരു വിഷയമാണ്. പക്ഷേ നമുക്ക് ആ ഡിസിഷൻ പവർ ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം എനിക്കൊരു മണ്ടിയായി അഭിനയിച്ചു നിൽക്കാൻ താൽപ്പര്യമില്ല. എല്ലാ രീതികളിലും നമ്മൾ പ്രഗത്ഭരും ബുദ്ധിമാൻമാരും ആവണമെന്നില്ല. പക്ഷേ നമുക്കറിയാവുന്ന കാര്യങ്ങളുണ്ട്, കോമൺസെൻസുണ്ട്. അതു മറന്നു നിൽക്കേണ്ട ആവശ്യമില്ലല്ലോ.
ആത്മാഭിമാനത്തെ ദുരഭിമാനമെന്നു വായിക്കുന്നവർ
ചില അഭിനേതാക്കൾ അതീവ വിനയത്തോടെ പറയുന്നതു കേട്ടിട്ടുണ്ട്, 'ഞാനവിടെ നിന്നേയുള്ളൂ, ഡയറക്ടർ പറഞ്ഞത് അതുപോലെ ചെയ്തതേ ഉള്ളൂ' എന്നൊക്കെ. നമ്മുടെ കഠിനാധ്വാനത്തെയും സമയത്തെയും കഷ്ടപ്പാടിനെയുമൊന്നും own ചെയ്യാതെ മുഴുവൻ ക്രെഡിറ്റും മറ്റൊരാൾക്ക് നൽകി വിനീതരാവുന്നത് എന്തിനാണ്? ഒരു ആർട്ടിസ്റ്റിന്റെ ക്രിയേറ്റീവ് യാത്ര വളരെ ഒറ്റപ്പെട്ടതാണ്, സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ കാണും, മറ്റു പലതരം പ്രശ്നങ്ങൾ കാണും, അതിനെയെല്ലാം തനിയെ മാനേജ് ചെയ്ത്, മനസ്സിലാക്കി, മനനം ചെയ്താണ് ഓരോ അഭിനേതാവും മുന്നോട്ടു പോവുന്നത്. സ്വന്തം അധ്വാനത്തെ അങ്ങനെ തള്ളി പറയാൻ പറ്റില്ല. അതു നമ്മളുടെ ആത്മാഭിമാനത്തിന്റെ കൂടെ പ്രശ്നമാണ്.
ഹേമ കമ്മിറ്റിയ്ക്കു മുന്നാലെ പോയി സംസാരിച്ച സ്ത്രീകളുടെയൊക്കെ അടിസ്ഥാനപരമായ പ്രശ്നം, അവരുടെ ആത്മാഭിമാനം മുറിപ്പെടുന്ന സാഹചര്യങ്ങളുണ്ടായി എന്നതാണ്. പക്ഷേ അതിനെ നമ്മുടെ ദുരഭിമാനമായാണ് പലരും വ്യാഖ്യാനിക്കുന്നത്. ഒരു പാട്രിയാക്കല്‍ സമൂഹത്തിൽ നമ്മൾ സ്ത്രീകൾ അഭിമാനികളായി തുടരുന്നത് അവർക്ക് ഇഷ്ടമില്ല. അതിനെ ദുരഭിമാനമായി കാണാനാണ് അവർക്കിഷ്ടം. അവരുടെ ഈഗോ സംരക്ഷിക്കേണ്ട കാര്യം നമുക്കാർക്കുമില്ലല്ലോ.
നയൻതാര ഒന്നേയുള്ളൂ!
അഭിനയം പോലുള്ള സർഗ്ഗാത്മക വേഷങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം എന്ന ആശയത്തെ എതിർത്തു കൊണ്ട് അവർ പറയുന്നത് ഈ ഫീൽഡിലെയൊക്കെ പ്രതിഫലം നിർണ്ണയിക്കുന്നത് വിപണി മൂല്യത്തെയും സൃഷ്ടിപരമായ മികവിനെയും അടിസ്ഥാനമാക്കിയാണ് എന്നാണ്. സത്യത്തിൽ, ഇതിനൊരു ഡാറ്റയുണ്ടോ? എപ്പോഴെങ്കിലും അതിലൊരു മാർക്കറ്റ് സ്റ്റഡി നടന്നിട്ടുണ്ടോ? ഒരു നടൻ ഒരു വർഷം എത്ര പടം ചെയ്തു, എത്രയെണ്ണം ഹിറ്റായി? എത്രയെണ്ണം ഫ്ളോപ്പായി? ബോക്സ് ഓഫീസിൽ എന്തു കളക്റ്റ് ചെയ്തു? എന്നൊക്കെയുള്ള കണക്കു വച്ച് നിങ്ങൾ തട്ടിച്ചുനോക്കൂ. അത്തരത്തിലുള്ള ഡാറ്റ വച്ചിട്ടു പറയൂ, ഇന്നയാൾക്ക് മാർക്കറ്റില്ല എന്ന്. അല്ലാതെ പറയുന്നതെല്ലാം പാട്രിയാക്കൽ സിസ്റ്റം നിലനിർത്തി കൊണ്ടു പോവാനായി പറയപ്പെടുന്ന ഒരു മിത്താണ്.
ഉദാഹരണത്തിന് ഉർവശി ചേച്ചിയുടെ കാര്യം തന്നെയെടുക്കാം? ഉർവശി ചേച്ചിയ്ക്ക് മാർക്കറ്റ് ഇല്ലാത്തതു കൊണ്ടാണോ ഇങ്ങനെ? അവരും പാർവതിയും ചെയ്ത 'ഉള്ളൊഴുക്ക്' ഹിറ്റായില്ലേ. ഒറ്റയ്ക്ക് ഒരു സിനിമയെ ഒക്കെ ഷോൾഡറിൽ എടുക്കാൻ പറ്റുന്നയാളാണ് ഉർവശി ചേച്ചി. എന്നിട്ടും ചേച്ചിയ്ക്ക് അത്ര വലിയ പ്രതിഫലം കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. തുല്യവേതനത്തെ കുറിച്ചു എവിടെയെങ്കിലും ചർച്ച തുടങ്ങുമ്പോഴേക്കും മറ്റുള്ളവർ പറയും, 'പുരുഷന്മാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്ത്രീകളുമുണ്ടല്ലോ? നയൻതാര കോടികൾ മേടിക്കുന്നുണ്ടല്ലോ എന്ന്?' പക്ഷേ, അങ്ങനെ ഒരേരെയാരു നയൻതാരയേ നമുക്കുള്ളൂ എന്നത് അവർ ബോധപൂർവ്വം മറക്കുന്നു. ഇതൊക്കെ മുൻനിരതാരങ്ങളുടെ കാര്യമാണ് ഞാൻ പറഞ്ഞത്. ഞാനൊക്കെ നിൽക്കുന്ന നിരയിലെ ആർട്ടിസ്റ്റുകളുടെ പ്രശ്നങ്ങൾ ഇതിലും ദയനീയമാണ്. ഡിസർവ് ചെയ്യുന്നതു പോലും ലഭിക്കാത്ത അവസ്ഥയാണ്.
ഒരു സൂപ്പർസ്റ്റാർ ചിത്രം, അല്ലെങ്കിൽ മെയിൽ ആക്റ്റർ കേന്ദ്രകഥാപാത്രമായി വരുന്ന ഒരു ചിത്രത്തിന്റെ ബജറ്റിന്റെ സിംഹഭാഗവും പോവുന്നത് ഹീറോ ആയ വ്യക്തിയ്ക്കാണ്. അതു കഴിഞ്ഞുള്ള പൈസയിൽ നിന്നാണ് സിനിമ നിർമ്മിക്കാനും ബാക്കിയുള്ള അഭിനേതാക്കൾക്കുമെല്ലാമുള്ള പണം നീക്കി വയ്ക്കുന്നത്. സഹനടി, സഹനടൻ എന്നിങ്ങനെയുള്ള വേഷങ്ങളിൽ വരുന്ന അഭിനേതാക്കൾക്ക് ഇത്ര പൈസ കൊടുക്കാം എന്ന് നീക്കി വച്ചു കാണും. അതിൽ തന്നെ, നടിമാരെ പരിഗണിക്കുമ്പോൾ പ്രതിഫലത്തുക വീണ്ടും കുറയും. അവർ മാറ്റിവച്ച പതിനായിരം രൂപ പോരാ ആ പ്രൊജക്റ്റിനു നമുക്കു ഒരു ദിവസം എന്നു പറയാൻ പോയാൽ അപ്പോൾ തന്നെ നമ്മളെ മാറ്റിക്കളയും.
ഓരോ പ്രൊജക്റ്റിലും ഹീറോയുടെ പൈസ തീരുമാനിച്ചു കഴിഞ്ഞ്, ബാക്കിയുള്ള ഓരോ ഡിപ്പാർട്ട്മെന്റിനായി ബജറ്റ് വീതിക്കപ്പെടുകയാണ്. ഓരോരുത്തർക്കായി വീതിച്ച് വീതിച്ച് നമ്മളിലേക്ക് എത്തുമ്പോൾ അവസാനം ഒന്നും കിട്ടാനില്ല എന്ന അവസ്ഥയാവും. അവിടെയാണ് കാര്യങ്ങൾ വല്ലാതെ അൺബാലൻസ്ഡായി പോവുന്നത്.
അതു പോലെ തുല്യവേതനം വേണം എന്നു പറയുന്നത്, സിനിമയുടെ ഹീറോയ്ക്ക് ലഭിക്കുന്ന അതേ പ്രതിഫലം ലഭിക്കണമെന്നല്ല. പലപ്പോഴും ഒരു ചിത്രത്തിൽ സഹനടിയും സഹനടനുമായി എത്തുന്ന അഭിനേതാക്കളുടെ പ്രതിഫലത്തിൽ പോലും വലിയ വിവേചനമുണ്ട്. നമ്മുടെ കരിയർ ഗ്രാഫു പോലെ തന്നെ കരിയർ ഗ്രാഫുള്ള ഒരു മെയിൽ ആക്ടറിനു നൽകുന്ന ശമ്പളം നമുക്കു നൽകുന്നതിനേക്കാൾ മൂന്നോ നാലോ ഇരട്ടിയാണ്. ആ ഒരു വ്യത്യാസത്തെയാണ് ചൂണ്ടി കാണിക്കുന്നത്. അവിടെ കൃത്യമായും കാണാനാവുക ലിംഗവിവേചനമാണ്.
ഇതു വരെ ഒപ്പിട്ടത് 4 കോൺട്രാക്റ്റുകൾ മാത്രം
സിനിമയിൽ വന്നിട്ടും എനിക്ക് കാലങ്ങളോളം കോൺട്രാക്റ്റ് ഇല്ലായിരുന്നു. അടുത്തിടെയാണ് കോൺട്രാക്റ്റ് ഒക്കെ ലഭിച്ചു തുടങ്ങിയത്. ആകെ ഒപ്പിട്ടത് 4 കോൺട്രാക്റ്റുകൾ മാത്രം. അതിൽ മൂന്നെണ്ണത്തിൽ കോൺട്രാക്റ്റിൽ പറഞ്ഞുറപ്പിച്ച പൈസ തന്നെ തന്നു. നാലാമത്തെ പടം കഴിഞ്ഞപ്പോഴേക്കും നിർമാതാക്കൾ വലിയ പ്രതിസന്ധിയിലായി. ഒരു വർഷം കഴിഞ്ഞാണ് അവർ പണം തന്നത്. 'ഞങ്ങളിങ്ങനെ പ്രശ്നത്തിലാണ്, അതു കൊണ്ട് പറഞ്ഞത്ര തരാനാവില്ല, പറഞ്ഞ തുകയിൽ നിന്നും അൽപ്പം കുറച്ചു തരട്ടെ, ഞങ്ങളുടെ കയ്യിൽ ഇത്രയേ ഉള്ളൂ,' എന്നു പറഞ്ഞ് അവർ സെറ്റിൽ ചെയ്യുകയായിരുന്നു. ആ റിക്വസ്റ്റ് എനിക്കു മനസ്സിലാവും. അതിനകത്തൊരു മനുഷ്യത്വമുണ്ട്.
(ധന്യ കെ. വിളയിലിനോട് പറഞ്ഞത്)
കൂലിക്ക് 'വേല' പരമ്പര ഇതുവരെ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: ചില്ലറയല്ലാത്ത ചില വിഷയങ്ങൾ
- സോഷ്യൽ മീഡിയയിൽ എഴുതുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു പറഞ്ഞുറപ്പിച്ച കൂലി വാങ്ങിയെടുക്കാൻ: ജോളി ചിറയത്ത്
- 9 വർഷങ്ങളായി സിനിമയിൽ, പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് പോലും ഇതു വരെ ഒപ്പിട്ടിട്ടില്ല: ഷൈനി സാറ
- പ്രതിഫലം എത്ര തരും എന്ന് ചോദിച്ചാൽ പിന്നെ വിളിക്കാത്തവരുമുണ്ട്: മാലാ പാർവ്വതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.