scorecardresearch

ഒരു 'കംപ്ലീറ്റ് ഫൺ റൈഡ്' ; 'ഹലോ മമ്മി' റിവ്യൂ: Hello Mummy Review

കോമഡിയ്ക്ക് കോമഡി, ആക്ഷന് ആക്ഷൻ, സസ്പെൻസിനു സസ്പെൻസ്, വൈകാരിക മുഹൂർത്തങ്ങൾ അങ്ങനെ എല്ലാം നിറഞ്ഞ ഒരു 'കംപ്ലീറ്റ് ഫൺ റൈഡാണ്' ഈ ചിത്രം : Hello Mummy Movie Review & Rating

കോമഡിയ്ക്ക് കോമഡി, ആക്ഷന് ആക്ഷൻ, സസ്പെൻസിനു സസ്പെൻസ്, വൈകാരിക മുഹൂർത്തങ്ങൾ അങ്ങനെ എല്ലാം നിറഞ്ഞ ഒരു 'കംപ്ലീറ്റ് ഫൺ റൈഡാണ്' ഈ ചിത്രം : Hello Mummy Movie Review & Rating

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hello Mummy Review

Hello Mummy Movie Review & Rating

Hello Mummy Review & Rating: വിട പറഞ്ഞുപോയ പ്രിയപ്പെട്ടവർ ഏതോ ലോകങ്ങളിലിരുന്നു ഇന്നും നമ്മിൽ അനുഗ്രഹം ചൊരിയുന്നു എന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരെ കണ്ടിട്ടില്ലേ? കേട്ടു മറന്ന കഥകളിൽ നിന്നും നമ്മുടെയൊക്കെ ഉള്ളിലുറഞ്ഞു പോയ കുഞ്ഞു കുഞ്ഞു ഫാന്റസികൾക്കും വിശ്വാസങ്ങൾക്കുമൊക്കെ ചിന്തേരിട്ട്  ഹൊററും തമാശയും  മേമ്പൊടിയായി അൽപ്പം സസ്പെൻസും ചേർത്ത് ഒരുക്കിയ ഒരു രസികൻ പടമാണ് 'ഹലോ മമ്മി.' ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് എലൻസ് ഒരുക്കിയ 'ഹലോ മമ്മി' ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ഴോണറിൽ വരുന്ന ചിത്രമാണ്. ഫാന്റസി നിറഞ്ഞ കഥകൾ കേൾക്കാനിഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ 'ഹലോ മമ്മി' നിങ്ങളെ കൂട്ടികൊണ്ടുപോവുന്നത് ഒരു ഫൺ റൈഡിനാണ്. 

Advertisment

ജീവിതത്തിൽ വലിയ ലക്ഷ്യങ്ങളോ ദാമ്പത്യത്തെ കുറിച്ച് വലിയ സ്വപ്നങ്ങളോ ഒന്നുമില്ലാത്ത ചെറുപ്പക്കാരനാണ്  ബോണി. പക്ഷേ, ഒരു പ്രത്യേക സാഹചര്യത്തിൽ ബോണി ഒരു പെണ്ണു കാണാൻ പോവുകയാണ്. റിസർച്ച് വിദ്യാർത്ഥിനിയായ സ്റ്റെഫിയെ ആദ്യ കാഴ്ചയിൽ തന്നെ ബോണിയ്ക്ക് ഇഷ്ടപ്പെടുന്നു. സ്റ്റെഫിയെ കാണുന്നതോടെ വിവാഹം വേണ്ടെന്ന തീരുമാനത്തിൽ നിന്നും ബോണി പിൻമാറുന്നു. എന്നാൽ സ്റ്റെഫിയെ സ്വന്തമാക്കൽ ബോണിയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ആ വിവാഹം നടക്കണമെങ്കിൽ ബോണിയ്ക്ക് ചില നിബന്ധനകളിൽ ഒപ്പുവച്ചേ മതിയാവൂ. എന്നാൽ, പ്രതീക്ഷിച്ചതിലും വലിയ പ്രശ്നങ്ങളാണ് ബോണിയെ കാത്തിരുന്നത്. ബോണിയുടെ കഥയിലെ ഹീറോയും വില്ലത്തിയുമായി മമ്മി മാറുകയാണ് അവിടം മുതൽ. 
 
യഥാർത്ഥത്തിൽ ആരാണ് ഈ മമ്മി? എന്തിനാണ് ബോണി മമ്മിയെ ഇത്ര പേടിക്കുന്നത്? ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകികൊണ്ടാണ് കഥയുടെ മുന്നേറ്റം. ആ യാത്രയാവട്ടെ, ആവേശകരമായ ഒരു രഹസ്യത്തിന്റെ ചുരുളഴിക്കുകയാണ്. 



കോമഡിയിൽ നല്ല ടൈമിംഗുള്ള നടന്മാരുടെ പട്ടികയിൽ ഇടം നേടുകയാണ് ഷറഫുദ്ദീൻ തന്റെ പ്രകടനത്തിലൂടെ.  വളരെ രസകരമായാണ് ഷറഫുദ്ദീൻ ബോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈഫിയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയും ആ കഥാപാത്രത്തിനു തന്റേതായൊരു ടച്ച് നൽകുന്നുണ്ട്. അമ്മ - മകൾ ബന്ധത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രമാണ്. 

ജഗദീഷ്,  ജോണി ആന്റണി, അജു വര്‍ഗീസ്, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, അരുൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ സണ്ണി ഹിന്ദുജയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്ക്രീൻ പ്രസൻസ് കൊണ്ട് ചിലയിടങ്ങളിൽ സണ്ണി ഹിന്ദുജ മറ്റെല്ലാവരെയും നിഷ്പ്രഭമാക്കുന്നു.
 
ഹൊറർ-തമാശ- ഫാന്റസി- സർപ്രൈസ് ഈ നാലു ഘടകങ്ങളെയും ഒരു സിനിമയിലേക്ക് കൃത്യമായി ചേർത്തു വയ്ക്കുക എളുപ്പമല്ല. എന്നാൽ അത്തരമൊരു പരീക്ഷണത്തിനാണ് സംവിധായകൻ വൈശാഖ് എലൻസ് മുതിർന്നിരിക്കുന്നത്. ആ പരീക്ഷണമാവട്ടെ വിജയം കാണുകയും ചെയ്യുന്നു.

Advertisment

സാൻജോ ജോസഫ്‌ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മരിച്ചു പോയ ആത്മാക്കൾ പക വീട്ടാനായി തിരിച്ചെത്തുന്ന ഹൊറർ കഥകൾ നമുക്കു പരിചിതമാണ്. എന്നാൽ 'ഹലോ മമ്മി'യിലേക്കു വരുമ്പോൾ കഥ മാറും. പകയല്ല, സ്നേഹമാണ് ഇവിടെ വിജയിക്കുന്നത്. മകളോടുള്ള അന്തമായ സ്നേഹത്താൽ കാവൽ മാലാഖയായി മാറുന്ന, അൽപ്പം ഒസിഡിയുള്ള, എല്ലാറ്റിനും അടുക്കും ചിട്ടയും വേണമെന്ന നിർബന്ധ ബുദ്ധിയുള്ള, പൊസ്സസ്സീവായ ഒരു മമ്മി. പക്ഷേ, മകളുടെ ശരീരത്തിലൊരു തുള്ളി ചോര പൊടിഞ്ഞാൽ, മകളൊന്നു വിഷമിച്ചാൽ ആ അമ്മയ്ക്കു സഹിക്കില്ല. ആ ത്രെഡിനെ ഹൃദയസ്പർശിയായ രീതിയിൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് തിരക്കഥാകൃത്ത്. 
 
ഒരു കോമഡി ത്രില്ലർ ചിത്രമെന്ന ഇംപ്രഷൻ പ്രേക്ഷകർക്കു നൽകി കൊണ്ടാണ് 'ഹലോ മമ്മി' ആരംഭിക്കുന്നത്. എന്നാൽ, പോകെപോകെ കഥ മാറും. ചിത്രം പ്രേക്ഷകരുമായി വൈകാരികമായി കണക്റ്റ് ചെയ്യപ്പെട്ടു തുടങ്ങും. എൻഗേജിംഗ് ആയി ചിത്രത്തെ മുന്നോട്ടു കൊണ്ടു പോവാൻ കഴിയുന്നു എന്നതാണ് തിരക്കഥയുടെയും സംവിധാനത്തിന്റെയും ഒരു പ്ലസ്. ചിത്രത്തിന്റെ മേക്കിംഗും എടുത്തു പറയേണ്ടതാണ്. 

പ്രവീൺ കുമാറിന്റെ ഛായാഗ്രഹണവും മികവു പുലർത്തുന്നു. ചമൻ ചാക്കോ ആണ് എഡിറ്റിംഗ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും എടുത്തു പറയണം. പ്രത്യേകിച്ചും സണ്ണി ഹിന്ദുജയുടെ സ്ക്രീൻ പ്രസൻസ് നിർണയിക്കുന്നതിൽ ആ കോസ്റ്റ്യൂം ഡിസൈനിന് പ്രത്യേക റോളുണ്ട്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ.എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോമഡിയ്ക്ക് കോമഡി, ആക്ഷന് ആക്ഷൻ, സസ്പെൻസിനു സസ്പെൻസ്, വൈകാരിക മുഹൂർത്തങ്ങൾ അങ്ങനെ എല്ലാം നിറഞ്ഞ 2 മണിക്കൂർ 16 മിനിറ്റു നീളുന്ന ഒരു 'കംപ്ലീറ്റ് ഫൺ റൈഡാണ്' 'ഹലോ മമ്മി.'

Read More

Aishwarya Lakshmi Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: