/indian-express-malayalam/media/media_files/QhtHT8CVw161DlRmvR7j.jpg)
Gaganachari Movie Review Rating
Gaganachari Movie Review & Rating: ഒരു ഡിസ്റ്റോപ്പിയൻ കേരളം, അവിടെ പ്രളയത്തിന് ശേഷം, വെളിച്ചെണ്ണക്ക് വേണ്ടിയും സ്വർണ്ണത്തിനു വേണ്ടിയുമൊക്കെ നടന്ന യുദ്ധത്തിന് ശേഷം 2040കളിലുള്ള ജീവിതം...എലിയൻ, ശാസ്ത്രപരീക്ഷണങ്ങൾ തുടങ്ങി പൊതുവെ മലയാളത്തിൽ ഇറങ്ങിയാൽ വൈകാരികതയെ തൊടില്ലെന്ന് കരുതുന്ന ടിപ്പിക്കൽ സയൻസ് ഫിക്ഷൻ മാതൃകകൾ ഒക്കെ പിന്തുടരുന്ന സിനിമയാണ് അരുൺ ചന്തുവിന്റെ ഗഗനചാരി. പക്ഷെ തുടക്കം മുതൽ ഒടുക്കം വരേ ശുദ്ധ ഹാസ്യം കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്ന പോപ്പുലർ കൾച്ചർ റെഫറൻസ് കൊണ്ടും വളരെ ഭംഗിയായി ഒരു ഐസ് ബ്രേക്കിങ് നടത്തുന്നുണ്ട് ഗഗനചാരി.
80കളിലെയും 90കളിലെയും സിനിമകൾ മുതൽ സമകാലിക ജീവിതം വരെ കാണിച്ചു കൊണ്ട് ചിരിപ്പിച്ചാണ് ഈ സിനിമ ആദ്യം മുതൽ അവസാനം വരേ മുന്നോട്ട് പോകുന്നത്. ഗഗനചാരി എന്ന കാല്പനികവും സ്വപ്നാത്മകവുമായ പേര് മുതൽ മലയാളം സംസാരിക്കുന്ന എലിയൻ വരെ എല്ലാത്തിലും പ്രേക്ഷകർക്ക് കൗതുകമുണ്ടാക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്.
കാലചക്രം പോലെ വളരെ അപൂർവമായി മാത്രമാണ് സയൻസ് ഫിക്ഷൻ മലയാള സിനിമയിൽ പുറത്തിറങ്ങാറുള്ളത്. പൊതുവെ വൈകാരികതയുള്ള കണ്ടന്റ് ആണ് ഇവിടെ പ്രധാനമായും പ്രേക്ഷകർ സ്വീകരിക്കാറുള്ളതെന്ന പൊതുബോധം നിലവിലുണ്ട്. അതോടൊപ്പം മലയാളം പോലെ സാമ്പത്തികമായി ചെറിയ ഒരു സിനിമാ മേഖലക്ക് ഇത് പോലൊരു യോണർ താങ്ങാനുള്ള അവസ്ഥയില്ല. ഹോളിവുഡിലും ഇപ്പോൾ ബോളിവുഡിലും വരുന്ന വമ്പൻ കോമിക് സയൻസ് ഫിക്ഷൻ പരീക്ഷണങ്ങൾക്ക് ഒരു ബദൽ കൂടിയാണ്, ഒരു നിലയ്ക്ക് അരുൺ ചന്തുവിന്റെ ഗഗനചാരി. ഗൃഹാതുരതയും മലയാളിക്ക് താത്പര്യം തോന്നുന്ന രീതിയിലുള്ള പൊളിറ്റിക്കൽ അണ്ടർകറന്റും കൊണ്ടാണ് ഭ്രമാത്മകമായ ഒരു ലോകം സിനിമ സൃഷ്ടിക്കുന്നത്.
ഗണേശ് കുമാറിന്റെ എലിയൻ ഹണ്ടറായ പഴയ പട്ടാളക്കാരനും അയാളുടെ കൂട്ടാളികളായ അലനും വൈഭവും ആണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഗോകുൽ സുരേഷും അജു വർഗീസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്. ഇവർ ജീവിക്കുന്നത് പ്രളയത്തിലും രോഗങ്ങളിലും തകർന്ന കൊച്ചിയുടെ തിരുശേഷിപ്പുകളിലാണ്. തകർന്ന കെട്ടിട്ടങ്ങളും നശിച്ച പാട ശേഖരങ്ങളും ഒറ്റപ്പെട്ട തുരുത്തുകളുമായി ഇപ്പോഴത്തെ നഗരത്തിന്റെ തുടർച്ച കൂടി ആവുന്നു ആ കാഴ്ച.
ചന്ദ്രനിലേക്ക് വിസ നോക്കി ഇരിക്കുന്ന വിക്ടർ രാഘവൻ എന്ന് പേരിട്ട എ ഐ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. മലയാള സിനിമകൾ മാത്രം കാണുന്ന പ്രേക്ഷകർക്ക് ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിലുള്ള സയൻസ് ഫിക്ഷൻ സാങ്കേതികതകളെ മറികടക്കാൻ സിനിമ ഉപയോഗിക്കുന്ന സങ്കേതങ്ങൾ പോപ്പ് കൾച്ചർ റെഫറെൻസുകളും ഹാസ്യവുമാണ്. ഇത് സയൻസ് ഫിക്ഷൻ മലയാളികൾക്ക് രസിക്കില്ല, മലയാള സിനിമക്ക് സയൻസ് ഫിക്ഷൻ ചേരില്ല എന്നൊക്കെയുള്ള ധാരണകളെ തിരുത്തുന്നു.
സിനിമയുടെ കോർ കണ്ടന്റിലേക്ക് വന്നാൽ അതിൽ പുതുമ തോന്നില്ല. അന്യഗൃഹ ജീവി ഇവിടേക്ക് വന്ന് അവർ അവർക്കു ചുറ്റുമുള്ളവരുടെ പ്രിയപ്പെട്ട ആളാവുന്നതും അവസാനം അവർ തിരിച്ചു പോകുമ്പോൾ തോന്നുന്ന ശൂന്യതയും ഒക്കേ മൈ ഡിയർ കുട്ടിച്ചാത്തനിലും സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലും ഒക്കെ കണ്ടതാണ്. ഒരർത്ഥത്തിൽ ആ സിനിമകളുടെയൊക്കെ സത്യാനന്തരകാലത്തെ തുടർച്ചയായി ഗഗനചാരിയെ അടയാളപ്പെടുത്താം.
അനാർക്കലി മരക്കാരുടെ ടൈറ്റിൽ കഥാപാത്രം ഈ കഥാപാത്രങ്ങളുടെ തുടർച്ചയായ ഒരു ടെംപ്ളേറ്റിൽ വരച്ചു വച്ച ഒന്നാണ്. വളരെ ഭംഗിയായി അവർ അത് സ്ക്രീനിലെത്തിച്ചിട്ടുമുണ്ട്. ഭക്ഷണം, മതം, ജാതീയത, സവർണത ഒക്കെ ബുദ്ധിപരമായും കഥയെ തടസപ്പെടുത്താതെയും കലർത്തി പുതിയ കാണികളെയും സിനിമ പഠിപ്പിക്കുന്നുണ്ട്. സ്നേഹം എന്താണ് എന്നൊക്കെയുള്ള അന്വേഷണം കൂടി നടത്താൻ ഇടക്കൊക്കെ ഗഗനചാരി ശ്രമിക്കുന്നുണ്ട്.
മാർവെൽ ഡി സി യൂണിവേഴ്സ് ഒക്കെ കണ്ട പ്രേക്ഷകർക്ക് വളരെ ചെറുതായി തോന്നിയേക്കാമെങ്കിലും സിനിമയുടെ വി എഫ് എക്സ് മലയാളത്തിൽ അപൂർവ ശ്രമമാണ്. സുർജിത് എസ് പൈയുടെ ക്യാമറയും സിനിമയുടെ മൂഡ് പ്രേക്ഷകർക്ക് കണക്റ്റ് ആവുന്നതിൽ വലിയ പങ്ക് വഹിച്ചു. ഗഗനചാരി മലയാളത്തിൽ വേറിട്ട് നിൽക്കുന്നത് അത് ഇതുവരെ മലയാളി പ്രേക്ഷകർക്ക് അടുപ്പം തോന്നാത്ത ഒരു യോണറിനെ മടുപ്പിക്കാത്ത രീതിയിൽ അവതരിപ്പിച്ചു കൊണ്ടാണ്. കണ്ടന്റ് ആണോ അത് പറയുന്ന രീതിയാണോ രാജാവ് എന്ന സംശയത്തെ സിനിമ സജീവമായി നിലനിർത്തുന്നു. അതോടൊപ്പം ലോക്കൽ ഈസ് ഇന്റർനാഷണൽ എന്ന് ഒന്ന് കൂടി പറഞ്ഞു വെക്കുന്നു.
Read More Entertainment Stories Here
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.